TopTop
Begin typing your search above and press return to search.

ബെന്യാമിനെ കെട്ടിയിട്ട് 'ആടുജീവിതം'

ബെന്യാമിനെ കെട്ടിയിട്ട് ആടുജീവിതം

അയ്യപ്പന്‍ മൂലശ്ശേരീല്‍

ആടുജീവിതമെന്നു കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സ് സൂര്യനു താഴെ തിളച്ചു കിടക്കുന്ന മരുഭൂമിയിലേക്കും ഉച്ചിക്ക് മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യനു ചുവട്ടിലേക്കുമൊക്കെ കയറിനില്‍ക്കും.'ആടുജീവിത'മെന്ന വാക്ക് തീഷ്ണപ്രവാസത്തിന്റെ പ്രതീകമായി കണ്ടു തുടങ്ങിയിരിക്കുന്നു.

ആറുവര്‍ഷങ്ങള്‍, നൂറുപതിപ്പുകള്‍, ഒരു ലക്ഷം കോപ്പികള്‍! രമണന് ശേഷം നൂറാംപതിപ്പ് കടക്കുന്ന മലയാളം കൃതി. മലയാളസാഹിത്യത്തിലിതൊരു അപൂര്‍വ്വസംഗതിയാണ്. മലയാളസാഹിത്യം ഉപരിവിപ്ലവസമൂഹത്തിലേക്ക് മാത്രം പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്ന കാലത്താണ് 'ആടുജീവിതം' ഇറങ്ങുന്നത്. എഴുതുന്നവരും സാഹിത്യവുമായി ഇടപഴകുന്നവരും മാത്രം വായിക്കുന്ന അവസ്ഥ. വായനയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടിരുന്ന സാധാരണക്കാരിലേക്ക് വേണ്ടവിധത്തില്‍ പ്രതിഫലിക്കപ്പെട്ടുവെന്നതാണ് 'ആടുജീവിതം' ജനകീയമായതിന്റെ രാഷ്ട്രീയം. ദുര്‍ബലവായനാസമൂഹത്തെ പിടിച്ചിരുത്തി വായിപ്പിച്ചത് നോവലിന്റെ പ്രമേയം തന്നെയാണ്. ഇവിടെ ഭാഷയും പ്രമേയവും അസന്തുലിതമാണ്. പ്രമേയം ഒരുപടി മുകളില്‍ നിന്നു വായനക്കാരനോടു സംവദിക്കുന്നു.

'ആടുജീവിതം' സാഹിത്യഭാഷ കൊണ്ടല്ല പ്രസക്തമാവുന്നത്. പറഞ്ഞു പോകുന്ന പ്രമേയത്തിന്റെ തീവ്രത കൊണ്ടു തന്നെയാണ്. ഒരുപക്ഷെ കൂടുതല്‍ സാഹിത്യപരമായി ബെന്യാമിന്‍ 'ആടുജീവിത'മെഴുതിയിരുന്നെങ്കില്‍ പാളിപ്പോയേനെ. രാഷ്ട്രീയാഭയാര്‍ഥികളും പ്രവാസവുമൊക്കെ പ്രമേയമായുള്ള കൃതികള്‍ മലയാളത്തില്‍ സുലഭമാണെങ്കിലും അതിനെയൊന്നും പിന്തുടര്‍ന്ന ഒന്നായിരുന്നില്ല 'ആടുജീവിതം'. അത് മലയാളത്തിന് അപരിചിതമായ ഒരു മരുഭൂമികഥ.

