TopTop

'എന്നെ ഇരയാക്കുകയായിരുന്നു'; ആമി, മഞ്ജു വാര്യര്‍, ദേശീയഗാനം - കമല്‍/അഭിമുഖം

ചലച്ചിത്രോത്സവത്തിന്റെ തിരക്കുകളും തുടര്‍ന്നുള്ള ദേശീയഗാന വിവാദവും സംഘപരിവാറുമായുള്ള സംഘര്‍ഷങ്ങളും 'ആമി'യില്‍ നിന്നു വിദ്യാബാലന്‍ പിന്‍മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും അന്തരീക്ഷത്തില്‍ കനം കൂടി നില്‍ക്കുന്ന ഒരു വൈകുന്നേരം തിരുവനന്തപുരം ശസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസില്‍ വെച്ച് സംവിധായകനും അക്കാദമി അധ്യക്ഷനുമായ കമലിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്ന പ്രൊജക്ടായ ആമിയെക്കുറിച്ച് ചോദിച്ചു; ആമിയിലേക്ക് ഇനി എപ്പോഴാണ്..?


“ഞാന്‍ എത്രയും പെട്ടെന്ന് അതിലേക്കു കടക്കുകയാണ്. അത്രമാത്രം ആഴത്തില്‍ അത് മനസ്സില്‍ ഇങ്ങനെ കിടക്കുകയാണ്. അതിനിടയില്‍ പുതിയ കഥ കണ്ടെത്തി ചെയ്യുക എന്നത് പ്രയാസമാണ്. കാരണം ഇത് തലയില്‍ നിന്ന് ഇറക്കി വെക്കണം. എന്നാല്‍ മാത്രമെ എനിക്ക് വേറെ സിനിമയെ കുറിച്ച് ചിന്തിക്കാന്‍ പറ്റുകയുള്ളൂ.” - കമല്‍ പറഞ്ഞു. 

പക്ഷേ അപ്പോഴും ആരായിരിക്കും ആമി എന്ന ചോദ്യം കേരളത്തിലെ പ്രേക്ഷകരും കമലിനെ സ്നേഹിക്കുന്നവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പല പല പേരുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ കമല്‍ തന്റെ ആമിയെ കണ്ടെത്തി. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. ഇപ്പോള്‍ തൃശൂര്‍ പുന്നയൂര്‍കുളത്ത് കമലസുരയ്യ സ്മാരകത്തില്‍ ആമിയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ആമിയായി എത്തിയ മഞ്ജുവിനെ കണ്ട്  മാധവിക്കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ‘ഇത് ഞങ്ങളുടെ ആമി തന്നെ’. ചിലപ്പോള്‍ വിദ്യാബാലന്‍ മാറിപ്പോയത് തന്നെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് വേണ്ടി ആയിരിക്കും. ‘മഞ്ജുവിന്റെ മാധവിക്കുട്ടി ആയുള്ള വേഷപ്പകര്‍ച്ച അമ്പരപ്പിക്കുന്നതാണെ'ന്ന് കമലും പറഞ്ഞു.


പുതിയ സിനിമയായ ആമിയെ കുറിച്ച്, വിവാദങ്ങളെ കുറിച്ച്, ദീര്‍ഘമായ സിനിമാ ജീവിതത്തെ കുറിച്ച് കമല്‍ അഴിമുഖം സീനിയര്‍ എഡിറ്റര്‍ സാജു കൊമ്പനുമായി സംസാരിക്കുന്നു.  

സാജു: എന്തുകൊണ്ട് ആമി?

