TopTop
Begin typing your search above and press return to search.

സഞ്ജുവില്‍ നിന്ന് മികച്ച ഇന്നിംഗ്‌സ് പിറക്കുമോ? താരത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയാളി ആരാധകര്‍

സഞ്ജുവില്‍ നിന്ന് മികച്ച ഇന്നിംഗ്‌സ് പിറക്കുമോ? താരത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയാളി ആരാധകര്‍

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ സഞ്ജു സാംസണിന്റെ പ്രകടനമാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. വെടിക്കെട്ട് ബാറ്റിംഗ് മികവുമായി സഞ്ജു ഇത്തവണയും തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള സഞ്ജു രാജസ്ഥാന്റെ ടോപ് ഓഡറിലെ അഭിവാജ്യ ഘടകമാണ്. രാജസ്ഥാനുവേണ്ടിയാണ് തുടക്കം മുതല്‍ സഞ്ജു ഐപിഎല്‍ കളിച്ചത്. 2012-ല്‍ പതിനെട്ടാം വയസ്സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ടൂര്‍ണമെന്റിലെത്തിയത്. ആ വര്‍ഷം കളിക്കാന്‍ അവസരം കിട്ടിയില്ല. തൊട്ടടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലെത്തി. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മൂന്നുവര്‍ഷം രാജസ്ഥാനില്‍ തുടര്‍ന്നു. പിന്നീട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലെത്തി. 2018-ലെ താരലേലത്തില്‍ എട്ടുകോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ വീണ്ടും ടീമിലെത്തിച്ചത്. 93 ഐപിഎല്ലില്‍ നിന്നായി 2209 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ രണ്ട് സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ഇന്ത്യന്‍ ടീമില്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ വിരമിക്കലോടെ ഒഴിഞ്ഞു കിടക്കുന്ന വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങേണ്ടതുണ്ട്.

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ചാമ്പ്യന്മാരായ ശേഷം ഇതുവരെ കിരീടം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിട്ടില്ല. ഇത്തവണ വലിയ താരങ്ങളെയൊന്നും അവകാശപ്പെടാനില്ലെങ്കിലും റോയല്‍സില്‍ നിന്ന് മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കണം. സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനൊപ്പം മെന്ററായി മുന്‍ നായകന്‍ ഷെയ്ന്‍ വോണുമുണ്ട്. ഓള്‍റൗണ്ടര്‍ ബെല്‍സ്‌റ്റോക്‌സ് മത്സരത്തില്‍ രാജസ്ഥാനായി ഇറങ്ങിയാല്‍ ടീമിന് അത് വലിയ നേട്ടം തന്നെയാകും. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സ്ഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റോബിന്‍ ഉത്തപ്പ, ഡേവിഡ് മില്ലര്‍, മനാന്‍ വോറ എന്നിവരാണ് എടുത്ത പറയേണ്ട താരങ്ങള്‍. ഡേവിഡ് മില്ലര്‍ ടി20 ഫോര്‍മാറ്റിന് അനുയോജ്യനായ താരമാണെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

അജിന്‍ക്യ രഹാനെയെ രാജസ്ഥാന്‍ അവസാന സീസണോടെ ഒഴിവാക്കിയിരുന്നു. ജോഫ്ര ആര്‍ച്ചര്‍ എന്ന ഇംഗ്ലണ്ട് പേസറുടെ സാന്നിധ്യം രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബൗളിങ്ങിന് കരുത്ത് പകരുന്നു. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസും ഇംഗ്ലണ്ട് പേസര്‍ ടോം കറാനും ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈയും ടീമിലുണ്ട്. ഇന്ത്യയില്‍ നിന്ന് ജയദേവ് ഉനദ്ഘട്ട്, വരുണ്‍ ആരോണ്‍, അങ്കിത് രജപുത് എന്നിവരും പേസ് നിരയിലുണ്ട്. ശ്രേയസ് ഗോപാല്‍, മായങ്ക് മാര്‍ക്കണ്ഡെ എന്നിവരാണ് ടീമിന്റെ പ്രധാന സ്പിന്നര്‍മാര്‍. യുഎഇയിലെ മൈതാനം സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പ്രശ്‌നം മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവമാണ്. സ്റ്റീവ് സ്മിത്ത്, ജോസ് ബട്ലര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ മൂന്ന് പ്രമുഖ ബാറ്റ്‌സ്മാന്‍മാരും വിദേശികളാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധേയനായ യുവതാരം യശ്വസി ജയ്‌സ്വാളും ഇത്തവണ രാജസ്ഥാന് പ്രതീക്ഷ നല്‍കുന്ന താരമാണ്.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും. വാട്‌സണ്‍, വിജയ്, ഡുപ്ലെസി, റായുഡു, ചൗള തുടങ്ങി സീനിയര്‍ താരങ്ങളുടെ കൂടാരമാണെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് സൂപ്പര്‍ കിംഗ്‌സ്. ലുംഗി എന്‍ഗിഡിയുടെ അതിവേഗ പന്തുകളും രവീന്ദ്ര ജഡേജയുടെയും സാം കറന്റെയും ഓള്‍റൗണ്ട് മികവും ധോണിയുടെ തന്ത്രങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ചയേകും. കഴിഞ്ഞ മത്സരത്തിലെ പ്രകടനം വെച്ച് നോക്കുമ്പോള്‍ അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ഒരു പ്രതീക്ഷ. ഫാഫ് ഡുപ്ലസിയും മികച്ച ഫോമിലാണ്.


Next Story

Related Stories