TopTop
Begin typing your search above and press return to search.

സീഗ വെര്‍തോവിന്റെ മാന്‍ വിത്ത് എ മൂവി ക്യാമറ: യഥാര്‍ത്ഥജീവിതം നീണാള്‍ വാഴട്ടെ

സീഗ വെര്‍തോവിന്റെ മാന്‍ വിത്ത് എ മൂവി ക്യാമറ: യഥാര്‍ത്ഥജീവിതം നീണാള്‍ വാഴട്ടെ

മാന്‍ വിത്ത് എ മൂവി ക്യാമറ/1929

സീഗ വെര്‍തോവ്

1929ല്‍ ഇറങ്ങിയ 'മാന്‍ വിത്ത് എ മൂവി ക്യാമറ' എന്ന നിശ്ശബ്ദ ഡോക്യുമെന്ററിയുടെ സംവിധായകനായ സീഗ വെര്‍തോവിന്റെ ശരിയായ പേര് ഡേവിഡ് എബ്ലവിച്ച് കാഫ്‌മെന്‍ എന്നാണ്. 1896ലാണ് അദ്ദേഹത്തിന്റെ ജനനം. സോവിയറ്റ് യൂണിയന്റെ തുടക്കക്കാലത്ത് ഉയര്‍ന്നു വന്ന ചലച്ചിത്രകാരന്മാരായ സെര്‍ഗി ഐസന്‍സ്‌റ്റൈന്‍, സെവ്‌ലോദ് പുഡോവ്കിന്‍, ലെവ് കുലെഷോവ് തുടങ്ങിയവരില്‍ ഏറ്റവും വിപ്ലവാത്മക കാഴ്ച്ചപ്പാടുള്ളയാളായിരുന്നു സീഗ വെര്‍തോവ്. 'ബാറ്റില്‍ഷിപ് പൊടെംകിന്‍' പോലെയുള്ള ചിത്രങ്ങളില്‍ മൊണ്ടാഷ് എഡിറ്റിങ്ങിലൂടെ ഐസന്‍സ്‌റ്റൈന്‍ കഥ പറയാനുള്ള പുതിയ വഴികള്‍ തേടിയപ്പോള്‍ വെര്‍തോവ് കഥ തന്നെ വേണ്ടെന്നു വച്ചു. അദ്ദേഹം ഫിക്ഷന്‍ ചിത്രങ്ങളെ വെറുത്തിരുന്നു. 'സിനിമയിലെ നാടകീയത മനുഷ്യനെ മയക്കുന്ന കറുപ്പാണ്. ബൂര്‍ഷ്വാ കെട്ടുകഥകളും ദൃശ്യാവിഷ്‌ക്കാരവും തുലയട്ടെ, യഥാര്‍ത്ഥജീവിതം നീണാള്‍ വാഴട്ടെ' എന്നാണ് അദ്ദേഹം എഴുതിയത്. പടിഞ്ഞാറന്‍ സിനിമകളിലെ പോലെ വിപ്ലവത്തിനെതിരായ ആശയങ്ങളുടെ ഭാരമില്ലാത്ത, ജീവിതത്തെ അതായി ആവിഷ്‌കരിക്കുന്ന പുതിയ സിനിമകള്‍ക്കായി വെര്‍തോവ് വാദിച്ചു.

