TopTop
Begin typing your search above and press return to search.

ഡല്‍ഹി പറയുന്നത് ഇന്ത്യ മോദിക്കൊപ്പമല്ലെന്ന്; വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നു

ഡല്‍ഹി പറയുന്നത് ഇന്ത്യ മോദിക്കൊപ്പമല്ലെന്ന്; വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നു

വര്‍ഗീയധ്രുവീകരണത്തിലൂടെ ഇന്ദ്രപ്രസ്ഥത്തിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന ബിജെപി തന്ത്രവും പരാജയപ്പെട്ടു. വര്‍ഗീയതയുടെ ചോരക്കളമായി മാറിയ ത്രിലോക്പുരിയിലും ഭവാനയിലും അവര്‍ നിലം പൊത്തി. ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ട ഓക്‌ല, ബാഡ്‌ലി മണ്ഡലങ്ങള്‍ അവര്‍ അര്‍ഹിച്ച മറുപടി തന്നെ കൊടുത്തു. കോണ്‍ഗ്രസ്സിനെ കുറിച്ച് ജനങ്ങള്‍ ചിന്തിച്ചതേയില്ല. ഡല്‍ഹി മറ്റൊരു ചരിത്രം രചിച്ചു. ആഹ്ലാദിക്കുന്നത് ഒരു രാജ്യമാണ്. പ്രതിപക്ഷസ്ഥാനത്തിന് വേണ്ടി പാര്‍ലമെന്റില്‍ പിന്നാലെ നടന്ന കോണ്‍ഗ്രസ്സിന്റെ അവസ്ഥയായി ബി ജെ പിക്ക്. അഴിമതിയും വി ഐ പി സംസ്‌കാരവും ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കാം. മോദി ഇഫക്ടിനേറ്റ ഈ പരാജയത്തെക്കുറിച്ച് വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നു... തയ്യാറാക്കിയത്: സുഫാദ് ഇ മുണ്ടക്കൈ.

'വര്‍ഗ്ഗീയ ധ്രുവീകരണവും കോണ്‍ഗ്രസ്സിന്റെ അധഃപതനവും മുതലാക്കി അധികാരം സ്വന്തമാക്കി അഹങ്കരിച്ചു നടന്നവര്‍ക്ക് ഇനി വീണ്ടുവിചാരമാവാം. ഭരണഘടനയില്‍ നിന്ന് സോഷ്യലിസവും സെക്കുലറിസവും മായ്ക്കാന്‍ വന്നവര്‍ക്ക് ഇനി ജനാധിപത്യവും മായ്‌ക്കേണ്ടി വരും. ജനാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം ഈ രാജ്യം ഇവിടുത്തെ 'ആം ആദ്മി'യുടേതാണ്.'
പവനന്‍ എം. എസ്, ഗവണ്മെന്റ് എന്‍ജനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം

'വ്യക്തിപ്രഭാവങ്ങളിലോ ആലങ്കാരിക വാഗ്ദാനങ്ങളിലോ അലിഞ്ഞുപോകുന്നതല്ല സാധാരണക്കാരന്റെ രാഷ്ട്രീയ കാഴചപ്പാടുകള്‍ എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കേജരിവാളിന് ജനങ്ങള്‍ മാപ്പ് നല്‍കിയിരിക്കുന്നു. പൂര്‍വകാല മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു'.
റജ്‌വ കമാല്‍, ഗവ: ആര്‍ട്‌സ് കോളേജ് മീഞ്ചന്ത.

'അഴിമതിയോടും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തോടും ജനങ്ങള്‍ക്ക് പുച്ഛമാണെന്ന് ഈ വിധി തെളിയിക്കുന്നു. ബി ജെ പി തങ്ങളുടെ വോട്ട് ഷെയര്‍ നിലനിര്‍ത്തിയെങ്കിലും കോടികള്‍ മുടക്കിയ പരസ്യങ്ങള്‍ക്കോ ആരാധ്യപുരുഷപ്രഭാവത്തിനോ വിലക്കെടുക്കാന്‍ കഴിയാത്തതാണ് ഡല്‍ഹിയയുടെ ജനാധിപത്യബോധമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു.'
സജാദ് അലി, ജെ എന്‍ യു ഡല്‍ഹി

'ഡല്‍ഹി എല്ലാ സംസ്ഥാനങ്ങളേയും പതിനിധീകരിക്കുന്നുണ്ട്. ഇന്ദ്രപ്രസ്ഥം ഇന്ത്യയുടെ മുഖമായതുകൊണ്ടുതന്നെ ഇന്ത്യ മോദിക്കൊപ്പമല്ല എന്നാണ് ഈ വിജയം തെളിയിക്കുന്നത് '.
സാനിയൊ മനോമി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്.

