TopTop
Begin typing your search above and press return to search.

ലോകകപ്പിലെ ഇന്ത്യന്‍ വനിത ടീമിന്റെ തോല്‍വി; 2003 ഏകദിന ലോകകപ്പിനെ ഓര്‍മ്മിക്കുന്നോ?

ലോകകപ്പിലെ ഇന്ത്യന്‍ വനിത ടീമിന്റെ തോല്‍വി; 2003 ഏകദിന ലോകകപ്പിനെ ഓര്‍മ്മിക്കുന്നോ?

വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ഓസിസ് കിരീട നേട്ടം സ്വന്തമാക്കിയത് 2003-ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പുരുഷ ടീമിന്റെ ഓസിസിനോടുള്ള പരാജയത്തെയാണ് ഓര്‍മ്മെപ്പെടുത്തുന്നത്. സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ പുരുഷ ടീം ആ ലോകകപ്പില്‍ ഓസ്ട്രേലിയയോട് മാത്രമാണ് തോറ്റത്. ഈ ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയതും ഒരു തോല്‍വി പോലുമില്ലാതെയാണ്.

രണ്ട് മത്സരത്തിലും ഓസിസ് ടീമുകള്‍ ആദ്യം ബാറ്റ് ചെയ്തു. 2003-ല്‍ സൗരവ് ഗാംഗുലി ടോസ് നേടിയ ശേഷം ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. ഈ ലോകാപ്പില്‍ ടോസ് ജയിച്ച ഓസീസ് വനിതകള്‍ ആദ്യം ബാറ്റ് ചെയ്തു. ഓപ്പണര്‍മാരായ ബെത്ത് മൂണിയും അലിസ ഹീലിയും ഇന്ത്യന്‍ ബൗളിങ് നിരയെ തച്ചുതകര്‍ത്ത് മുന്നേറി. മൂണി 54 പന്തില്‍ 78 റണ്‍സും ഹീലി 39 പന്തില്‍ 75 റണ്‍സും നേടി. 11-ാം ഓവറില്‍ ഓസീസ് 100 റണ്‍സ് കടന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ. ഒരോവറില്‍ 10 റണ്‍സിന് മുകളിലായിരുന്നു റണ്‍ റേറ്റ്.

2003-ല്‍ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹൈഡനും 14-ാം ഓവറില്‍ 100 കടത്തി. അന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ മുള്‍മുനയിലായിരുന്നു. വിശ്വസ്തരായ ബൗളര്‍മാര്‍ കൈയയച്ച് റണ്‍സ് വിട്ടു നല്‍കുകയായിരുന്നു രണ്ട് മത്സരത്തിലും. 2003-ല്‍ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും ഫൈനല്‍ ഒഴിച്ചുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലില്‍ സഹീര്‍ ഏഴ് ഓവറില്‍ 67 റണ്‍സും ശ്രീനാഥ് 10 ഓവറില്‍ 87 റണ്‍സും വിട്ടുനല്‍കി.

വനിതാ ഫൈനലില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ ധാരാളികളായി. ശിഖ പാണ്ഡെ നാല് ഓവറില്‍ 52 റണ്‍സും ദീപ്തി ശര്‍മ നാല് ഓവറില്‍ 38 റണ്‍സും വഴങ്ങി.ഇന്ത്യന്‍ ടീമുകളിലെ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ഷഫാലി വര്‍മയെയും തുടക്കത്തിലേ വീഴ്ത്തി. 2003-ല്‍ സച്ചിന്‍ ആദ്യ ഓവറില്‍ നാല് റണ്‍സിന് പുറത്തായി. 2020-ല്‍ ഷെഫാലി വര്‍മ രണ്ട് റണ്‍സിനും പുറത്തായി. ഷെഫാലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഫൈനല്‍ വരെയെത്തിയത്.

2003-ല്‍ വീരേന്ദ്ര സെവാഗും രാഹുല്‍ ദ്രാവിഡും പോരാടി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആദ്യ പത്തോവറില്‍ മുന്‍ നിര തകര്‍ന്നശേഷമായിരുന്നു ഇത്. അവര്‍ മൂന്ന് വിക്കറ്റിന് 59 റണ്‍സ് എന്ന നിലയില്‍ നിന്നും നാല് വിക്കറ്റുകള്‍ക്ക് 147 റണ്‍സ് എന്ന നിലയില്‍ എത്തിച്ചു. സേവാഗ് റണ്ണൗട്ടായപ്പോള്‍ ആ കൂട്ടുകെട്ടും പ്രതീക്ഷകളും പൊലിഞ്ഞു. ഇത്തവണ ദീപ്തി ശര്‍മയാണ് തകര്‍ന്ന ഇന്ത്യന്‍ നിരയെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചത്. അവര്‍ വേദ കൃഷ്ണമൂര്‍ത്തിക്കും റിച്ച ഘോഷിനുമൊപ്പം ചേര്‍ന്ന് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഒടുവില്‍ 16-ാം ഓവറില്‍ വേദ 33 റണ്‍സിന് പുറത്തായി. പിന്നീട് സ്‌കോര്‍ അഞ്ച് വിക്കറ്റിന് 88 റണ്‍സ് എന്ന നിലയിലെത്തിച്ചാണ് ദീപ്തി പുറത്തായത്.

Next Story

Related Stories