ജീവിതം കരപറ്റിക്കാന്‍ കടല്‍കടക്കുന്ന ഒരു ശരാശരി മലയാളിയുവാവിനു നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെ പുരോഗമിക്കുന്ന നോവലില്‍ രക്ഷപ്പെടാന്‍ വിദൂരസാധ്യതപോലുമില്ലാത്ത മരുഭൂവില്‍ നജീബ് അതിജീവിക്കുന്ന സംഗതികള്‍ നേര്‍ത്തകുമിളകള്‍ക്കുള്ളില്‍ ജീവിക്കുന്ന മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി പറ്റാത്തവയായിരുന്നു. ഡോസ് കൂടിയതെന്തും മലയാളി അംഗീകരിക്കും. ഒറ്റപ്പെടല്‍/വിശപ്പ്/ നിസ്സഹായത തുടങ്ങിയ ദുരിതാഭവങ്ങളുടെ തീവ്രത മലയാളികള്‍ ഏറ്റുവാങ്ങിയതും അതുകൊണ്ടാണ്.

നജീബിന്റെ ഗ്രാമീണ നിഷ്‌കളങ്കതയും, കൗതുകവീക്ഷണങ്ങളുമൊക്കെ വായനയെ പുഷ്ടിപ്പെടുത്തുമ്പോള്‍ നോവലിലുടനീളം ദൈവത്തെ തിരുകി കയറ്റാനുള്ള ബെന്യാമിന്റെ ശ്രമം അരോചകവുമാണ്.ആദ്യപേജുകള്‍ വായനക്കാരനെയൊരു ട്യൂബ് സ്ലൈഡിലേക്ക് കയറ്റുന്നു. ഇതെങ്ങനെയായിരിക്കും? എന്തിലേക്കാവും ചെല്ലുക? എന്നൊക്കെയുള്ള ആകാംഷ സ്വാഭാവികമായും ആദ്യനിമിഷങ്ങളില്‍ തന്നെയൊരു നോട്ടിഫിക്കേഷനായി തലയ്ക്ക് മുകളില്‍ വന്നുനില്‍ക്കും. തിരിച്ചു കയറാനോ ഇടക്ക് നില്‍ക്കാനോ ഊരിപ്പോരാനോ പറ്റാതെ ഒഴുക്കിലെന്നപോലെയൊരു തുടര്‍ച്ചാഗുരുത്വം താഴേക്ക് വലിച്ചുകൊണ്ടേയിരിക്കും. അവസാനപേജും പിന്നിട്ടെ അതില്‍ നിന്ന് തലയൂരി നോക്കാന്‍ സാധിക്കുവുള്ളൂ. തിരിച്ചിറങ്ങി കഴിഞ്ഞാലും പ്രമേയം കൊളുത്തിവലിച്ചുകൊണ്ടിരിക്കും.

ജീവിച്ചിരിക്കുന്നൊരു മലയാളിയുടെ അനുഭവം കൂടിയാണതെന്നത് പ്രസക്തവായനക്ക് കൂടുതല്‍ കരുത്തേകുന്നു. വായിച്ചവര്‍ വായിക്കാത്തവരെ വായിക്കാന്‍ പ്രേരിപ്പിച്ചാണ് നോവല്‍ ജനകീയമായതെന്നു ബെന്യാമിന്‍ തന്നെ പറയുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ പലതാണ്. പ്രവാസികള്‍ പലകാലഘട്ടങ്ങളില്‍ പ്രവാസം നടത്തിയവര്‍ ഗള്‍ഫ് മോഹവുമായി കഴിയുന്നവര്‍ പ്രവാസികളുടെ അടുപ്പക്കാര്‍ തുടങ്ങിയൊരു വല്യസമൂഹം തന്നെ പ്രവാസമെന്ന ടാഗ്‌ലൈന്‍ കണ്ട് നോവല്‍ മറിച്ചുനോക്കി തങ്ങളുടെ ജീവിതവുമായി കോര്‍ക്കുന്ന എന്തെങ്കിലുമൊന്ന് കണ്ടെടുക്കുന്നു. ആ സംവേദനം കൊണ്ടവര്‍ വായിക്കാത്തവര്‍ക്ക് നിര്‍ദ്ദേശിക്കുന്നു.

ആടുജീവിത'മിറങ്ങുന്ന സമയത്ത് ഇന്റര്‍നെറ്റ് പ്രവാസികളുടെ കുത്തകയായിരുന്നു. വായിച്ചവര്‍ പുസ്തകത്തെപ്പറ്റി സൈബര്‍ചുവരുകളില്‍ എഴുതിനിറച്ചു. ആക്ടീവ് ബ്ലോഗര്‍ ആയിരുന്ന ബെന്യാമിന്റെ പ്രഭാവവും അതിനൊരു കാരണമായിരുന്നു. വായിക്കാത്തവര്‍ ഭീകരസംഭവമെന്ന ധാരണയില്‍ പുസ്തകം വാങ്ങിപ്പോന്നിരുന്നു. എല്ലാവരും നല്ലതു പറയുന്നതിനെ വിമര്‍ശിക്കാനോ അനിഷ്ടം രേഖപ്പെടുത്താനോ ആരും മുതിര്‍ന്നില്ല, പൊങ്ങിയ ഒച്ചകള്‍ അപ്രസ്‌കതമാവുകയും ചെയ്തു.

ബെന്യാമിന്‍ കേട്ട പ്രധാനവിമര്‍ശനങ്ങളിലൊന്ന് നോവലില്‍ സര്‍ഗാത്മകമായി ഒന്നുമില്ലായെന്നതായിരുന്നു. കാലാത്മകതയേയും സാഹിത്യഭാഷയേയുമെല്ലാം പുറത്തുനിര്‍ത്തി നജീബെന്ന സാധാരണക്കാരന്റെ വിഷാദത്തിലേക്കിറങ്ങി ലളിതമായ ആഖ്യാനമാണ് നടത്തിയതെന്നു ബെന്യാമിന്‍ പറയുന്നു. അനുഭവവിവരണം നോവലിനെ നോവലാക്കുന്ന അനേകം ഘടകങ്ങളിലൊന്ന് മാത്രമാണന്നിരിക്കെ അതൊന്നുകൊണ്ടുമാത്രമൊരു നോവലാവുകയില്ലല്ലോ.അതുകൊണ്ടുതന്നെ നോവലായി പലരും അംഗീകരിക്കുന്നുമില്ല, തരക്കേടില്ലാത്തൊരു ജീവചരിതം, അത്ര തന്നെ.

സലിം കുമാറിന് ദേശിയ അവാര്‍ഡ് ലഭിച്ചത് ദൈന്യതയുടെ പ്രകടനം കൊണ്ടാണെന്ന് പറയുമ്പോലെ 'ആടുജീവിത'ത്തിനു അക്കാദമി അവാര്‍ഡ് കിട്ടിയത് ദുരന്താവസ്ഥയുടെ റിപ്പോര്‍ട്ടിങ്ങിനാണെന്ന് പറയേണ്ടിയിരിക്കുന്നു. മുന്നേ പ്രസിദ്ധികരിച്ച മൂന്നുനോവലുകളും ക്ലിക്കാകാതെ പോയ ബെന്യാമിന് വീണുകിട്ടിയ ഒക്‌സിജന്‍ സിലിണ്ടറായിരുന്നു 'അടുജീവിതം'. ഇതിന്റെ മൈലെജില്‍ കുറേകാലത്തെക്കൊരു നോവല്‍ ഫാക്റ്ററിയായി പ്രവര്‍ത്തിക്കാനും ബെന്യാമിന് സാധിച്ചേക്കും.

പക്ഷെ ബെന്യാമിനെന്ന എഴുത്തുകാരന്‍ 'അടുജീവിത'ത്തില്‍ ബന്ധനസ്ഥനായി കഴിഞ്ഞിരിക്കുന്നു. അതിനുത്തമ ഉദാഹരണമാണ് 'ആടുജീവിത'ത്തിനു മുന്‍പോ പിന്‍പോ വന്ന കൃതികളൊന്നും തന്നെ ചര്‍ച്ചാവിഷയമാവാത്തത്. 'ആടുജീവിത'ത്തിനു മേലെ നില്‍ക്കുന്നുവെന്നു നിരൂപകര്‍ വിലയിരുത്തിയ 'മഞ്ഞ വെയില്‍ മരണമോ' അടുത്തിടെ പുറത്തിറങ്ങിയ 'അറേബ്യന്‍ ഫാക്ടറി'യോ ഒന്നും വായനാസമൂഹം ആഘോഷിക്കാതെ കടന്നുപോയി.

'ആടുജീവിതം' ബെന്യാമിന്റെ മാസ്റ്റര്‍പീസ് എന്ന ലെവലില്‍ വായിക്കപ്പെടുന്നു. ഇനിയിതിലും മികച്ചൊരു കൃതി അയാള്‍ എഴുതിയാലും 'ആടുജീവിത'ത്തിന്റെ നിഴലില്‍ മാത്രമെ വായിക്കപ്പെടുകയുള്ളു .

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകപലപ്പോഴും ഒരു വിവാദമോ, സൃഷ്ടിയോ ആണ് ഒരു എഴുത്തുകാരനെ സുപ്രസിദ്ധനോ കുപ്രസിദ്ധനോ ആക്കിമാറ്റുന്നത്. ആ ഒരു പ്രത്യേക നിമിഷത്തിലാവാം അയാള്‍ മറ്റുള്ളവരുടെ മനസ്സില്‍ പതിയുന്നത്. അയാളെ കുറിച്ച് അതിനു മുമ്പും അതിനുശേഷവും ഉള്ളതെല്ലാം മങ്ങിപ്പോകുന്നു. ആ വിവാദത്തിന്റെയോ, സൃഷ്ടിയുടേയോ പ്രാധാന്യത്തെ മറികടക്കാന്‍ കെല്‍പ്പുള്ള പുതിയ സംഭവങ്ങളും സൃഷ്ടികളും ഉണ്ടാവുന്നുണ്ടാവാം.

പക്ഷേ ആദ്യത്തേതിനെ മറക്കാന്‍ വായനക്കാരന് കഴിയുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ എഴുത്തുകാരനല്ല മാസ്റ്റര്‍പീസ് ഉണ്ടാക്കുന്നത്. അത് വായനക്കാരുടെ പൊതു മന:ശാസ്ത്രത്തിന്റെ ഉല്പന്നമാണ്. അവര്‍ അവരുടെ തെരഞ്ഞെടുപ്പിനെ എല്ലായ്പ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കും. നല്ലതൊന്നും ഉണ്ടാവുന്നില്ല എന്ന് പരിതപിക്കും. എഴുത്തുകാരന്റെ ഒരു സൃഷ്ടിയും ഓരോ രീതിയില്‍ വായിക്കപ്പെടേണ്ടതാണ്. ഒരാളുടെ എല്ലാ രചനകളും ഒരു പ്രത്യേക രീതിയില്‍ മാത്രം (മാസ്റ്റര്‍പീസ് എന്ന് വാഴ്ത്തപ്പെട്ട സൃഷ്ടി വായിക്കപ്പെട്ട രീതിയില്‍) വായിക്കാന്‍ ശ്രമിക്കുമ്പോള്‍ വായനക്കാരന് മാസ്റ്റര്‍പീസ് എന്ന ചക്രവ്യൂഹത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാതെ വരുന്നു.

എന്തിരുന്നാലും ഇതിനെല്ലാം ഇടയിലൂടെ ബെന്യാമിനും 'ആടുജീവിതവും' വളര്‍ന്നുകൊണ്ടിരിക്കുകയാണ്, 'ആടുജീവിത'വും ബെന്യാമിനും മാത്രം.

അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച അയ്യപ്പന്‍ മൂലശ്ശേരിലിന്റെ ലേഖനം

പെരുമാള്‍ മുരുഗനും വ്രണവികാരപോലീസും


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories