Top

ലാറയും സച്ചിനും വീണ്ടും പാഡണിയുന്നു; ആകാംക്ഷയോടെ ആരാധകര്‍

ലാറയും സച്ചിനും വീണ്ടും പാഡണിയുന്നു; ആകാംക്ഷയോടെ ആരാധകര്‍

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ വീണ്ടും പാഡണിയുന്നു. മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കം നിരവധി താരങ്ങളാണ് ഒരിക്കല്‍ കൂടി കളിക്കളത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം താരങ്ങള്‍ വീണ്ടും ബാറ്റെടുക്കുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ഇരുവരും കളിക്കാന്‍ ഒരുങ്ങുന്നത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ഇന്ത്യ തുടങ്ങിയ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് പരമ്പരയില്‍ കളിക്കുന്നത്.

ലാറയ്ക്കും സച്ചിനും പുറമെ വീരേന്ദര്‍ സെവാഗ്, ബ്രെറ്റ് ലീ, തിലകരത്നെ ദില്‍ഷന്‍, ജോണ്ടി റോഡ്സ് എന്നിവരും കളിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി രണ്ട് മുതല്‍ 16 വരെയാണ് പരമ്പര. ടെസ്റ്റിലും ഏകദിനത്തിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് നാല്‍പത്തിയാറുകാരനായ സച്ചിന്‍. രണ്ട് ഫോര്‍മാറ്റിലമായി മുപ്പത്തിനാലായിരത്തിലേറെ റണ്‍സും 100 സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. 2008ലാണ് സച്ചിന്‍ ലാറയെ മറികടന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കിയത്. എങ്കിലും ടെസ്റ്റില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിന്റെ ഉടമ ഇപ്പോഴും ലാറ തന്നെയാണ്. 2004ല്‍ ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റണ്‍സാണ് ലാറയുടെ പേരിലുള്ള റെക്കോഡ് സ്‌കോര്‍. ഒരേ കാലഘട്ടത്തില്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങള്‍ തന്നെ വീണ്ടും മൈതാനത്തിറങ്ങുമ്പോള്‍ ആരാധകര്‍ക്കുമത് ആവേശം വീണ്ടെടുക്കലാകും.


Next Story

Related Stories