TopTop

'മകളെ കാണാന്‍ കഴിയുന്നില്ല, പക്ഷെ ആ വേദന സഹിക്കുന്നു, സമൂഹ നന്മയ്ക്ക് വേണ്ടി'; ഷക്കീബ് അല്‍ ഹസന്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മകളെ കാണാന്‍ കഴിയാത്തതിന്റെ വേദന പങ്കുവെച്ച് ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസില്‍ എത്തിയ താരം വിമാനത്താവളത്തില്‍ നിന്ന് നേരെ ഹോട്ടലിലേക്ക് വന്നു. ഹോട്ടലില്‍ ഐസൊലേഷനില്‍ കഴിയുകയാണ്, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഷക്കീബ് പറഞ്ഞു.

ഈ സമയത്ത് യാത്ര ചെയ്യുന്നത് നല്ലതല്ല എന്ന് അറിയാം. അതുകൊണ്ട് തന്നെ ഭാര്യ ഉമ്മ അഹമ്മദ് ഷിഷിറിനെയും മകള്‍ അലീന ഹസനെയും യുഎസില്‍ കാണേണ്ടെന്ന് തീരുമാനിച്ചതായും ഷക്കീബ് അല്‍ ഹസന്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി 14 ദിവസത്തെ സ്വയം ഒറ്റപ്പെടലിലേക്ക് പോകാന്‍ തീരുമാനിച്ചതായി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ് ഷക്കീബ് അല്‍ ഹസന്‍ പറഞ്ഞു. യുഎസ്എയില്‍ എത്തിയതിന് ശേഷം 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷനാണ് നിര്‍ദേശിച്ചത്. വിമാനത്തില്‍ അധികൃതര്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും പാലിച്ച് വലിയ കരുതലോടെയാണ് ഞാന്‍ യാത്ര ചെയ്തത്. എനിക്ക് വൈറസ് ബാധ ഇല്ലായിരിക്കാം. പക്ഷേ മകളുടെ അടുത്തേക്ക് ഞാന്‍ ഇപ്പോള്‍ പോവില്ല, ഷക്കീബ് പറഞ്ഞു.

മകളെ കാണാതിരിക്കുന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. പക്ഷേ ഈ സമയം ആ വേദന ഞാന്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സഹിക്കണം. വിദേശത്തുള്ളവര്‍ തങ്ങളുടെ താമസയിടത്തില്‍ തന്നെ തങ്ങണം. അയല്‍ക്കാരേയും ബന്ധുക്കളേയുമൊന്നും ഈ സമയം വീടുകളിലേക്ക് വരാന്‍ അനുവദിക്കരുത്. അടുത്ത 14 ദിവസമെങ്കിലും നിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുക, ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ആരാധകരോട് ആവശ്യപ്പെട്ടു.


Next Story

Related Stories