TopTop
Begin typing your search above and press return to search.

ഇന്ത്യ ആറാം നമ്പരിലെ ചൂതാട്ടം തുടരുന്നു; ഇനി ജഡേജയുടെ ഊഴമോ?

ഇന്ത്യ ആറാം നമ്പരിലെ ചൂതാട്ടം തുടരുന്നു; ഇനി ജഡേജയുടെ ഊഴമോ?

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത്. പ്രത്യേകിച്ചും ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ അതിഥികളെ തങ്ങളുടെ ബാറ്റിന്റെ ചൂടറിയിച്ചിട്ടേ ഇന്ത്യന്‍ താരങ്ങള്‍ മടക്കിയയയ്ക്കാറുള്ളൂ. തങ്ങള്‍ക്ക് പരിചിതമായ പിച്ചുകളില്‍ കളിക്കുമ്പോള്‍ പലപ്പോഴും ഇന്ത്യന്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാറുമുണ്ട്. ഇന്ത്യയുടെ എട്ടാം നമ്പര്‍ ബാറ്റ്‌സ്മാന്‍ പോലും ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയിട്ടുണ്ടെന്ന് കാണുമ്പോള്‍ ആ ബാറ്റിംഗ് നിരയുടെ ആഴവും പരപ്പും വ്യക്തമാകും.

രവീന്ദ്ര ജഡേജയാണ് ആ എട്ടാം നമ്പര്‍ ബാറ്റ്‌സ്മാന്‍. എന്നാല്‍ വിദേശ മണ്ണിലെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ബൗളിംഗ് നിലവാരത്തെ ചോദ്യം ചെയ്യുന്നതാണ്. അതേസമയം വിദേശത്തെയും ഇന്ത്യയിലെയും സ്ഥിരതയാര്‍ന്ന ബൗളിംഗ് പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ജഡേജയ്ക്ക് കഴിഞ്ഞ ഏതാനും കൊല്ലമായി സാധിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ജഡേജയുടെ ശരാശരിയുണ്ടായ വര്‍ധനവ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

നിലവില്‍ ജഡേജയുടെ ബാറ്റിംഗ് ശരാശരി 30ഉം ബൗളിംഗ് ശരാശരി 25ഉം ആണ്. എന്നാല്‍ 2018ന്റെ തുടക്കം മുതല്‍ ഇതുവരെ 16 ഇന്നിംഗ്‌സുകളില്‍ നിന്നായി ബാറ്റിംഗ് ശരാശരി 35.92 ആണ്. നാലാം നമ്പരില്‍ മുതല്‍ ഒമ്പതാം നമ്പരില്‍ വരെയാണ് ഈ കാലയളവില്‍ ജഡേജ ബാറ്റ് ചെയ്തത്. അതേസമയം ഇതില്‍ 15 ഇന്നിംഗ്‌സില്‍ ജഡേജ ബാറ്റ് ചെയ്തത് ആറ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോര്‍ഡാണ് ഈ പൊസിഷനുകളില്‍ ജഡേജയ്ക്കുള്ളത്. 15 ഇന്നിംഗ്‌സുകളിലായി 61.60 ശരാശരിയാണ് ഇദ്ദേഹത്തിനുള്ളത്. തൊട്ടടുത്ത് വരുന്ന ബാറ്റ്‌സ്മാനേക്കാള്‍ 15 റണ്‍സ് അധികമാണ് ജഡേജയ്ക്ക്. എന്നാല്‍ ലിസ്റ്റിലുള്ള മറ്റുള്ളവരെല്ലാം ആറാം നമ്പരില്‍ മാത്രമാണ് കളിച്ചിരിക്കുന്നതും.

ഹര്‍ദ്ദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തില്‍ ഇന്ത്യയുടെ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് നിര മാറിക്കൊണ്ടിരിക്കുന്നതാണ് പതിവ്. ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ജഡേജ, അശ്വിന്‍ എന്നിവര്‍ ഈ പൊസിഷനില്‍ മാറിമാറി വരാറുണ്ട്. അടുത്തകാലത്തായി ഈ പൊസിഷന്‍ ജഡേജയുടേതാണെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇദ്ദേഹത്തെ വിദേശപര്യടനങ്ങളിലും ഈ പൊസിഷനിലേക്ക് സ്ഥിരമായി പരിഗണിക്കുമോയെന്നതാണ് ചോദ്യം.

ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി ഇന്ത്യയുടെ പലഭാഗങ്ങളിലും പല പൊസിഷനുകളിലും കളിക്കുകയും മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട് ജഡേജ. കഴിഞ്ഞ വര്‍ഷം ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ എട്ടാം നമ്പരില്‍ ഇറങ്ങി 86 റണ്‍സ് നേടിയ ജഡേജ ഇന്ത്യയെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നാണ് കരകയറ്റിയത്. 156 പന്തുകള്‍ നേരിട്ട് 204 മിനിറ്റ് ക്രീസില്‍ നിന്ന ജഡേജയുടെ മികവില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന്റെ 332 റണ്‍സിനെതിരെ 292 റണ്‍സ് ഒന്നാം ഇന്നിംഗ്‌സില്‍ നേടാന്‍ സാധിക്കുകയും ചെയ്തു. ആയാസകരമായ പല സാഹചര്യങ്ങളിലും ഒരു സ്ഥിരം ബാറ്റ്‌സ്മാന്റെ പ്രകടനത്തോടെ ഇദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഇതുകൂടാതെ ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ റിഷഭ് പന്തിനൊപ്പം നേടിയ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും ആ പ്രതിഭയെ സമീപകാലത്ത് വ്യക്തമാക്കി തന്നു. 81 റണ്‍സാണ് ഈ ഇന്നിംഗ്‌സില്‍ ജഡേജ നേടിയത്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ അര്‍ദ്ധസെഞ്ചുറിക്ക് ശേഷം തന്നെ ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ജഡേജയുടെ സ്ഥിരം പൊസിഷനെക്കുറിച്ച് സംസാരിച്ചിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ വലിയ ഇന്നിംഗ്‌സുകള്‍ പടുത്തുയര്‍ത്തുന്ന ജഡേജയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി എന്തുകൊണ്ട് അത് സാധിക്കുന്നില്ലെന്നായിരുന്നു ബംഗാര്‍ സംസാരിച്ചത്. ഒരിക്കല്‍ ജഡേജയോട് തന്നെ താന്‍ ഇക്കാര്യം ചോദിച്ചിരുന്നെന്നും എട്ടാം നമ്പരിലോ ഒമ്പതാം നമ്പരിലോ ഇറങ്ങുമ്പോള്‍ താനൊരു വാലറ്റക്കാരന്‍ മാത്രമാണെന്ന് തോന്നുന്നുവെന്നാണ് ജഡേജ നല്‍കിയ മറുപടിയെന്നാണ് ബംഗാര്‍ വെളിപ്പെടുത്തിയത്. തന്നില്‍ വലിയൊരു ഇന്നിംഗ്‌സോ റണ്‍സോ ടീം പ്രതീക്ഷിക്കുന്നില്ലെന്ന് കരുതുന്നുവെന്നാണ് ആ പൊസിഷനുകളില്‍ ജഡേജയുടെ ചിന്ത.

എന്നാല്‍ ടീം മാനേജ്‌മെന്റ് തനിക്ക് വലിയൊരു ചുമതല നല്‍കിയിരിക്കുകയാണെന്ന തോന്നലുള്ള ജഡേജ മികച്ച ഇന്നിംഗ്‌സുകള്‍ തന്നെ പടുത്തുയര്‍ത്തുന്നുണ്ടെന്നതിന് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സുകള്‍ തന്നെ തെളിവാണ്. ഓവലില്‍ ഇന്ത്യന്‍ ടീം 6ന് 166 എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. സിഡ്‌നിയിലെ ഇന്നിംഗ്‌സിലും ജഡേജയുടെ പ്രകടനം ടീമിന് ആവശ്യമായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ തന്നെ 44 പന്തില്‍ 15 റണ്‍സ് എടുത്ത ശേഷമാണ് ജഡേജയുടെ ആദ്യ സിക്‌സ് പിറന്നത്. അത്രമാത്രം പന്തുകളെ ശ്രദ്ധയോടെയായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. എന്നാല്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയായപ്പോള്‍ 76 പന്തില്‍ 60 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സംഭാവന.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീമിലെ ഏക സ്പിന്നറായിരുന്നെങ്കിലും ജഡേജയുടെ ബൗളിംഗ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇനി വരാനുള്ള ന്യൂസിലാന്‍ഡ് പര്യടനത്തില്‍ അശ്വിനൊപ്പം ജഡേജയെയും ഉള്‍പ്പെടുത്തുമോയെന്നാണ് അറിയേണ്ടത്. വിദേശത്താണെങ്കിലും ഇന്ത്യയിലാണെങ്കിലും അശ്വിനും കളിക്കുമ്പോള്‍ ജഡേജയുടെ ബൗളിംഗ് പ്രകടനം താരതമ്യേന മികച്ചതാണ്. അതിനാല്‍ തന്നെ ടീമില്‍ ഇടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതും. കൂടാതെ സമീപകാല പ്രകടനങ്ങളില്‍ ആറാം നമ്പരിലെ വിജയവും ജഡേജയ്ക്ക് ഗുണം ചെയ്യും. എന്തായാലും കണക്കുകള്‍ അനുസരിച്ച് ആറാം നമ്പരില്‍ ഒരു വിദേശ പര്യടനം പൂര്‍ത്തിയാക്കാന്‍ ജഡേജയ്ക്ക് സാധിച്ചാല്‍ ഏറെ കാലമായി ഇന്ത്യ ഈ പൊസിഷനില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് അറുതിയാകുമെന്ന് പ്രതീക്ഷിക്കാം.

Next Story

Related Stories