TopTop
Begin typing your search above and press return to search.

യുദ്ധം ഒരു നഗരത്തെ രണ്ടായി കീറി മുറിക്കുമ്പോള്‍; അലെപ്പോയുടെ കഥ

യുദ്ധം ഒരു നഗരത്തെ രണ്ടായി കീറി മുറിക്കുമ്പോള്‍; അലെപ്പോയുടെ കഥ

ലവ്‌ഡേ മോറിസ്
(വാഷിങ്ടണ്‍ പോസ്റ്റ്)

അഞ്ചുവര്‍ഷത്തെ സംഘര്‍ഷങ്ങള്‍ സിറിയയെ കീറിമുറിച്ചുകഴിഞ്ഞു. ഏറ്റവും വലിയ ജനവാസകേന്ദ്രമായ അലെപ്പോയില്‍ ഇതിന്റെ തീവ്രത ഏറെ ദൃശ്യമാണ്. അയല്‍പ്രദേശങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു ഇവിടെ.

നഗരത്തിന്റെ ഇരുപാതികളും തമ്മില്‍ താരതമ്യം പോലും സാധ്യമല്ല. ഒരു പാതിക്കുള്ള മേല്‍ക്കൈ ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാകുകയും ചെയ്യും.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നഗരഭാഗത്ത് കുടുംബങ്ങള്‍ ഉല്ലാസയാത്രകള്‍ നടത്തുകയും കുട്ടികള്‍ പോപ്‌കോണും ബലൂണുകളും വാങ്ങാന്‍ നിരക്കുകയും ചെയ്യുന്നു. ഏതാനും മൈല്‍ അപ്പുറത്ത് വിശാലമായ സര്‍വകലാശാലാ ക്യാംപസില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. നഗരത്തില്‍ സിനിമാ ഹാളില്‍ പുതിയ ഹോളിവുഡ് സിനിമകള്‍. വൈകുന്നേരങ്ങളില്‍ റസ്റ്ററന്റുകള്‍ നിറയുന്നു.യുദ്ധം കൊണ്ടുവരിക മരണവും അസ്വസ്ഥതകളുമാണ്. എങ്കിലും ഇവിടെ ജീവിതം അതിശയകരമാംവിധം സാധാരണമായി തുടരുന്നു.

സിറിയന്‍ യുദ്ധകാലത്ത് ലോകം അലെപ്പോയെ കണ്ടത് ഇങ്ങനെയായിരുന്നില്ല. കെട്ടിടാവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകള്‍, കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍, വ്യോക്രമണങ്ങളില്‍ ജീവനറ്റ ശരീരങ്ങള്‍ - അത് റിബലുകളുടെ നിയന്ത്രണത്തിലുള്ള അലെപ്പോ അയിരുന്നു.

ഇവിടെ നിയന്ത്രണത്തിലുള്ള സായുധസംഘങ്ങളുടെ ഒരു കൂട്ടം ഈയിടെ വെടിനിര്‍ത്തലിനുമുന്‍പ് നഗരം വളഞ്ഞ് ക്രൂരമായി ആക്രമണം നടത്തി. യുദ്ധഭൂമിക്കു നടുവില്‍ പഴയ അലെപ്പോ നഗരം ചിന്നിച്ചിതറിക്കഴിഞ്ഞു. നഗരത്തിനുള്ളില്‍ ഇപ്പോള്‍ അഗ്നിക്കിരയാക്കപ്പെട്ടുകഴിഞ്ഞ മാര്‍ക്കറ്റുകള്‍ക്കു മുകളില്‍ പ്രശസ്തമായ കമാനമേല്‍ക്കൂരയുള്ള 13ാം നൂറ്റാണ്ടിലെ കോട്ട ഇന്ന് സിറിയന്‍ പട്ടാളത്താവളമാണ്.

