TopTop
Begin typing your search above and press return to search.

'റെക്കോര്‍ഡ് വീരന്‍'; രഞ്ജിയിലെ തളരാത്ത വീര്യം വസിം ജാഫര്‍

റെക്കോര്‍ഡ് വീരന്‍; രഞ്ജിയിലെ തളരാത്ത വീര്യം വസിം ജാഫര്‍

ആഭ്യന്തര ക്രിക്കറ്റില്‍ എത്തിപിടിക്കാനാവത്ത ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കി ക്രിക്കറ്റിന്റെ ക്രീസിനോട് വിടപറയുകയാണ് വസിം ജാഫര്‍. രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുമ്പോള്‍ വസിം ജാഫറെന്ന 42 കാരന്റെ ആഭ്യന്തര ക്രിക്കറ്റിലെ നേട്ടങ്ങള്‍ വിലമതിക്കാത്തത് തന്നെയെന്ന് പറയണം. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് ജാഫര്‍. രഞ്ജി ട്രോഫിയില്‍ 12,000 റണ്‍സ് നേടിയ ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പ്ലേയറെന്ന നേട്ടവും വസിം ജാഫറിന്റെ പേരിലാണ്. ഇങ്ങനെ പോകുന്നു വസീം ജാഫറെന്ന മുംബൈ സ്വദേശിയുടെ ആഭ്യന്തര ക്രിക്കറ്റിലെ നേട്ടങ്ങള്‍. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ജാഫറിനെ പോലെ ഇത്രകണ്ട് നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു താരമില്ല. സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടുമ്പോള്‍ ജാഫര്‍ ഇവിടെ ഇന്ത്യന്‍ മണ്ണില്‍ റണ്‍സിന്റെ എവറസ്റ്റ് തീര്‍ക്കുകയായിരുന്നു. ഈ റണ്‍ദാഹം തന്നെയാണ് 'മുംബൈയിലെ റണ്‍ദൈവം' എന്ന ജാഫറിന്റെ പേരിനു പിന്നില്‍.

അതെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ജാഫര്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് അനവധിയാണ്. 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 50.67 ശരാശരിയില്‍ അടിച്ചുകൂട്ടിയിരിക്കുന്നത് 19,410 റണ്‍സാണ്. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 1996-97 ലെ തന്റെ അരങ്ങേറ്റ സീസണില്‍ സൗരാഷ്ട്രയ്ക്കെതിരേ മുംബൈക്ക് വേണ്ടി നേടിയ 314* റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

24 വര്‍ഷക്കാലം ക്രിക്കറ്റ് മൈതാനങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം 40 സെഞ്ചുറികളുമായി രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരമാണ്. പിന്നീട് 2015-2016 ആയപ്പോള്‍ വിദര്‍ഭയിലേക്ക് കൂടുമാറി. ഇക്കാലമത്രയും ആഭ്യന്തര ക്രിക്കറ്റിലെ അധികായകന്മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു വസിം ജാഫറിന്റെ പേര്. സ്ഥിരതയാര്‍ന്ന പ്രകടനവും പ്രായം തളര്‍ത്താത്ത വീര്യവുമാണ് വസിം ജാഫറിന്റെ കരിയറിനെ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. മുംബൈയെ രണ്ടു തവണ രഞ്ജി കിരീടത്തിലേക്ക് നയിച്ച നായകന്‍, 10 രഞ്ജി ട്രോഫി ഫൈനലുകള്‍ കളിച്ച ജാഫറിന്റെ ടീം ഒന്നില്‍ പോലും തോറ്റിട്ടില്ല. മുംബൈക്കൊപ്പം എട്ടു കിരീടങ്ങളും വിദര്‍ഭയ്ക്കൊപ്പം രണ്ട് കിരീട നേട്ടങ്ങളിലും പങ്കാളിയായി. വിദര്‍ഭയ്ക്കൊപ്പം റണ്ടു തവണ ഇറാനി കപ്പും വിജയിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫിയുടെ രണ്ട് സീസണുകളില്‍ 1,000 റണ്‍സ് പിന്നിട്ട ഒരേയൊരു താരവും ജാഫറാണ്. 2008-09, 2019-20 സീസണുകളിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരവും 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരവും ജാഫറാണ്.

ഇന്ത്യന്‍ ദേശീയ ടീമില്‍ 2000 മുതല്‍ 2008 വരെ വെറും എട്ടു വര്‍ഷം മാത്രമാണ് ജാഫര്‍ കളിച്ചത്. 2000 ഫെബ്രുവരി 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ജാഫറിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2008 ഏപ്രില്‍ 11-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെയായിരുന്നു അവസാന ടെസ്റ്റും. 31 ടെസ്റ്റുകളില്‍ നിന്ന് 1944 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ അഞ്ച് സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ആ ബാറ്റില്‍ നിന്ന് പിറന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങി ഇതിഹാസങ്ങള്‍ക്കൊപ്പം പാഡ് കെട്ടിയിട്ടുള്ള താരമാണ് വസിം ജാഫര്‍.


Next Story

Related Stories