കമല്‍: കേരളം എക്കാലത്തും കണ്ടിട്ടുള്ള വളരെ ബോള്‍ഡായിട്ടുള്ള സ്ത്രീ എന്ന രീതിയില്‍ എന്നും മലയാളിയുടെ മനസ്സില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ സ്പെസിമനാണ് മാധവിക്കുട്ടി. അവരെ കുറിച്ച് എന്ത്‌ ആരോപണങ്ങള്‍ പറഞ്ഞാലും ഏറ്റവും പുതിയ തലമുറയിലെ കുട്ടികളുടെ പോലും ആരാധനാ പാത്രമായിട്ട് ഒരെഴുത്തുകാരി, സ്ത്രീ എന്ന രീതിയില്‍ മാധവിക്കുട്ടി ശ്രദ്ധിക്കപ്പെടുന്നത് അതുകൊണ്ടാണ്. അവരെ കുറിച്ചൊരു സിനിമ എന്നുള്ളത് എന്റെ വല്യ ആഗ്രഹമായിരുന്നു. ചരിത്ര സിനിമകളിലെക്കൊക്കെ പോകുമ്പോള്‍ എല്ലാം തന്നെ ഹീറോ കേന്ദ്രീകൃതമായ സിനിമകളിലേക്കാണ് നമ്മള്‍ പോകുന്നത്. പഴശ്ശിരാജ എന്നു പറയുമ്പോള്‍ മമ്മൂട്ടിയാണ്. താരം ഉണ്ടെങ്കില്‍ മാത്രമെ വിപണി നടക്കൂ എന്നതാണ്. ഞാന്‍ ആ വഴിക്കല്ല ചിന്തിച്ചത്. അങ്ങനെ സിനിമ എടുക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കും ഞാന്‍ മാധവിക്കുട്ടിയെ കുറിച്ച് ആലോചിച്ചത്.

കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണ് ഞാന്‍. സെല്ലുലോയിഡ് ആലോചിക്കാന്‍ കാരണം വിഗതകുമാരന്‍ എന്ന സിനിമയ്ക്ക് ഞാന്‍ ആദ്യം കഥയെഴുതിയ ത്രാസവുമായുള്ള സമാനതയാണ്. ഞാനത് എവിടെയും പറഞ്ഞിട്ടൊന്നും ഇല്ല.  അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. വിഗതകുമാരനെ കുറിച്ച് ആദ്യം വായിക്കുന്നത് ചേലങ്ങാട്ടിന്റെ പുസ്തകമാണ്. പിന്നീട് വിനു എബ്രഹാമിന്റെ ‘നഷ്ടനായിക’ വായിച്ചു. അപ്പോഴാണ് ഞാന്‍ ആലോചിച്ചത് ജെസി ഡാനിയലിനെ എവിടേയും അടയാളപ്പെടുത്തിയിട്ടില്ലല്ലോ എന്ന്. സിനിമയില്‍ തന്നെ എത്ര പേര്‍ക്കറിയാം. എന്തുകൊണ്ട് ആരും അതേ കുറിച്ച് ഒരു സിനിമ ആലോചിച്ചില്ല. പി കെ റോസിയെ കുറിച്ച് ആളുകള്‍ അറിയാന്‍ വിനു എബ്രഹാമിനെ പോലുള്ള ഒരാള്‍ നോവല്‍ എഴുതേണ്ടി വന്നു. അല്ലെങ്കില്‍ കുരീപ്പുഴ ശ്രീകുമാര്‍ കവിത എഴുതേണ്ടി വന്നു. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ഒരു പത്ര പ്രവര്‍ത്തകനായതുകൊണ്ട് അന്വേഷിച്ചു പോയി. പക്ഷേ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാര്‍ക്കും ജെസി ഡാനിയലിനെ അറിയില്ലായിരുന്നു. എന്റെ സുഹൃത്തുക്കളോട് പലരോടും ചോദിച്ചപ്പോള്‍ അവരില്‍ പലര്‍ക്കും അറിയില്ല. അയാളുടെ പേരില്‍ അവാര്‍ഡ് ഉണ്ട്. അയാള്‍ സിനിമ എടുത്തിട്ടുണ്ട് എന്നറിയാം. അത്രമാത്രം. അതുപോലെ നാടകത്തെ കുറിച്ച് ഒരു സിനിമ (നടന്‍) ചെയ്യാനുള്ള ആലോചന വന്നപ്പോള്‍ ഞാന്‍ പെട്ടെന്ന് പോയത് ആ വഴിക്കാണ്. നാടകത്തിന്‍റെ ചരിത്രത്തിലേക്ക് ആ സിനിമയെ കൊണ്ടുവരികയായിരുന്നു. അങ്ങനെയാണ് തമിഴ് നാടക സംഘങ്ങള്‍ ഇവിടെ വരുന്നതുമായി ബന്ധപ്പെട്ട് തുടങ്ങി അതിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നത്.സാജു: ആമിയില്‍ നിന്നു വിദ്യാബാലന്‍  പിന്‍മാറിയ പ്രശ്നം സംഘപരിവാറുമായുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നോ?