യുദ്ധത്തിനു മുന്‍പ് 30 ലക്ഷം ആളുകള്‍ വസിച്ചിരുന്ന നഗരത്തിനുചുറ്റും സര്‍ക്കാര്‍ അനുകൂലസേനകള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഈയിടെയുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്നാണ് സര്‍ക്കാന്‍ സേന ഈ നീക്കം തുടങ്ങിയത്. സര്‍ക്കാര്‍ നിയന്ത്രിത ഭാഗത്തേക്കുളള ഏക റോഡ് സുരക്ഷിതമാക്കാനാണ് അവരുടെ ശ്രമം.അവിടെയെത്തണമെങ്കില്‍ പ്രത്യേക അനുമതി വേണം. മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ അനുകൂലികള്‍ അനുഗമിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഗങ്ങള്‍ മാത്രമേ കാണാനാകൂ. ഉദ്യോഗസ്ഥതലത്തിലുള്ള കടമ്പകള്‍ക്കു പുറമെ ആക്രമണങ്ങളില്‍ മുറിഞ്ഞ റോഡും യാത്രയ്ക്കു വിഘാതമാകുന്നു.


സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍നിന്ന് അലെപ്പോയിലേക്കുള്ള യാത്ര ദീര്‍ഘമായിരുന്നു. മുന്‍പ് നാലുദിവസമെടുത്തിരുന്നു എങ്കില്‍ ഇപ്പോള്‍ അതിന്റെ ഇരട്ടി സമയമെടുക്കുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രധാന ഹൈവേ ഒഴിവാക്കി വളഞ്ഞ വഴിയിലൂടെയായിരുന്നു യാത്ര.

അലെപ്പോയില്‍ നിന്ന് 30 മൈല്‍ തെക്കുകിഴക്കുള്ള ഖനാസറില്‍ അല്‍ ഖൈദ സഖ്യകക്ഷിയായ ജഭാത് അല്‍ നസ്‌റയ്ക്കാണ് റോഡിന്റെ ഒരു വശത്തെ നിയന്ത്രണം. മറുവശത്ത് ഇസ്ലാമിക് സ്‌റ്റേറ്റും. കഴിഞ്ഞ മാസം മൂന്നു ട്രക്ക് ബോംബുകളാണ് ഇവിടെ ആക്രമണം നടത്തിയത്. ഇരുകൂട്ടരും ചുറ്റുമുള്ള മലകളില്‍നിന്നാണു മുന്നേറിയതെന്നെു പട്ടാളക്കാര്‍ പറയുന്നു.

ഒരു വര്‍ഷത്തോളമായി റോഡ് മിക്കവാറും സമയം തുറന്നാണ്. സര്‍ക്കാര്‍ നിയന്ത്രിത അലെപ്പോയിലെ ആളുകള്‍ പറയുന്നതനുസരിച്ച് കാര്യങ്ങള്‍ മെച്ചപ്പെടുകയാണ്.

മൂന്നുമാസത്തോളം വെള്ളമില്ലാതിരുന്ന ഇവിടെ മിക്കയിടത്തും കഴിഞ്ഞമാസം ജലവിതരണം പുനഃസ്ഥാപിച്ചു. ഇപ്പോഴും വൈദ്യുതിയില്ല. ജനറേറ്ററുകള്‍ മാത്രമാണ് ആശ്രയം.അകലെനിന്നുള്ള സ്‌ഫോടനശബ്ദങ്ങളും പട്ടാള യൂണിഫോമിലുള്ള ചെറുസംഘങ്ങളും തൊട്ടടുത്തെത്തിയിരിക്കുന്ന നാശത്തിന്റെ സൂചന തരുന്നു.

സിറിയയിലെ യുദ്ധത്തിന് മതഭിന്നതയുടെ മുഖമാണ്. പ്രസിഡന്റ് ബഷാര്‍ അല്‍ ആസാദിന്റെ ഷിയ ഭരണകൂടത്തെ എതിര്‍ക്കുന്നത് സുന്നികളാണ്. ലെബനന്‍, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഷിയ സേനകളുടെ പിന്തുണ ആസാദിനുണ്ട്. വര്‍ഗവ്യത്യാസവും പ്രധാനഘടകമാണ്. അലെപ്പോയില്‍ ഭൂരിപക്ഷം സുന്നികള്‍ക്കാണ്. സിറിയയുടെ പ്രധാന വ്യവസായ നഗരവുമാണ്. ഇവിടെ പടിഞ്ഞാറന്‍ മേഖലകളിലെ സമ്പന്നര്‍ ഭരണകൂടത്തിനൊപ്പമാണ്. റിബലുകള്‍ക്കു നിയന്ത്രണമുള്ളത് ദരിദ്രരുടെ മേഖലകളിലാണ്.

