TopTop
Begin typing your search above and press return to search.

എതിരാളികളില്ലാതെ ആം ആദ്മി; ഡല്‍ഹിയില്‍ ചരിത്രമെഴുതിയ വിജയം

എതിരാളികളില്ലാതെ ആം ആദ്മി; ഡല്‍ഹിയില്‍ ചരിത്രമെഴുതിയ വിജയം

അഴിമുഖം പ്രതിനിധി

പ്രവചനങ്ങള്‍ പറഞ്ഞിരുന്നു ആം ആദ്മി ഡല്‍ഹി നേടുമെന്ന്, യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ അതുക്കും മേലേ... അരവിന്ദ് കെജ്‌രിവാളും സംഘവും രാജ്യം ഭരിക്കുന്ന ബിജെപിയെ ഒന്നുമല്ലാതാക്കിയും 15 വര്‍ഷങ്ങള്‍ ഇതേ സംസ്ഥാനം ഭരിക്കുകയും കാലങ്ങളായി രാജ്യം ഭരിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ കുഴിച്ചുമൂടിയും ഇന്ദ്രപ്രസ്ഥത്തിന്റെ അവകാശികളായി. ആകെയുള്ള 70 സീറ്റുകളില്‍ 67 ഉം നേടിയാണ് ആം ആദ്മി അധികാരത്തിലേറുക. ഇന്ത്യയിലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തന്നെ ഇതു പുതിയ ചരിത്രം.

പരാജയം ഏറ്റുവാങ്ങേണ്ടി വരുമെങ്കിലും 20-30 നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് കിട്ടിയതാകട്ടെ വെറും മൂന്ന് സീറ്റ്. കഴിഞ്ഞ തവണ 31 സീറ്റുകള്‍ നേടിയ പാര്‍ട്ടിയുടെതാണ് ഈ പ്രകടനം! പ്രതിപക്ഷ പാര്‍ട്ടി എന്ന സ്ഥാനം ലഭിക്കണമെങ്കില്‍ 7 സീറ്റുകള്‍ എങ്കിലും വേണമെന്നിരിക്കെ ആകെയുള്ള മൂന്നുപേരുമായി നിയമസഭയ്ക്കുള്ളില്‍ മിണ്ടാതിരിക്കേണ്ടി വരും ബിജെപിക്ക്. ലോകസഭയില്‍ പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ കിട്ടിയ തിരിച്ചടി. അവരുടെ പരാജയത്തിന് ഏറ്റവും മാനക്കേടുണ്ടാക്കിയത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച കിരണ്‍ ബേദിയുടെ തോല്‍വിയാണ്. അഞ്ചുവര്‍ഷം ഹര്‍ഷവര്‍ദ്ധന്‍ വിജയിച്ച, ബിജെപിയുടെ കോട്ടയെന്നു വാഴ്ത്തുന്ന കൃഷ്ണ നഗറില്‍ കിരണ്‍ ബേദി ദയനീയമായി തോറ്റു. ഒരുകാര്യത്തില്‍ ബേദിക്ക് ആശ്വസിക്കാം. ഉറച്ച കോട്ടകളില്‍ താന്‍ മാത്രമല്ല വീണത്, ഡല്‍ഹിയിലെ ബിജെപി കോട്ടകളെല്ലാം തന്നെ തകര്‍ന്നു വീണിട്ടുണ്ട്. ജനം മറ്റൊരു തിരിച്ചടി കൂടി ബിജെപിക്ക് കൊടുത്തിട്ടുണ്ട്. അതുപക്ഷേ പാര്‍ട്ടിക്ക് നേരിട്ടല്ല, മറിച്ച് ആം ആദ്മിയില്‍ നിന്ന് ചാടിവന്നു ബിജെപിയില്‍ ചേക്കേറി സ്വപ്‌നങ്ങള്‍ കണ്ട മുന്‍ ആം ആദ്മിക്കാര്‍ക്കാണ്. ബിജെപി ടിക്കറ്റില്‍ മത്സരിച്ച മുന്‍ ആംദ്മിക്കാരെയെല്ലാം ജനം തോല്‍പ്പിച്ചു.

