TopTop
Begin typing your search above and press return to search.

കോവിഡിന് വാക്സിൻ കണ്ടെത്താതെ ടോക്കിയോ ഒളിംപിക്സ് നടത്തരുത്, മുന്നറിയിപ്പുമായി ജപ്പാൻ മെഡിക്കൽ അസോസിയേഷൻ

കോവിഡിന് വാക്സിൻ കണ്ടെത്താതെ ടോക്കിയോ ഒളിംപിക്സ് നടത്തരുത്, മുന്നറിയിപ്പുമായി ജപ്പാൻ മെഡിക്കൽ അസോസിയേഷൻ

കോവിഡിനു ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷം ഒളിമ്പിക്സ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് ജപ്പാൻ മെഡിക്കൽ അസോസിയേഷൻ (ജെഎംഎ) മേധാവി. ജപ്പാനിലാണ് ഒളിമ്പിക്സ് 2020 നടക്കേണ്ടത്. 'ഒളിമ്പിക്സ് നടക്കാന്‍ പാടില്ല എന്നല്ല ഞാന്‍ പറയുന്നത്. കോവിഡ് ജാപ്പാനെ മാത്രം ബാധിക്കുന്ന വിഷയമല്ലലോ എന്നാണ്' ടോക്കിയോയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ജെഎംഎ പ്രസിഡന്റ് യോഷിതാകെ യോകോകുര പറഞ്ഞത്.

അടുത്ത ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഗെയിംസ് നടത്താനുള്ള പദ്ധതി സംബന്ധിച്ച് നിരവധി ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. 'ഇപ്പോൾ മുതൽ ഒരു വർഷത്തിനുള്ളിൽ ഗെയിംസ് നടക്കാന്‍ 'സാധ്യത'യില്ലെന്ന് പകർച്ചവ്യാധികളിൽ സ്പെഷ്യലിസ്റ്റായ കെന്റാരോ ഇവാറ്റ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 'ഒളിമ്പിക്സ് നടക്കണമെങ്കില്‍ രണ്ട് നിബന്ധനകൾ ശ്രദ്ധിച്ചേ മതിയാകൂ. ഒന്ന്, ജപ്പാനിൽ കോവിഡ്-19 നിയന്ത്രണ വിധേയമാകണം. രണ്ട്, ലോകത്തെല്ലായിടത്തും കോവിഡ്-19 നിയന്ത്രണ വിധേയമാകണം' എന്നാണ് അദ്ദേഹം പറയുന്നത്.

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിനാൽ ഈ വര്‍ഷം മാർച്ചിൽ നടക്കേണ്ടിയിരുന്ന ഗെയിംസ് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാൻ ജപ്പാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) തീരുമാനിക്കുകയായിരുന്നു. 2021 ജൂലൈ 23-ന് ഒളിമ്പിക്സ് നടത്തുകയല്ലാതെ 'പ്ലാൻ ബി' എന്നൊന്നില്ലെന്ന് അവര്‍ അന്നേ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒളിമ്പിക്സിന്‍റെ എന്താകുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ടോക്കിയോ ഒളിമ്പിക്സിന്റെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഐഒസി അംഗം ജോൺ കോട്ട്സ് പറയുന്നത്.

യുഎസിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കണ്ടുവരുന്നതുപോലെയുള്ള കൊറോണയുടെ വലിയൊരു മുന്നേറ്റം ജപ്പാന്‍ തല്‍ക്കാലം തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. എങ്കിലും, ഇതുവരെ 13,600 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 394 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ജപ്പാന്റെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

Next Story

Related Stories