TopTop
Begin typing your search above and press return to search.

ആധാറില്ലെങ്കില്‍ ബാങ്ക് അക്കൌണ്ടില്ല, അക്കൌണ്ട് ഇല്ലെങ്കില്‍ പെന്‍ഷനുമില്ല, ആധാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് ഇങ്ങനെ

ആധാറില്ലെങ്കില്‍ ബാങ്ക് അക്കൌണ്ടില്ല, അക്കൌണ്ട് ഇല്ലെങ്കില്‍ പെന്‍ഷനുമില്ല, ആധാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് ഇങ്ങനെ
ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ വേണ്ട എന്ന സുപ്രീം കോടതി ഉത്തരവാണ് ഏറ്റവും പുതുതായി സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. എന്തു വിലകൊടുത്തും ആധാര്‍ നടപ്പിലാക്കും എന്ന പിടിവാശിയുമായി മുന്‍പോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിന് ഒരു തിരിച്ചടി ആയിരിക്കുകയാണ് കോടതി വിധി എന്നാണ് തുടക്കത്തില്‍ തോന്നുക എങ്കിലും അവശ്യസേവനങ്ങള്‍ക്ക് അല്ലാത്ത കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിനു കഴിയും എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കഹാറിന്റെ വാക്കുകളാണ്. അതായത് ബാങ്ക് അക്കൌണ്ട് തുറക്കണമെങ്കിലോ പാന്‍ കാര്‍ഡ് എടുക്കണമെങ്കിലോ ഒക്കെ ആധാര്‍ നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ നടപടി തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോകാന്‍ സുപ്രീം കോടതി അനുമതി നല്കിയിരിക്കുയാണ്.

എന്നാല്‍ ഒരു പിന്നോക്ക പ്രദേശത്ത് ജീവിക്കുന്ന ഒരാള്‍ക്ക് അവശതാ പെന്‍ഷന്‍ അടക്കമുള്ളവ നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പറ്റില്ലെന്നും പറയുന്നു. പെന്‍ഷന്‍ അടക്കമുള്ള ഒട്ടുമിക്ക സര്‍ക്കാര്‍ സേവനങ്ങളും ബാങ്ക് വഴി ആക്കിയിരിക്കുന്ന സാഹചര്യത്തിലും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പരമാവധി ഊന്നല്‍ കൊടുക്കുന്ന സാഹചര്യത്തിലും ഫലത്തില്‍ പുതിയ ഉത്തരവ് മാറ്റമൊന്നും ഉണ്ടാക്കുന്നില്ല എന്നു കാണാം. അതായത്, ആധാര്‍ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ ശ്രമത്തിന് ഫലത്തില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ് സുപ്രീം കോടതിയും.

രാജ്യത്ത് താമസിക്കുന്ന ഓരോ വ്യക്തികള്‍ക്കും ആധാര്‍ കാര്‍ഡും നമ്പരും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ എല്ലാ പൗരന്മാര്‍ക്കും നല്‍കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണ് ആധാര്‍ അഥവ യുണീക് ഐഡന്റിറ്റി എന്നറിയപ്പെട്ടത്. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍, ഐഐടി കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലഫോണിക് ഇന്‍ഡസ്ട്രീസ് ലിമറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് ആധാര്‍ കാര്‍ഡിന് ശുപാര്‍ശ ചെയ്തത്. 2011ഓടെ രാജ്യത്ത് പൂര്‍ണമായും ആധാര്‍ പദ്ധതി നടപ്പാക്കാമെന്നായിരുന്നു പ്രതീക്ഷ.

2009 ജനുവരി 28ന് രാജ്യത്ത് ആധാര്‍ നടപ്പാക്കിയപ്പോള്‍ മുതല്‍ നിരവധി അഭ്യൂഹങ്ങള്‍ ഈ കാര്‍ഡിനെക്കുറിച്ചും ഇതിന്റെ ഉദ്ദേശത്തെക്കുറിച്ചും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ പദ്ധതി ആവിഷ്‌കരിച്ച് എട്ട് വര്‍ഷം പിന്നിട്ടിട്ടും ഈ പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല. യുഐഡിഎഐ എന്ന ഏജന്‍സി നടപ്പാക്കുന്ന ഈ പദ്ധതി അനുസരിച്ച് വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത് ജനങ്ങളുടെ സ്വകാര്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നതാണ് പദ്ധതിക്കെതിരെ ഉയര്‍ന്ന ആദ്യ ആക്ഷേപം. ഇതോടെ തന്നെ ബഹുഭൂരിപക്ഷം ജനങ്ങളും ആധാര്‍ പദ്ധതിയെ സംശയത്തോടെ വീക്ഷിക്കാന്‍ ആരംഭിച്ചു. ആധാര്‍ നിര്‍ബന്ധിതമാക്കേണ്ടതില്ലെന്ന സുപ്രിംകോടതിയുടെ തുടര്‍ച്ചയായ വിധികളും പദ്ധതിയുടെ പൂര്‍ത്തീകരണത്തെ മന്ദീഭവിപ്പിച്ചു.

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാകട്ടെ പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷം ലഭിച്ച അഞ്ച് വര്‍ഷക്കാലം അത് നടപ്പാക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടപ്പാക്കിയതുമില്ല. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍  മൂന്ന് വര്‍ഷത്തിനകം തന്നെ ഈ പദ്ധതി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നീക്കങ്ങളാണ് നടത്തുന്നത്. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുത് എന്നതാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലുണ്ടായ സുപ്രിംകോടതി വിധി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ജനങ്ങളെ അതിന് നിര്‍ബന്ധിക്കരുതെന്നും സുപ്രിംകോടതി 2013ലാണ് ആദ്യമായി ഉത്തരവിട്ടത്. പിന്നീട് പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചപ്പോള്‍ 2015ലും സുപ്രിംകോടതി സമാനമായ ഉത്തരവിറക്കി. എന്നാല്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പിന്നീട് ശ്രമിച്ചത്. സമീപകാലത്ത് മാത്രം ആധാര്‍ നിര്‍ബന്ധിതമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഉത്തരവുകളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

എല്ലാവരും നിര്‍ബന്ധിതമായും ആധാര്‍ എടുക്കുക എന്ന നേരിട്ടുള്ള ഉത്തരവിന് പകരം പല സേവനങ്ങള്‍ക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധിതമാക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയത് മുതല്‍ മൊബൈല്‍ നമ്പരുകളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം വരെ അത് എത്തിനില്‍ക്കുന്നു. എല്ലാ മൊബൈല്‍ നമ്പരുകളും സ്ഥിരീകരിക്കണമെന്ന ഉത്തരവിന്റെ മറവിലാണ് മൊബൈല്‍ ഉപയോഗിക്കണമെങ്കില്‍ ആധാര്‍ വേണമെന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഈ സമൂഹത്തിന് ഇനി ആധാര്‍ എടുക്കാതിരിക്കാനാകില്ല. നോട്ട് നിരോധനത്തിന് ശേഷം പണരഹിത ഇടപാടുകള്‍ നടത്തുന്നതിന് ആധാര്‍ നിര്‍ബന്ധിതമാക്കിയതും മറ്റൊരു നീക്കമായിരുന്നു. ഇതോടെ ജനുവരി 28നിടെ ദിനംപ്രതി എട്ട് ലക്ഷത്തോളം പേര്‍ ആധാര്‍ കാര്‍ഡ് എടുത്തുവെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ അറിയിച്ചു. രാജ്യത്തെ 125 കോടി ജനങ്ങളില്‍ 111 കോടി പേരും ഇതോടെ ആധാര്‍ കാര്‍ഡെടുത്തെന്നും രാജ്യത്തെ പ്രായപൂര്‍ത്തിയായ ജനങ്ങളില്‍ 99 ശതമാനം പേരും ആധാര്‍ കാര്‍ഡ് നേടിയെന്ന അപൂര്‍വ നേട്ടം ഈ സര്‍ക്കാര്‍ കൈവരിച്ചുവെന്നുമാണ് അന്ന് മന്ത്രി പറഞ്ഞത്.

അപ്പോള്‍ ഒരു സംശയം ബാക്കിയാകുന്നു. ആധാര്‍ എന്ന കടുംപിടുത്തം നേടിയെടുക്കാനായിരുന്നോ കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി നോട്ട് നിരോധനം നടപ്പാക്കിയത്? സമീപകാലത്ത് ജനങ്ങളെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്ന ചില ഉത്തരവുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇത് തോന്നാം. പാചക വാതക സബ്‌സിഡി ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തണമെന്നതായിരുന്നു ഇതില്‍ ആദ്യത്തേത്. അതോടെ ഒരു വിഭാഗം ജനങ്ങള്‍ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിതരായി. ഇതിന് പിന്നാലെയാണ് വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയത്. തൊഴിലുറപ്പു പദ്ധതി വേതനം, ജനനീ സുരക്ഷായോജന ഗുണഭോക്താക്കള്‍, സ്‌കൂള്‍ ഗ്രാന്റുകള്‍, ക്ഷേമപെന്‍ഷനുകള്‍ എന്നിവയും കാലക്രമേണ ആധാറുമായി ബന്ധിപ്പിച്ചു.കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനും ഈ വര്‍ഷം മുതല്‍ ആധാര്‍ നിര്‍ബന്ധിതമാക്കുകയാണ്. ജൂണ്‍ 30നകം കുട്ടികളുടെ ആധാര്‍ നമ്പരുകള്‍ സ്‌കൂളിലെത്തിക്കണമെന്നാണ് നിര്‍ദ്ദേശം. സ്വാഭാവികമായും ആധാറില്ലാത്ത മാതാപിതാക്കളും അതിന് നിര്‍ബന്ധിതരാകുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും പുതിയ ലൈസന്‍സുകള്‍ എടുക്കാനും ആധാര്‍ കാര്‍ഡ് നല്‍കണമെന്നും അടുത്തകാലത്ത് ഒരു പുതിയ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. അതോടെ ഒരു വിഭാഗം ജനങ്ങളെക്കൂടി ആധാര്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാക്കുകയാണ്. സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ എന്നുവേണ്ട ഓരോ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് സര്‍ക്കാര്‍ ആധാര്‍ നമ്പരുകളെ നിര്‍ബന്ധിതമാക്കുമ്പോള്‍ ഇവിടെ കാറ്റില്‍പ്പറക്കുന്നത് ആധാര്‍ നിര്‍ബന്ധിതമാക്കരുതെന്ന സുപ്രിംകോടതി ഉത്തരവാണ്. ഇവിടെ ആരും ആരെയും ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ല, എന്നാല്‍ ആധാര്‍ ഇല്ലാതെ ഇവിടെ ജീവിക്കാനാകില്ലെന്ന് വരുന്നതോടെ ആധാര്‍ എടുക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകുന്നു. മറ്റൊരു വിധത്തില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കിലും സര്‍ക്കാരിന്റെ പിടിവാശി വിജയിപ്പിക്കാന്‍ അവരുടെ ജീവിതത്തിന് മേല്‍ ഇടപെടല്‍ നടത്തുന്നു. ഇതാണ് ആധാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ജനാധിപത്യം.

ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റിനെ മറികടന്ന് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ആധാര്‍ നിര്‍ബന്ധിതമാക്കുന്നതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഇത്. ജനതയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ദേശീയ സുരക്ഷയെ പോലും അപടകടപ്പെടുത്തുന്ന പദ്ധതി ഉപേക്ഷിക്കണമെന്നുമുള്ള ആവശ്യങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഓരോ പൗരന്റെയും സൂക്ഷ്മമായ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് ഇവിടെ സംശയിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ആധാറിനെയും സംശയിക്കേണ്ടി വരുന്നത്. സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുകയും മറ്റു പല അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലുമില്ലാത്ത വേഗതയും ജാഗ്രതയും ആധാര്‍ ലഭ്യമാക്കുന്നതിലുണ്ടെന്നതും ആധാറിന്റെ ലക്ഷ്യത്തെ ദുരൂഹമാക്കുകയാണ്.ആധാര്‍ നിര്‍ത്തലാക്കണം എന്ന ഹര്‍ജിയില്‍ എഴംഗ ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇന്നലത്തെ വിധി ന്യായത്തില്‍ കോടതി പറഞ്ഞിട്ടുണ്ട് എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള മാറ്റം.

Next Story

Related Stories