TopTop
Begin typing your search above and press return to search.

കോഷര്‍ അങ്ങാടിയിലെ ആക്രമണം; ഫ്രാന്‍സിലെ ജൂതര്‍ പലായനത്തിനൊരുങ്ങുന്നു

കോഷര്‍ അങ്ങാടിയിലെ ആക്രമണം; ഫ്രാന്‍സിലെ ജൂതര്‍ പലായനത്തിനൊരുങ്ങുന്നു

ഗ്രിഫ് വിറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്‌)

തന്റെ 30 വര്‍ഷത്തെ ജീവിതം മുഴുവന്‍ ആധുനിക യൂറോപ്പിന്റെ എല്ലാ ഗുണവിശേഷങ്ങളുമുള്ള ഒരു സമൂഹത്തിലാണ് ജെന്നിഫര്‍ സെബാഗ് ജീവിച്ചത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ശാന്തമായ, സമൃദ്ധി നിറഞ്ഞ, സെന്റ്. മാന്റെ എന്ന, പാരീസിന്റെ കിഴക്കന്‍ അറ്റത്തുള്ള നഗരം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കന്‍ ആഫ്രിക്കയില്‍ നിന്നും സെമിറ്റിക് വിരോധത്തിനിരകളായി നാടുവിടേണ്ടിവന്ന പൂര്‍വികരുള്ള സെബാഗിനെപ്പോലുള്ളവരുടെ അഭയസ്ഥാനമായിരുന്നു.

'ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നു. ഒരു ചെറിയ ഗ്രാമം പോലെയാണിത്'.

പക്ഷേ ജനുവരി 9നു വൈകിട്ട് സെബാഗിന്റെ അഭയസ്ഥാനം ഒരു ലക്ഷ്യകേന്ദ്രമായി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിര്‍ദേശപ്രകാരം ചെയ്‌തെന്ന് പിന്നീട് അവകാശപ്പെട്ട ഒരു തോക്കുധാരി അടുത്തുള്ള കോഷര്‍ അങ്ങാടിയില്‍ കടന്നുചെന്നു വെടിയുതിര്‍ത്തു; നാല് ബന്ദികളെ കൊന്നു. അവരെല്ലാവരും ജൂതരായിരുന്നു.

ഇപ്പോള്‍ ഒരുകാലത്ത് സുരക്ഷിതമായിരുന്ന ഇവിടെനിന്നും പലായനം ചെയ്യാനൊരുങ്ങുകയാണ് സെന്റ് മാന്റെയിലെ ജൂതര്‍.

വീടുകളില്‍, കടകളില്‍, രാവും പകലും തോക്കുകളുമായി സൈനികര്‍ കാവല്‍ നില്‍ക്കുന്ന സിനഗോഗുകളില്‍ എല്ലാം വേദനയോടുള്ള ഒരു സംഭാഷണവിഷയം മാത്രം; ഇസ്ലാമിക തീവ്രവാദികളുടെ അടുത്ത ആക്രമണത്തിന് ഇരയാകനോ, അതോ തങ്ങളുടെ വീടെന്ന് കരുതിയ ഒരു രാജ്യത്തെ ഉപേക്ഷിച്ചു പോകാനോ?

പോകരുതെന്ന് പ്രേരിപ്പിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ സകല ശ്രമവും നടത്തുന്നുണ്ട്. കാരണം ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, ജൂതരും സഹവര്‍ത്തിച്ചിരുന്ന സെന്റ. മാന്റെയില്‍ ജൂതര്‍ തങ്ങള്‍ക്ക് നല്ല നാളെകള്‍ പ്രതീക്ഷിക്കുന്നില്ലെങ്കില്‍ യൂറോപ്പിന്റെ മാതൃകയായ ബഹുമത സഹജീവനത്തിന് ഭാവിയില്ലെന്ന് അവര്‍ക്കറിയാം.

എങ്കിലും ഫ്രാന്‍സിലെങ്ങുമുള്ള പല ജൂതര്‍ക്കും അക്കാര്യത്തില്‍ തീരുമാനമായി.