നഗരത്തിലെ സമ്പന്നമേഖലയായ അല്‍ അസീസിയയിലെ ഫോറെസ്റ്റ കഫേയില്‍ ഹദീല്‍ കസബ്ജി കുടുംബത്തോടൊപ്പം വൈകുന്നേരം ചെലവിടുകയാണ്. വൈദ്യുതിയില്ലാത്തത് വലിയ പ്രശ്‌നമാണെന്ന് അവര്‍ പറയുന്നു. ' ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളെപ്പറ്റി ആശങ്കപ്പെടേണ്ട അവസ്ഥയാണിപ്പോള്‍ ഇവിടെ.'

വഴി കുറച്ചുകൂടി പിന്നിടുമ്പോള്‍ അല്‍ സഹ്‌റാ സിനിമയില്‍ ' ലണ്ടന്‍ ഹാസ് ഫാളന്‍' എന്ന സിനിമ കണ്ടിറങ്ങുന്നു അന്‍പതോളം പേര്‍. ജെറാര്‍ഡ് ബട്‌ലറും മോര്‍ഗന്‍ ഫ്രീമാനും മുഖ്യവേഷമിട്ട ചിത്രത്തിന്റെ പ്രമേയവും ഭീകരാക്രമണമാണ്.
' ജീവിതം ബുദ്ധിമുട്ടാണ്,' സിനിമ കണ്ടിറങ്ങിയവരില്‍ ഒരാളായ റാഫി ബലാബാന്‍ പറഞ്ഞു. ' ഇവിടെ സാധാരണ ജീവിതമില്ല'. യൂറോപ്പിലേക്കും മറ്റുമായി കുടിയേറിയ പലരെയും പോലെ ഇവിടം വിടാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയാണെന്ന് റാഫിയുടെ ഭാര്യ നോറോര്‍ പറയുന്നു.

സിറിയയിലെ കലാപം അലെപ്പോയിലെത്തിയത് വളരെ വൈകിയാണ്. വിപ്ലവത്തിന്റെ ആദ്യവര്‍ഷം മറ്റു സ്ഥലങ്ങള്‍ പ്രശ്‌നബാധിതമായപ്പോഴും അലെപ്പോ ശാന്തമായിരുന്നു. നഗരത്തിലെ യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷം മുന്‍പ് വന്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയപ്പോള്‍ അവയ്‌ക്കെതിരെ കടുത്ത നടപടികളും കൂട്ട അറസ്റ്റുകളുമുണ്ടായി.

ഭീകരരെ പിന്താങ്ങിയ ചില വിദ്യാര്‍ത്ഥികളാണു പ്രശ്‌നമുണ്ടാക്കിയതെന്നാണ് സര്‍വകലാശാല വൈസ് പ്രസിഡന്റ് കമാല്‍ ഖൗദുരിയുടെ വാദം. പ്രശ്‌നക്കാര്‍ സ്വമേധയാ വിട്ടുപോയെന്നും ഖൗദുരി പറയുന്നു.

ഇന്ന് അസാദിന്റെ നിരവധി ചിത്രങ്ങള്‍ക്കിടയില്‍ സര്‍വകലാശാല ജീവിതം തുടരുന്നു. യുദ്ധത്തിനുമുന്‍പ് 160,000 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 120,000 പേരേയുള്ളൂ. ഇപ്പോഴും സുഡാന്‍, ലെബനന്‍, ഛാഡ്, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികളെത്തുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍വകലാശാലയിലും അക്രമങ്ങളുണ്ടായി. കാര്‍ ബോംബുകളും റോക്കറ്റ് ആക്രമണവും. 35000 അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസസ്ഥലത്തുണ്ടായ പീരങ്കി ആക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും മരിച്ചത് കഴിഞ്ഞ മാസമാണ്.

