TopTop
Begin typing your search above and press return to search.

അളമുട്ടിയ ആന്‍റണി അഥവാ ആദര്‍ശ വിസ്‌ഫോടനം

അളമുട്ടിയ ആന്‍റണി അഥവാ ആദര്‍ശ വിസ്‌ഫോടനം

ശരത് കുമാര്‍

ചില സിനിമ സംവിധായരുണ്ട്. ഒരു സിനിമ ഹിറ്റായാല്‍ അതിന്റെ ചുവട് പിടിച്ച് പുതിയ സിനിമ എടുക്കും. ട്രന്റിനനുസരിച്ച് സിനിമ എടുക്കുന്നവര്‍ എന്നാണ് ഇവരെ സിനിമാ ലോകത്തില്‍ അറിയപ്പെടുന്നത്. ചില രാഷ്ട്രീയക്കാരും അങ്ങനെയാണ്, അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് പാലിലും തേനിലും കുഴച്ച് അഭിപ്രായ വിഷം വിളമ്പിക്കളയും. ട്രന്റിനനുസരിച്ച് എടുക്കുന്ന സിനിമകള്‍ പൊതുവെ ജനം സ്വീകരിക്കാറില്ല. അതുപോലെ തന്നെ ഇത്തരം രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളും പൊതുവില്‍ ജനം തള്ളിക്കളയാറാണ് പതിവ്.

പക്ഷെ അത്തരം അഭിപ്രായ പ്രകടനങ്ങളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന വിഷം കാളകൂടമാവുമ്പോള്‍ അത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കെപിസിസി സംഘടിപ്പിച്ച സികെജി അനുസ്മരണ ചടങ്ങില്‍ നമ്മുടെ മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയും മറ്റ് പല മുന്നുമായ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് (ഭാഗ്യമോ നിര്‍ഭാഗ്യമോ അതില്‍ മുന്‍ ആയിട്ടില്ല) നടത്തിയ പ്രസംഗം ഇത്തരത്തില്‍ കാളകൂടത്തിന് തുല്യമായ ഗുണം ചെയ്യുന്ന ഒന്നാണ്. കോണ്‍ഗ്രസിന്റെ മതേതര നിലപാട് പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് തോന്നിയത് പാര്‍ട്ടി നേരിട്ട വന്‍ പരാജയത്തിന് ശേഷമായിരിക്കണം. കോണ്‍ഗ്രസിന്റെ മതേതര നിലപാടുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നാണ് ആദര്‍ശധീരന്റെ കണ്ടെത്തല്‍. അതുകൊണ്ടാണത്രെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വര്‍ഗ്ഗീയ കക്ഷികള്‍ നേട്ടം കൊയ്തത്. വര്‍ഗ്ഗീയ പാര്‍ട്ടിയെന്നാല്‍ ബിജെപി എന്ന് തന്നെ വായിക്കണം. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത പാര്‍ട്ടി ബിജെപി തന്നെയാണല്ലോ. കേരളത്തില്‍ അത് സീറ്റുകളുടെ എണ്ണത്തില്‍ അല്ലെങ്കിലും.അതായാത് ആന്റണി പറയുന്നത്, ഭാവി തിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്യണമെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ നടപ്പ് മതേതര മുദ്രാവാക്യത്തില്‍ നിന്നും വ്യതിചലിക്കണമെന്നും കൂടുതല്‍ മൃദുഹിന്ദു സമീപനം സ്വീകരിക്കണമെന്നുമാണ്. ആന്റണി കേരള മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ കുപ്രസിദ്ധ ന്യൂനപക്ഷ ഭീഷണി പ്രസ്താവനയും ഇപ്പോളത്തെ പ്രസ്താവനയും ചേര്‍ത്ത് വായിക്കുമ്പോഴാണ് ടിയാന്റെ ഉള്ളിലിരുപ്പ് വ്യക്തമാകുന്നത്.

