കണ്ണൂരില്‍ ഇന്ന് ആരംഭിച്ച സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യദിനം പാലക്കാട് മുന്നില്‍. മൂന്ന് മീറ്റ് റെക്കോഡുകളും ഇന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയെ മൂന്ന് പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് പാലക്കാട് മുന്നിലെത്തിയത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയമാണ് പ്രധാന മത്സരവേദി.
അതേസമയം കിരീടപ്പോരാട്ടം കടുക്കുമെന്ന സൂചനകളാണ് ആദ്യ ദിവസം തന്നെ ലഭിക്കുന്നത്. ആദ്യ മത്സര ഇനമായ മൂവായിരം മീറ്റര്‍ മുതല്‍ പാലക്കാടും എറണാകുളവും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടങ്ങി. എറണാകുളം ജില്ലയ്ക്കായിരുന്നു ആദ്യ സ്വര്‍ണം. കോതമംഗലം മാര്‍ ബേസിലിന്റെ എന്‍ വി അമിത് ആണ് സ്വര്‍ണം നേടിയത്. 18 ഫൈനലുകള്‍ നടന്ന ആദ്യ ദിനത്തില്‍ പാലക്കാട് 35 പോയിന്റുകള്‍ നേടി. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും പാലക്കാട് അക്കൗണ്ടില്‍ ചേര്‍ത്തു. എറണാകുളം ആദ്യ ദിനത്തില്‍ തന്നെ അഞ്ച് സ്വര്‍ണം നേടിയെങ്കിലും പോയിന്റ് കണക്കില്‍ മൂന്ന് പോയിന്റ് പിന്നിലാണ്. ഉഷ സ്കൂളിലെ പെണ്‍കുട്ടികളുടെ കരുത്തില്‍ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി. 400 മീറ്ററില്‍ ഉഷാ സ്കൂള്‍ നേട്ടം കൊയ്തപ്പോഴാണ് കോഴിക്കോടിന് 27 പോയിന്റായത്.
നാട്ടിക ഫിഷറീസ് സ്കൂളിന്റെ മികവില്‍ തൃശൂര്‍ ജില്ല അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചു. മൂന്ന് ഇനങ്ങളില്‍ നാട്ടികയുടെ താരങ്ങള്‍ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടികളുടെയും ലോംഗ് ജംപിലും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലും മീറ്റിലെ പുതിയ ദൂരവും സമയവും കുറിക്കപ്പെട്ടു.
ലോംഗ് ജംപില്‍ നിലവിലെ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനത്തോടെയാണ് പുതിയ റെക്കോര്‍ഡുകള്‍ കുറിക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. തൃശൂരിന്റെ ആന്‍സി സോജനാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ചത്. 6.24 മീറ്ററാണ് ആന്‍സി താണ്ടിയത്. 6.05 മീറ്റര്‍ ചാടി രണ്ടാമതെത്തിയ പ്രഭാവതിയും ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ എറണാകുളത്തിന്റെ ടി ജെ ജോസഫ് 7.59 മീറ്റര്‍ ചാടിക്കടന്ന് ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയം കുറിച്ചു.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടിയ കോഴിക്കോടിന്റെ ശാരികയാണ് ഇന്ന് ട്രാക്കിലെ ഏക റെക്കോര്‍ഡ് നേടിയത്. നൂറ് മീറ്റര്‍ ഉള്‍പ്പെടെ 23 ഫൈനലുകളാണ് നാളെ നടക്കാനുള്ളത്.