TopTop
Begin typing your search above and press return to search.

'ഇത് മികച്ച പേസ് നിര, ഐപിഎലില്‍ ഇന്ത്യന്‍ പരിശീലകരെ തഴയുന്നത് നല്ലതല്ല'; ഉപദേശവുമായി രാഹുല്‍ ദ്രാവിഡ്

ഇത് മികച്ച പേസ് നിര, ഐപിഎലില്‍ ഇന്ത്യന്‍ പരിശീലകരെ തഴയുന്നത് നല്ലതല്ല; ഉപദേശവുമായി രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ പേസ് നിരയെ പ്രശംസിച്ച് ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവുമായ രാഹുല്‍ ദ്രാവിഡ്. ലക്നൗവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മത്സരം കാണുമ്പോഴാണ് ദ്രാവിഡ് പേസര്‍മാരെ പ്രശംസിച്ചത്. കപില്‍ ദേവ്, ശ്രീനാഥ്, സഹീര്‍ എന്നിവരെ പോലെ ഫാസ്റ്റ് ബൗളര്‍മാര്‍ നമുക്കുണ്ടായിട്ടുണ്ടെങ്കിലും എക്കാലത്തേയും മികച്ച പേസ് ആക്രമണ നിരയാണ് ഇന്ത്യയ്ക്കിപ്പോഴുള്ളത്. ഇഷാന്ത്, ഷമി, ഉമേഷ്, ഭുവി, ബൂമ്ര എന്നിവരെ നോക്കിയാല്‍ ഫാസ്റ്റ് ബൗളറായി വിജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാജ്യത്തെ യുവ തലമുറയ്ക്ക് ലഭിക്കുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു.

'മികച്ച പേസില്‍ പന്തെറിയാനും ഇന്ത്യക്കായി മികവ് കാട്ടാമെന്നും പ്രതീക്ഷിക്കുന്ന യുവതാരങ്ങള്‍ക്ക് റോള്‍ മോഡലാണ് ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍. അണ്ടര്‍ 19 തലത്തില്‍ മികച്ച പേസ് നിര ഇന്ത്യക്കുണ്ട്. കഴിഞ്ഞ ലോകകപ്പില്‍(2018-19) കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, ഇഷാന്‍ പോരെല്‍ എന്നിവരുണ്ടായിരുന്നു. ഈ വര്‍ഷം ഒരുപറ്റം മികച്ച പേസര്‍മാരെ ടീമില്‍ കാണാം.ഇപ്പോഴത്തെ പേസ് നിര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ബൗളിംഗ് യുണിറ്റായിരിക്കാം.

ഐപിഎല്‍ ടീമുകള്‍ ഇന്ത്യന്‍ പരിശീലകരെ അവഗണിക്കുന്നത് ടീമുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യന്‍ പരിശീലകരെ മുഖ്യ പരിശീലകരാക്കി നിയമിച്ചില്ലെങ്കിലും, അസിസ്റ്റന്റ് കോച്ചായി അവരെ നിയമിക്കാം. പല ടീമുകളുടേയും പ്രകടനത്തില്‍ നിര്‍ണായക മാറ്റം നടത്താന്‍ ഇന്ത്യന്‍ പരിശീലകര്‍ക്കാവും. കാരണം, പ്രാദേശിക കളിക്കാരുടെ മികവ് അവര്‍ക്ക് അടുത്തറിയാമായിരിക്കും, ദ്രാവിഡ് പറഞ്ഞു.

Next Story

Related Stories