TopTop
Begin typing your search above and press return to search.

'നാമക്കുഴി സിസ്റ്റേഴ്സ്', ഇന്ത്യയിലെ രണ്ടാമത്തെ വനിത വോളിബോള്‍ ടീം കേരളത്തിലായിരുന്നു; എന്തുകൊണ്ട് ആ പ്രതാപകാലം നഷ്ടമായി?

നാമക്കുഴി സിസ്റ്റേഴ്സ്, ഇന്ത്യയിലെ രണ്ടാമത്തെ വനിത വോളിബോള്‍ ടീം കേരളത്തിലായിരുന്നു; എന്തുകൊണ്ട് ആ പ്രതാപകാലം നഷ്ടമായി?

ഒരു കാലത്ത് ഇന്ത്യന്‍ വോളിബോള്‍ ടീമിലെ ആറ് പേരില്‍ നാല് പേരും കേരളത്തില്‍ നിന്നുള്ള താരങ്ങളായിരുന്നു. ജിമ്മി ജോര്‍ജ്, ഉദയകുമാര്‍, സിറിള്‍ സി.വെള്ളൂര്‍, റസാക്ക്, കൂടാതെ അന്‍വര്‍ ഹുസൈന്‍, ജോബി ജോസഫ്, ജോസഫ് (പപ്പന്‍), മല്ലപ്പള്ളി വര്‍ക്കി, കുട്ടി കൃഷ്ണന്‍, റഹ്മാന്‍ ഇങ്ങനെ ഒരുപാട് പ്രതിഭകള്‍ ഉദിച്ചുയര്‍ന്ന നാടായിരുന്നു നമ്മുടെത്. വനിതകളും ഒട്ടും പിന്നിലായിരുന്നില്ല. ദേശിയ കിരീടം നേടിയ വനിതാ താരങ്ങളും നമുക്കുണ്ടായിരുന്നു, ഏലമ്മ, സാലി, സരസമ്മാള്‍, ജെയ്‌സമ്മ മുത്തേടന്‍, റോസമ്മ കുര്യന്‍, ഗീത വളപ്പില്‍ അവരില്‍ ചിലരായിരുന്നു. കേരള വനിതാ വോളിയിലെ വെട്ടിത്തിളങ്ങുന്ന താരമായിരുന്നു ഒരു കാലത്ത് ഏലമ്മ. അര്‍ജുന അവാര്‍ഡിനു ആദ്യമായി അര്‍ഹയായ വനിതാ താരവും ഏലമ്മയായിരുന്നു. മലയാളികര്‍ക്ക് ആവേശം നല്കിയ ഒരു പാട് ടീമുകളും കേരളത്തില്‍ ഉണ്ടായിരുന്നു പ്രീമിയര്‍ ടയേഴ്‌സ്, കേരളപോലീസ്, ടൈറ്റാനിയം, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, പോര്‍ട്ട്ട്രസ്റ്റ്, കെ.എസ്.ഇ.ബി...വോളിബോള്‍ പ്രേമികള്‍ക്ക് ഹരം പകര്‍ന്ന കേരളത്തിലെ പ്രഗല്‍ഭ ടീമുകളായിരുന്നു. എന്നിട്ടും കേരളത്തില്‍ മറ്റ് കായിക ഇനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം എന്തുകൊണ്ടാണ് വോളിബോളിന് ലഭിക്കാത്തത്? വോളിബോളിന് ഇവിടെ ഉണ്ടായിരുന്ന കായിക പ്രാധാന്യം എങ്ങനെയാണ് നഷ്ടമായത്? വോളിബോളിനെ സ്നേഹിക്കുന്നവരെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്. 1986 ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ജപ്പാനെ തോല്പിച്ചു വെങ്കലം കരസ്ഥമാക്കിയത് ഇന്ത്യന്‍ വോളിയുടെ കരുത്ത് ലോകത്തിനു മുമ്പില്‍ കാണിച്ചു കൊണ്ടായിരുന്നു. ആ ആവേശം പിന്നീട് ഇല്ലാതെ പോയി എന്നതാണ് സത്യം. അന്ന് കളിക്കളത്തില്‍ ജിമ്മി ജോര്‍ജ്ജും സിറില്‍ സി വെള്ളൂര്‍ ഉദയകുമാര്‍ അടങ്ങിയ മലയാളി താരങ്ങള്‍ ഉണ്ടായിരുന്നു. ടീമിന്റെ നട്ടെല്ല് ജിമ്മിയായിരുന്നു. ഏഷ്യയിലെ കരുത്തരായ ജപ്പാന്‍ ചൈന കൊറിയ ടീമുകളോടൊപ്പം ഇന്ത്യയും ഉണ്ടാവുമെന്ന പ്രതീക്ഷ നല്കുന്ന കളിയായിരുന്നു അന്ന് ഇന്ത്യ കാഴ്ചവെച്ചത്. ഇതൊക്കെയായിരുന്ന് മുന്‍കാല ചരിത്രമെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ വളരെ കുറഞ്ഞ പേരെ കേരളത്തില്‍ നിന്നും ഉള്ളൂ എന്നതാണ് സത്യം. "കഴിഞ്ഞ വര്‍ഷം നാഷണല്‍സ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ജയം കേരളത്തിനായിരുന്നു. 76 ന് ശേഷമാണ് വനിതകള്‍ വിജയിച്ചത്. എന്നാല്‍ വലിയ പ്രാധാന്യം വോളിബോളിന് ലഭിച്ചില്ല." മുന്‍ താരവും ഇപ്പോള്‍ വോളിബോള്‍ പരിശീലകനുമായ ജോയ് തോമസ് അഴിമുഖത്തോട് പറഞ്ഞു. 60 കള്‍ മുതല്‍ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് മികവുള്ള താരങ്ങളെ സംഭാവന ചെയ്ത കേരളത്തിന്റെയും നാമക്കുഴിയുടെ വോളിബോള്‍ പ്രതാപ കാലവും വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് വോളിബോളിനെ ഏറെ സ്‌നേഹിക്കുന്ന ജോയ് തോമസ്. ഇതിന്റെ ഭാഗമായി എന്‍വൈഎഫ് പാലച്ചുവട് എന്ന പഴയ വോളിബോള്‍ ക്ലബ് പുനരുജ്ജീവിപ്പിക്കുന്നതിനും വോളിബോള്‍ നാട്ടില്‍ തിരിച്ച് കൊണ്ടുവരുന്നതിന്റെ ശ്രമത്തിലാണ് അദ്ദേഹം.

