TopTop
Begin typing your search above and press return to search.

സ്‌കൂള്‍ കായികമേള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എറണാകുളം മുന്നില്‍; ഇനിയും പോയിന്റ് ഒന്നും നേടാതെ കൊല്ലം

സ്‌കൂള്‍ കായികമേള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എറണാകുളം മുന്നില്‍; ഇനിയും പോയിന്റ് ഒന്നും നേടാതെ കൊല്ലം

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിവസം ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ മറികടന്ന് എറണാകുളം മുന്നിലെത്തി. എറണാകുളത്തിന് 50.3 പോയിന്റും പാലക്കാടിന് 48.3 പോയിന്റുമാണ് നിലവില്‍. ഫീല്‍ഡ് ഇനങ്ങളിലെ മികവാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് കരുത്തായത്.

അതേസമയം പി കെ സൂര്യജിത്തും ആന്‍സി സോജനും മേളയിലെ വേഗമേറിയ താരങ്ങളായി മാറി. സീനിയമര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ സ്വര്‍ണം നേടി സൂര്യജിത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടി ആന്‍സിയും വേഗമേറിയ താരങ്ങളായത്. ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണ് ഇത്. 12.5 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സിയുടെ നേട്ടം. ലോംഗ്ജംപിലും ആന്‍സി മീറ്റ് റെക്കോര്‍ഡ് നേടിയിരുന്നു. പാലക്കാട് ബിഇഎംഎച്ച്എസ് വിദ്യാര്‍ത്ഥിയാണ് സൂര്യജിത്ത്.

നൂറ് മീറ്റര്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ജി താരയ്ക്കാണ് സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി. നൂറ് മീറ്ററില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഹനാന്‍ സ്വര്‍ണം നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷ സ്‌കൂളിലെ പ്രതിഭ വര്‍ഗീസും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പ്രതിഭയും ഇത് രണ്ടാം സ്വര്‍ണമാണ് നേടുന്നത്. നേരത്തെ 400 മീറ്റര്‍ ഓട്ടത്തിലാണ് പ്രതിഭ സ്വര്‍ണം നേടിയത്.

കണ്ണൂരാണ് ഇന്നത്തെ സ്വര്‍ണ കൊയ്ത്തിന് തുടക്കമിട്ടത്. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ മുഹമ്മദ് അഫ്ഷാനിലൂടെയായിരുന്നു ഇത്. ട്രാക്കില്‍ നിന്ന് മത്സരങ്ങള്‍ ഫീല്‍ഡിലേക്ക് എത്തിയതോടെ മണീടിന്റെയും മതിരപ്പിള്ളിയുടെ കുതിപ്പ് തുടങ്ങി. രാവിലെ നടന്ന ഏഴ് ഫൈനലുകളില്‍ മൂന്നിലും എറണാകുളമാണ് സ്വര്‍ണം നേടിയത്. സീനിയര്‍ പോള്‍വാള്‍ട്ടില്‍ മണീട് ജിവിഎച്ച്എസ്എസിലെ ബ്ലെസി കുഞ്ഞുമോനും സബ്ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ ഇതേ സ്‌കൂളിലെ ലിജി സാറാ മാത്യുവും ഒന്നാം സ്ഥാനം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ എറണാകുളം ജിവിഎച്ച്എസ്എസ് മതിരപ്പിള്ളിയിലെ കെസിയ മറിയം ബെന്നിക്കാണ് സ്വര്‍ണം. ജൂനിയര്‍ ഹൈജമ്പില്‍ ഭാരത് തോമസിലൂടെ പത്തനംതിട്ട രണ്ടാം സ്വര്‍ണം നേടി. പതിമൂന്ന് ജില്ലകളും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും കൊല്ലത്തിന് മാത്രം ഒരു പോയിന്റ് പോലും നേടാനായിട്ടില്ല. സ്‌കൂളുകളില്‍ പാലക്കാട് കല്ലടി ഒന്നാം സ്ഥാനത്തും എറണാകുളം മണീട് ജിവിഎച്ച്എച്ച്എസ് രണ്ടാം സ്ഥാനത്തുമാണ്.

Next Story

Related Stories