TopTop
Begin typing your search above and press return to search.

'ഏകാഗ്രതയും പക്വതയും ചേര്‍ന്ന ഇന്നിംഗ്‌സ്'; യശസ്വി ജയ്‌സ്വാളിന് ദേശീയ ടീമില്‍ ഇടം എവിടെ?

ഏകാഗ്രതയും പക്വതയും ചേര്‍ന്ന ഇന്നിംഗ്‌സ്; യശസ്വി ജയ്‌സ്വാളിന് ദേശീയ ടീമില്‍ ഇടം എവിടെ?

പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ക്രിക്കറ്റിന്റെ ഇന്നിംസിലേക്ക് എത്തിയ യശസ്വി ജയ്‌സ്വാളിന്റെ കഥ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. ആറ് വര്‍ഷം മുമ്പ്, പതിനൊന്നാമത്തെ വയസിലാണ് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍നിന്നു യശസ്വി മുംബൈയിലെത്തുന്നത്. മുംബൈയില്‍ ഭക്ഷണം കഴിക്കാന്‍ പണം ഇല്ലാത്തതിനാല്‍ പാനി പൂരി വിറ്റ് പണമുണ്ടാക്കേണ്ടി വന്നു ഈ താരത്തിന്. 3 വര്‍ഷം ഒരു ടെന്റില്‍ കഴിഞ്ഞ യശസ്വി തലവര മാറുന്നത് 2013ല്‍ ജ്വാല സിംഗ് എന്ന പരിശീലകന്‍ വഴിയായിരുന്നു. അവന്റെ ടാലന്റ് കണ്ട ജ്വാല അവന് താമസിക്കാന്‍ ഇടവും പരിശീലനവും നല്‍കി.

കുറച്ചു നാളുകളായി യശസ്വിയുടെ കളിമികവിനെ കുറിച്ചാണ് ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുന്നത്. ഏറ്റവും ഒടുവില്‍ അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനമാണ് യശസ്വിയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. അണ്ടര്‍ 19 ലോകകപ്പിലെ താരമായി മാറിയ യശസ്വി വമ്പന്‍ ബാറ്റിങ് പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. ലോകകപ്പില്‍ ആകെ 400 റണ്‍സ് സ്‌കോര്‍ ചെയ്ത ഇടംകൈയ്യന്‍ താരം ഫൈനലില്‍ 88 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്സിന് നെടുംതൂണായി. ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും ജയ്സ്വാള്‍ തന്നെ. അണ്ടര്‍ 19 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമാകുന്ന നാലമത്തെ ഇന്ത്യന്‍ താരമാണ് യശസ്വി. യുവരാജ്, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളാണ് ഇതിനുമുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച താരങ്ങളായ തികഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാര്‍.

യൂത്ത് ഏകദിനത്തില്‍ ജയ്സ്വാള്‍ ഇതുവരെ നേടിയത് മൂന്നു സെഞ്ചുറികളാണ്. മൂന്നും രണ്ടാമതു ബാറ്റു ചെയ്യുമ്പോഴാണെന്നു മാത്രമല്ല, ടീമിനു വിജയവും സമ്മാനിച്ചു. ഉന്മുക്ത് ചന്ദിനുശേഷം യൂത്ത് ഏകദിനത്തില്‍ രണ്ടാമതു ബാറ്റു ചെയ്യുമ്പോള്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ് ജയ്സ്വാള്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന ഓള്‍റൗണ്ടറാണ് യശസ്വി ജയ്‌സ്വാള്‍.2015ലെ ഗൈല്‍സ് ഷീല്‍ഡ് മാച്ചില്‍ ബാറ്റ് കൊണ്ട് 319 റണ്‍സ് കുറിച്ച യശസ്വി പന്തെറിഞ്ഞപ്പോള്‍ 13 വിക്കറ്റുകളും വീഴ്ത്തി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. പിന്നാലെ, മുംബൈ അണ്ടര്‍-16 ടീമിലേക്കും ഇന്ത്യയുടെ അണ്ടര്‍-19 ടീമിലേക്കും യശസ്വിക്ക് വിളിയെത്തി. 2018ല്‍ ഇന്ത്യ ചാമ്പ്യന്മാരായ ഏഷ്യ കപ്പില്‍ 318 റണ്‍സുമായി യശസ്വി ടോപ്പ് സ്‌കോറര്‍ പട്ടം ചൂടി. തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കന്‍ യുവനിരക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ 173 റണ്‍സ്. ആ വര്‍ഷം തന്നെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ 7 മത്സരങ്ങളില്‍ നിന്ന് നാല് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 294 റണ്‍സ്. യശസ്വി തുടര്‍ച്ചയായി തലക്കെട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

2018-19 രഞ്ജി സീസണിലാണ് യശസ്വി രഞ്ജിയില്‍ മുംബൈക്കു വേണ്ടി അരങ്ങേറുന്നത്. 2019 സെപ്തംബറി ലിസ്റ്റ് എ അരങ്ങേറ്റവും കുറിച്ചു. അടുത്ത മാസം ജാര്‍ഖണ്ഡിനെതിരെ ഇരട്ടശതകം നേടിയ യശസ്വി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിള്‍ സെഞ്ചൂറിയന്‍ എന്ന റെക്കോര്‍ഡിട്ടു. സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ യശസ്വി അഞ്ചാമതുണ്ടായിരുന്നു,. വെറും 6 മത്സരങ്ങളില്‍ നിന്ന് 112 ശരാശരിയില്‍ 564 റണ്‍സാണ് യശസ്വി നേടിയത്. യശസ്വിക്ക് മുന്നില്‍ (പിന്നിലും) ഉണ്ടായിരുന്നവരൊക്കെ 11, 12 മത്സരങ്ങള്‍ വീതം കളിച്ചിരുന്നു. യശസ്വിയുടെ മികവ് കണക്കിലെടുത്ത് രാജസ്ഥാന്‍ റോയല്‍സ് അയാളെ ഐപിഎല്‍ ടീമിലും എത്തിച്ചു.

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് യശസ്വി ആയിരുന്നു. 6 മത്സരങ്ങളില്‍ നിന്ന് 4 അര്‍ദ്ധസെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 400 റണ്‍സാണ് യശസ്വി നേടിയത്. 133 ആണ് യശസ്വിയുടെ ശരാശരി. പട്ടികയില്‍ രണ്ടാമതുള്ള താരം അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് നേടിയത് 286 റണ്‍സ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരവും യശസ്വി സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ യശസ്വി 88 റണ്‍സെടുത്ത് ടോപ്പ് സ്‌കോററായി. ബംഗ്ലാ ബൗളര്‍മാരുടെ കടുത്ത സ്ലെഡ്ജിംഗിനെ അതിജീവിച്ച് ക്ഷമയോടെ നിന്ന് കളിച്ച താരം ഏകാഗ്രതയും പക്വതയും ചേര്‍ന്ന മികച്ച ഇന്നിംഗ്‌സാണ് കാഴ്ചവെച്ചത്.

Next Story

Related Stories