കേരളത്തിന് വേണ്ടി നാല് നാഷണല്‍സും ഇന്ത്യന്‍ പിആന്‍ടിക്ക് വേണ്ടി അഞ്ച് നാഷണസും കളിച്ച താരമാണ് എറണാകുളം ജില്ലയിലെ നാമക്കുഴിയില്‍ നിന്ന് വോളിബോളിന്റെ കോര്‍ട്ടിലെത്തിയ ജോയ് തോമസ്. കൂടാതെ എഫ് എ സി റ്റി, പ്രീമിയര്‍ ടയേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ച ജോയ് തോമസിന്റെ ക്യാപ്റ്റന്‍സിയിലാണ് 72 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍വാഴ്‌സിറ്റി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. 84 ല്‍ എന്‍ഐസിയില്‍ നിന്ന് തിരികെ എത്തിയപ്പോഴും ഇദ്ദേഹം വോളിബോള്‍ കളിയോടുള്ള ബന്ധം വിട്ടില്ല. പിന്നീട് പരിശീലകന്റെ വേഷത്തിലായിരുന്നു എന്നു മാത്രം. ആദ്യം പ്രീമിയര്‍ ടയേഴ്‌സില്‍ പരിശീലകനായും പിന്നീട് 86 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ പരിശീലകനായി. 2011 ല്‍ റിട്ടയേര്‍ഡ് ആയ ശേഷം പിറവത്തെ സെന്റ്‌ജോസഫ് സ്‌കൂളില്‍ അക്കാദമി പോലെ തുടങ്ങി ആദ്യ വര്‍ഷം തന്നെ റവന്യു മീറ്റില്‍ ഇദ്ദേഹത്തിന്റെ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ആറ് കുട്ടികള്‍ സ്‌കൂള്‍ നാഷണല്‍സ് പങ്കെടുത്തു. സംസ്ഥാന തലത്തിലും താരങ്ങളുണ്ടായി. .ഇപ്പോള്‍ നാല് വര്‍ഷമായി പിറവം ബിപിസി കോളജില്‍ പരിശീലകനാണ്. ഇതിനൊപ്പമാണ് നാട്ടില്‍ വോളിബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി എന്‍വൈഎഫ് പാലച്ചുവട് എന്ന ക്ലബ് പുനരുജ്ജീവിപ്പിക്കുന്നതും.