കമല്‍: ആണെന്ന് എനിക്കു തോന്നുന്നില്ല. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അവര്‍ പിന്മാറിയത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒന്ന്, അവര്‍ക്ക് തുടര്‍ച്ചയായി ഹിന്ദി സിനിമയില്‍ പരാജയം ഉണ്ടായി. ഏറ്റവും അവസാനം അഭിനയിച്ച കഹാനി ടു എന്ന സിനിമയും ഫ്ലോപ്പായി. ഇടക്കാലത്ത് ഹീറോയിന്‍ ഓറിയന്റഡ് എന്ന രീതിയില്‍ അവര്‍ സിനിമയില്‍ ഒരു സ്പേസ് ഉണ്ടാക്കിയിരുന്നു. പെട്ടെന്ന് അവര്‍ ഒരു റീജിനല്‍ ലാംഗ്വേജ് സിനിമയില്‍ കയറി അഭിനയിച്ചാല്‍ അവരുടെ ആ സ്പേസ് പോകുമോ എന്ന ഭയം അവര്‍ക്ക് ഉണ്ടായിട്ടുണ്ടാവാം. അതും ഇടക്കാലത്ത് കേറി വന്നതാവാം. കഹാനി ഇറങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ആ പേടി ഉണ്ടായിട്ടില്ല.

മറ്റൊരു കാരണം റിലയബിള്‍ സോഴ്സില്‍ നിന്ന് കിട്ടിയതാണ്. മാധവിക്കുട്ടിയായി അഭിനയിച്ചാല്‍ മതം മാറി കമലാ സുരയ്യ ആകുന്ന കഥാപാത്രമായി ആ സിനിമ വന്നു കഴിഞ്ഞാല്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോ, സംഘപരിവാര്‍ സംഘടനകളില്‍ നിന്നോ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ വര്‍ദ്ധിച്ചു വരുന്ന, പ്രത്യേകിച്ചും ഹിന്ദി സിനിമയില്‍ അതിന്റെ ഭീഷണികള്‍ ഭയങ്കരമായിട്ട് വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തില്‍ എന്ന ഒരു തോന്നല്‍ അവര്‍ക്ക് ആരോ കുത്തിവെച്ചു കൊടുത്തിട്ടുണ്ടാവാം. അതാണ് പെട്ടെന്നവര്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞത്.

പിന്‍മാറുന്നു എന്നു പറഞ്ഞതിന് ശേഷം ഞാന്‍ ആദ്യം അവരോടു സംസാരിക്കുമ്പോള്‍ അവര്‍ ദേശീയഗാന വിവാദങ്ങളും മറ്റുമൊന്നും അറിഞ്ഞിട്ടു പോലും ഇല്ല. കാരണം ദേശീയഗാന വിവാദവുമായിട്ട് എന്റെ വീട്ടിന് നേരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴൊന്നും നാഷണല്‍ മീഡിയയില്‍ അത് അധികമായിട്ട് വന്നിട്ടൊന്നും ഇല്ലായിരുന്നു. വിദ്യാ ബാലാന്‍ പിന്മാറിയതിന് ശേഷമാണ് അതിനൊരു നാഷണല്‍ വാല്യു വന്നത്. അവര്‍ ബിജെപിയുടെ, ആ വൃത്തങ്ങളില്‍ ഉള്ള ഒരാളാണ്. പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് പോലുള്ള പരിപാടിയുടെ ബ്രാന്റ് അംബാസിഡര്‍ ഒക്കെ ആയിട്ട് ഇരിക്കുന്ന ആളാണ്. ആ രീതിയില്‍ മാധവിക്കുട്ടി ആയി അഭിനയിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. അതവര്‍ എന്നോടു പറയാത്തിടത്തോളം കാലം ഇന്നതാണെന്ന് എനിക്കു പറയാന്‍ പറ്റില്ല. പിന്നെ അവര്‍ പത്രക്കാരോടൊക്കെ പറഞ്ഞ കാരണങ്ങളില്‍ കഴമ്പൊന്നും ഇല്ല. അത് കള്ളമാണെന്ന് എനിക്കും അവര്‍ക്കും അറിയാം. കാരണം തിരക്കഥയില്‍ അവസാന നിമിഷം വരെ ഞാന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഞാന്‍ മുമ്പ് അവര്‍ക്ക് കൊടുത്ത തിരക്കഥ തന്നെയാണ് ഇപ്പോഴും എന്‍റെ കയ്യില്‍ ഇരിക്കുന്നത്. ഒരു വരിപോലും മാറ്റിയിട്ടില്ല.