സുക്കാരി എന്ന റിബല്‍ നിയന്ത്രിത പ്രദേശത്തുനിന്നുള്ള സമീറ ഹമീദിന്റെ തൊട്ടടുത്ത മുറിയിലാണ് ആക്രമണം നടന്നത്. റിബല്‍ നിയന്ത്രണമുള്ള പ്രദേശങ്ങളില്‍നിന്ന് അഞ്ചുലക്ഷത്തോളം ആളുകള്‍ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

സമീറ ഹമീദിനൊപ്പം 13 കുടുംബാംഗങ്ങളുമുണ്ട്. ' ഞാന്‍ എപ്പോഴും എന്റെ വീടിനെപ്പറ്റി ഓര്‍ക്കുന്നു. ഞാന്‍ മടുത്തുകഴിഞ്ഞു. എന്റെ വീട് പൂര്‍ണമായും നശിപ്പിക്കപ്പെട്ടുവെന്ന് ആരോ എന്നോടു പറഞ്ഞു. പക്ഷേ എനിക്കറിയില്ല,' ഉപേക്ഷിക്കേണ്ടിവന്ന ഓമനമൃഗത്തിനു പകരമെത്തിയ ഒരു പൂച്ചക്കുട്ടിയെ താലോലിച്ചുകൊണ്ട് സമീറ പറഞ്ഞു.

തൊട്ടടുത്ത് യുഎന്‍ പിന്തുണയുള്ള ഒരു സ്‌കൂള്‍ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. അടുത്തുതന്നെ ക്ലിനിക്കുമുണ്ട്. റിബലുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ രാജ്യാന്തരസഹായമെത്തുന്നതിന് സര്‍ക്കാര്‍ തടസം നില്‍ക്കുന്നതായി ആരോപണമുണ്ട്.

' മിക്ക മരുന്നുകളും കിട്ടാറുണ്ട്,' ക്ലിനിക്കിലെ മെഹ്ദി അക്താ പറഞ്ഞു. അലെപ്പോ മരുന്നുവ്യാപാരരംഗത്ത് പ്രശസ്തമാണ്. ഇപ്പോഴും മിക്ക മരുന്നുകളും പ്രാദേശികമായി ഉണ്ടാക്കുന്നവയാണ്. മിക്ക ഫാക്ടറികളും റിബല്‍ പ്രദേശങ്ങളിലാണെങ്കിലും.
മറ്റ് അവശ്യസാധനങ്ങളുടെ ഉത്പാദനത്തിലെന്നപോലെ മരുന്നുകളുടെ കാര്യത്തിലും സര്‍ക്കാരും റിബലുകളും തമ്മിലുള്ള ധാരണ ഫാക്ടറികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. ' മരുന്നുകള്‍ ഇവിടെ എത്തിക്കുന്നതിന് നികുതി എന്ന പേരില്‍ ഭീകര സംഘടനകള്‍ പണം ഈടാക്കുന്നു,' അക്താ പറയുന്നു. റിബലുകളും ഐഎസ് ഭീകരരും കയ്യടക്കി വച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാരും ഇവരുമായുള്ള അസംഖ്യം ഇടപാടുകളില്‍ ചിലതാണിവ.

നഗരത്തിലെ ബസ് സ്റ്റേഷനും യുദ്ധത്തിനിടയില്‍പ്പെട്ടു കിടക്കുന്നു. ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ബാബിലേക്കും റിബല്‍ നിയന്ത്രണത്തിലുള്ള അല്‍ഷാറിലേക്കും ബസുകള്‍ യാത്ര പുറപ്പെടുന്നു. യാത്രക്കാര്‍ സംസാരിക്കാന്‍ ഭയപ്പെടുന്നു.

റിബല്‍ മേഖലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാമാസവും ശമ്പളം വാങ്ങാന്‍ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലെത്തുന്നു. ഇവരാണ് യാത്രക്കാരില്‍ ചിലര്‍.

റിബലുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതാണ് സൈനിക നടപടിയെക്കാള്‍ പ്രശ്‌നം തീര്‍ക്കാന്‍ എളുപ്പമെന്ന് റിട്ട. ആര്‍മി ജനറല്‍ ബ്രിഗേഡിയര്‍ സാമി ഷിഹ പറയുന്നു.

'കഴിഞ്ഞ ആഴ്ചകളില്‍ ആയുധങ്ങള്‍ താഴെവയ്ക്കാനും ഒത്തുതീര്‍പ്പുണ്ടാക്കാനും ആവശ്യപ്പെട്ട് എല്ലാ ഭീകരസംഘടനകള്‍ക്കും സന്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഈ സംഘങ്ങളോട് ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടാനും ഞങ്ങള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.'
ഇസ്ലാമിക് സ്റ്റേറ്റിനെയും ജഭാത് അല്‍ നുസ്‌റയെയും അടിച്ചമര്‍ത്തുകതന്നെ വേണമെങ്കിലും മറ്റ് സംഘങ്ങള്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് മദ്ധ്യസ്ഥനായ ഗോത്രനേതാവ് ഷേക്ക് ഷരീഫ് മാര്‍ട്ടിനി പറയുന്നു. 'ഇതെല്ലാം പണം കൊണ്ടു പരിഹരിക്കാവുന്നതേയുള്ളൂ.'