സിനിമയെ ഭൗതികമായ ഒന്നായാണ് വെര്‍തോവ് കണ്ടത്; മനുഷ്യനാല്‍ സ്വാധീനിക്കപ്പെടേണ്ട ഒന്ന്. എന്നാല്‍ അതിനു വിപരീതമായി ജീവിത സത്യങ്ങള്‍ വെളിപ്പെടുത്തുന്ന മാധ്യമമായും അദ്ദേഹം സിനിമയെ കാണുകയുണ്ടായി. ലളിതമായിരുന്നു വെര്‍തോവിന്റെ പദ്ധതി. നാഗരിക റഷ്യയുടെ ഒരു ദിവസം റെക്കോഡ് ചെയ്യുക. ഫിലിം സ്റ്റുഡിയോ ആയ VUFKU നിര്‍മ്മിച്ച ഈ ചിത്രം സോവിയറ്റ് നഗരങ്ങളായ കിയേവ്, ഖാര്‍കോവ്, മോസ്‌ക്കോ, ഒഡേസ എന്നിവിടങ്ങളിലെ ജീവിതം കാണിച്ചു തരുന്നു. ചിത്രീകരിക്കുന്ന സീനുകളോളം പ്രാമുഖ്യം ക്യാമറയ്ക്കും പിന്നീട് ചലച്ചിത്രത്തിനും കൊടുക്കുകയെന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു. നഗരത്തില്‍ നിന്നു നഗരത്തിലേയ്ക്കും നിമിഷങ്ങളില്‍ നിന്നു നിമിഷങ്ങളിലേയ്ക്കും ജംപ് കട്ട് ചെയ്യുമ്പോള്‍ ഒപ്റ്റിക്കല്‍ ഇഫക്റ്റും സ്പ്ലിറ്റ് സ്‌ക്രീനുകളും ഡബിള്‍ എക്‌സ്‌പോഷറും ഉപയോഗിച്ചിട്ടുള്ള മനോഹരമായ ഒരു ചലച്ചിത്രമായിരുന്നു ഫലം. ഭാര്യയും എഡിറ്ററുമായ എലിസവേറ്റ സ്വിലോവയുമായി ചേര്‍ന്ന് വെര്‍തോവ് കാണിച്ചു തരുന്നത് പുതുതായി വ്യവസായവത്ക്കരിക്കപ്പെട്ടു കൊണ്ടിരുന്ന സോവിയറ്റ് യൂണിയന്റെ നേര്‍ച്ചിത്രമാണ്. 'യഥാര്‍ത്ഥ സംഭവങ്ങളുടെ സിനിമയിലൂടെയുള്ള വിനിമയം' ഒരുക്കാനായി വെര്‍തോവ് എടുത്ത ശ്രമങ്ങള്‍ അത്ഭുതകരമാണ്: അദ്ദേഹത്തിന്റെ ക്യാമറ നഗരങ്ങള്‍ക്കു മുകളിലൂടെ ഉയരുന്നു, തെരുവിലെ കാറുകളെ നോക്കുന്നു, മെഷീനുകളുടെ ചിത്രീകരിക്കുന്നു, ഒരു സ്ത്രീയുടെ പ്രസവം വരെ അതില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

2012ല്‍ Sight and Sound മാഗസിന്‍ ഇതുവരെ ഉണ്ടാക്കപ്പെട്ടിട്ടുള്ളതില്‍ എട്ടാമത്തെ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്ത ഈ ഡോക്യുമെന്റെറി തുടങ്ങുമ്പോള്‍ തന്നെ എങ്ങനെയുള്ള ഒന്നാണതെന്നു വെര്‍തോവ് വിശദീകരിക്കുന്നുണ്ട്: 'യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രത്തിലൂടെയുള്ള സംവേദനത്തിന്റെ ഒരു പരീക്ഷണമാണ് ഈ ചിത്രം. ഇന്റര്‍ടൈറ്റിലുകളുടെയോ കഥയുടെയോ തിയേറ്ററിന്റെയോ സഹായമില്ലാതെയാണ് ഈ ശ്രമം. തിയേറ്ററിന്റെയോ സാഹിത്യത്തിന്റെയോ ഭാഷയില്‍ നിന്നു വേര്‍പ്പെടുത്തി പൂര്‍ണ്ണമായും അന്താരാഷ്ട്രീയമായ ഒരു ഭാഷ സിനിമയ്ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.'

Kinoks എന്നറിയപ്പെട്ടിരുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘത്തില്‍ വെര്‍തോവും ഉള്‍പ്പെട്ടിരുന്നു. ഡോക്യുമെന്റെറി ചിത്രങ്ങളല്ലാത്ത എല്ലാ ചലച്ചിത്ര രീതികളും ഇല്ലാതാക്കുക എന്നത് വെര്‍തോവും സംഘാംഗങ്ങളും തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചു. സിനിമയെടുക്കുന്നതിനോടുള്ള ഈ വിപ്ലവകരമായ സമീപനം അവരുടെ തന്നെ മേഖലയായ ചലച്ചിത്ര വ്യവസായത്തെ കുറച്ചൊക്കെ തകര്‍ക്കുകയും ചെയ്തു. വെര്‍തോവിന്റെ മിക്കവാറും എല്ലാ സിനിമകളും വിവാദമായി. Kinok പ്രസ്ഥാനത്തെ അക്കാലത്തെ ധാരാളം ചലച്ചിത്രകാരന്‍മാര്‍ വിമര്‍ശിച്ചിരുന്നു. തന്റെ സിനിമയായ 'A Sixth Part of the World' തള്ളിക്കളഞ്ഞ വിമര്‍ശകര്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ 'മാന്‍ വിത്ത് എ മൂവി ക്യാമറ'. 'Kinok' രീതിയില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതാണ് വെര്‍തോവിന്റെ ചലച്ചിത്രങ്ങളിലെ 'ഇന്റര്‍ടൈറ്റിലു'കളുടെ (സിനിമയുടെ ഇടയില്‍ കാണിക്കുന്ന അച്ചടിച്ച വാചകങ്ങളുടെ ചിത്രം, ടൈറ്റില്‍ കാര്‍ഡ് എന്നും അറിയപ്പെടുന്നു) അമിതോപയോഗം എന്നായിരുന്നു വിമര്‍ശകരുടെ വാദം. ആ പശ്ചാത്തലത്തില്‍ തന്റെ സിനിമയുടെ റിലീസിനു മുന്‍പ് വെര്‍തോവിനു നല്ല ഭയവും ഉത്കണ്ഠയുമുണ്ടായിരുന്നു. സോവിയറ്റ് സെന്‍ട്രല്‍ കമ്യൂണിസ്റ്റ് പത്രമായ പ്രവ്ദയില്‍ ഒരു മുന്നറിയിപ്പ് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ പരീക്ഷണ, വിവാദ സ്വഭാവത്തെ പറ്റിയുള്ള തുറന്ന പ്രസ്താവനയായിരുന്നു അത്. പൊതുജനം ആ ചിത്രത്തെ അവഗണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് വെര്‍തോവിന് ആശങ്കയുണ്ടായിരുന്നു.