ഇനി എന്താണ് കോണ്‍ഗ്രസിന്റെ അല്ലെങ്കില്‍ അതിന്റെ ഹൈക്കമാണ്ടുകളില്‍ ഒന്നായ മതേതര സമീപനം? അവര്‍ കാണുന്ന ന്യൂനപക്ഷങ്ങളില്‍ ആരൊക്കെ വരും? മുസ്ലീം വരേണ്യതയുടെ പ്രതിരൂപമായ ലീഗ്, ക്രസ്ത്യാനി വോട്ടുകളുടെ മൊത്ത കച്ചവടക്കാരായ അരമനകളും ബിഷപ്പുമാരും, ഈഴവര്‍ ഞാന്‍ പറയുന്നതിനപ്പുറം കുത്തില്ലെന്ന് ശാഠ്യം പിടിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ ന്യൂനപക്ഷം. പരമാവധി, കേരളത്തിലെ പുലയരെ ബിജെപി പാളയത്തില്‍ കെട്ടിയിടാന്‍ വ്രതമെടുത്തിരിക്കുന്ന കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ (ഇദ്ദേഹം ഒരു ദിവ്യന്‍ ആകുന്നു. സംഘടന ഭാരവാഹിത്വം ഒന്നും അദ്ദേഹം വഹിക്കില്ല. അതിന് ചില ദാസന്മാര്‍ ഉണ്ട്. അദ്ദേഹം രക്ഷാധികാരി മാത്രമേ ആകൂ) വരെ എത്തും ആന്റണിയുടെ കാഴ്ചപ്പാടിലെ ന്യൂനപക്ഷങ്ങള്‍.അതിനപ്പുറം കാണണമെങ്കില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കാനുള്ള വീക്ഷണം വേണം. (വീക്ഷണം മുഖപത്രത്തിന്റെ പേരില്‍ മാത്രം ഉണ്ടായാല്‍ പോര.) ആ ഉള്‍ക്കാഴ്ച ഇല്ലായ്മയാണ് അദ്ദേഹത്തെ കൊണ്ട് കോണ്‍ഗ്രസിന്റെ മതേതരത്വം ന്യൂനപക്ഷ പ്രീണനമായി മാറുന്നു എന്ന് പറയിക്കുന്നത്. ആ ഉള്‍ക്കാഴ്ച ഇല്ലായ്മ കൊണ്ടാണ് മഴ നനയാതെ കേറിക്കിടക്കാന്‍ ഒരു കൂരയ്ക്കുള്ള സ്ഥലം മാത്രം ചോദിച്ച് മുത്തങ്ങ വനത്തില്‍ കുടില്‍ കെട്ടിയ ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കാന്‍ ഉത്തരവിട്ടത്. ആ ഉള്‍ക്കാഴ്ച ഇല്ലായ്മ കൊണ്ടാണ് അന്യാധീനപ്പെടുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കേരളത്തിലെ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം എന്ന ന്യായമായ ആവശ്യത്തിന്റെ പേരില്‍ സമരം നടത്തിയവരെ വിപ്ലവ പാര്‍ട്ടിക്കാര്‍ അടിച്ചമര്‍ത്തിയപ്പോഴും സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ പറ്റിച്ച് ഇറക്കി വിട്ടപ്പോഴും കേന്ദ്രമന്ത്രി എന്ന നിലയില്‍ ഒരു ചെറു വിരലെങ്കിലും അനക്കാതിരുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

നരേന്ദ്ര മോദി എന്ന മാനസികാവസ്ഥ
ഇടതു ബദലിനെ ആര്‍ക്കാണ് പേടി?
മോദി വന്നാല്‍ ബീഫ് കഴിക്കാമോ ചേട്ടാ?
ആരോരുമല്ലാത്ത പാവം ജനം
പാന്‍സ് ലാബിരിന്ത് ഓര്‍മിപ്പിക്കുന്ന ചില കാര്യങ്ങള്‍


