TopTop
Begin typing your search above and press return to search.

മൂന്നാം അങ്കത്തിനിറങ്ങാന്‍ സഞ്ജു; ധോണിയെപ്പോലെയെന്ന താരതമ്യങ്ങളോട് പ്രതികരണം ഇങ്ങനെ

മൂന്നാം അങ്കത്തിനിറങ്ങാന്‍ സഞ്ജു; ധോണിയെപ്പോലെയെന്ന താരതമ്യങ്ങളോട് പ്രതികരണം ഇങ്ങനെ

ഐപിഎല്‍ 13ാം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ജു ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി രാജസ്ഥാന്‍ റോയല്‍സ് കൊമ്പ്‌കോര്‍ക്കുമ്പോള്‍ രാജസ്ഥാന്‍ നിരയില്‍ സഞ്ജുവിനെയും കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാഹുല്‍ തിവാട്ടിയയെയും ആകും ആരാധകര്‍ ഉറ്റുനോക്കുക. ഷാര്‍ജയിലെ ചെറിയ സ്‌റ്റേഡിയത്തില്‍ നിന്ന് ദുബൈയിലേക്കെത്തുമ്പോള്‍ ഇരുവരുടെയും ബാറ്റിംഗ് റോയല്‍സിന് നിര്‍ണായകം തന്നെയാണ്.

അതേസമയം ആദ്യ രണ്ട് അര്‍ധസെഞ്ച്വറികളുമായി മികച്ച ഇന്നിംഗ്‌സുകളോടെ സീസണ്‍ തുടങ്ങിയ സഞ്ജു സാംസണെ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തി ശശി തരൂര്‍ എംപി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ മുന്‍ താരങ്ങളായ ഗൗതം ഗംഭീറും എസ്. ശ്രീശാന്തും രംഗത്തെത്തി. സഞ്ജുവിന് സഞ്ജു തന്നെയാകാനെ കഴിയു എന്നായിരുന്നു അത്. എന്നാല്‍ ഇക്കാര്യത്തില്‍ സഞ്ജു നേരിട്ട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

'ആര്‍ക്കും ധോണിയേപ്പോലെ ആകാന്‍ കഴിയില്ലെന്ന് എനിക്കുറപ്പാണ്. ആരും അതിനു ശ്രമിക്കുകയും ചെയ്യരുത്. ധോണിയേപ്പോലെ കളിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് അതിന് ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. ധോണിയേപ്പോലെ കളിക്കാന്‍ ശ്രമിക്കുന്നത് എന്റെ ചിന്തകളില്‍പ്പോലുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് അദ്ദേഹം. ക്രിക്കറ്റ് എന്ന കളിയിലേയും. ഞാന്‍ എന്റെ കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്കെന്തു ചെയ്യാനാകും എന്നു മാത്രമാണ് നോക്കുന്നത്. ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കാം, എങ്ങനെ മത്സരങ്ങള്‍ ജയിക്കാം എന്നൊക്കെയാണ് ചിന്തിക്കുന്നത്' സഞ്ജു പറഞ്ഞു.

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ എത്താന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ചെയ്യാന്‍ കഴിയുന്നത് മികച്ച ഫോമില്‍ കളിക്കുകയെന്നതാണ്. അത് ചെയ്യും, ഏതു ടീമില്‍ കളിച്ചാലും ആ ടീമിനായി മത്സരങ്ങള്‍ ജയിക്കുകയെന്നതാണ് എന്റെ സ്വപ്നം. നിലവില്‍ എന്റെ ശ്രദ്ധ ഐപിഎല്ലില്‍ മാത്രമാണെന്നും സഞ്ജു പറഞ്ഞു.


Next Story

Related Stories