സര്‍ക്കാര്‍ നിയന്ത്രിത അലെപ്പോയുടെ പ്രഥാന വീഥികളില്‍ യുദ്ധത്തിന്റെ ലക്ഷണമൊന്നുമില്ല. എന്നാല്‍ യുദ്ധപ്രദേശങ്ങളില്‍ മോസ്‌കോയും വാഷിങ്ടണും ചേര്‍ന്ന് നേടിയെടുത്ത താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആശ്വാസം നല്‍കുന്നു.

പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിച്ചുണ്ടാക്കിയ ചില ബോംബുകള്‍ നാശമുണ്ടാക്കുന്നുണ്ട്. ഹാഗോപ് ചോറൂക്കിയാന്‍ എന്ന അര്‍മീനിയന്‍ കച്ചവടക്കാരനു വീട് നഷ്ടമായത് രണ്ടു വര്‍ഷം മുന്‍പ് ഒരു നാടന്‍ ബോംബ് ആക്രമണത്തിലാണ്. മിഡാന്‍ പ്രദേശത്തുള്ള ആ കെട്ടിടത്തിലുണ്ടായിരുന്ന ഒരു സ്ത്രീയും രണ്ടു കുട്ടികളും സംഭവത്തില്‍ കൊല്ലപ്പെട്ടു.

മറ്റൊരിടത്തേക്ക് താമസം മാറിയെങ്കിലും ജോലിക്കായി ചോറൂക്കിയാന്‍ പ്രതിദിനം ഇവിടെയെത്തുന്നു. ചോറൂക്കിയാന്റെ നാലുവയസുകാരായ ഇരട്ടക്കുട്ടികള്‍ തെരുവില്‍ കളിക്കുന്നു. വെടിനിര്‍ത്തലിനുമുന്‍പ് ഇത് സാധ്യമായിരുന്നില്ലെന്ന് ചോറൂക്കിയാന്‍ പറയുന്നു. അക്കാലത്ത് രണ്ടോ മൂന്നോ ഷെല്ലുകള്‍ ദിവസവും ഇവിടെ വീണിരുന്നു. ഇപ്പോള്‍ രണ്ടാഴ്ചയ്ക്കിടെ ഒന്നോ രണ്ടോ മാത്രമായി.

വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഇല്ലാതില്ല. കുട്ടികള്‍ കളിക്കുന്ന സ്ഥലത്തുനിന്ന് കഷ്ടിച്ച് ഒരു മൈല്‍ മാത്രം അകലെ റിബലുകള്‍ കുര്‍ദ് പ്രദേശമായ ഷേക്ക് മാക്‌സൗദ് ആക്രമിക്കുന്നു. അതേസമയം രണ്ടുമൈല്‍ തെക്ക് സാല്‍ഹിനില്‍ സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

മറുവശത്ത് എന്താണു സംഭവിക്കുന്നതെന്നാണു ചിന്തയെന്ന് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ സൂസന്‍ അല്‍ അല്ലാവി പറഞ്ഞു. റിബലുകളുടെ കയ്യിലുള്ള അല്‍ ഷാറില്‍നിന്ന് നാലുവര്‍ഷം മുന്‍പ് രക്ഷപെട്ടതാണ് സൂസന്റെ കുടുംബം. കുടുംബവീട് ഇപ്പോഴുമുണ്ടെന്ന് മുന്‍ അയല്‍ക്കാര്‍ അറിയിച്ചെങ്കിലും അവിടെ സ്ഥിതി മോശമാണെന്നു സൂസന്‍ പറയുന്നു.

' അതിനെക്കാള്‍ ആയിരം മടങ്ങ് ഭേദമാണ് ഇവിടെ. രണ്ടും താരതമ്യം ചെയ്യാന്‍ പോലുമാകില്ല.'


Next Story

Related Stories