സാജു: ഇപ്രാവശ്യത്തെ ഫെസ്റ്റിവലില്‍ ദേശീയ ഗാനത്തിന്‍റെ വിഷയം വരുന്നു. ശരിക്ക് അതിനു മുമ്പ് തന്നെ പറയേണ്ട സ്ഥലത്തു താങ്കള്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞിട്ടുമുണ്ട്. പെട്ടെന്ന് ബിജെപിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രോവോക്കേഷന്‍ ഉണ്ടാകാന്‍ എന്താണ് കാരണം? ഒരു ഇരയായിട്ടു താങ്കളെ ഉപയോഗിക്കുകയായിരുന്നോ..?

കമല്‍: ഇരയായിട്ട് കണ്ട് ഉപയോഗിക്കുന്നു എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ചും മുസ്ലിം ഐഡന്‍റിറ്റി ഉള്ള ഒരു ഇരയെ വീണു കിട്ടിയപ്പോള്‍ അവര്‍ ഉപയോഗിക്കുകയാണ് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ മുന്‍കാലങ്ങളില്‍ എടുത്ത ചില നിലപാടുകള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി എന്നുള്ളതാണ്. അല്ലാതെ ദേശീയ ഗാനത്തിന്റെ പേരില്‍ എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ട് ഇത്രയും ക്രൂശിക്കേണ്ട കാര്യം ഇല്ല. അവര്‍ക്കും അറിയാം അത് അര്‍ഥശൂന്യമാണെന്ന്. ആ അര്‍ഥശൂന്യമായ കാര്യത്തെ അവര്‍ ബീഭത്സമാക്കുകയായിരുന്നു. ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലത്ത് ദേശീയ ഗാനം വെക്കാന്‍ പാടില്ലെന്ന് ഞാന്‍ നിലപാടെടുത്തു എന്നു പറഞ്ഞ് അവര്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു. കുറെ ആളെങ്കിലും അത് വിശ്വസിച്ചിട്ടും ഉണ്ടാകും. സത്യം ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടും ഇല്ല. തെറ്റ് ചെയ്യാത്തിടത്തോളം കാലം നമ്മള്‍ ആള്‍ക്കാരെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. മുസ്ലിം ഐഡന്‍റിറ്റിയുള്ളവര്‍ക്കൊന്നും ദേശഭക്തിയില്ല അല്ലെങ്കില്‍ ഇടതുപക്ഷ നിലപാട് ഉള്ളവര്‍ക്കൊന്നും ദേശഭക്തിയില്ല, ദേശസ്നേഹം ഞങ്ങളുടെ കുത്തകയാണ് എന്നു പറയുന്ന ഒരു സമൂഹം ഉണ്ടല്ലോ. അത് അവരുടെ അജണ്ടയുടെ ഭാഗമാണ്. അയോധ്യ സംഭവത്തിന് ശേഷം അവര്‍ തീവ്ര ഹിന്ദുത്വ നിലപാടിലൂടെ തുടങ്ങിയിട്ട് ഇപ്പോള്‍ തീവ്ര ദേശീയതയിലേക്ക് വന്നിരിക്കുകയാണ്. തീവ്ര ദേശീയത എളുപ്പം വില്‍ക്കാവുന്ന ഒരു കാര്‍ഡാണെന്ന് അവര്‍ക്ക് മനസ്സിലാക്കി. കാരണം അതില്‍ എല്ലാവരും എളുപ്പത്തില്‍ വീണു പോകും എന്നതാണ്.സാജു: ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സിനിമ മേഖലയില്‍ നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു..?

