TopTop
Begin typing your search above and press return to search.

അഭിപ്രായ സ്വാതന്ത്ര്യത്തിനൊരു മാരകമായ പാഠം; അമേരിക്കയില്‍ നിന്ന്

അഭിപ്രായ സ്വാതന്ത്ര്യത്തിനൊരു മാരകമായ പാഠം; അമേരിക്കയില്‍ നിന്ന്

ടീം അഴിമുഖം

ഇന്റര്‍നെറ്റിലെ ഏറ്റവും വിവാദകേന്ദ്രവും ശക്തവുമായ പ്രസാധക സ്ഥാപനങ്ങളിലൊന്ന് യു.എസില്‍ കഴിഞ്ഞ വെള്ളിയാഴ്ച പാപ്പരായി, അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ ധനികര്‍ക്ക് എങ്ങനെ ആക്രമണം നടത്താം എന്നതിലേക്കൊരു കാഴ്ച കൂടിയായി അത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും അതില്‍നിന്നും നിരവധി മുന്നറിയിപ്പുകളുണ്ട്, നാം തേടേണ്ട ചില സത്യസന്ധമായ ഉത്തരങ്ങളും.

ഇന്നത്തെ പരദൂഷണമാണ് നാളത്തെ വാര്‍ത്ത

Gawker Media-യുടെ തലവാചകത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്: ഇന്നത്തെ പരദൂഷണമാണ് നാളത്തെ വാര്‍ത്ത. പലപ്പോഴും അവര്‍ വ്യക്തികളുടെ സ്വകാര്യതകളിലേക്ക് അമാന്യമായി നുഴഞ്ഞുകയറി. തങ്ങളുടെ നടത്തിപ്പില്‍ ധാര്‍മിക മൂല്യങ്ങളെ നിരന്തരം അവഗണിച്ചു. Gawker Media-യുടെ സി ഇ ഒ നിക് ഡെന്‍റന്‍ തന്നെ ഈയിടെ അത് സമ്മതിച്ചു, “കമ്പനി സ്ഥാപിച്ചതിനുശേഷം Gawker പ്രസിദ്ധീകരിച്ച ദശലക്ഷക്കണക്കിന് കുറിപ്പുകളില്‍, ഞങ്ങള്‍ പരിധി ലംഘിച്ചതിന്റെ സന്ദര്‍ഭങ്ങള്‍ നിശ്ചയമായും നിരവധിയുണ്ട്. പല പ്രമുഖരെയും കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും എന്റെ രീതിക്കനുസൃതമായി ചാഞ്ഞിരുന്നു.”

അതിന്റെ 14 കൊല്ലക്കാലത്തായി Gawker വിവാദങ്ങള്‍ നിറഞ്ഞതും എന്നാല്‍ ശക്തമായ സ്വാധീനമുള്ളതുമായ Deadspin, Jezebel, Kotaku തുടങ്ങി പല വെബ്സൈറ്റുകളും സൃഷ്ടിച്ചു. 2003-ല്‍ നിക് ഡെന്‍റനാണ് ഈ സ്ഥാപനം ഉണ്ടാക്കിയത്.


ഗുസ്തിക്കാരനും രഹസ്യ കോടീശ്വരനും

താനുള്‍പ്പെടുന്ന ലൈംഗികരംഗങ്ങള്‍ പ്രസിദ്ധീകരിച്ചതിന് Gawker-നെതിരെ കേസുകൊടുത്ത ഹല്‍ക് ഹോഗന്‍ എന്ന ഗുസ്തിക്കാരന് അനുകൂലമായി ഫ്ലോറിഡയിലെ ഒരു കോടതി, 140 ദശലക്ഷം ഡോളര്‍ (ഏതാണ്ട് 1000 കോടി രൂപ) വിധിച്ചതിനെ തുടര്‍ന്ന് Gawker Media പാപ്പരാകല്‍ അപേക്ഷ കൊടുത്തിരിക്കുന്നു. തങ്ങളുടെ പക്കല്‍ ഇത്രയും പണം ഇല്ലെന്നു അവര്‍ പറയുന്നു.ഹോഗന്‍ നടത്തിയ രണ്ടും കല്‍പ്പിച്ചുള്ള നിയമപോരാട്ടം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. പക്ഷേ ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ നിക്ഷേപകന്‍ എന്നു കരുതാവുന്ന പീറ്റര്‍ തീല്‍ ആണ് അയാള്‍ക്ക് പിറകിലെന്ന് തെളിഞ്ഞു. PayPal സഹസ്ഥാപകനായ തീല്‍ ഫെയ്സ്ബുകിലെ പുറത്തുനിന്നുള്ള ആദ്യ നിക്ഷേപകനാണ്. സിലിക്കോണ്‍ വാലിയിലെ പല തുടക്ക കമ്പനികളുടെയും നിര്‍ണായക നിക്ഷേപവും ഇയാളുടേത് തന്നെ. ഈ സ്വയം പ്രഖ്യാപിത സ്വാതന്ത്ര്യവാദി, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് പുറത്തു സ്വകാര്യ ദ്വീപുകളുണ്ടാക്കുക, സര്‍വകലാശാലയില്‍ പോകുന്നതിനു പകരം സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുക, മരണത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുക തുടങ്ങി കേട്ടാല്‍ അരവട്ടെന്നു തോന്നുന്ന പലതിനും പണമിറക്കിയിട്ടുണ്ട്.

