സീസണിലെ ആദ്യ എല്‍ ക്ലാസികോ പോരാട്ടം ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പില്‍ നടക്കുകയാണ്. ഒരു വശത്ത് കാറ്റലോണിയന്‍ പ്രതിഷേധങ്ങള്‍ കാരണം മത്സരം തടസപ്പെടുമോ എന്ന ആശങ്കയാണെങ്കില് ബാഴ്സയെ എതിരിടാന്‍ സിദാന്റെ റയല്‍ മാഡ്രിഡ് എത്തുമ്പോള്‍ മൈതാനത്ത് തീപാറുന്ന പോരാട്ടം തന്നെ ഉറപ്പിക്കാം. ലീഗില്‍ ആര് ഒന്നാം സ്ഥാനം സ്വന്തമാക്കും എന്ന് തീരുമാനിക്കുന്ന മത്സരമായതുകൊണ്ട് തന്നെ കാണികള്‍ക്കും താരങ്ങള്‍ക്കും മത്സരം ചൂട് പിടിപ്പിക്കും. സ്പാനിഷ് ലീഗില്‍ 16 കളി കഴിഞ്ഞപ്പോള്‍ നിലവില്‍ 35 പോയിന്റുമായി ഇരുടീമും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ ഗോള്‍ വ്യത്യാസത്തിലെ മുന്‍തൂക്കത്തില്‍ ബാഴ്സ ഒന്നാമത്. ജയിക്കുന്ന ടീമിന് ലാലിഗയിലും ഒന്നാമതെത്താം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
മത്സരത്തിലേക്ക് വരുമ്പോള്‍ മെസിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. പരിക്കുകാരണം ആദ്യ മത്സരങ്ങള്‍ നഷ്ടമായിട്ടും ഈ സീസണില്‍ 12 ഗോളടിച്ചു മെസി. മെസിക്ക് കൂട്ടായി ഗ്രീസ്മാനും സുവാരസും കൂടി വരുമ്പോള്‍ ഏത് പ്രതിരോധവും വിറക്കും. ഗോള്‍ വഴങ്ങുന്ന പ്രതിരോധമാകും ബാഴസയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. സീസണില്‍ 16 കളിയില്‍ ടീം 20 ഗോളാണ് വഴങ്ങിയത്. പരിക്ക് കാരണം രണ്ട് പ്രധാന താരങ്ങള്‍ ഇറങ്ങില്ല. മധ്യനിര താരം ആര്‍തുറും ഡെംബലെയും സ്ക്വാഡില്‍ തന്നെ ഇടം പിടിച്ചില്ല. ആര്‍തുറിന്റെ അഭാവത്തില്‍ ആര് ഡിയോങ്ങിനൊപ്പം മധ്യനിരയില്‍ ഇറങ്ങും എന്നതാകും കണേണ്ടത്. മെസി, ഗ്രീസ്മന്, സുവാരസ് സഖ്യം ആദ്യമായി ഒരുമിച്ച് ഇറങ്ങുന്ന എല്‍ ക്ലാസികോ കൂടിയാണിത്.
അവസാന 11 മത്സരങ്ങളില്‍ അപരാചിതര് ആയാണ് റയല്‍ മാഡ്രിഡ് എത്തുന്നത്. ഹസാര്‍ഡ് ഇല്ലായെങ്കിലും ഒരു മത്സരം വിജയിക്കാനുള്ള മികച്ച സ്ക്വാഡുമായാണ് റയല്‍ എത്തിയിരിക്കുന്നത്. സീസണില്‍ 12 ഗോളടിച്ച കരീം ബെന്‍സെമയാണ് റയലിന്റെ താരം. പരിശീലകന് സിനദിന്‍ സിദാന് രണ്ടാംവരവില്‍ യുവതാരങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. റോഡ്രി, ഫെഡെറികോ വാല്വെര്ദെ എന്നിവരാണ് പ്രതീക്ഷകള്‍. മാഴ്സെലോ പരിക്കുകാരണം റയല്നിരയിലില്ല. കളി നൗകാമ്പിലാണെന്നത് റയലിന്റെ ചങ്കിടിപ്പ് കൂട്ടും.
സ്പാനിഷ് ലീഗില്‍ ഇതുവരെ ബാഴ്സലോണയും റയല്‍ മാഡ്രിഡും ആകെ 178 മത്സരങ്ങളാണ് കളിച്ചത്. ഇരു ടീമുകളും 72 വീതം മത്സരങ്ങളില്‍ ജയിച്ചു. സമനിലയായത് 34 മത്സരങ്ങള്‍. കറ്റാലന്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്ടോബറില്‍ നടക്കേണ്ട ക്ലാസികോ മത്സരം മാറ്റിവയ്ക്കുകയായിരുന്നു. മത്സരത്തിന് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.