TopTop
Begin typing your search above and press return to search.

ഉള്‍വനത്തിലെ അതിജീവന പാഠങ്ങള്‍

ഉള്‍വനത്തിലെ  അതിജീവന പാഠങ്ങള്‍

പോള്‍ ആബെര്‍ക്രോംബി
(വാഷിങ്ടണ്‍ പോസ്റ്റ്)

യാത്ര ചെയ്യാനിഷ്ടപ്പെടുന്ന പല മടിയന്മാരെയും പോലെ പുറപ്പെടേണ്ട ദിവസം രാവിലെ മാത്രം ഒരുക്കങ്ങള്‍ തുടങ്ങുന്ന ഒരാളാണ് ഞാന്‍. റിസര്‍വേഷനുകളെല്ലാം ചെയ്യുക എന്റെ ഭാര്യയാകും.

കുടുംബത്തോടൊത്തുള്ള മിക്ക അവധിക്കാലങ്ങളിലും ഈ സമീപനം കുഴപ്പമില്ലാതെ നടന്നു. എന്നാല്‍ അടുത്ത വസന്തകാലത്ത് ക്യാംപിങ്ങിനു പോകണമെന്ന് പതിമൂന്നുകാരനായ മകന്‍ ഇവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടെന്റും സ്ലീപ്പിങ് ബാഗുകളും കണ്ടെടുക്കുക മാത്രം ചെയ്താല്‍ മതിയാകില്ലെന്ന് എനിക്കു മനസിലായി.

ഇവാനൊപ്പം മുന്‍പും ഞാന്‍ ക്യാംപിങ്ങിനു പോയിട്ടുണ്ട്. പക്ഷേ അവയെല്ലാം ക്യാംപിങ് സൈറ്റുകളിലായിരുന്നു. റിസര്‍വ് ചെയ്ത ക്യാംപിങ് കേന്ദ്രങ്ങളും അടുത്ത് ബാത്‌റൂമുകളും ഉള്ള സ്ഥലങ്ങളില്‍. കുട്ടിയായിരുന്നപ്പോള്‍ പലപ്പോഴും പുറത്ത് ഉറങ്ങുക എന്റെ ശീലമായിരുന്നു. മുതിര്‍ന്നവര്‍ ആരും ഒപ്പമില്ലാതെ മെയ്ന്‍ വുഡ്‌സില്‍ കൂട്ടുകാരൊത്ത് ചെലവിട്ട ഒരാഴ്ചയും ഇതില്‍പ്പെടും.

എന്നാല്‍ മറ്റു മനുഷ്യരില്‍നിന്നും വൈദ്യുതിയില്‍നിന്നും അകന്ന് കാടിനുള്ളിലേക്കുള്ള ക്യാംപിങ്ങിനു പുറപ്പെടാന്‍ ഈ അനുഭവങ്ങളൊന്നും മതിയാകില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാടുകയറാനുള്ള എന്റെ കഴിവുകള്‍ തേച്ചുമിനുക്കിയെടുത്തേ തീരൂ.

ടെംപയിലെ എന്റെ വീട്ടില്‍നിന്ന് രണ്ടുമണിക്കൂര്‍ യാത്ര ചെയ്ത് ഓഗസ്റ്റിലെ ഒരു പ്രഭാതത്തില്‍ ഞാന്‍ ഒക്കാല നാഷനല്‍ ഫോറസ്റ്റിലെത്തിയത് അതിനാണ്. ഇവിടെ നടക്കുന്ന മൂന്നുദിവസത്തെ 'വന്യത അതിജീവിക്കല്‍ കോഴ്‌സി'ല്‍ എനിക്കൊപ്പം ഏഴു മുതിര്‍ന്ന 'വിദ്യാര്‍ഥികള്‍' കൂടിയുണ്ട്. യുഎസ് വായുസേനയുടെ പ്രശസ്തമായ ' സര്‍വൈവല്‍, ഇവേഷന്‍, റെസിസ്റ്റന്‍സ് ആന്‍ഡ് എസ്‌കേപ്പ് (എസ്ഇആര്‍ഇ)' മുന്‍ പരിശീലകന്‍ ബൈറണ്‍ കേണ്‍സാണ് അദ്ധ്യാപകന്‍.