തീലിന്റെ Gawker ശത്രുതയ്ക്ക് വ്യക്തിപരമായ ഒരു കാരണമുണ്ട്. 2007-ല്‍ Gawker അവരുടെ Valleywag ബ്ലോഗില്‍, ‘പീറ്റര്‍ തീല്‍ സ്വവര്‍ഗാനുരാഗിയാണ്’ എന്ന തലക്കെട്ടില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ഇതോടെ Gawker-ന്റെ മറ്റ് ഇരകളെ കണ്ടെത്തി വെബ്സൈറ്റിനെതിരെ കേസ് നല്കാന്‍ അവരെ സഹായിക്കാനായി ഒരു സംഘം അഭിഭാഷകര്‍ക്ക് തീല്‍ രഹസ്യമായി പണം നല്കിക്കൊണ്ടിരുന്നു.

അങ്ങനെ ഫ്ലോറിഡ ജൂറി ഹോഗന് 140 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം അനുവദിച്ചു. താന്‍ ചെയ്ത വലിയ മനുഷ്യകാരുണ്യ പ്രവര്‍ത്തികളിലൊന്നാണ് കോടതി കേസുകള്‍ക്ക് പണം നല്‍കിയതെന്ന് തീല്‍ ന്യൂ യോര്‍ക് ടൈംസിനോട് പറഞ്ഞു. തീലിനെപ്പോലുള്ള ധനികരില്‍ നിന്നുമുള്ള ഭീഷണിയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ സ്വാതന്ത്ര്യവാദത്തെയൊക്കെ മാറ്റിവെച്ചു Gawker-നെ ഞെരിച്ചുകൊല്ലാനുള്ള തീലിന്റെ ശ്രമത്തെ അവര്‍ അപലപിച്ചു. കോടതി വ്യവഹാരത്തില്‍ ഒരു മൂന്നാംകക്ഷി ഒരു ഭാഗത്തിനുവേണ്ടി, ചില താത്പര്യങ്ങള്‍ക്കായി പണമിറക്കി നടത്തുന്ന അവസ്ഥയിലാണ് ആശങ്ക. കോടീശ്വരന്‍മാര്‍ തങ്ങളുടെ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ സാധിച്ചെടുക്കാനുള്ള ഒരു ഉപകരണമാക്കി നീതിന്യായ വ്യവസ്ഥയെ മാറ്റുമെന്നും അവര്‍ ഭയക്കുന്നു. ആരുടെയെങ്കിലും സ്വകാര്യ ലൈംഗിക കേളികള്‍ പ്രസിദ്ധീകരിച്ചതിലൂടെ Gawker പൊതുകാര്യപ്രസക്തമായ എന്തെങ്കിലും ചെയ്തെന്ന് ആരും വാദിക്കുന്നില്ല.

Gawker-നെതിരായ കേസുകളില്‍ തീല്‍ പണം നല്കിയ ന്യായം വച്ച് മാധ്യമങ്ങളെ ഇല്ലാതാക്കാന്‍ ഏത് ധനികനും അവസരമുണ്ടാകും. തീല്‍ ഈ കോടതി വ്യവഹാരത്തില്‍ പരസ്യമായി വരാഞ്ഞതിന് ന്യായമുണ്ടാകാം- ഒരു നിയമപോരാട്ടം ന്യായമാണെങ്കില്‍ അതിനായി പണം നല്‍കുന്നത് ആരാണെന്നത് രഹസ്യമായി ഇരിക്കുന്നതിലും തെറ്റില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ Gawker-നു സ്വയം ന്യായീകരിക്കാന്‍ കഴിയുമെങ്കില്‍ നീതി നടപ്പാക്കാന്‍ സഹായിച്ചതിന് തീലിനും സ്വയം ന്യായീകരിക്കാം.

