ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മെയ് മാസം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ മത്സരിക്കലില്ല. കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ സ്വിസ് താരം വിശ്രമത്തിലാണ്. ട്വിറ്ററിലൂടെയാണ് ഫെഡറര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച ശസ്ത്രക്രിയ കഴിഞ്ഞെന്നും വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ഫെഡറര്‍ അറിയിച്ചു. ഇരുപത് തവണ ഗ്രാന്സ്ലാം ചാമ്പ്യനായ ഫെഡററിന് ആസ്ത്രേലിയന്‍ ഓപണിനിടെയാണ് പരുക്കേറ്റത്. സെമിഫൈനല്‍ വരെ മുന്നേറിയ ഫെഡറര്‍ക്ക് ആരോഗ്യം തിരിച്ചടിയായി. ചാമ്പ്യനായ നൊവാക് ജൊകോവിചാണ് സെമിയില്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയത്.
ശസ്ത്രക്രിയയെ തുടര്‍ന്ന് മെയ് മാസത്തില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ അടക്കമുള്ള ടൂര്‍ണ്ണമെന്റുകള്‍ താരത്തിന് നഷ്ടമാകും. ദുബൈ, ഇന്ത്യന്‍ വെല്‍സ്, ബൊഗോട, മിയാമി എടിപി ടൂര്‍ണമെന്റുകളും ഫെഡറര്‍ക്ക് നഷ്ടമാകും. അതേസമയം ഈ വര്‍ഷത്തെ വിംബിള്‍ഡണില്‍ കളിക്കുമെന്ന പ്രത്യാശയും 38കാരനായ ഫെഡറര്‍ പ്രകടിപ്പിച്ചു. 'കുറേ കാലമായി അലട്ടുന്നതാണ് വലത് കാല്‍മുട്ട് വേദന. പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് കരുതിയത്. പക്ഷേ, എന്റെ ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം ആര്‍ത്രോസ്കോപിക് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു' - ട്വിറ്ററില്‍ ഫെഡറര്‍ പറഞ്ഞു. .
കരിയറില്‍ നേരത്തെ ഒരു തവണ മാത്രമാണ് ഫെഡറര്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ളത്. 2016ല്‍ ഇടത്തേകാല് മുട്ടിന് പരിക്കേറ്റത് കളിക്കളത്തില്‍ നിന്നായിരുന്നില്ല. തന്റെ ഇരട്ടപെണ്‍കുട്ടികളെ കുളിപ്പിക്കുന്നതിനിടെ പെട്ടെന്ന് നീങ്ങിയപ്പോള്‍ സംഭവിച്ചതായിരുന്നു അത്. ആറ് മാസത്തിന് ശേഷം ടെന്നീസിലേക്ക് തിരിച്ചെത്തിയ ഫെഡറര്‍ അന്ന് വന്‍ ഫോമിലുമായിരുന്നു. 2017ല്‍ ആസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും നേടിയ ഫെഡറര്‍ 2018ല്‍ ആസ്ട്രേലിയന്‍ ഓപ്പണും നേടി ഒന്നാം റാങ്കിലുമെത്തി.