മൂന്നുദിവസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തുംമുന്‍പ് ഞാന്‍ ചെയ്ത കാര്യങ്ങള്‍: തകര്‍ന്ന ഷവര്‍ഹെഡ്‌പോലെ രാത്രിമഴയില്‍ ചോരുന്നൊരു ഷെല്‍ട്ടര്‍, ചരിത്രാതീത മനുഷ്യര്‍പോലും പരിഹസിച്ചു ചിരിച്ചേക്കാവുന്ന തരം ഉപകരണങ്ങള്‍. ഭക്ഷണവും ഉറക്കവും വളരെ കുറവ്.എന്നാല്‍ കുടുംബത്തോടു പറഞ്ഞത് ഇങ്ങനെ: ഞാന്‍ ഒരുപാടുകാര്യങ്ങള്‍ പഠിച്ചു. ആഘോഷമായി സമയം ചെലവിട്ടു!

600 ഏക്കറോളം വരുന്ന പൈന്‍ വനത്തിന്റെ അതിരിലുള്ള പാര്‍ക്കിങ് സ്ഥലത്ത് രാവിലെ എത്തുന്നതുമുതല്‍ പാഠങ്ങള്‍ ആരംഭിക്കുകയാണ്. ഏറ്റവും കുറച്ചുസാധനങ്ങള്‍ ഉപയോഗിക്കുന്ന ക്ലാസാണിത്. കുറച്ചുമാത്രം ഭക്ഷണം. ബാക്ക് പാക്കുകളില്ല, ടെന്റുകളും. സ്ലീപ്പിങ് ബാഗുകള്‍, തീപ്പെട്ടികള്‍ എന്നിവയും പുറത്തുതന്നെ. ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്: ഒരു കത്തി, ഒരു വലിയ വര്‍ണപ്പകിട്ടാര്‍ന്ന തൂവാല, മഴക്കോട്ട്, തീയുണ്ടാക്കാനുള്ള പാറക്കഷണം. 'ബെയര്‍ ബോണ്‍സ് കോഴ്‌സി'ല്‍ നിഷിദ്ധമായിരുന്ന കൊതുകുവലകള്‍ ഇപ്പോള്‍ അനുവദനീയമാണെന്നതു ഭാഗ്യം.

ഈ സാധനങ്ങളൊക്കെ അരമൈല്‍ ദൂരെയുള്ള ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പ്ലാസ്റ്റിക് കയറും മഴക്കോട്ടും ഉപയോഗിച്ച് ഒരു സഞ്ചിയുണ്ടാക്കണം. സഹപാഠികളുടെയൊക്കെ സഞ്ചികള്‍ ചതുരവടിവിലാണ്. എന്റെതാകട്ടെ ചവച്ചുതുപ്പിയ ച്യൂയിങ് ഗം പോലെ തോന്നി. ബൈറണ്‍ നിരാശയൊന്നും പുറത്തുകാണിച്ചില്ല. പകരം അതു നേരെയാക്കാന്‍ എന്നെ സഹായിച്ചു. പിന്നീട് എനിക്കു വേണ്ടിവന്ന നിരവധി സഹായങ്ങളില്‍ ആദ്യത്തേത്.

പരിശീലനകേന്ദ്രമായ ഓക്കുമരത്തണല്‍ നിറഞ്ഞ പ്രദേശത്തെത്തുമ്പോള്‍ ഏതുപ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാന്‍ അത്യാവശ്യം മനോധൈര്യമാണെന്ന് ബൈറണ്‍ പറയുന്നു. ജീവിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചാല്‍ നിങ്ങള്‍ മരിച്ചുകഴിഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ മനഃപാഠമാക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്. അനേകം പ്രായോഗിക നിര്‍ദേശങ്ങള്‍ക്കൊപ്പം സ്വന്തം അനുഭവങ്ങളും ബൈറണ്‍ പങ്കുവയ്ക്കുന്നു. മിക്കവരും ഇവയൊക്കെ കുറിച്ചെടുക്കുന്നുണ്ട്.

