TopTop
Begin typing your search above and press return to search.

പന്ത് ചുരണ്ടണ്ട, ഉമിനീരും വേണ്ട; ബദല്‍ മാര്‍ഗം നിര്‍ദ്ദേശിച്ച് ഷെയ്ന്‍ വോണും

പന്ത് ചുരണ്ടണ്ട, ഉമിനീരും വേണ്ട; ബദല്‍ മാര്‍ഗം നിര്‍ദ്ദേശിച്ച് ഷെയ്ന്‍ വോണും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ ബൗളര്‍മാര്‍ വലിത വെല്ലുവിളിയാണ് നേരിടാന്‍ പോകുന്നത്. പന്തിന്റെ തിളക്കം കൂട്ടാന്‍ ബൗളര്‍മാര്‍ക്ക് ഇനി പഴയപോലെ ഉമിനീരും വിയര്‍പ്പുമൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നതാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡിനു ശേഷം പന്തിന്റെ തിളക്കം കൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഐ.സി.സി അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ക്രിക്കറ്റ് പന്തുകളുടെ തിളക്കം കൂട്ടാന്‍ ബൗളര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന വാക്‌സ് നിര്‍മിച്ച് ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് സാമഗ്രികളുടെ നിര്‍മാതാക്കളായ കൂക്കാബുറയും രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഉമിനീര് പന്തില്‍ പുരട്ടുന്നത് വിലക്കിയാല്‍ ബൗളര്‍മാര്‍ക്ക് കളിയില്‍ ആനുകൂല്യം ലഭിക്കാന്‍ മറ്റൊരു മാര്‍ഗം നിര്‍ദേശിച്ച് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണും രംഗത്തെത്തിയിരിക്കുകയാണ്. പന്തിന്റെ ഒരു ഭാഗത്ത് കനം കൂട്ടി നിര്‍മിക്കണമെന്നാണ് വോണ്‍ പറയുന്നത്.സ്വിങ് ലഭിക്കുന്നതിനായാണ് പന്തിന്റെ ഒരു ഭാഗത്ത് ഉമിനീരും വിയര്‍പ്പും തേച്ച് കട്ടി കൂട്ടുന്നത്. ഉമിനീര് പുരട്ടുന്നത് വിലക്കിയാല്‍ പന്തിന്റെ ഒരു ഭാഗം കട്ടി കൂട്ടി നിര്‍മിച്ച് കളിക്കാന്‍ ഉപയോഗിക്കണം. ഇതിലൂടെ ഫ്ലാറ്റ് വിക്കറ്റിലും മറ്റും ഈ പന്ത് സീമര്‍മാരെ സഹായിക്കും. ഇതിലൂടെ ആര്‍ക്കും പന്ത് ചുരണ്ടേണ്ടി വരില്ല. ബാറ്റും ബോളും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യാം, വോണ്‍ ചൂണ്ടിക്കാണിച്ചു. സ്‌കൈ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് ബാറ്റിങ് കാലാകാലങ്ങളായി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും വോണ്‍ ചോദിച്ചു. അതുപോലെ പന്തുകള്‍ക്കും മാറ്റമുണ്ടാകട്ടെയെന്നും പന്തുകളുടെ പുതിയ മാറ്റത്തിനായി വാദിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കോവിഡ് 19-ന് ശേഷം ക്രിക്കറ്റ് പരിശീലനം പുനഃരാരംഭിച്ചാലും പന്തിന്റെ തിളക്കം കൂട്ടാന്‍ ഉമിനീരും വിയര്‍പ്പും ഉപയോഗിക്കുന്നത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കിയിട്ടുമുണ്ട്. മെഡിക്കല്‍ വിദഗ്ധര്‍, കായിക സംഘടനകള്‍, ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കൂടിയാലോചിച്ച് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട് (എ.ഐ.എസ്) ആണ് ഉമിനീര്‍, വിയര്‍പ്പ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

Next Story

Related Stories