TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍; കല്ലടയില്‍ പത്താം ജയം

ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍; കല്ലടയില്‍ പത്താം ജയം

ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) കൊല്ലം കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കളായി.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്സ്), എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) എന്നിവയെ പരാജയപ്പെടുത്തിയാണ് നടുഭാഗം ചുണ്ടന്‍ നേട്ടം സ്വന്തമാക്കിയത്. 3:43.91 മിനിറ്റ് കൊണ്ട് നടുഭാഗം ഒന്നാമതായി തുഴഞ്ഞെത്തിയപ്പോള്‍ കാരിച്ചാല്‍ 3:49:95 മിനിറ്റും ദേവസ് 3:52.00 മിനിറ്റും കൊണ്ട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. സിബിഎല്ലിലെ അവസാന മത്സരം നവംബര്‍ 23ന് കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വള്ളം കളിക്കൊപ്പം നടക്കും.

ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (3:43.91 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്റും ലഭിച്ചു. യൂണിഫോമില്‍ പിഴവ് വരുത്തിയതിന് വീയപുരം ചുണ്ടന് (പ്രൈഡ് ചേസേഴ്സ്) ഹീറ്റ്സില്‍ അഞ്ച് സെക്കന്റ് അധികം ചുമത്താന്‍ സിബിഎല്‍ ഭരണ സമ്മിതി തീരുമാനിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 31ന് നെഹൃട്രോഫി വള്ളം കളിയോടെ ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ തുടങ്ങിയ സിബിഎല്‍-ലെ 11 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ നടുഭാഗം പരാജയമറിഞ്ഞുള്ളൂ. ആദ്യ മൂന്നു മത്സരത്തിലെ ജയത്തിലൂടെ ഒന്നാം ഹാട്രിക് സ്വന്തമാക്കിയ നടുഭാഗം അഞ്ച് മുതല്‍ 11 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച് ട്രിപ്പിള്‍ ഹാട്രിക്കും നേടി. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന മത്സരത്തില്‍ യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു(കോസ്റ്റ് ഡോമിനേറ്റേഴ്സ്) മാത്രമേ നടുഭാഗം വിജയം വിട്ടുകൊടുത്തിട്ടുള്ളു.

11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം 158 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്സ്) 78 പോയിന്റുമായി രണ്ടാം സ്ഥാനത്തും യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്), എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) എന്നീ ടീമുകള്‍ 69 പോയിന്റുമായി മൂന്നാം സ്ഥാനം പങ്കിടുന്നു.

ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കല്ലടയിലെ മത്സരം ഉദ്ഘാടനം ചെയ്തു. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ജില്ലാകളക്ടര്‍ അബ്ദുള്‍ നാസര്‍, റൂറല്‍ എസ്പി ഹരി ശങ്കര്‍ മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

Related Stories