അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തന്റെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ കഴിഞ്ഞില്ല, ടീം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാളും തന്റെ കരിയറിന് തിരശ്ശീല ഇട്ടു. ടീം ഇന്ത്യയുടെ മധ്യനിരയ്ക്കൊപ്പം ആത്മവിശ്വാസത്തോടെ ബാറ്റ് വിശീയ സുരേഷ് റെയ്നയും കരിയര്‍ അവസാനിപ്പിച്ചു. വിരമിക്കല്‍ പ്രഖ്യാപന വാര്‍ത്തയില്‍ ധോണിക്ക് പിന്നിലാണ് ഇടം നേടിയതെങ്കിലും മൈതാനത്തെ റെയ്നയുടെ സംഭാവനകള്‍ വിലമതിക്കാനാവത്തതാണ്. അത് ധോണിക്കൊപ്പം ചേര്‍ന്നായിരുന്നു എന്നോര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് അതിലേറെ അഭിമാനിക്കാം. ധോണിക്ക് പിന്നില്‍ റെയ്നയും ഒരു മികച്ച ഫിനിഷര്‍ തന്നെയായിരുന്നു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു നല്ല ബൗളര്‍. ഊര്‍ജസ്വലതയോടും മികവോടെയും ഫീല്‍ഡിംഗില്‍ തിളങ്ങുന്ന താരം. ഏകദിനത്തിലും ടി 20 യിലും കളിയില്‍ മുന്‍പന്തിയില്‍ നില്ക്കുമ്പോള്, ടെസ്റ്റുകളില്‍ അത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയാണ് റെയ്ന തുടങ്ങിയത്.
അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ആദ്യമായി സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് റെയ്ന, എല്ലാ ഫോര്‍മാറ്റുകളിലും നൂറടിച്ച ആദ്യ ഇന്ത്യന്‍ താരവും റെയ്ന തന്നെയാണ്. ഇന്ത്യ 2011 ലോകകപ്പും 2013 ചാമ്പ്യന്‍സ് ട്രോഫിയും നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഈ മത്സരങ്ങളില്‍ ഫീല്‍ഡിംഗിലും ബാറ്റിംഗിലും താരം നിര്‍ണായകമായിരുന്നു. റണ്‍സ് സ്കോര്‍ ചെയ്തും റണ്ണൊഴുക്ക് തടഞ്ഞും റെയ്ന ടീമിന്റെ അഭിഭാജ്യ ഘടകമായി. 2018 ല്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ച അദ്ദേഹം ടീമില്‍ വീണ്ടുമെത്തുമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്കിംഗ്സുമൊത്തുള്ള 3 കിരീടങ്ങളും ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനുമായി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചു, വെറും 33 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിന് ടി 20 മികച്ച ലീഗുകളില്‍ കുറച്ച് നാള് കൂടി കളിക്കാന്‍ കഴിഞ്ഞേക്കും. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങാനും റെയ്നയ്ക്ക് കഴിഞ്ഞേക്കും. ഒരു ദശകത്തിലേറെക്കാലം താരം ഇന്ത്യയുടെ മധ്യനിരയ്ക്ക് കരുത്തായിരുന്നു. ധോണി, റെയ്ന, യുവരാജ് സിംഗ് എന്നിവര്‍ 4,5,6 എന്ന സ്ഥാനത്ത് ഉണ്ടായിരുന്ന കാലത്ത് ഇന്ത്യന്‍ ബാറ്റിംഗ്നിര കൂടുതല്‍ കരുത്തുള്ളതായിരുന്നു.
ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്ന. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു റെയ്നയുടെ ടെസ്റ്റ് അരങ്ങേറ്റം. 2010 ജൂലൈയില്‍ കൊളംബോയിലായിരുന്നു ഇത്. 2015 ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിലായിരുന്നു അവസാന ടെസ്റ്റ്. ഇതിനിടെ 18 ടെസ്റ്റുകളില്‍നിന്ന് 26.48 ശരാശരിയില്‍ 768 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 120 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 13 വിക്കറ്റുകളും സ്വന്തമാക്കി.
226 ഏകദിനങ്ങളില്‍നിന്ന് 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടി. ഇതില്‍ അഞ്ച് സെഞ്ചുറികളും 36 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 116 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇത്രയും മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റും വീഴ്ത്തി. 2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹനാസ്ബര്ഗിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. 78 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 29.18 ശരാശരിയില്‍ 1605 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 13 വിക്കറ്റുകളും റെയ്നയുടെ പേരിലുണ്ട്.