"അന്നൊക്കെ കുട്ടികളെ വോളിബോളില്‍ എന്നല്ല, ഒരു കളിയിലും പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയാറായിരുന്നില്ല. എന്റെ വീടിന് അടുത്ത പറമ്പില്‍ വോളിബോള്‍ കളി ഉണ്ടായിരുന്നു. പക്ഷെ കളിക്കാന്‍ വീട്ടില്‍ നിന്ന് അനുവാദം ഉണ്ടായിരുന്നില്ല. ആഴ്ചയില്‍ ഒരു ദിവസം വെള്ളിയാഴ്ച മാത്രം കളിക്കാനെ സാധിച്ചിരുന്നുള്ളൂ. പത്താം ക്ലാസില്‍ കളി മെച്ചപ്പെട്ടു. അതുകൊണ്ടാണ് തിരുവനന്തപുരത്ത് കേരള സ്‌പോര്‍ട്‌സ് സെലക്ഷന് പോകണമെന്ന് സ്‌കൂളിലെ കായിക അധ്യാപകന്‍ പറഞ്ഞത്. എന്നാല്‍ അവിടെ വരെ കൊണ്ടുപോകാന്‍ ആരും ഉണ്ടായിരുന്നില്ല. അതിനായി ഒരു രാത്രി മുഴുവന്‍ അപ്പന്റെ കട്ടിലിനരികെ വന്ന് കരഞ്ഞ് അപേക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലമുണ്ടായില്ല. പിന്നീട് എന്നെ ചങ്ങനാശേരി എസ്ബി കോളജ് ചേര്‍ത്തു. അന്ന് രക്ഷിതാക്കള്‍ ചങ്ങനാശേരിയില്‍ പഠിക്കാന്‍ വിട്ടത് പഠനത്തില്‍ ശ്രദ്ധചെലുത്തുന്നതിനും വോളിബോള്‍ ഇനി ഒരിക്കലും കളിക്കാതിരിക്കാനും വേണ്ടിയായിരുന്നു. പക്ഷെ അവിടെ എത്തിയപ്പോള്‍ ഈ കളിയോടുള്ള പ്രേമം കൂടിയതല്ലാതെ അല്‍പം പോലും പിന്നോട്ട് പോയില്ല. കളിക്കാനുള്ള വലിയ അവസരങ്ങള്‍ വന്ന് ചേരുകയായിരുന്നു. പിന്നെ അവിടെ നിന്നാണ് യൂണിവേഴ്‌സിറ്റി തലങ്ങളിലെ വിവിധ സോണുകള്‍ തിരിഞ്ഞുള്ള കളികളില്‍ പങ്കെടുക്കുന്നതും ജീവിതത്തില്‍ അത് വലിയ വഴിതിരിവ് ആകുന്നതും'' ജോയ് തോമസ് പറഞ്ഞു.

