TopTop

ഇതാ ഒരു വിശുദ്ധ ഹിന്ദു വോട്ട് ബാങ്ക്-ഹരീഷ് ഖരെ എഴുതുന്നു

ഇതാ ഒരു വിശുദ്ധ ഹിന്ദു വോട്ട് ബാങ്ക്-ഹരീഷ് ഖരെ എഴുതുന്നു
ഒരു ലളിതമായ ചോദ്യം: മോദി ഇന്ദ്രജാലം പഴയ ഉത്തര്‍പ്രദേശില്‍ വിജയിക്കുകയും പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും വിജയിക്കാതെ പോയതും എന്തുകൊണ്ടാണ്? മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവകാശപ്പെട്ടതുപോലെ ഭാരതീയ ജനത പാര്‍ടിയാണ് ഇന്ത്യയിലാകെ സ്വാധീനമുള്ള ഏക കക്ഷിയെന്നും മോദിയാണ് ഏക അഖിലേന്ത്യ നേതാവെന്നുമുള്ള അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് ആ കക്ഷിയും നേതാവും പഴയ യു പിക്കപ്പുറം വിജയിക്കാതെ പോയത്? ഉത്തരം ലളിതമാണ്: പഴയ ഉത്തര്‍പ്രദേശില്‍ ഗണ്യമായ തോതില്‍ മുസ്ലീങ്ങളുണ്ട്. അവര്‍ക്കെതിരെ പുരാതനമായ മുന്‍വിധികളും പുതിയ അസംതൃപ്തികളും ഇളക്കിവിടാം. ഇതില്‍ പിടിച്ചാണ് ഹിന്ദു വോട്ട് ബാങ്ക് തെരുത്തുകൂട്ടിയതും നിലനിര്‍ത്തുന്നതും. ഇതാണ് മറ്റുതരത്തില്‍ സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ അടിസ്ഥാന നിര.

മോദി ഭക്തസംഘവും മതേതര കക്ഷികളും ഒരുപോലെ ഹിന്ദു വോട്ട് ബാങ്ക് എന്ന ആശയത്തെ അംഗീകരിക്കില്ല. പക്ഷേ യുപി ഫലം വായിക്കാന്‍ ഒറ്റ വഴിയെ ഉള്ളൂ: ഹിന്ദു വോട്ടിന്റെ ഏകീകരണം. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ ഈ പ്രക്രിയ ഒരിയ്ക്കലും പിന്നോട്ടു പോയില്ല. മുസഫര്‍നഗര്‍ സംഘര്‍ഷവും അതിന്റെ ഓര്‍മ്മകളും മനഃപൂര്‍വം നീട്ടിക്കൊണ്ടേയിരുന്നു.

ബിജെപിയും സഖ്യകക്ഷികളും യുപിയില്‍ ഒറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്തിയില്ല എന്നത് നാം ഓര്‍ക്കണം. അവര്‍ 380 സീറ്റില്‍ മത്സരിക്കുകയും 23 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ ഒഴിവാക്കല്‍ വികാരരഹിതമായ, ആശയക്കുഴപ്പമില്ലാത്ത ബോധപൂര്‍വ്വമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. ഇത് 2014-ല്‍ ഫലം കണ്ടു. 1952-നു ശേഷം അതാദ്യമായി ഒരൊറ്റ മുസ്ലീം പോലും യുപിയില്‍ നിന്നും ലോക്സഭയില്‍ എത്തിയില്ല. ഭൂരിപക്ഷ സമുദായം ഭീഷണിയിലാണെന്നും മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് മാത്രമേ ആ സമുദായത്തിന്റെ താത്പര്യങ്ങള്‍ പ്രതിരോധിക്കാനും അവരുടെ വിജയകരമായി നല്‍കി.

യു പി തെരഞ്ഞെടുപ്പ് ഫലം നോട്ട് പിന്‍വലിക്കലിനും ‘മിന്നലാക്രമണത്തിനും’ ഉള്ള അംഗീകരമാണ് എന്നും പറയുന്നു. നോട്ട് പിന്‍വലിക്കലിന്റെ ദുരിതങ്ങളെയെല്ലാം അത് ഭീകരവാദികളെ ദുര്‍ബ്ബലരാക്കുകയും പാകിസ്ഥാന്റെ കുതന്ത്രങ്ങളെ തടയുകയും ചെയ്തതിനാല്‍ ജനം സന്തോഷത്തോടെ പൊറുത്തു എന്നാണ് മറ്റൊരു അവകാശവാദം. പക്ഷേ അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഈ ദേശീയ സന്ദേശം യു പിയില്‍ മാത്രമായി ഒതുങ്ങിയത്? പഞ്ചാബിലും ഗോവയിലും മണിപ്പൂരിലുമുള്ള വോട്ടര്‍മാര്‍ക്ക് ദേശസ്നേഹം കുറവാണെന്നൊന്നും ആരും വാദിക്കില്ല. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലാണെങ്കില്‍ പാകിസ്ഥാന്‍ വിരുദ്ധതയ്ക്ക് സാധ്യതയുമുണ്ട്. എന്നിട്ടും മോദി ഭരണത്തില്‍ ഭീകരാക്രമണം നടന്ന പത്താന്‍കോട്ട്, ദീനാനഗര്‍, ഗുര്‍ദാസ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി തോറ്റു. 23 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് വെറും മൂന്ന് എന്നതിലാണ് വിജയിക്കാനായത്. അതുപോലെ പാകിസ്ഥാന്‍ വിരുദ്ധത ഒറ്റയ്ക്ക് നടത്താന്‍ നോക്കിയ പ്രതിരോധ മന്ത്രിയുടെ സ്വന്തം നാടാണ് ഗോവ. മോദി ഈ സംസ്ഥാനങ്ങളിലെല്ലാം പ്രചാരണം നടത്തി, കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ പോലെ ഓരോ തെരുവിലും ഇറങ്ങിയില്ലെങ്കിലും.യുപിയില്‍ മോദി മന്ത്രം വിജയിച്ചത് അവിടത്തെ ഗണ്യമായ മുസ്ലീം സാന്നിധ്യം കൊണ്ടാണ്. തെരഞ്ഞെടുപ്പ് സംവാദത്തിലേക്ക് വൈകാരികത അടിച്ചേല്‍പ്പിക്കാന്‍ അത് എളുപ്പമാക്കി. ഇതാദ്യമായല്ല ഒരു ഹിന്ദു ഏകീകരണത്തിന് കോപ്പുകൂട്ടിയത്. 2002 മുതല്‍ അത് ഗുജറാത്തില്‍ തടവില്ലാതെ നടക്കുന്നു. 2017-ല്‍ അത് യുപിയില്‍ കൃത്യമായി നടന്നത് മൂന്നു കാരണങ്ങളാലാണ്. ഒന്ന്, ഹിന്ദുക്കള്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെട്ടവരാണ് എന്ന തോന്നലുണ്ടാക്കി. ബിജെപിയുടെ രണ്ടു പ്രധാന എതിരാളികളായ എസ്പിയും ബിഎസ്പിയും മുസ്ലീങ്ങളെ ആവശ്യത്തിലധികം പ്രീണിപ്പിക്കുകയാണ് എന്ന തരത്തില്‍ ചിത്രീകരിച്ചു. ഹിന്ദുക്കളുടെ ഈ പരാതികള്‍ക്ക് ഒരുതരത്തിലുള്ള ധാര്‍മിക അധികാരം ചാര്‍ത്തിക്കൊടുത്തു. ബിഎസ്പിയും എസ്പിയും (ഒപ്പം പഴയ കുറ്റവാളി കോണ്‍ഗ്രസും) മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ അധികാരത്തില്‍ തങ്ങള്‍ക്കുള്ള ന്യായമായ പങ്ക് കിട്ടുന്നില്ല എന്നു സവര്‍ണര്‍ക്കും യാദവേതര ഒബിസിക്കാര്‍ക്കും തോന്നിത്തുടങ്ങി. മായാവതിയുടെ ബിഎസ്പി ദളിത്-മുസ്ലീം സഖ്യത്തെ തെരഞ്ഞെടുപ്പ് സാധ്യതയാക്കിയതോടെ ബിജെപിയുടെ അടവുകള്‍ സവര്‍ണര്‍ക്ക് ന്യായമായി തോന്നി. ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നതല്‍ ഒരു ധാര്‍മിക പരിവേഷം കിട്ടി.

രണ്ട്, മുസ്ലീം വിരുദ്ധതയെ പാകിസ്ഥാന്‍ വിരുദ്ധതയുമായി കൂട്ടിക്കെട്ടി. കാണ്‍പൂര്‍ തീവണ്ടി അപകടത്തിന്റെ സൂത്രധാരന്‍മാര്‍ അതിര്‍ത്തിക്കപ്പുറമാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ഒട്ടും നിഷ്ക്കളങ്കമായിരുന്നില്ല. മുസ്ലീങ്ങള്‍ക്കും പാകിസ്ഥാനും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് ഹിന്ദുക്കളെ തോന്നിപ്പിക്കലായിരുന്നു അടവ്. ഇതാണ് ബി ജെ പി അദ്ധ്യക്ഷന്‍ KASAB (കസബ്) പരാമര്‍ശത്തിലൂടെ നടത്തിയത്.

മൂന്ന്, ‘ഹിന്ദു ആവശ്യങ്ങളുടെ’ ആധികാരികതയുള്ള വില്‍പ്പനക്കാരനാണ് മോദി. 2002 മുതലുള്ള മോദിയുടെ അഭ്യര്‍ത്ഥനകളെല്ലാം വിട്ടുവീഴ്ച്ചയില്ലാതെ ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്കായാണ്. ഫെബ്രുവരി 23-ലെ മോദിയുടെ ഫത്തേപ്പൂര്‍ പ്രസംഗം ഇതിന്റെ മകുടോദാഹരണമാണ്; “നിങ്ങള്‍ ഒരു ഗ്രാമത്തില്‍ കബറിസ്ഥാന്‍ ഉണ്ടാക്കുന്നെങ്കില്‍ ഒരു ശ്മശാനവും കൂടി പണിയണം. റംസാനില്‍ വൈദ്യുതി മുടക്കമില്ലാതെ കിട്ടുന്നുവെങ്കില്‍ ദീപാവലിക്കും മുടങ്ങരുത്. വിവേചനം പാടില്ല.”

വ്യക്തമാണ് സംഗതികള്‍. വാജ്പേയിയുടെ കാലത്തില്ലാതിരുന്ന തരം അധമമായ തലത്തിലാണ് മോദിയുടെ ബി ജെ പി യു പിയിലെ വന്‍വിജയം നേടിയത്. മോദി തരംഗം 1990-ലെ രാം തരംഗത്തെ മായ്ച്ചിരിക്കുന്നു. ഇനിയിപ്പോള്‍ കോര്‍പ്പറേറ്റ് ഇന്ത്യക്കും വിദേശ നിക്ഷേപകര്‍ക്കും മടികൂടാതെ നിക്ഷേപിക്കാനും ചില അപായ സാധ്യതകള്‍ ഏറ്റെടുക്കാനും ധൈര്യം കിട്ടും.

ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടും കുലുക്കിക്കുത്തിയിരിക്കുന്നു. ആദ്യം 2014-ലും ഇപ്പോള്‍ 2017-ലും സന്ദേശം വ്യക്തമാണ്: ഇന്ത്യയില്‍ അധികാരം പിടിക്കാന്‍ മുസ്ലീം വോട്ടുകള്‍ ആവശ്യമില്ല, കാരണം ഹിന്ദു വോട്ട് ബാങ്ക് നിലവില്‍ വന്നിരിക്കുന്നു; അത് പൊളിയാനും പോകുന്നില്ല. ഒഴിവാക്കലിന്റെ രാഷ്ട്രീയം അനിവാര്യമായും ആധിപത്യം നേടും.

വോട്ടെണ്ണിക്കഴിഞ്ഞു, വിധി വന്നുകഴിഞ്ഞു, നരേന്ദ്ര മോദിയുടെ അനിഷേധ്യമായ നേതൃത്വം സ്ഥാപിക്കപ്പെട്ടു. ഇനിയെന്താണ്? പുതിയ ഊര്‍ജ്ജം നേടിയ മോദി രാജ്യത്തിന്റെ മികച്ച താത്പര്യങ്ങള്‍ സംരക്ഷിക്കുമോ? സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹികൈക്യവും പരസ്പര വിശ്വാസവും ഉണ്ടാക്കുകയാണ് ഒരു നേതാവിന്റെ പ്രാഥമിക ചുമതല. ആ ജോലി അല്‍പം സങ്കീര്‍ണമാണ്. തന്റെ കൂറ്റന്‍ വിജയത്തോടെ മോദി ഇന്ത്യന്‍ ഭരണകൂടത്തിന് ഒരു വിഭാഗീയ അടിത്തറയാണ് ഉണ്ടാക്കിയത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories