TopTop
Begin typing your search above and press return to search.

പിങ്ക് പന്തുകളെ മെരുക്കാന്‍ വിരാട് കോഹ്ലിയുടെ പരിശീലനം; ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് നാളെ മുതല്‍

പിങ്ക് പന്തുകളെ മെരുക്കാന്‍ വിരാട് കോഹ്ലിയുടെ പരിശീലനം; ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് നാളെ മുതല്‍

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം ചരിത്രപരമായ മത്സരത്തിനൊരുങ്ങി നില്‍ക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് മത്സരം ഇവിടെ രാത്രിയും പകലുമായി നടക്കാന്‍ പോകുന്നു. നാളെ മുതലാണ് ബംഗ്ലാദേശിനെതിരായ ഡേ-നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റില്‍ ക്രിക്കറ്റില്‍ വെള്ള പന്ത് മാത്രം ഉപയോഗിച്ച് ശീലിച്ചിട്ടുള്ള ഇരുടീമുകളും ഡേ-നൈറ്റ് മത്സരത്തില്‍ പിങ്ക് നിറത്തിലുള്ള പന്താണ് ഉപയോഗിക്കുന്നത്.

ഡേ-നൈറ്റ് ടെസ്റ്റിനായി സ്‌റ്റേഡിയം സജ്ജമായതുപോലെ കളിക്കാരും തയ്യാറെടുപ്പുകളിലാണ്. പിങ്ക് പന്തുകളെ നേരിടുകയെന്നതാണ് ലോകോത്തര ബാറ്റിംഗ് നിരയായ ഇന്ത്യയുടെ വെല്ലുവിളി. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ടീം അംഗങ്ങളെല്ലാം കടുത്ത പരിശീലനത്തിലായിരുന്നു. എന്നാല്‍ പിങ്ക് പന്തിനെ മെരുക്കാന്‍ തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനം.

ഇതിനായി ഇന്നലെ വെളിച്ചം പോയ ശേഷം അദ്ദേഹം ലൈറ്റിന് കീഴിലും പരിശീലനത്തിനിറങ്ങി. മുഹമ്മദ് ഷമിയാണ് ക്യാപ്റ്റന് പന്തെറിഞ്ഞ് കൊടുത്തത്.

2016 മുതല്‍ മൂന്ന് സീസണില്‍ ദുലീപ് ട്രോഫി ഡേ-നൈറ്റ് മത്സരമായി നടന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക അംഗങ്ങളും ആദ്യമായാണ് പിങ്ക് പന്തില്‍ കളിക്കാന്‍ പോകുന്നത്. ചേതേശ്വര്‍ പൂജാരയും ഹനുമ വിഹാരിയും മയങ്ക് അഗര്‍വാളും മാത്രമാണ് മുമ്പ് പിങ്ക് പന്തില്‍ കളിച്ചിട്ടുള്ളത്.

ഡേ-നൈറ്റ് ടെസ്റ്റ് കളിക്കില്ലെന്നായിരുന്നു ഇതുവരെയും ഇന്ത്യയുടെ നിലപാട്. എന്നാല്‍ ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റതിന് പിന്നാലെ ഈ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. അദ്ദേഹമാണ് ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി കളിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും സമ്മതം മൂളിയതോടെ ഈഡന്‍ ഗാര്‍ഡന്‍സ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രവേദിയാകുകയുമായിരുന്നു.

സ്‌റ്റേഡിയം ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയും സംഘവും ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ബിസിസിഐയുടെ മുഖ്യക്യൂറേറ്റര്‍ ആശിഷ് ബൗമികും ഈഡനിലെത്തി സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പരിശോധിച്ചു. പിങ്ക് ബോള്‍ ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സിനേക്കാള്‍ മികച്ചൊരു ഇടം ഇന്ത്യയിലില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വാദം. മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നിട്ടുണ്ട്.

Next Story

Related Stories