TopTop
Begin typing your search above and press return to search.

'ഫുട്‌ബോള്‍ താരങ്ങളെ സര്‍ക്കാരും അസോസിയേഷനും കണ്ടത് ഗിനിപ്പന്നികളെപ്പോലെ'; വെയ്ന്‍ റൂണി

ഫുട്‌ബോള്‍ താരങ്ങളെ സര്‍ക്കാരും അസോസിയേഷനും കണ്ടത് ഗിനിപ്പന്നികളെപ്പോലെ; വെയ്ന്‍ റൂണി

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ വൈകിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ താരങ്ങളെ സര്‍ക്കാരും ഫുട്‌ബോള്‍ അസോസിയേഷനുകളുടെ തലപ്പത്തുള്ളവരും പരീക്ഷണ മൃഗമായ ഗിനിപ്പന്നികളെപ്പോലെയാണ് കണ്ടതെന്ന് റൂണി സണ്‍ഡേ ടൈംസ് പത്രത്തില്‍ തന്റെ ലേഖനത്തിലൂടെ വിമര്‍ശിച്ചു. ഫുട്ബോള്‍ അസോസിയേഷനുകളുടെ ലാഭക്കൊതിയാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ വൈകിയതിന് കാരണം. ഈ സീസണ്‍ സെപ്റ്റംബര്‍ വരെ നീട്ടിയാലും കളിക്കാന്‍ താരങ്ങള്‍ സന്നദ്ധരാണെന്നും റൂണി പറഞ്ഞു.

കിരീടമോ റിലഗേഷനോ ഒന്നുമല്ല ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ടെന്നിസ്, ഫോര്‍മുല വണ്‍, റഗ്ബി, ഗോള്‍ഫ്, മറ്റു രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകള്‍ തുടങ്ങി മറ്റു കായിക മേഖലകളിലെല്ലാം തന്നെ ഉത്തരവാദിത്തപ്പെട്ടവര്‍ മത്സരങ്ങള്‍ നേരത്തേ തന്നെ റദ്ദാക്കിയിരുന്നു. ഫുട്ബോള്‍ മാത്രം ആരെയോ കാത്തിരിക്കുകയായിരുന്നു. അവസാനം എടുത്ത തീരുമാനം ശരിയായിരുന്നു. അത് സമാധാനം നല്‍കിയെന്നും റൂണി പറഞ്ഞുനിര്‍ത്തി.

കൊറോണ വൈറസ് ബാധ പോലെ അപകടകരമായ സാഹചര്യങ്ങള്‍ ഉരുത്തിരിയുമ്പോള്‍ ഫുട്‌ബോളിന് രണ്ടാം സ്ഥാനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും റൂണി ചൂണ്ടിക്കാട്ടി. മനുഷ്യജീവന്‍ അപകടത്തിലാണെങ്കില്‍ അതുതന്നെയാണ് പ്രധാനപ്പെട്ട കാര്യം. ലോകത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന അപകടമെന്ന നിലയില്‍, കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാന്‍ അധികാരികള്‍ക്ക് സാധിക്കണമെന്നും റൂണി അഭിപ്രായപ്പെട്ടു. മുപ്പത്തിനാലുകാരനായ റൂണി നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ എവര്‍ട്ടണിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിച്ചിരുന്നു. 2004 മുതല്‍ 2017 വരെ യുണൈറ്റഡ് താരമായിരുന്നു റൂണി. അതിനുശേഷം ഒരു വര്‍ഷം എവര്‍ട്ടണില്‍ കളിച്ചു. ഇപ്പോള്‍ ഇംഗ്ലീഷ് ഫുട്ബോളിലെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടി എഫ്.സിയുടെ കളിക്കാരനും പരിശീലകനുമാണ്.

Next Story

Related Stories