എന്നാല്‍പ്പോലും Gawker-നേ തടയാനുള്ള തീലിന്റെ വാഗ്ദാനം കുഴപ്പം പിടിച്ചതാണ്. അവരോടുള്ള വിദ്വേഷം തീര്‍ക്കാന്‍ തന്റെ സമ്പത്താണ് അയാള്‍ ഉപയോഗിക്കുന്നത്. തങ്ങള്‍ക്ക് വിയോജിപ്പുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വാര്‍ത്ത മാധ്യമങ്ങളെ പാപ്പരാക്കാന്‍ മറ്റ് കോടീശ്വരന്‍മാര്‍ തുനിഞ്ഞിറങ്ങിയാല്‍ എന്താണ് സംഭവിക്കുക?നാം ചോദിക്കേണ്ട ചോദ്യങ്ങള്‍

ഒരു ധനികവ്യക്തിയുടെ ഇത്തരം വേട്ടയാടല്‍ ഇന്ത്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹാനിച്ചേക്കാം. അതോ ധനികര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പരസ്യദാതാക്കള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഉണ്ടാക്കാവുന്ന ഭയമാണോ വെളിപ്പെടുന്നത്? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ ആഭരണക്കടയുടെ മുന്നില്‍ ഒരു വൃദ്ധന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത മുഖ്യധാര മാധ്യമങ്ങളില്‍ തമസ്കരിക്കപ്പെടുകയും ഒതുക്കുകയും ചെയ്യുന്നത്? ശോഭ ബില്‍ഡേഴ്സിന്‍റെ അനധികൃത നിര്‍മാണത്തിനെതിരെ വന്ന ഹൈക്കോടതി ഉത്തരവിന് എന്തുകൊണ്ടാണ് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടാഞ്ഞത്? യൂസഫ് അലിയുടെയും ഗള്‍ഫാര്‍ മുഹമദ് അലിയുടെയുമൊക്കെ കച്ചവട ഇടപാടുകളെ മുഖ്യധാര മാധ്യമങ്ങള്‍ സംശയിക്കാത്തത് എന്തുകൊണ്ടാണ്? നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള ആം ആദ്മി പാര്‍ടിയുടെ ആരോപണങ്ങളില്‍ മാധ്യമങ്ങള്‍ ഒരന്വേഷണവും നടത്താത്തത് എന്തുകൊണ്ടാണ്? അദാനിക്കെതിരായ കേസുകളുടെ പിറകെ ഒരു മാധ്യമവും പോകാത്തതെന്താണ്? ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള റാണ അയൂബിന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒരു മാധ്യമവും തയ്യാറാകാത്തത് എന്തുകൊണ്ടാണ്?

നമ്മുടെ മാധ്യപ്രവര്‍ത്തകര്‍ ഒരു സ്വയം നിയന്ത്രണത്തിന് വിധേയരാകുന്നുണ്ടോ? ചില പ്രധാന വാര്‍ത്തകള്‍ ഒരിയ്ക്കലും പ്രസിദ്ധീകരിക്കപ്പെടില്ല എന്നതുകൊണ്ട് അവര്‍ ചില സുപ്രധാന വാര്‍ത്തകള്‍ ഒഴിവാക്കുന്നുണ്ടോ? രാഷ്ട്രീയ വ്യവസ്ഥയോടുള്ള ഭയവും പരസ്യ വരുമാനത്തെ സംരക്ഷിക്കാനുള വ്യഗ്രതയും മൂലം മാധ്യമ ഉടമകള്‍ ഇത്തരം വലിയതോതിലുള്ള സ്വയം നിയന്ത്രണത്തിന് തയ്യാറാകുന്നുണ്ടോ? എല്ലാറ്റിനും മേലെ, തീലിനെപ്പോലുള്ള ധനികസ്രാവുകള്‍ തങ്ങളുടെ സമ്പത്തിന്റെ ക്രൌര്യം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കോരിയൊഴിച്ചാല്‍ എന്തുചെയ്യും?


Next Story

Related Stories