ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യം വിട്ട് പോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമലെന്നും രാധാകൃഷ്ണന് ആരോപിച്ചു.
നരേന്ദ്ര മോഡിയെ നരഭോജിയെന്ന് വിളിച്ചതിന് ലഭിച്ച പ്രതിഫലമാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം. സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിനോടുള്ള കമലിന്റെ സമീപനം രാജ്യത്തിന് യോജിച്ചതല്ല. ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നും നീക്കം ചെയ്യണം. ഗാന്ധിജിയ്ക്കും വിവേകാനന്ദനും മദര്‍ തെരേസെയ്ക്കുമൊപ്പം വയ്ക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ വളര്‍ത്തിയ ആളാണ് ചെ. കറുത്തവര്‍ഗ്ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ചെയ്ക്ക് മുസോളിനിയുടെയും ഹിറ്റ്ലര്ക്കുമൊപ്പമാണ് സ്ഥാനം.
ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണ് തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. അതിന് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ വയ്ക്കൂ. ഗോഡ്സെയുടെ ചിത്രം വയ്ക്കുന്നതിനെയും ബിജെപി അംഗീകരിക്കുന്നില്ലെന്ന് രാധാകൃഷ്ണന് പറഞ്ഞു. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.