'അവര്‍ പോകുമോ ഇല്ലയോ എന്നല്ല ചോദ്യം. അവര്‍ എപ്പോള്‍ പോകുമെന്ന് മാത്രമാണ്', ജൂത സമുദായ കേന്ദ്രത്തിന്റെ അദ്ധ്യക്ഷന്‍, ഡോക്ടര്‍ കൂടിയായ അലെയ്ന്‍ അസോളിന്‍ പറഞ്ഞു.സെബാഗിനും ഭര്‍ത്താവിനും മൂന്നു കുട്ടികള്‍ക്കും അത് ഏതാനും മാസങ്ങള്‍ മാത്രമാണ്. സാമ്പത്തിക കാരണങ്ങളാല്‍ ഒന്നാലോചിച്ചെങ്കിലും, നിരന്തരം പോയിരുന്ന ഒരു അങ്ങാടിയില്‍ നടന്ന ആക്രമണം അതിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ത്തു.

ഇതുവരെയുണ്ടായിരുന്ന ഒരേയൊരു പരിചിത കുടുംബം നാടുവിട്ട്, ഭാഷയറിയാത്ത, ബന്ധുക്കളും സുഹൃത്തുക്കളുമില്ലാത്ത, ഇടക്കിടെ യുദ്ധഭീതി ആളിക്കത്തുന്ന ഇസ്രയേലിലേക്ക് ഈ വേനലില്‍ അവര്‍ യാത്രയാകും. എല്ലാം ഒന്നില്‍നിന്നും തുടങ്ങണം; സെബാഗിന്റെ മുത്തച്ഛന്‍മാര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പേ ചെയ്തപ്പോലെ.
'മൊറോക്കയില്‍ നിന്നും ടുണീഷ്യയില്‍ നിന്നുമൊക്കെയാണ് അവര്‍ ഇവിടെ വന്നത്. കാരണം ഫ്രാന്‍സ് സുന്ദരമായൊരു രാജ്യമായിരുന്നു,' സെബാഗ് പറഞ്ഞു. 'അവര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചു. ഞങ്ങള്‍ക്ക് നല്ലൊരു ജീവിതമായിരുന്നു ഇന്നുവരെ.'

കോഷര്‍ അങ്ങാടിയില്‍ നടന്ന ആക്രമണം പല ദിവസങ്ങളിലായി നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഒടുവില്‍ ആക്ഷേപഹാസ്യ പത്രം ഷാര്‍ളീ ഹെബ്ദോയിലെ ജീവനക്കാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു.
പക്ഷേ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും അധികം ബാധിച്ചത് അഞ്ചു ലക്ഷത്തോളം വരുന്ന ഫ്രാന്‍സിലെ ജൂതരെയാണ്.

യൂറോപ്പില്‍ എല്ലായിടത്തുമെന്ന പോലെ ഫ്രാന്‍സിലും സെമിറ്റിക് വിരോധം കൂടുകയാണ്. ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം 1100 ഓളം സെമിറ്റിക് വിരുദ്ധ സംഭവങ്ങളുണ്ടായി. 2013 നേക്കാള്‍ ഇരട്ടിയാണിതെന്ന് ഒരു ജൂത സംഘടന പറയുന്നു.

2012ല്‍ ടൂലൗസിലെ ഒരു ജൂത വിദ്യാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഒരു അദ്ധ്യാപകനും 3 വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേലിലേക്കുള്ള ജൂത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ജൂത ഏജന്‍സിയുടെ കണക്ക് പ്രകാരം ഇസ്രയേലിലേക്ക് കുടിയേറുന്ന ഫ്രഞ്ച് ജൂതരുടെ എണ്ണം 2013 വരെ ഏതാണ്ട് പ്രതിവര്‍ഷം 2000 എന്ന നിരക്കിലായിരുന്നു എങ്കില്‍ 2013ല്‍ അത് 3400 ആയി. കഴിഞ്ഞ വര്‍ഷം അത് 7000 ആയി കുതിച്ചുയര്‍ന്നു. ആദ്യമായിട്ടാണ് ഒരു പാശ്ചാത്യ രാജ്യത്തിന്റെ ജൂത ജനസംഖ്യയുടെ 1 ശതമാനത്തിലേറെ ഒരു വര്‍ഷം ഇസ്രയേലിലേക്ക് കുടിയേറുന്നത്. 2015ല്‍ 15,000 ഫ്രഞ്ച് ജൂതര്‍ ഇസ്രയേലിലേക്ക് കുടിയേറുമെന്നാണ് കണക്കാക്കുന്നത്.

മറ്റ് നിരവധിപേര്‍ യു എസ്, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ എന്നിവടങ്ങളിലേക്കും പോകും.