2020 ഐപിഎല്ലില്‍ എംഎസ് ധോണിയും സുരേഷ് റെയ്നയും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഒരേ ജഴ്സിയില്‍ ഇറങ്ങുമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്സിയില്‍ ഇനി ഒരിക്കലും ഇരുവരെയും കാണാന്‍ കഴിയില്ല. രണ്ട് പേരും പരസ്പരം അവിശ്വസനീയമാം വിധം അടുപ്പമുള്ളവരാണ്, ഇരുവരുടെയും അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപനവും ഒരുമിച്ച് തന്നെ തീരുമാനിച്ചു. സുരേഷ് റെയ്നയും എംഎസ് ധോണിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്.
2005 ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിനത്തില്‍ സുരേഷ് റെയ്നയും എംഎസ് ധോണിയും പുറത്താകാതെ നേടിയ 82 റണ്‍സ് കൂട്ടുകെട്ട് എടുത്തു പറയേണ്ടതാണ്; പൂനെയില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 261 റണ്‍സ് നേടി. മത്സരത്തില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് അമ്പത് റണ്‍സ് നേടി; എന്നിട്ടും മുത്തയ്യ മുരളീധരനും ദില്‍ഹാര ഫെര്‍ണാണ്ടോയും ഇന്ത്യയെ 176/3 എന്ന നിലയില്‍ നിന്ന് 180/6 എന്ന നിലയിലാക്കി സമ്മര്‍ദത്തിലാക്കി. മത്സരത്തില്‍ എംഎസ് ധോണി 43 പന്തില്‍ 45 റണ്‍സും സുരേഷ് റെയ്ന 30 പന്തില്‍ 39 റണ്‍സും നേടി.
2006 ല്‍ ഇംഗ്ലണ്ടിനെതിരെ എംഎസ് ധോണിയും സുരേഷ് റെയ്നയും ചേര്‍ന്ന് നേടിയ 118 റണ്‍സ്, ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ 89 പന്തില്‍ 81 റണ്‍സ് നേടിയ റെയ്നയുടെ അക്കൗണ്ടില്‍ എട്ട് ബൗണ്ടറികളും ഒരു സിക്സറും ഉണ്ടായിരുന്നു. 55 പന്തില്‍ നിന്ന് 38 റണ്‍സ് നേടി എംഎസ് ധോണി റെയ്നയെ പിന്തുണച്ചു.
2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ എംഎസ് ധോണിയും സുരേഷ് റെയ്നയും 103 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ടീമിന്റെ ആദ്യ ഇന്നിംഗ്സില്‍ എംഎസ് ധോണിയും സുരേഷ് റെയ്നയും ഓരോ അര്‍ധ സെഞ്ച്വറി വീതം നേടി. സന്ദര്‍ശക ടീമിനെ 143 റണ്‍സിന്റെ വമ്പന്‍ ലീഡ് നേടാന്‍ സഹായിച്ചു. ടീമിന്റെ സ്കോര്‍ 172/5 ആയിരുന്നപ്പോള്‍ റെയ്നയും ധോണിയും കൈകോര്‍ത്തു. 30.4 ഓവറില്‍ അവര്‍ 103 റണ്‍സ് ചേര്‍ത്തു. ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചു, 3 മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യ നേടി.
2015 ഐസിസി ലോകകപ്പില്‍ സിംബാബ്വെക്കെതിരെ എംഎസ് ധോണിയും സുരേഷ് റെയ്നയും പുറത്താകാതെ 196 റണ്‍സ് നേടി.സിംബാബ്വെയ്ക്കെതിരായ ഐസിസി ലോകകപ്പ് 2015 മത്സരം. ബ്രെന്‍ഡന്‍ ടെയ്ലറുടെ 138 റണ്‍സ് നേട്ടം സിംബാബ്വെയെ ആദ്യ ഇന്നിംഗ്സില്‍ 287 റണ്‍സ് നേടി. ഓക്ലന്ഡില് 288 റണ്‍സ് നേടിയ ഇന്ത്യ മന്ദഗതിയിലാണ് തുടങ്ങിയത്. 22.4 ഓവറിന് ശേഷം 92/4 എന്ന നിലയിലെത്തി ഇന്ത്യ. മികച്ച 4 ബാറ്റ്സ്മാന്മാര് വീണ്ടും കൂടാരം കയറിയതോടെ ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം ധോണിക്കും റെയ്നയ്ക്കും ഉണ്ടായിരുന്നു. മത്സരത്തില്‍ റെയ്ന തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി നേടിയപ്പോള്‍ ധോണി 85 റണ്‍സുമായി പുറത്താകാതെ നിന്നു.