TopTop
Begin typing your search above and press return to search.

സന്തോഷ് ട്രോഫി: കേരളം ഇന്ന് ആന്ധ്രയ്ക്കെതിരെ ഇറങ്ങുന്നു

സന്തോഷ് ട്രോഫി: കേരളം ഇന്ന് ആന്ധ്രയ്ക്കെതിരെ ഇറങ്ങുന്നു

സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളം, ആന്ധ്ര പ്രദേശിനെ നേരിടും. വൈകുന്നേരം നാലിന് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആന്ധ്രയും തമിഴ്നാടും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. 2017 ലെ ചാംപ്യന്മാരായ കേരളം കഴിഞ്ഞ തവണ യോഗ്യത റൗണ്ടില്‍ പുറത്തായ ടീമാണ്.

യോഗ്യത ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ പ്രൊഫഷണല്‍ ക്ലബുകളില്‍ നിന്നുള്‍പ്പെടെ മികച്ച താരങ്ങളുമായാണ് കേരളം ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം, ബെംഗളൂരു എഫ്‌സി തുടങ്ങിയ പ്രഫഷനല്‍ ടീമുകളില്‍നിന്നുള്ള യുവതാരങ്ങളാണ് ഇക്കുറി കേരളത്തിന്റെ കരുത്ത്. കഴിഞ്ഞ തവണ ആദ്യറൗണ്ടില്‍ പുറത്തായ ടീമില്‍നിന്ന് ഇക്കുറി ഇടം നേടിയത് 2 പേര്‍ മാത്രം. ടീമില്‍ ഏറെയും പുതുമുഖങ്ങളാണെങ്കിലും ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്ക് കെല്‍പ്പുണ്ട്.

പരിശീലകന്‍ ബിനോയ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിശീലനവും ഇക്കുറി അടിമുടി പ്രഫഷനല്‍ ആയിരുന്നു. കൊച്ചിയില്‍ 2 മാസത്തോളം നീണ്ട ക്യാംപില്‍ വന്നുപോയ അന്‍പതിലേറെ താരങ്ങളില്‍നിന്നാണ് അവസാന 20 അംഗ ടീമിനെ കണ്ടെത്തിയത്. 2017ല്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ഗോള്‍കീപ്പര്‍ മിഥുനാണ് നായകന്‍. ആന്ധ്രക്കും കഴിഞ്ഞ തവണ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായിട്ടില്ല. പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് ആന്ധ്രയും അവസരം നല്‍കിയിട്ടുണ്ട്. സന്തോഷ് ട്രോഫി കളിച്ച പരിചയമുള്ള ആറ് പേര്‍ ടീമിലുണ്ട്. നാല് തവണ സന്തോഷ് ട്രോഫി കുപ്പായമണിഞ്ഞ ഗണേശാണ് ആന്ധ്ര ടീമിന്റെ നായകന്‍. ആന്ധ്ര ലീഗിലെ വിവിധ ക്ലബ്ബുകള്‍ക്കായി ജേഴ്സി അണിഞ്ഞവരാണ് ടീമിലെ ഭൂരിഭാഗം പേരും.


Next Story

Related Stories