സാധാരണ പ്ലാസ്റ്റിക് ഷീറ്റിനെ എങ്ങനെ സുഖകരമായൊരു ഷെല്‍ട്ടറാക്കി മാറ്റാമെന്നതാണ് ആദ്യദിവസത്തെ പാഠങ്ങളിലൊന്ന്. മഴവെള്ളം ശേഖരിക്കുന്ന ഒരു പാത്രമായും ഇതിനെ ഉപയോഗിക്കാം. രാത്രിയാകുമ്പോഴേക്ക് ഭക്ഷണം കഴിക്കാനുപയോഗിക്കാവുന്ന ഒരു ഉപകരണം ഉണ്ടാക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം കിട്ടി. എന്റെ മനസ് വായിച്ചിട്ടെന്നപോലെ ബൈറന്‍ പറഞ്ഞു: ചോപ്സ്റ്റിക്കുകള്‍ പരിഗണിക്കപ്പെടില്ല!ആദ്യദിവസം രാത്രി ബൈറന്‍ പറഞ്ഞു: ഘര്‍ഷണം മാത്രം കൊണ്ട് തീയുണ്ടാക്കാനാകും. ' തീയില്ലെങ്കില്‍ ചൂടുള്ള ഭക്ഷണമോ പാനീയങ്ങളോ ഇല്ല'. ഓരോരുത്തര്‍ക്കും ലഭിച്ച മിതമായ ഭക്ഷണശേഖരത്തിലേക്ക് ഞാന്‍ നോക്കി. രാമെന്‍ നൂഡില്‍സ്, രണ്ട് ക്ലിഫ് ബാറുകള്‍... സഹപാഠിയായ മിഷ് ബൈറന്റെ പ്രേരണയില്‍ തീയുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. ബോയ് സ്‌കൗട്ട് മാനുവലുകളിലും ശനിയാഴ്ച രാവിലത്തെ കാര്‍ട്ടൂണുകളിലും മാത്രം കണ്ടിട്ടുള്ള ഹാന്‍ഡ് ഡ്രില്ലും വില്ലും ഉപയോഗിച്ചുള്ള ശ്രമം അല്‍പം പുകയില്‍ അവസാനിച്ചു, മിഷിന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികളിലും.

തീയുണ്ടാകണമെങ്കില്‍ അടുപ്പിന്റെ താഴെയുള്ള കുഴി മരപ്പൊടി കൊണ്ടു നിറഞ്ഞിരിക്കണമെന്ന് ബൈറന്‍ പറയുന്നു. ഇത് കത്തും. കനല്‍ ഓറഞ്ചുനിറമാകുമ്പോള്‍ ഇതിനെ കൂട്ടിലേക്കു വയ്ക്കാം. മിഷ് പനമരങ്ങളുടെ ഉണക്കയിലകളിലേക്ക് ഒരു ചെറുനാളത്തെ വയ്ക്കുന്നു. ഒരുനിമിഷത്തിനു ശേഷം അഗ്നി ജ്വലിച്ചു. എല്ലാവരും ആരവമുണ്ടാക്കി, മുഷ്ടി ചുരുട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

എരിയുന്ന തീയ്ക്കു മുന്നില്‍ രാമെന്‍ നൂഡിലുകളുമായി ഞങ്ങള്‍ കൂട്ടംകൂടി. സഹപാഠികളുടെ കയ്യിലെ മനോഹരമായ ഫോര്‍ക്കുകള്‍ കണ്ടപ്പോള്‍ ഞാനുണ്ടാക്കിയ ഫോര്‍ക്ക് വെറും തടിക്കഷണമായി എനിക്കുതോന്നി.

സഹപഠിതാക്കളില്‍ മിക്കവരും ക്യാംപ്‌വിദഗ്ധരും മലകയറ്റക്കാരുമാണെന്ന് എനിക്കു മനസിലായി. ഒരാള്‍ ബൈറന്റെ മറ്റൊരു ക്ലാസില്‍ പങ്കെടുത്തിട്ടുമുണ്ട്. നാവികസേനാംഗങ്ങള്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍, അഭിഭാഷകര്‍, വിരമിച്ച ലൈബ്രേറിയന്‍മാര്‍ എന്നിങ്ങനെ അനേകര്‍ക്ക് ദശകങ്ങളായി ക്ലാസ് എടുക്കുന്നയാളാണ് ബൈറണ്‍. സാങ്കേതിക സ്ഥാപനങ്ങളില്‍ പകല്‍ജോലി ചെയ്യുന്നവരായിരുന്നു എന്റെ സഹപാഠികളെല്ലാം. ദിവസം മുഴുവന്‍ ഓഫിസിലിരുന്നുള്ള ജോലിക്ക് മറുമരുന്നാണ് കാടുകയറ്റമെന്നാണ് അവരുടെ പക്ഷം.