കമല്‍: ഞാന്‍ അതിനെ വേറൊരു രീതിയിലാണ് കാണുന്നത്. മുന്‍പ് സിനിമയില്‍ ഞാനൊക്കെ തുടങ്ങുന്ന കാലത്ത് അന്നും എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയം ഉള്ളവരും വലതുപക്ഷ രാഷ്ട്രീയം ഉള്ളവരും ഒക്കെ ഉണ്ടായിരുന്നു. ബിജെപിയുടെ ചായ്വുള്ളവരും ഉണ്ടായിരുന്നു. ഇപ്പൊഴും അവരൊക്കെ സജീവമായിട്ട് നില്‍ക്കുന്നുമുണ്ട്. എങ്കിലും അത് ഒരിടത്തും ഉപയോഗിക്കുകയോ എന്തെങ്കിലും വേര്‍തിരിവോടെ കാണുകയോ ചെയ്തിട്ടില്ലായിരുന്നു. അങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല.

നരേന്ദ്ര മോദി  പ്രധാനമന്ത്രിയായതിന് ശേഷമാണ് സിനിമയിലും ഇത്തരം വേര്‍തിരിവുകള്‍ വന്നിട്ടുള്ളത്. ചിലര്‍ക്ക് ചില നേട്ടങ്ങള്‍ ഉണ്ടാകും. ചിലര്‍ ഭീതിയോടെയാണ് ഇതിനെ കാണുന്നത്. കൂടുതല്‍ പേര്‍ക്കും ഭീതിയാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ എന്നെ ആ ഭാഗത്തേക്ക് ഒറ്റപ്പെടുത്തിക്കളയുമോ അല്ലെങ്കില്‍ എന്നെ വേറൊരു പക്ഷത്തേക്ക് മാറ്റി നിര്‍ത്തിക്കളയുമോ, എനിക്കു നിലപാട് ഉണ്ടെങ്കിലും ഞാന്‍ മിണ്ടാതിരിക്കുന്നതല്ലേ നല്ലത് എന്നു വിചാരിക്കുന്ന കുറെ ആള്‍ക്കാരും ഉണ്ട്. ഭൂരിപക്ഷം പേരും നിലപാടുകള്‍ ഇല്ലാത്തവരാണ്.

നമ്മള്‍ സാധാരണ പറയാറുണ്ട്, റോഡ് വികസിച്ചു കഴിഞ്ഞാല്‍ നാട് വികസിക്കും അല്ലെങ്കില്‍ വികസനം വന്നുകഴിഞ്ഞാല്‍ നാട് വികസിക്കും എന്ന ഫിലോസഫിയില്‍ വിശ്വസിക്കുന്നവരാണ് 90 ശതമാനം മിഡില്‍ ക്ലാസ്സിലെ ആളുകളും. സിനിമയില്‍ അതാണ് 99 ശതമാനവും. വികസനം എന്നാല്‍ എന്താണ് എന്നതിനെ കുറിച്ച് ഒരു സിനിമാക്കാരനോട് ചോദിച്ചാല്‍ അവരെന്തായിരിക്കും പറയുക. കുറെ ബില്‍ഡിംഗുകളും റോഡുകളും വരുന്നു. നമുക്ക് എല്ലാ ആധുനിക സൌകര്യങ്ങളും ഉണ്ട്. എല്ലാവര്‍ക്കും ഫോര്‍ജി മൊബൈല്‍ ആയി. എന്നാല്‍ അടിസ്ഥാനപരമായ  വികസനത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല.