കോഷര്‍ അറവുശാലയില്‍ ഇപ്പൊഴും ചര്‍ച്ച പോകണോ പോകണ്ടയോ എന്നതിനെക്കുറിച്ചാണ്.

'എന്റെ ഭര്‍ത്താവ് തയ്യാറാണ്, പക്ഷേ ഞാന്‍ അല്ല,' കോഴിയെ വാങ്ങവേ ഒരു ചെറുപ്പക്കാരി പറഞ്ഞു. 'ജൂലായില്‍ ഞാന്‍ ടെല്‍അവീവില്‍ പോയിരുന്നു. റോക്കറ്റുകള്‍ കടലില്‍ പതിക്കുന്നതാണ് കണ്ടത്. അവിടെയും സുരക്ഷയുണ്ടെന്ന് എനിക്കു തോന്നുന്നില്ല.'

എവിടെയാണ് ജീവിക്കേണ്ടതെന്ന് താനും ഭാവിവധുവും കൂടി ആലോചിക്കുകയാണെന്ന് അറവുകാരന്‍ 20 വയസുള്ള ആരോന്‍ സുല്‍ത്താന്‍ പറഞ്ഞു. ഇസ്രയേലിലാക്കാണ് നോട്ടം.

'യോം കിപ്പൂര്‍ യുദ്ധകാലത്ത് (1973) ടുണീഷ്യ വിട്ടതാണ് എന്റെ മാതാപിതാക്കള്‍. കൊല്ലാനായി അറബികള്‍ വാതില്‍ക്കലെത്തിയപ്പോള്‍ ഫ്രാന്‍സിലേക്ക് ഓടിരക്ഷപ്പെട്ട കഥ എന്റെ അമ്മ പറയും.'

ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്നു പോകാനാണ് അയാള്‍ ശ്രമിക്കുന്നത്. എന്നാല്‍ അച്ഛനുമമ്മയ്ക്കും ഇഷ്ടമല്ല. ഞാനെന്റെ അമ്മയോട് ചോദിച്ചു,' അതേ സംഗതി ഇവിടെയും ആവര്‍ത്തിക്കാന്‍ നാം കാക്കണോ? കൊല്ലാനായി അറബികള്‍ വാതില്‍ക്കലെത്തും വരെ? പോകുന്നത് വിഷമം തന്നെ, പക്ഷേ സുരക്ഷിതരല്ലെന്ന് തോന്നുംപോല്‍ വേറെ നിവൃത്തിയില്ല,' ആക്രമണസമയത്ത് കടയിലെ നിലത്തു കിടന്നു ഒരുനേരം കഴിച്ചുകൂട്ടിയ സുല്‍ത്താന്‍ പറഞ്ഞു.സിനഗോഗുകളും ജൂത വിദ്യാലയങ്ങളുമടക്കം നിര്‍ണായക കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ പതിനായിരത്തിലേറെ സുരക്ഷാ സേനയെ വിന്യസിച്ചുകൊണ്ടു സര്‍ക്കാര്‍ ജൂതര്‍ക്ക് സുരക്ഷയുടെ ഉറപ്പ് നല്‍കാന്‍ ശ്രമിക്കുന്നു. തെക്കന്‍ നഗരമായ നൈസില്‍ അത്തരമൊരു കേന്ദ്രത്തില്‍ കാവല്‍ നിന്നിരുന്ന മൂന്നു സൈനികരെ ഒരാള്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ആശ്വാസത്തേക്കാളേറെ സൈനികരുടെ സാന്നിധ്യം തങ്ങളുടെ ആശങ്ക നിറഞ്ഞ അവസ്ഥയെക്കുറിച്ചാണ് ജൂതരെ ഓര്‍മ്മപ്പെടുത്തുന്നത്. 'ആശ്വാസത്തേക്കാളേറെ വല്ലാത്ത അസ്വസ്ഥതയാണ്,' സെബാഗ് പറഞ്ഞു. എന്തൊക്കെ ഭീഷണികള്‍ നേരിടുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളെ നോക്കാന്‍ സൈനികരെ വിന്യസിക്കേണ്ട അവസ്ഥ ഇസ്രയേലില്‍ ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു.

നഗര ജനസംഖ്യയുടെ മൂന്നിലൊന്ന് ജൂതരായ ഈ നഗരത്തിന് വലിയൊരു ജൂത പലായനം നാശത്തിലേക്കാണ് നയിക്കുക. പ്രദേശത്തെ പ്രധാന സിനഗോഗിലുള്ള വെള്ളച്ചുമരുകള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഇവിടുണ്ട്.

