TopTop
Begin typing your search above and press return to search.

കൊവിഡ് 19; സര്‍ക്കാരിനും സംഘടനകള്‍ക്കും സംഭാവന നല്‍കി രോഹിത് ശര്‍മ്മ

കൊവിഡ് 19; സര്‍ക്കാരിനും സംഘടനകള്‍ക്കും സംഭാവന നല്‍കി രോഹിത് ശര്‍മ്മ

കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ സഹായ ഹസ്തം. 80 ലക്ഷം രൂപയാണ് സര്‍ക്കാരിനും വിവിധ സംഘനകള്‍ക്കുമായി രോഹിത് നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 25 ലക്ഷവും സൊമാറ്റോ കമ്മ്യൂണിറ്റി ഫീഡിംങിന് അഞ്ച് ലക്ഷവും തെരുവുനായ്ക്കള്‍ക്കുവേണ്ടി അഞ്ച് ലക്ഷവുമാണ് രോഹിത്ത് ശര്‍മ്മ നല്‍കിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. നിവര്‍ന്നു നില്‍ക്കാന്‍ രാജ്യത്തെ സഹായിക്കേണ്ടത് പൗരന്മാരുടെ കടമയാണെന്ന് രോഹിത് പറഞ്ഞു.

നമ്മുടെ രാജ്യത്തെ നിവര്‍ത്തി നിര്‍ത്തേണ്ട ഉത്തരവാദിത്തം നമുക്കാണ്. 45 ലക്ഷം പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കുന്നു. 5 ലക്ഷം വീതം ഫീഡിംഗ് ഇന്ത്യയിലേക്കും തെരുവു നായ്ക്കളുടെ സംരക്ഷണത്തിനും നല്‍കുന്നു. നമുക്ക് നമ്മുടെ നേതാക്കള്‍ക്ക് പിന്നില്‍ അണിനിരന്ന് അവരെ പിന്തുണക്കാം''- രോഹിത് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

നേരത്തെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നല്‍കിയിരുന്നു. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന 52 ലക്ഷം രൂപയാണ് നല്‍കിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നല്‍കി. ഇര്‍ഫാന്‍ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു.

ഇന്ത്യയുടെ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി ശര്‍മ്മ അഞ്ച് ലക്ഷം വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും തെലങ്കാന സര്‍ക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കും നല്‍കി. പ്രാദേശിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മിതാലി സജീവമായി പങ്കെടുക്കുക്കുകയും ചെയ്തിരുന്നു. ടി20 ലോകകപ്പ് ടീമിലെ അംഗമായിരുന്ന ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ്മ അര ലക്ഷമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയത്. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിലേക്കും സംഭാവന നല്‍കിയിരുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ശമ്പളം നല്‍കി കായിക താരങ്ങളായ ബജ്റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.

Next Story

Related Stories