പാമ്പുകടിച്ചാല്‍ തിരിച്ചറിയാനും അതിനു ചികില്‍സ നല്‍കാനും മറ്റ് പല വനജീവിത പ്രശ്‌നങ്ങളെയും അതിജീവിക്കാനുമുള്ള പാഠങ്ങള്‍ തീയുടെ അടുത്തുനിന്നു മാറാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ മിന്നലിനൊപ്പം വരുന്ന മഴയുടെ സാധ്യത ടെന്റിലേക്കു മടങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നു.

ഷെല്‍ട്ടറിന്റെ പ്ലാസ്റ്റിക് കൂരയിലൂടെ കാണുന്ന മിന്നലുകള്‍ മഴയുടേതല്ല, മിന്നാമിനുങ്ങുകളുടേതാണെന്ന് ഞാന്‍ ആഹ്ലാദത്തോടെ തിരിച്ചറിയുന്നു. കുട്ടിക്കാലത്തിനുശേഷം ഞാന്‍ ഇവയെ കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ മിന്നാമിനുങ്ങുകള്‍ മാത്രമായിരുന്നില്ല സന്ദര്‍ശനത്തിനെത്തിയ ജീവികള്‍. നേരം പുലര്‍ന്നപ്പോഴേക്ക് മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്ന് കൊതുകുവലയാണെന്ന കാര്യത്തില്‍ എനിക്കു സംശയമേ ഉണ്ടായിരുന്നില്ല.

പുതിയ പാഠങ്ങളും വെല്ലുവിളികളുമായാണ് രണ്ടാംദിവസം വന്നത്. കവണ ഉണ്ടാക്കി അതുകൊണ്ട് ഒരു മുയലിനെ കൊല്ലുകയും ഇറച്ചി പാകം ചെയ്യുകയും രാത്രി വനത്തില്‍നിന്നുലഭിക്കുന്ന വസ്തുക്കള്‍ - മരങ്ങളും കരിയിലകളും - മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ഷെല്‍ട്ടറില്‍ ഉറങ്ങുകയും ചെയ്യുമെന്ന് ഹോട്ട് ചോക്കലേറ്റും കോഫിയുമടങ്ങിയ പ്രഭാതഭക്ഷണത്തിനിടെ ബൈറന്‍ ഞങ്ങളോടു പറയുന്നു.

ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടേറിയതുമായ കാര്യം ആദ്യം ചെയ്യണം - ഷെല്‍ട്ടറുകള്‍. എല്ലാക്കാര്യങ്ങളുമെന്ന പോലെ ഇതും വിലയിരുത്തപ്പെടുമെന്ന് ബൈറന്‍ പറയുന്നു. അതിനാല്‍ നന്നായി ഉണ്ടാക്കുക, പക്ഷേ ഒരു ഹോട്ടല്‍ നിര്‍മിക്കാന്‍ ശ്രമിക്കരുത്!

അടുത്ത മണിക്കൂറുകളില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നു. കോഴ്‌സിനു മുന്‍പുള്ള ഹോംവര്‍ക്ക് എന്ന നിലയ്ക്ക് പഠിച്ചിരുന്ന ഒരു ഡസനോളം തരം കെട്ടുകളില്‍ ഒന്നുപോലും ഓര്‍മകളില്‍ ഇല്ല എന്ന കാര്യം മനസിലാക്കുന്നു. നൂതന ശാപവാക്കുകള്‍ പ്രവഹിക്കുന്നു.

നാലു കുഴിയെടുത്ത് അതില്‍ നാല് മരക്കമ്പുകള്‍ നാട്ടുന്നു. ഇവയ്ക്കു മുകളില്‍ മേല്‍ക്കൂരയ്ക്കായി നീളമേറിയതും വണ്ണം കുറഞ്ഞതുമായ മറ്റ് നാല് കമ്പുകള്‍. ഇതിനുംമുകളില്‍ പെരുംജീരകച്ചെടി തുടങ്ങി ഔഷധഗുണമുള്ള സസ്യങ്ങളുടെ ശാഖകള്‍ നിരത്തുന്നു. ഇവയിലെ സ്വാഭാവികരാസവസ്തുക്കള്‍ കൊതുകിനെ തുരത്തുമെന്നത് സഹപാഠികളിലൊരാള്‍ തന്ന അറിവാണ്. ഇവ മേല്‍ക്കൂരയാക്കിയത് ഒരു ബുദ്ധിപരമായ തീരുമാനമെന്ന് എനിക്കുതന്നെ തോന്നുന്നു.