ജൂത സമുദായത്തിലും മാറ്റങ്ങള്‍ വന്നു. യൂറോപ്യന്‍ വേരുകളുള്ള അഷ്‌കെന്‍സായി ജൂതര്‍ക്ക് പുറമെ വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള സെഫാര്‍ഡിക് ജൂതരും വന്നു.

വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള മുസ്ലീങ്ങളും ഇവിടെ വരാന്‍ തുടങ്ങി. ഫ്രഞ്ച് ജനതയില്‍ 5 ലക്ഷത്തോളമാണ് മുസ്ലീങ്ങള്‍. സെന്റ് മാന്റെയില്‍ പക്ഷേ മുസ്ലീംങ്ങള്‍ ജൂതരേക്കാള്‍ കുറവാണ്. രണ്ടു സമുദായങ്ങളും സൗഹാര്‍ദത്തോടെയാണ് കഴിഞ്ഞിരുന്നത്. ജൂത സമുദായ കേന്ദ്രത്തിന്റെ നേതാവായ ഡോക്ടര്‍ അസൗലിന്റെ കൂടെ ചികിത്സകരായി രണ്ടു പേര്‍ കൂടിയുണ്ട്. ഒരാള്‍ കാത്തലിക്കും മറ്റൊരാള്‍ മുസ്ലീമും.

ഇസ്‌ളാമിക തീവ്രവാദം ഇവിടില്ല എന്നു താമസക്കാര്‍ പറയുന്നു. എന്നാല്‍ ജനുവരി 9നു അവര്‍ മനസിലാക്കിയ പോലെ അത്ര മെച്ചമല്ലാത്ത പ്രാന്തപ്രദേശങ്ങളില്‍ അതുണ്ട് എന്നു അവിടെ വേരുകളുണ്ടായിരുന്ന അക്രമികള്‍ ബോധ്യപ്പെടുത്തി.

'ഇത് ഇറാക്കിലും സിറിയയിലും നിന്നുവന്ന ജിഹാദികളാണെന്ന് പറയാനാവില്ല,' പ്രദേശത്തെ ജൂത പുരോഹിതന്‍ മാര്‍ക് ക്രീഫ് പറഞ്ഞു. ' അവര്‍ ഫ്രഞ്ച് പൗരന്മാരാണ്. അവരിവിടെ പട്ടണപ്രാന്തങ്ങളില്‍ വളര്‍ന്നവരാണ്. ഇവിടത്തെ പള്ളികളില്‍ പോയവര്‍. തങ്ങളുടെ ചിന്താഗതികള്‍ ഇവിടുന്നാണ് പഠിച്ചത്. 'സാമ്പത്തിക, സാംസ്‌കാരിക കാരണങ്ങളാല്‍ ഫ്രാന്‍സ് വിടുന്നെങ്കില്‍ ആകാം, അല്ലാതെ ജൂത വിരോധം ആഗോളമായിരിക്കെ ഭയം മൂലം ഓടിപ്പോകരുതെന്ന് ക്രീഫ് പറയുന്നു.

എന്നാലും ജൂത ചരിത്രത്തിലെ പാഠങ്ങള്‍ വെച്ചുനോക്കിയാല്‍ അപശകുനങ്ങള്‍ക്കിടയില്‍ യൂറോപ്പ് വിടാനുള്ള പ്രവണത കൂടുതലാണ്. 'വ്യക്തിപരമായി എനിക്കെന്റെ സമുദായത്തില്‍ വിശ്വാസമുണ്ട്. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. ഫ്രാന്‍സ് വിടാന്‍ ഉദ്ദേശമില്ലാത്ത അസൗലിന്‍ പറഞ്ഞു. 'പക്ഷേ ഞാനത് പറയുമ്പോഴൊക്കെ ആരെങ്കിലും എന്നെ ഓര്‍മ്മപ്പെടുത്തും, '1933-ല്‍ രണ്ടുതരം ജൂതരുണ്ടായിരുന്നു:ശുഭാപ്തിവിശ്വാസികളും നിരാശാഭരിതരും. നിരാശാഭരിതര്‍ യു എസിലേക്ക് പോയി. ശുഭാപ്തിവിശ്വാസികള്‍ കൊലയറകളില്‍ ഒതുങ്ങി.''


Next Story

Related Stories