Top

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ കേരളം ഇറങ്ങുന്നു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍  കേരളം ഇറങ്ങുന്നു

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് ലക്ഷ്യമിട്ട് കേരളം ഇന്ന് ഇറങ്ങും. തമിഴ്‌നാടാണ് എതിരാളികള്‍. ആദ്യ മത്സരങ്ങള്‍ വിജയിച്ച് തുല്യപോയന്റില്‍ നില്‍ക്കുകയാണ് തമിഴ്‌നാടു കേരളവും. എങ്കിലും ഒരു സമനില മതി കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് എത്താന്‍. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരക്കാണ് മത്സരം. ആന്ധ്രയെ തുരത്തിയ ആക്രമണ ഫുട്‌ബോളാണ് ഇരുടീമിന്റെയും ആത്മവിശ്വാസം.

നവംബര്‍ അഞ്ചിന് നടന്ന ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നിയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിലെ പ്രത്യേകത. വിപിന്‍ തോമസ്, ലിയോണ്‍ അഗസ്റ്റ്യന്‍, എന്‍ ഷിഹാദ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ഈ ജയം കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണ ഫുട്‌ബോളെന്ന ശൈലിയില്‍ നിന്ന് പിറകോട്ട് പോവുകയില്ല എന്നാണ് ടീം പറയുന്നത്. പ്രഫഷനല്‍ മികവിനു മുന്നില്‍ പരമ്പരാഗത തന്ത്രങ്ങള്‍ വീണു തകരുന്ന കാഴ്ചയാണ് ഇതുവരെ കളികളില്‍ കണ്ടത്. കണക്കെടുത്താല്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി തുടങ്ങിയ ക്ലബ്ബുകളില്‍നിന്നുള്ള താരങ്ങളാണ് ഇതുവരെ വീണ 24 ഗോളില്‍ ബഹുഭൂരിപക്ഷത്തിനും അവകാശികള്‍.

4-1 എന്ന സ്‌കോറിനായിരുന്നു തമിഴ്‌നാടിന്റെ ആന്ധ്രയ്ക്ക് എതിരായുള്ള വിജയം. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട ഗോള്‍ ഡിഫറന്‍സ് കേരളത്തിനെ ഒന്നാമത് നിര്‍ത്തുകയാണ്. കേരളത്തിന് ഒരു സമനില മതിയാകുമ്പോള്‍ തമിഴ്‌നാടിന് ജയിച്ചാല്‍ മാത്രമേ ഫൈനല്‍ റൗണ്ടില്‍ എത്താന്‍ ആവുകയുള്ളൂ. അതേസമയം തെലങ്കാനയെ 6-1നു തോല്‍പിച്ച് കര്‍ണാടക സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനു യോഗ്യത നേടി. ദിപ് മജുംദാര്‍, അമയ് മൊറാര്‍കര്‍, എം.നിഖില്‍രാജ് എന്നിവര്‍ കര്‍ണാടകയ്ക്കായി ഇരട്ടഗോള്‍ നേടി.


Next Story

Related Stories