ഉച്ചയാകുമ്പോഴേക്ക് എന്റെ മടക്കുകത്തി കൈകളില്‍ കുമിളകളുണ്ടാക്കുന്നു. വിലയിരുത്തലിനെത്തിയ ബൈറന്റെ ഉയര്‍ന്ന പുരികം മാത്രമാണ് എന്റെ ഷെല്‍ട്ടറിനെപ്പറ്റിയുള്ള ഏക മോശം സൂചന.ഉച്ചയ്ക്കുശേഷമുള്ള സമയം പാഠങ്ങള്‍കൊണ്ടു നിറഞ്ഞതാണ്. തീയുണ്ടാക്കാനുള്ള മറ്റുമാര്‍ഗങ്ങള്‍, വെള്ളം കണ്ടെത്തുക, അണുവിമുക്തമാക്കുക, സഹായം അഭ്യര്‍ത്ഥിക്കുക, മനോധൈര്യം കൈവിടാതിരിക്കുക. മുയലിനെ പിടികൂടി കൊന്ന് പാചകം ചെയ്യുക എന്നഭാഗത്തെത്തിയപ്പോഴാണ് എനിക്ക് ഉല്‍സാഹം നഷ്ടപ്പെട്ടത്. കാട്ടുമുയലുകളെയൊന്നും കാണാനില്ലാത്തതിനാല്‍ ബൈറന്‍ കൊണ്ടുവന്ന ഒരു നാട്ടുമുയലിനായിരുന്നു കൊല്ലപ്പെടാനുള്ള വിധി. വ്യോമസേനക്കാരനായ സഹപാഠി സ്റ്റീവ് അതിന്റെ കഴുത്തുഞെരിക്കാന്‍ സ്വയം മുന്നോട്ടുവന്നു. ചീയില്‍ ചുട്ടെടുത്ത ഇറച്ചി രുചികരമായിരുന്നുവെന്നു സമ്മതിക്കാതെ വയ്യ.

രാത്രി കാറ്റിലും മഴയിലും എന്റെ ഷെല്‍ട്ടര്‍ അരിപ്പ പോലെയാകുന്നു. സഹപാഠിയായ വെയ്ന്‍ മുകളിലെ ശാഖകള്‍ വൃത്തിയായി അടുക്കിവച്ച് ചോര്‍ച്ച തടഞ്ഞ് എന്റെ രക്ഷയ്‌ക്കെത്തുന്നു.

പ്രഭാതം പുതിയ പാഠങ്ങളുമായെത്തുന്നു. ഒരു കടലാസ് ലക്ഷ്യത്തെ കവണകൊണ്ട് നേടി ഞാന്‍ ക്ലാസില്‍ ആദ്യമായി ഒന്നാമതെത്തുന്നു. വിശന്നുപൊരിഞ്ഞ 'വിദ്യാര്‍ഥികള്‍'ക്ക് ബൈറന്‍ ജാതിപത്രി കലര്‍ന്ന ബണ്ണുകള്‍ നല്‍കുന്നു.

ഉച്ചയ്ക്കുശേഷമുള്ള മടക്കയാത്രയും ഒരു പാഠമാണ്. അങ്ങോട്ടുപോയ വഴിയിലൂടെയല്ല യാത്ര. ഇടതൂര്‍ന്ന വനത്തിലൂടെയുള്ള ദൂരം കുറഞ്ഞ വഴി വടക്കുനോക്കിയന്ത്രം ഉപയോഗിച്ചു കണ്ടെത്തിയാണ്. ഇത്തവണയും എന്നെ സഹായിച്ചത് സഹപാഠികളുടെ സഹായമനസ്ഥിതിയാണ്.

പരസ്പരം വിടപറയുമ്പോള്‍ ഈ സഹായമനസ്ഥിതിയും വന്യതയെ അതിജീവിക്കാനുള്ള ഒരു പ്രധാനപാഠമാണെന്ന് എനിക്കു മനസിലായി.

ഇനി ക്യാംപിങ്ങിനുപോകുമ്പോള്‍ എനിക്കു കവണകളുണ്ടാക്കാന്‍ കഴിയും എന്ന് മകനോടു പറയണം.


Next Story

Related Stories