"പണ്ടൊക്കെ സ്‌കൂളില്‍ വോളിബോള്‍ കളി നടക്കുമ്പോള്‍ വലിയ കളിക്കാര്‍ എത്തുമ്പോള്‍ അവരെ തൊട്ടു നോക്കുകയെന്നതായിരുന്നു വലിയ ആഗ്രഹം.അതിന് ശേഷം 71 ല്‍ എഫ്എസിറ്റി ടീമില്‍ ഗസ്റ്റ് ആയി കളിക്കാന്‍ എന്നെ ക്ഷണിച്ച സംഭവം ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് കൊട്ടാരക്കരയില്‍ ഒരു ഓള്‍ കേരള ടൂര്‍ണമെന്റ് നടക്കുകയാണ്. അന്ന് ഒരു ചെറിയ ക്ലബിന് വേണ്ടിയാണ് ഞാന്‍ കളിച്ചിരുന്നത്. അന്ന് ഞങ്ങളും എഫ്എസിറ്റി യുമായുള്ള ഫൈനല്‍ നടക്കുകയാണ്. ശക്തരായ എഫ്എസിറ്റിയോട് ഞങ്ങള്‍ തോറ്റു. എന്നാല്‍ ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലയറായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്ന് എഫ്എ സിറ്റിയുടെ ക്യാപ്റ്റന്‍ ഭുവന ദാസ് എന്ന പ്ലയറായിരുന്നു. അദ്ദേഹം എന്റെ അടുത്ത് വന്ന് എഫ്എസിറ്റിയുടെ ഗസ്റ്റ് പ്ലയറായി കളിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് എന്റെ വോളിബോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമായിരുന്നു. ഞാന്‍ തൊട്ട് ആരാധിച്ച കളിക്കാരുടെ ഒപ്പം കളിക്കാന്‍ അവസരം വന്നു ചേര്‍ന്നിരിക്കുന്നു. തന്റെ കളി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കിയ ഒന്നായിരുന്നു അത്." എഫ്എസിറ്റിയുടെ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം നഷ്ടപ്പെട്ടതിന്റെ സങ്കടം മറച്ചുവെയ്ക്കാതെ ജോയ് തോമസ് പറഞ്ഞു.

കോര്‍ട്ടില്‍ പൊട്ടിക്കരഞ്ഞ ബല്‍വന്ത് സിങിനെ മറക്കാന്‍ കഴിയില്ല

തങ്ങളുടെ കാലത്തൊന്നും വോളിബോള്‍ പരിശീലകരില്ല. എല്ലാം സ്വയം പഠിക്കണം. ഞാനൊരു കോച്ചിനെ കാണുന്നത് 69 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെലക്ഷന്‍ ലഭിക്കുമ്പോഴാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട കളിയാണ് ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അതില്‍ നിന്നാണ് കളിയില്‍ മികവ് ഉയര്‍ത്തിയത്. 73 ല്‍ ശ്രീലങ്കയില്‍ കള്‍ച്ചറല്‍ മത്സരങ്ങള്‍ക്കായി സംസ്ഥാന ടീം ശ്രീലങ്കയില്‍ പോകുന്നു. അന്നാണ് ആദ്യമായി കോര്‍ട്ടില്‍ ഷൂ ഇട്ട് കളിക്കുന്നത്. അന്ന് ബാറ്റയുടെ 20 രൂപയുടെ ഷൂവും പഴയ മോഡല്‍ വള്ളി ബെനിയനും ഇട്ടാണ് താരങ്ങള്‍ കളിച്ചത്. അന്നത്തെ താരങ്ങള്‍ക്ക് പിറ്റേ ദിവസം മത്സരം ഉണ്ടെങ്കില്‍ തലേന്ന് ഉറക്കമില്ലാര്‍ന്നു. അത്ര മാത്രം ഹരമായിരുന്നു എല്ലവര്‍ക്കും. എഫ്എസിറ്റി ടൂര്‍ണമെന്റില്‍ ഞാന്‍ കളിച്ചിരുന്ന ബിഎസ്എഫിനെ സെമിയില്‍ തോല്‍പ്പിച്ചു. ബിഎസ്എഫ് ടീമിന്റെ ക്യാപ്റ്റന്‍ അക്കാലത്തെ ഇന്ത്യയിലെ അറിയപ്പെട്ടിരുന്ന പഞ്ചാബ് താരം ബല്‍വന്ത് സിങ് ആയിരുന്നു. അസാധ്യ കളിക്കാരനായിരുന്നു അദ്ദേഹം. മത്സരം തോറ്റതിന്റെ സങ്കടം അടക്കാനാകാതെ കോര്‍ട്ടിനു പുറത്ത് നിന്ന് ബല്‍വന്ത് സിങ് കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

