എഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീശാന്തിന് ജയത്തോടെ തുടക്കം. ശ്രീശാന്ത് ഒരു വിക്കറ്റെടുത്ത് തിരിച്ചുവരവ് അറിയിച്ച മത്സരത്തില്‍ പുതുച്ചേരിക്കെതിരെ ആറു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. കേരളം 18.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 26 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.
പുതിച്ചേരിയുടെ ഫാബിദ് അഹമ്മദിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്.12 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡി.രോഹിത്തിനെ കെ.എം.ആസിഫ് പുറത്താക്കി. 33 റണ്‍സെടുത്ത ആഷിത്താണ് പുതുച്ചേരിയുടെ ടോപ് സ്കോറര്‍. ജലജ് സക്സേന കേരളത്തിനായി 3 വിക്കറ്റ് വീഴ്ത്തി. ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.