TopTop
Begin typing your search above and press return to search.

ടോക്യോ ഒളിംപിക്സിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ടോക്യോ ഒളിംപിക്സിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന്റെ തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സ്, ഓഗസ്റ്റ് എട്ടിന് അവസാനിക്കും. ആധുനിക ഒളിംപിക്സിന്റെ 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്സ് നീട്ടിവെച്ചത്. 2021ലാണ് നടക്കുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്സ് എന്ന പേരിലാകും ഒളിംപിക്സ് അറിയപ്പെടുക.

അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റിയും ടോക്യോ ഒളിംപിക് നടത്തിപ്പുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പുതിയ തിയതികള്‍ തീരുമാനിക്കപ്പെട്ടത്. ജപ്പാന്‍ ഇതുവരെ ടോക്യോ ഒളിംപിക്സിനായി ഏതാണ്ട് 13 ബില്യണ്‍ ഡോളറാണ്(ഏകദേശം 98,000 കോടി രൂപ) മുടക്കിയിട്ടുള്ളത്. പ്രാദേശിക സ്പോണ്‍സര്‍ഷിപ്പ് വഴി മൂന്ന് ബില്യണ്‍ ഡോളര്‍(ഏതാണ്ട് 22,600 കോടി രൂപ) സ്വരൂപിക്കുകയും ചെയ്തിരുന്നു.

ടോക്യോ ഒളിംപിക്സിലെ വിവിധ മത്സരങ്ങള്‍ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പുതുക്കിയ തിയതികളില്‍ മത്സരങ്ങള്‍ കാണാനോ പണം തിരികെ ലഭിക്കാനോ അവസരമൊരുക്കുമെന്നും ടോക്യോ ഒളിംപിക്സ് നടത്തിപ്പുകാര്‍ അറിയിച്ചിട്ടുണ്ട്. ഒളിംപിക്സ് വൈകിയതിന്റെ നഷ്ടപരിഹാരം ടിക്കറ്റ് എടുത്തവര്‍ക്ക് ലഭിക്കുമെന്നും ഒളിംപിക്സ് ചീഫ് എക്സിക്യൂട്ടീവ് തൊഷിരോ മൂട്ടോ പറഞ്ഞിരുന്നു.

ടോക്യോ പാരാലിംപിക്സിന്റെ പുതുക്കിയ തീയതിയും പ്രഖ്യാപിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന പാരാലിംപിക്സ് അടുത്ത വര്‍ഷം 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ നടക്കും. തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിച്ചു.

Next Story

Related Stories