പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 100 അന്താരാഷ്ട്ര ഗോളിലേക്ക്. ഇന്നലെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ കരിയറിലെ 55-ാമത്തെയും പോര്‍ച്ചുഗലിനായി ഒമ്പതാമത്തെയും ഹാട്രിക്ക് നേടിയ താരം വിമര്‍ശകരുടെ വായടപ്പിച്ചു. പോര്‍ച്ചുഗലിനായി നിലവില്‍ 98 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഇറാന്റെ അലി ഡെയ്ക്ക് ശേഷം തന്റെ രാജ്യത്തിനായി100 ഗോള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാകും റൊണാള്‍ഡോ. ലിത്വാനിയക്ക് എതിരെ ഇറങ്ങിയ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് നേടിയത്.
തുടര്‍ച്ചയായ മത്സരങ്ങളില്‍ സബ് ഇറങ്ങിയതോടെയാണ് താരത്തിന്റെ മികവ് അവസാനിച്ചെന്ന വിമര്‍ശനം ഉണ്ടായത്. ഇറ്റലിയില്‍ യുവന്റസിനായി അവസാന രണ്ടു മത്സരങ്ങളിലും താരം സബ്ബ് ചെയ്യപ്പെട്ടിരുന്നു. ഇതോടെ താരത്തിന്റെ കരിയര്‍ അവസാനിക്കാനായി എന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് റൊണാള്‍ഡോയുടെ ഹാട്രിക് എത്തിയത്. കളിയുടെ ഏഴാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 22ആം മിനുട്ടില്‍ ഒരു ലോങ് റേഞ്ചറിലൂടെ രണ്ടാം ഗോളും 65ആം മിനുട്ടില്‍ ഹാട്രിക്കും തികച്ചു. പിസി പസിയെന്സ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിന്റെ മറ്റു സ്കോറേഴ്സ്. ഈ ഹാട്രിക്കോടെ ദേശീയ ടീമിനായി റൊണാള്‍ഡോയുടെ ഗോളുകള്‍ 98 ആയി ഉയര്‍ന്നു.