പിന്നെ കൃഷിയെ കുറിച്ച് നമ്മുടെ കുറെ താരങ്ങളൊക്കെ ഭയങ്കരമായിട്ട് ഉദ്ഘോഷിക്കുന്നുണ്ടെങ്കിലും അടിസ്ഥാന പരമായിട്ട് കൃഷിയോട് അവര്‍ക്ക് സ്നേഹം ഉണ്ടോന്നു ചോദിച്ചാല്‍ ഞാന്‍ അതിനു ഉത്തരം പറയില്ല. ഒന്നുകില്‍ അവര്‍ അവരുടെ ആരോഗ്യത്തെ കുറിച്ച് പേടിച്ചിട്ടായിരിക്കും, വിഷം ഉള്ള പച്ചക്കറി കഴിച്ചിട്ട് ഞാന്‍ ചത്തു പോകും എന്നു കരുതിയിട്ടായിരിക്കും ഈ സ്നേഹം. അല്ലാതെ അടിസ്ഥാനപരമായിട്ട് കൃഷിയോട് താത്പര്യം ഉള്ളവര്‍ സിനിമയില്‍ കുറവാണ്. കറന്‍സിയുടെ കാര്യത്തിലും അതുപോലെ തന്നെയാണ്. ഒറ്റയടിക്ക് ഡിജിറ്റലാക്കിയാല്‍  ട്രാന്‍സാക്ഷന്‍ വളരെ വേഗത്തില്‍ നടക്കും എന്നു വിശ്വസിക്കുന്നവരാണ്. പക്ഷേ ഗ്രാസ് റൂട്ട് ലെവലില്‍ വിശ്വസിക്കുന്ന ഒരു കലാകാരന് അങ്ങനെ ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് എംടി സംസാരിച്ചത്. മെട്രോ വരുന്നതും റോഡ് വരുന്നതും ഒക്കെ നല്ലതാണ്. പക്ഷേ മെട്രോ റെയില്‍ തുടങ്ങാന്‍ വീട് ഒഴിഞ്ഞു കൊടുക്കണം എന്നു പറയുമ്പോള്‍ അവനെ സംബന്ധിച്ചിടത്തോളം കിടക്കാന്‍ വേറെ സ്ഥലമില്ലാത്ത അവസ്ഥയാണ്.

പ്രശ്നത്തെ ആ അര്‍ഥത്തില്‍ കാണാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പേര്‍ക്കും കഴിയും എന്നെനിക്ക് തോന്നുന്നില്ല. ഒരുപാട് താരങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പോലും നമ്മള്‍ കാണുന്നത് എന്താണ്. അതില്‍ നിന്നു കിട്ടുന്ന പബ്ലിസിറ്റി. ചാരിറ്റി എന്നു പറഞ്ഞാല്‍ നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ്. അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് നമ്മള്‍ ചാരിറ്റി പ്രവര്‍ത്തനം പബ്ലിസിറ്റിയിലൂടെ കൊടുക്കുന്നത്. സക്കാത്ത് കൊടുക്കുന്നത് വേറെ ആരും അറിയരുതെന്നാണ് പറയുക. നമ്മള്‍ ഇത്ര ആളുകള്‍ക്ക് വീട് വെച്ചു കൊടുത്തിട്ട് ഞാന്‍ അവിടെപ്പോയി ഫോട്ടോ എടുത്തിട്ട് പത്രത്തില്‍ കൊടുക്കുന്ന ഒരു രീതിയോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. സിനിമയില്‍ അതാണ് എല്ലാവരും വലിയ കാര്യമായിട്ട് കാണുന്നത്. സിനിമയില്‍ 90 ശതമാനം അരാഷ്ട്രീയ വാദികളാണ്. വ്യക്തമായ രാഷ്ട്രീയം ഉള്ളവര്‍ പ്രതികരിക്കും. അതുകൊണ്ടാണല്ലോ അലന്‍സിയര്‍ ഒറ്റയാള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Read: “എന്റെ ആദ്യത്തെ സിനിമ ഒരു ഉച്ചപ്പടമായിട്ടാണ് ഓടിയത്”