സോവിയറ്റ് ലോകത്തു നിലനിന്നിരുന്ന ഉത്തമ മാതൃകകളുടെ വിവരണമായി വര്‍ത്തിക്കാവുന്ന ഒരു ആധുനിക നഗരം രൂപീകരിക്കാനാണ് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിനുള്ളില്‍ നിന്നു കൊണ്ട് വെര്‍തോവ് പരിശ്രമിച്ചത്. ഈ കൃത്രിമ നഗരത്തിന്റെ ഉദ്ദേശ്യം സോവിയറ്റ് പൗരനെ സത്യത്തിലേയ്ക്ക് ഉണര്‍ത്തുകയും അതുവഴി വിവേകിയും പ്രവര്‍ത്തനോന്മുഖവുമാക്കുകയുമാണ്. വൈദ്യുതീകരണം, വ്യവസായവത്ക്കരണം, കഠിനാദ്ധ്വാനത്തിലൂടെ തൊഴിലാളികള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ഇവയുടെയൊക്കെ ചിത്രീകരണത്തില്‍ വെര്‍തോവിന്റെ കിനോ സൗന്ദര്യബോധം പ്രതിഫലിക്കുന്നുണ്ട്. ചലച്ചിത്രത്തിലെ ആദ്യകാല ആധുനികതയായും ഇതിനെ കാണാവുന്നതാണ്. എന്നാല്‍ സിനിമയെടുക്കുന്നതിന്റെ എല്ലാ വശങ്ങളും അതിലൂടെ തന്നെ തുറന്നു കാണിക്കുന്നതിലാണ് വെര്‍തോവിന്റെ പ്രതിഭ നമുക്കു കാണാന്‍ കഴിയുക. 'മാന്‍ വിത്ത് എ മൂവി ക്യാമറ' യില്‍ നമ്മള്‍ കാണുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന തന്റെ ക്യാമറാമാനെ വെര്‍തോവ് ഷൂട്ട് ചെയ്തു കാണിക്കുന്നുണ്ട്. ഒരു ലെന്‍സിലൂടെ നോക്കുന്ന കണ്ണിന്റെ ഷോട്ട് ആവര്‍ത്തിച്ചു വരുന്നുണ്ട്. സിനിമയില്‍ ആദ്യം കണ്ട ഭാഗങ്ങള്‍ എങ്ങനെ എഡിറ്റ് ചെയ്തു ചേര്‍ത്തുവെന്നത് പിന്നീട് കാണാം. ഈ സ്‌റ്റൈല്‍ കാലത്തിന് അനേക വര്‍ഷങ്ങള്‍ മുന്‍പേ നടന്ന ഒന്നാണ്. ക്രിസ് മാര്‍ക്കര്‍, സ്റ്റാന്‍ ബ്രാഖെജ് തുടങ്ങിയ ഭാവിയിലെ ചലച്ചിത്രകാരന്മാരെ ഇത് ഏറെ സ്വാധീനിച്ചിരുന്നു; പ്രത്യേകിച്ച് ഗൊദാര്‍ദിനെ. ഗൊദാര്‍ദ് 1968ല്‍ 'The Dziga Vertov Group' എന്ന പുരോഗമന ചലച്ചിത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു.


Next Story

Related Stories