നാമക്കുഴി എന്ന വോളിബോള്‍ ഗ്രാമം "നാമക്കുഴി അന്ന് കേരളത്തിലെ വോളിബോള്‍ ടൂര്‍ണമെന്റുകളുടെ കേന്ദ്രമായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് ഓള്‍കേരള ടൂര്‍ണമെന്റായി. അന്ന് എഫ്എസിറ്റി, എജിഎസ്, കേരള പോലീസ്, കെഎസ്ആര്‍ടിസി എന്നിവ മികച്ച ടീമുകള്‍. എഫ്എസിറ്റി തുടര്‍ച്ചയായ മൂന്നു വര്‍ഷം ജേതാക്കളായ ശേഷം പിന്നെ ടൂര്‍ണമെന്റുകള്‍ നടന്നില്ല. പിന്നെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാല സ്വദേശിയായ ജോര്‍ജ് വര്‍ഗീസ് എന്ന ക്രാഫ്റ്റ് അധ്യാപകനാണ് വോളിബോള്‍ വീണ്ടും തുടങ്ങുന്നത്. അന്ന് കുറച്ചു പെണ്‍കുട്ടികളെ ചേര്‍ത്ത് വോളിബോളിനായി നാമക്കുഴി ഹൈസ്‌കൂളില്‍ ഒരു വനിത ടീം ഫോം ചെയ്തു. ഇന്ത്യയില്‍ അന്ന് വിമെന്‍ വോളിബോള്‍ തുടങ്ങുന്നത് ബംഗാളിലാണ്. രണ്ടാമത് തുടങ്ങുന്നത് കേരളത്തിലും. എറണാകുളം ജില്ലയിലെ നാമക്കുഴിയില്‍ ആയിരുന്നു അത്. ആ ടീം നാമക്കുഴി സിസ്‌റ്റേഴ്‌സ് എന്നറിയപ്പെട്ടു. ടീമിലെ കെ.സി ഏലമ്മ ഇന്ത്യ കണ്ട മികച്ച താരമായിരുന്നു. അര്‍ജുന അവാര്‍ഡ് വരെ ലഭിച്ചു. ടീമില്‍ കൊച്ചേലിയമ്മ, മൈത്രി, സാറാമ്മ, ലീല, തുടങ്ങിയവരൊക്കെ ടീമിലുണ്ടായിരുന്നു. ശിങ്കാര വേലു എന്ന ഐജി യുടെ തീരുമാന പ്രകാരം ഈ ടീമംഗങ്ങളെ കേരള പോലീസ് ഏറ്റെടുത്തു. ഏലമ്മ എസ് പി ആയിട്ടാണ് വിരമിച്ചത്. 60 മുതല്‍ 70 വരെ ഈ ടീം നില നിന്നു. ഇവര്‍ക്ക് മുമ്പ് മറിയ കുട്ടി, റോസ്‌ലി, കുഞ്ഞമ്മ, സാറാമ്മ, എന്നിവരും ഉണ്ടായിരുന്നു," ഇവരുടെ കാലയളവില്‍ അന്ന് പുരുഷ ടീമില്‍ ഉണ്ടായിരുന്ന ജോയ് തോമസ് പറയുന്നു. 1970 വരെ മാത്രമേ നാമക്കുഴിയില്‍ ഈ പ്രതാപ കാലം നിലനിന്നുള്ളൂ. അത് കഴിഞ്ഞ് വോളിബോള്‍ എല്ലായിടത്തെയും പോലെ നാമക്കുഴിക്കും അന്യമായി തീര്‍ന്നു. -ജോയ് തോമസ് പറഞ്ഞു നിര്‍ത്തി.


Next Story

Related Stories