സാജു: താങ്കള്‍ സിനിമയിലെത്തിയിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ചലച്ചിത്ര അക്കാദമിപോലെയുള്ള സിനിമയെ നയിക്കേണ്ട ഒരു സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്ന പുതിയ പദവിയില്‍ ഇരിക്കുകയാണ്. മലയാള സിനിമയുടെ വളര്‍ച്ചയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

കമല്‍: മലയാള സിനിമയുടെ വളര്‍ച്ച കൌതുകത്തോട് കൂടി നോക്കിക്കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷേ ഒരു ഘട്ടം എത്തിക്കഴിഞ്ഞപ്പോള്‍ മലയാള സിനിമ വളര്‍ന്നോ എന്നു ചോദിച്ചു കഴിഞ്ഞാല്‍ എനിക്കു സംശയമുണ്ട്. രണ്ടു തരത്തില്‍ അതിനെ വായിക്കാം. നല്ല സിനിമകള്‍ ഈ കാലഘട്ടത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പത്മരാജന്‍ സാറിന്‍റെ പോലുള്ള സിനിമകള്‍, ഷാജി സാറിന്‍റെ സിനിമകള്‍, അങ്ങനെ ഒരുപാട് പേരുടെ സിനിമകള്‍. ഒപ്പം തന്നെ മുഖ്യധാര സിനിമ പ്രേക്ഷകരെ കയ്യടക്കുന്ന ഒരവസ്ഥ വന്നു. താരാധിപത്യം ഭയങ്കരമായിട്ട് വന്നു. കെജി ജോര്‍ജ്ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങിയവരുടെ സിനിമകളില്‍ നിന്ന് മാറിയിട്ട് കുറച്ചുകൂടി കച്ചവടത്തിന് പ്രാധാന്യം മാത്രം കൊടുക്കുന്ന താരങ്ങളുടെ നിയന്ത്രണത്തില്‍ സിനിമ വരുന്നു. ഫിലിം മേക്കര്‍ പിന്തള്ളപ്പെടുകയും കെജി ജോര്‍ജ്ജിന്‍റെ സിനിമ, പത്മരാജന്‍റെ സിനിമ, ഭാരതന്‍റെ സിനിമ എന്നു പറയുന്നതിന് പകരം മമ്മൂട്ടിയുടെ സിനിമ, മോഹന്‍ ലാലിന്റെ സിനിമ എന്നുള്ള രീതിയിലേക്ക് മാറുന്ന ഒരവസ്ഥയും ഉണ്ടായി. ആ കാലഘട്ടത്തിലാണ് ഞങ്ങളൊക്കെ സിനിമയില്‍ സജീവമാകുന്നത്. 86 ലാണ് ഞാന്‍ വന്നതെങ്കിലും 96 വരെയുള്ള ആദ്യത്തെ പത്തു വര്‍ഷമൊക്കെ അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും അത് തന്നെയാണ് സംഭവിക്കുന്നത്. അതിനു മാറ്റമൊന്നും വന്നിട്ടില്ല. പുതിയ തരം താരങ്ങള്‍ വന്നപ്പോഴും അതിലേക്കു തന്നെയാണ് പോകുന്നത്. 70-കളിലൊക്കെ ഉണ്ടായിരുന്ന ആ ഒരു ആര്‍ജ്ജവത്തോട് കൂടിയുള്ള മനുഷ്യന്‍റെ കഥ പറയുന്ന പൊളിറ്റിക്സും കാര്യങ്ങളും ഒക്കെ അഡ്രസ് ചെയ്യുന്ന നമ്മുടെ ജീവിതത്തേ അടയാളപ്പെടുത്തുന്ന സിനിമകള്‍ ഒന്നും ഇപ്പോള്‍ വരുന്നില്ല. അതില്‍ നിന്നു മാറി സഞ്ചരിക്കാന്‍ എനിക്കും പറ്റിയിട്ടില്ല. എനിക്കു പറ്റാത്തത് എന്റെ ഒരു ബലഹീനതയാണ്. പരാജയമാണ് എന്നംഗീകരിക്കുന്ന ഒരാള്‍ തന്നെയാണ് ഞാന്‍.

(തുടരും)

Next Story

Related Stories