'കോര്‍പ്പറേറ്റുകളുടെ അടിയാളന്മാരായ ദേശീയ പാര്‍ട്ടികളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ വിധി. വര്‍ഗീയ അജണ്ടകളേയും അഴിമതിയുടെ വക്താക്കളേയും തുടച്ച് നീക്കുവാനുള്ള 'ആം ആദ്മി'യുടെ ചങ്കൂറ്റം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഈ വിധിയിലൂടെ വ്യക്തമാവുന്നത്.'
നിതിന്‍ ദാസ്, ഗവ. ലോ കോളേജ് കോഴിക്കോട്

'ഇടക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ നഷ്ടപെട്ടിരുന്നു. എന്നാല്‍ ആം ആദ്മിയുടെ ഈ വിജയം എന്നെ പോലുള്ളവര്‍ക്ക് നല്‍കുന്ന പ്രതീക്ഷ അതിലും വലുതാണ്'.
റാഫിയ ഷെറിന്‍, സുല്ലമുസ്സലാം സയന്‍സ് കോളേജ്, അരീക്കോട്.

'ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു ആദ്യ എ എ പി ഗവണ്‍മെന്റില്‍. അതിന് ഭംഗം വരുത്തിയാണ് അവര്‍ ഭരണമൊഴിഞ്ഞത്. ഈ വിധി ഡല്‍ഹി നിവാസികള്‍ വിഡ്ഢികളാണോ എന്ന തോന്നല്‍ ഉളവാക്കുന്നു. എ എ പി ഒരു ചെറിയ പാര്‍ട്ടിയാണ്. ഡല്‍ഹി ഭരിക്കാന്‍ ഇനിയും അവര്‍ക്കാവുമോ എന്ന് കണ്ടറിയാം.'
ജെനിഫര്‍ ജോസഫ്, വിക്‌ടോറിയ കോളേജ് പാലക്കാട്

'അധികാരത്തിന്റെ ഗര്‍വില്‍ അഹങ്കരിക്കുന്ന നേതാക്കളെ മാത്രം കണ്ട് പരിചയിച്ച ഡല്‍ഹിക്ക് കേജ്രിവാള്‍ ഒരു കൗതുകമായിരുന്നു. തീരുമാനങ്ങളിലെ അപക്വത ഒരിക്കല്‍ വിമര്‍ശന വിധേയമായെങ്കിലും ഖേദം പ്രകടിപ്പിക്കാനുള്ള തന്റേടം മാത്രം മതിയായിരുന്നു ഒരു ജനതക്ക് അവരുടെ നേതാവിനെ കണ്ടെത്താന്‍. വിശ്വാസം, അതെല്ലാമാണ്.'
ആസഫ് അലി ആസാദ് എം, ഫാറൂഖ് കോളേജ്.

'കേജ്‌രിവാള്‍, താങ്കളെ ഒരിക്കല്‍ കൂടി വിശ്വസിക്കുന്നു. ഉപചാപകരുടെ പിടിയില്‍ പെട്ട് താങ്കള്‍ കാണിച്ച മണ്ടത്തരങ്ങള്‍ ഞങ്ങള്‍ മറന്നിരിക്കുന്നു. ഇവിടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം. ഇന്ദ്രപ്രസ്ഥം നിങ്ങളില്‍ അര്‍പ്പിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ പ്രതീക്ഷയാണ്.'
ആതിര, ഗവ. ലോ കോളേജ് കോഴിക്കോട്.

മോദി പ്രഭാവത്തിന്റെയും പ്രതിച്ഛായയുടെയും പേരു പറഞ്ഞ് ലോക്‌സഭ തെരഞ്ഞെടുപ്പിലും നാല് നിയമസഭാതെരഞ്ഞെടുപ്പുകളിലും നേട്ടമുണ്ടാക്കിയ ശേഷം ബി ജെ പിക്ക് ലഭിച്ച ആദ്യ കനത്ത പ്രഹരമാണിത്. വികസനത്തിനായി മോദിയോടൊപ്പം അണി ചേരാന്‍ ആവശ്യപ്പെട്ടാണ് ബി ജെ പി പ്രചരണം നടത്തിയത്. അത് കൊണ്ട് തന്നെ പരാജയത്തില്‍ മോദിക്ക് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ഒരു പാട് ബുദ്ധിമുട്ടേണ്ടി വരും.


Next Story

Related Stories