കോണ്‍ഗ്രസിന്റെ കാര്യം അതിലും കഷ്ടം. മൂന്നുവട്ടം ഭരിച്ചവര്‍ക്ക് ഇനി നിയമസഭയുടെ ഉള്‍വശം കാണണമെങ്കില്‍ സന്ദര്‍ശക പാസിന് അപേക്ഷ നല്‍കണം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കാന്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. അദ്ദേഹത്തിന് കെട്ടിവച്ച കാശും പോയി. പരാജയത്തിന്റെ ഭാരമേറ്റെടുത്ത് കോണ്‍ഗ്രസില്‍ പതിവുപോലെ രാജിവയ്ക്കലുകളും തകൃതിയായി നടക്കുന്നുണ്ട്. ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദ് സിംഗ് ലൗലി, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍, തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിച്ചിരുന്ന പി സി ചാക്കോ എന്നിവര്‍ രാജിവച്ചു കഴിഞ്ഞു. ഓരോ തോല്‍വിക്ക് ശേഷവും നടക്കുന്ന മറ്റൊരു ചടങ്ങായ, പ്രിയങ്ക ഗാന്ധി കി ജയ് വിളികളും നമ്പര്‍ 10 ജന്‍പഥില്‍ അരേങ്ങറുന്നുണ്ട്.

തലസ്ഥാനനഗരം കണ്ടതില്‍ ഏറ്റവും വാശിയേറിയതാകും ഇത്തവണ ഡല്‍ഹിയില്‍ നടക്കുന്ന മത്സരമെന്നു പറഞ്ഞിരുന്നെങ്കിലും തികച്ചും ഏകപക്ഷീയമായിപ്പോയി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അശ്വമേധത്തിനും കെജ്രിവാള്‍ ഡല്‍ഹിയില്‍ തടയിട്ടു. എന്തുവിലകൊടുത്തും ഡല്‍ഹിയുടെ ഭരണംപിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ബി.ജെ.പി. ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി പ്രധാനമന്ത്രി അഞ്ച് തിരഞ്ഞെടുപ്പുറാലികള്‍ നടത്തി. 120 എം.പി. മാരെ രംഗത്തിറക്കിയ പാര്‍ട്ടി കെജ്രിവാളിനെ തളയ്ക്കാന്‍ കേന്ദ്രമന്ത്രിമാരെയെല്ലാം രംഗത്തിക്കിയിരുന്നു. എല്ലാം നിഷ്ഫലമായെന്നു മാത്രം. പകരം ഒരു സത്യം കൂടി ബിജെപിക്കാര്‍ തിരിച്ചറിഞ്ഞു; പറയുന്നതുപോലൊരു മോദി തരംഗം രാജ്യത്തില്ല, അല്ലെങ്കില്‍ ആ തരംഗം അവസാനിച്ചിരിക്കുന്നു. ഡല്‍ഹിയുടെ കാര്യത്തിലെങ്കിലും അത് പൂര്‍ണമായി സത്യമാണ്.

എക്‌സിറ്റ് പോളുകളുകളെയും ഞെട്ടിച്ച വിജയമാണ് ആം ആദ്മി നേടിയിരിക്കുന്നത്. 70 അംഗ നിയമസഭയില്‍ 53 സീറ്റുവരെ എ.എ.പിക്ക് കിട്ടിയേക്കുമെന്നും അഭിപ്രായസര്‍വേകള്‍ പറഞ്ഞിരുന്നെങ്കിലും 67 ല്‍ സീറ്റുകള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. ആപ്പിന്റെ നേതാക്കള്‍പോലും ഇത്തരമൊരു കണക്കിലേക്ക് സ്വപ്‌നം കണ്ടിരുന്നുമില്ല. എന്നാല്‍ ജനം അവര്‍ക്ക് വേണ്ടി കാത്തുവച്ചിരുന്നത് ഇതുപോലൊരു വിജയമായിരുന്നു...


Next Story

Related Stories