സ്വന്തം വകുപ്പില്‍ കറകളഞ്ഞ അഴിമതി മറ്റുള്ളവര്‍ നടത്തുമ്പോള്‍ കൈയും കെട്ടി മിണ്ടാതെ നോക്കിയിരുന്ന് പത്തുവര്‍ഷം ഭരിക്കുന്നതല്ല ആദര്‍ശം. രാജ്യം കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുമ്പോള്‍ അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി കിട്ടിയ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതുമല്ല ആദര്‍ശം. മിനിമം ഒരു സുപ്രഭാതത്തില്‍ ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കയറി വന്ന് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് വലിഞ്ഞു കയറുന്നതല്ല ആദര്‍ശം എന്ന തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ എം എ ജോണ്‍ എന്ന കോണ്‍ഗ്രസിലെ കൊള്ളാവുന്ന ഒരു ആദര്‍ശവാദിയെ തള്ളിപ്പറയുക എങ്കിലും ചെയ്യില്ലായിരുന്നു. എന്തിനേറെ, മുഖ്യമന്ത്രി കസേര നിലനിറുത്താന്‍ തിരൂരങ്ങാടി പോലെയുള്ള ഒരു നിയോജക മണ്ഡലം തിരഞ്ഞെടുത്ത മഹാനാണ് ഇപ്പോള്‍ മതേതര സംശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കേരളത്തില്‍ അന്ന് കോണ്‍ഗ്രസിന് ഉറപ്പുള്ള മണ്ഡലം ഒന്നുമില്ലാഞ്ഞിട്ടാണോ തിരൂരങ്ങാടിയിലേക്ക് പാഞ്ഞതെന്നെങ്കിലും ആദര്‍ശധീരന്‍ വ്യക്തമാക്കുന്നത് നന്ന്.മതേതരത്വവും ന്യൂനപക്ഷ പ്രീണനവുമൊന്നുമല്ല യഥാര്‍ത്ഥ പ്രശ്‌നം. ഇനിയുള്ള കാലം കോണ്‍ഗ്രസ് ഹൈക്കമാണ്ട് മാത്രമായി ഇരുന്നിട്ട് വലിയ ഗുണം ഒന്നും ഇല്ല. ഈ 'മുന്‍' വിശേഷണം ഒന്ന് മാറിക്കിട്ടുകയാണ് അടിയന്തിരമായി വേണ്ടത്. അതിന് ഇനി ഡല്‍ഹിയില്‍ തുടര്‍ന്നിട്ട് വലിയ കാര്യമില്ല. നമ്മുടെ നയങ്ങള്‍ നമ്മളെക്കാള്‍ വൃത്തിയായി നടപ്പിലാക്കാന്‍ ശേഷിയുള്ള ഒരാള്‍ അവിടെ കസേരയില്‍ കേറിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ വച്ച് ഒരു പത്തു വര്‍ഷത്തേക്ക് അവിടെ നിന്നാല്‍ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. ആകെയുള്ള ഒരു രാജ്യസഭ അംഗത്വത്തിന് വലിയ ആയുസുമില്ല, അടുത്ത തവണ അത് നിലനിറുത്താന്‍ കഴിയുമെന്ന് ഉറപ്പുമില്ല. പിന്നെ ആകെ ഒരു പ്രതീക്ഷ രണ്ട് കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ്. നോക്കിയപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ അടികിട്ടാതെ രക്ഷപ്പെട്ട ഒരേ ഒരു സംസ്ഥാനം നമ്മുടേതാണ്. അല്ലെങ്കില്‍, പ്രതിരോധമന്ത്രി എന്ന നിലയില്‍ പച്ചരി മേടിച്ചു കൊണ്ടിരുന്നപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു താല്‍പര്യവുമില്ലാത്ത, ഇവിടുത്തെ ഒരു പ്രശ്‌നത്തിലും ഇടപെടാത്ത ഇദ്ദേഹത്തിന് പെട്ടെന്ന് എങ്ങനെയാണ് ഒരു ഉള്‍വിളി വന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് വരുന്ന തിരഞ്ഞെടുപ്പിന് ഇപ്പോഴേ ആദര്‍ശം എറിയണം. അതാണ് ബുദ്ധി. കൂട്ടത്തില്‍ പത്ത് സവര്‍ണ വോട്ടുകള്‍ പെട്ടിയില്‍ വീണാല്‍ അതും ഒരു തണലാവുമല്ലോ. പക്ഷെ, എല്ലാക്കാലത്തും കേരളത്തിലെ യഥാര്‍ത്ഥ ഭൂരഹിതരും പിന്നോക്കക്കാരും ഈ ആദര്‍ശ വിസ്‌ഫോടനം സഹിച്ചുകൊള്ളും എന്ന് മാത്രം തെറ്റിധരിക്കാതിരുന്നാല്‍ നന്ന്.

*Views are personal


Next Story

Related Stories