TopTop
Begin typing your search above and press return to search.

പവനായി ശവമായി അഥവാ അണഞ്ഞു പോയ കുറ്റിച്ചൂല്‍ വിപ്ലവത്തിന്റെ കഥ

പവനായി ശവമായി അഥവാ അണഞ്ഞു പോയ കുറ്റിച്ചൂല്‍ വിപ്ലവത്തിന്റെ കഥ

കെ.പി.എസ്.കല്ലേരി

കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിലെ രാഷ്ട്രീയ ലോകം ഒറ്റയ്ക്കും തെറ്റയ്ക്കും ചോദിക്കുന്നൊരു ചോദ്യമുണ്ട്. ഇവിടുത്തെ ആംആദ്മിക്കാരൊക്കെ എവിടെപ്പോയി? ചാനലുകളില്‍ തൊപ്പിയിട്ടിരിക്കാന്‍പോലും ഒരാളെയും കാണാനില്ലല്ലോ. കാരശ്ശേരി മാഷും സാറാജോസഫുമൊന്നും കാര്യങ്ങളന്വേഷിക്കാറില്ലേ? അതോ അനിതാപ്രതാപിനു പിന്നാലെ അവരും പാര്‍ട്ടിവിട്ടോ...! ഒന്നും വ്യക്തമാവുന്നില്ല. കഴിഞ്ഞ ദിവസം ഏറെ തപ്പിനടന്നിട്ട് ഒരു ആം ആദ്മി സംസ്ഥാന നേതാവിനെ കൈയ്യില്‍ കിട്ടിയപ്പോള്‍ രണ്ടടി പിറകോട്ട് വലിഞ്ഞ് നാലടി മുന്നോട്ടടിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ പാര്‍ട്ടി എന്നാണ് പറഞ്ഞത്. അണിയറയില്‍ സജീവമാണെന്നും ഒരു കൂട്ടിച്ചേര്‍ക്കല്‍. അപ്പോള്‍ മനസില്‍ തോന്നിയത്, അണിയറയില്‍ ഉണ്ടായാല്‍മതി. നാലടി അടിക്കാന്‍ രണ്ടടി പിറകോട്ട് നീങ്ങിയിട്ട് അതുവഴിയങ്ങ് പോയിക്കളയരുത് എന്നായിരുന്നു.

എന്തൊക്കയായിരുന്നു പുകില്. ഒറ്റവര്‍ഷം കൊണ്ട് ഡല്‍ഹിയറിഞ്ഞ ചൂല്‍ വിപ്ലവം അടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിലും ആഞ്ഞുവീശും. മുഖ്യധാര പാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഎമ്മും ആ കാറ്റില്‍ ആടി ഉലയും. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞുള്ള ലോകസഭാ തെരഞ്ഞെടുപ്പിലും ഇടയ്ക്കുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമെല്ലാം ആം ആദ്മി പ്രതിനിധികള്‍ ജയിച്ചുകയറും. സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവര്‍ക്ക് പുറമേ കേരളത്തില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍ സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍വരെ ഇറങ്ങും...എന്നിട്ടെന്തായി?

ഡല്‍ഹി വിജയത്തിന്റെ ഒന്നാം വാര്‍ഷികമാഘോഷിക്കുന്നതിനുമുമ്പുതന്നെ ആംആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ കാലിടറിയിരിക്കുന്നു. കാലിടറി എന്നെങ്ങനെ ചെറുതാക്കി പറഞ്ഞാല്‍ പോര. അടിതെറ്റി വീണിരിക്കുന്നു എന്നുതന്നെ പറയണം. ഫേസ്ബുക്കില്‍ ഒരുലക്ഷം ലൈക്ക്, അഞ്ചുലക്ഷം ലൈക്ക് എന്നിങ്ങനെ പറഞ്ഞുകൊണ്ടേയിരുന്ന ഒറ്റ ജില്ലാ കമ്മറ്റികളേയും ഇപ്പോള്‍ കാണാനില്ല. എന്തിനേറെ കഴിഞ്ഞദിവസം പുറത്തുവന്നൊരു വാര്‍ത്ത കൊച്ചിയിലെ സംസ്ഥാന കമ്മറ്റി ഓഫീസും പൂട്ടിയെന്നാണ്. പ്രഥമ സംസ്ഥാന സെക്രട്ടറി പോലുമറിയാതെ പുതിയ സെക്രട്ടറി വന്നു എന്നും വാര്‍ത്ത കേള്‍ക്കുന്നു. ഇതില്‍ ശരിയേത് തെറ്റേതെന്ന് ചോദിക്കാമെന്നു വെച്ചാല്‍ നേരാംവണ്ണം ഒരു നേതാവിനേയും ഫോണില്‍പോലും കിട്ടുന്നില്ല. പിന്നെന്താണ് ചെയ്യേണ്ടത്..!കൊച്ചി എംജി റോഡിലായിരുന്നു ആം ആദ്മിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ആം ആദ്മിയുടെ ബോര്‍ഡ് എടുത്തുമാറ്റി പകരം ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്നൊരു ബോര്‍ഡാണ് അവിടെയുള്ളത്. തുടക്കത്തില്‍ കോട്ടയത്ത് സ്ഥാനാര്‍ഥിയായി മത്സരിച്ച അനില്‍ അക്കരയായിരുന്നു സംസ്ഥാന സെക്രട്ടറി. ഇപ്പോള്‍ പഴയ സെക്രട്ടറിയും ട്രഷററും പുറത്തായി പുതിയ സെക്രട്ടറി ഉണ്ടായിരിക്കുന്നു. അതുപോലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നേതാക്കളെക്കുറിച്ചും വിവരങ്ങളൊന്നുമില്ല. ആം ആദ്മിക്കുവേണ്ടി ഏറണാകുളത്ത് മത്സരിച്ച പ്രശസ്ത പത്രപ്രവര്‍ത്തക അനിതാ പ്രതാപ് പാര്‍ട്ടി വിട്ടത് ഇതിനകം വലിയ വാര്‍ത്ത ആയിരുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ മുഖമായി നേതാക്കള്‍ കൊണ്ടുനടന്ന എം.എന്‍.കാരശ്ശേരി, സാറാ ജോസഫ്, എന്‍.പ്രഭാകരന്‍, ആം ആദ്മിയിലേക്ക് വരുന്നെന്ന് പ്രഖ്യാപിച്ച സി.കെ.ജാനു, ഗീതാനന്ദന്‍ തുടങ്ങിയവരെക്കുറിച്ചൊന്നും ഇപ്പോള്‍ കേള്‍ക്കുന്നേയില്ല. ആറുമാസം മുമ്പ് ഞാനും ഞാനും ആം ആദ്മിയെന്നുപറഞ്ഞവര്‍ ഇപ്പോള്‍ അങ്ങനെയൊരു പാര്‍ട്ടി ഉണ്ടെന്നുപോലും പറയാന്‍ തയ്യാറല്ലാതായിരിക്കുന്നു. ഒടുക്കം പവനായി ശവമായി എന്നു പറഞ്ഞപോലെയായി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ചതോടെയാണ് ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപകമായി തരംഗമായത്. സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളിലൂടെയാണ് പ്രധാനമായും ആം ആദ്മി തരംഗം വീശിയടിച്ചത്. സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റികളും മണ്ഡലം കമ്മറ്റികളുമെല്ലാം സ്വന്തം സ്വന്തം ഫേസ്ബുക്ക് യൂണിറ്റുകളുണ്ടാക്കി അവരാലാവുംപോലെയെല്ലാം പാര്‍ട്ടി വളര്‍ത്തി. പോരാത്തിന് ആ കുത്തൊഴുക്കില്‍ ആംആദ്മി പാര്‍ട്ടിയുടെ ഭരണഘടനയോ അജണ്ടയോ ദൗത്യങ്ങളോ ഒന്നും മനസിലാക്കാതെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ആളുകള്‍ തങ്ങളും തങ്ങളും ആം ആദ്മിക്കാരണെന്ന് പറഞ്ഞ് ചൂലുമായി രംഗത്തിറങ്ങി.

ഇടത്-വലത് മുന്നണികള്‍ വര്‍ഷങ്ങളായി കുത്തക ഭരണം നടത്തുന്ന കേരളത്തില്‍ രാഷ്ട്രീയം മറന്ന് വലിയൊരു ജനക്കൂട്ടം ആം ആദ്മിയോട് അനുഭാവം പ്രകടിപ്പിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും അടര്‍ന്നുപോന്ന ചെറു പാര്‍ട്ടികള്‍ എ എ പിയുമായുള്ള സഖ്യത്തിനും ശ്രമം തുടങ്ങി. സിപിഎമ്മിനുള്ളിലെ വലതുപക്ഷവത്കരണത്തിലും അഴിമതിയിലും പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയും ടി.പി.ചന്ദ്രശേഖരന്റെ വധത്തോടെ കരുത്താര്‍ജ്ജിക്കുകയും ചെയ്ത ആര്‍എംപി പ്രത്യക്ഷമായിതന്നെ ആം ആദ്മിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കാമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. കേരളത്തില്‍ ആര്‍എംപി ഉയര്‍ത്തുന്ന അഴിമതി വിരുദ്ധ നിലപാട് തന്നെയാണ് ആം ആദ്മിയുടേതെന്നും അതുകൊണ്ടാണ് അത്തരമൊരു സഹകരണത്തെകുറിച്ച് ആലോചിച്ചതെന്നുമാണ് ആര്‍എംപി നേതാക്കളായ എന്‍.വേണു, കെ.കെ.രമ, കെ.എസ്.ഹരിഹരന്‍ എന്നിവര്‍ അന്ന് പറഞ്ഞത്. അതേസമയം കേരളത്തില്‍ ഇത്തരമൊരു സഹകരണത്തെകുറിച്ച് ആം ആദ്മി ആലോചിച്ചിട്ടില്ലെന്നും ആരുമായും ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് ആം ആദ്മി പാര്‍ട്ടി വക്താവ് മനോജ് പത്മനാഭന്‍ അന്ന് പറഞ്ഞത്.എന്നാല്‍ ഔദ്യോഗിക തലത്തില്‍ ആം ആദ്മിപാര്‍ട്ടിയുടെ കേരള ഘടകവുമായോ കേന്ദ്ര ഘടകവുമായോ ഇത്തരമൊരു സഹകരണത്തെകുറിച്ച് ഔദ്യോഗികമായ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെങ്കിലും ആം ആദ്മി അഖിലേന്ത്യാ നേതാവ് പ്രശാന്ത് ഭൂഷന്‍ കേരളത്തിലെത്തിയപ്പോള്‍ ആര്‍എംപി നേതാക്കള്‍ അദ്ദേഹവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും അന്ന് വാര്‍ത്ത് പുറത്ത് വന്നിരുന്നു. ആം ആദ്മി-ആര്‍എംപി സഹകരണത്തെകുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതിനിടയിലാണ് ലീഗില്‍ നിന്നും വഴിപിരിഞ്ഞുണ്ടാക്കിയ പി.ടി.എ.റഹീം എല്‍എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ആം ആദ്മി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതയുള്ള വാര്‍ത്തയും പുറത്ത് വന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

കേരളം ഓടുന്നത് റിവേഴ്സ് ഗിയറില്‍ - എം.എന്‍ കാരശേരി
ആം ആദ്മി ആകുന്നതിന് മുമ്പ് മലയാളി പരിശോധിക്കേണ്ട കാര്യങ്ങള്‍
ഞാനെന്തുകൊണ്ട് -'ഇപ്പോള്‍-' ആം ആദ്മിയില്‍ ചേരുന്നില്ല - സി.ആര്‍ നീലകണ്ഠന്‍
ആം ആദ്മി അല്ല മാതൃക; കോണ്‍ഗ്രസ് സ്വയം മാറണം - വി.ടി ബല്‍റാം
എറണാകുളം തോമസ് മാഷിന് -'ആപ്പ-'ടിക്കുമോ?

ഒരു ഭാഗത്ത് ചെറുകിട പാര്‍ട്ടികള്‍ എ എ പിയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക ലോകവും കെജിരിവാളിനൊപ്പം അണിചേരാന്‍ തയ്യാറായിനിന്നു. എം.മുകുന്ദന്‍ ഡല്‍ഹി വിജയത്തെ തുടര്‍ന്നുതന്നെ എ എ പിയോടുള്ള താല്‍പര്യം തുറന്നു പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ തന്റെ വോട്ട് കെജ്‌രിവാളിനാകുമായിരുന്നെന്നായിരുന്നു മുകുന്ദന്റെ പ്രസ്താവന. ഇത്രയും കാലം ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുകുന്ദന്‍ ആദ്മിയുമായുള്ള ആഭിമുഖ്യം വെട്ടിതുറന്നുപറഞ്ഞപ്പോള്‍ ഇടത് വേദികളിലെ പതിവ് സാന്നിദ്ധ്യമായിരുന്ന സാറാ ജോസഫ് തൃശ്ശൂരില്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചും എന്‍.പ്രഭാകരന്‍ പ്രസ്താവനയിലൂടെയും ആം ആദ്മിയുടെ ഭാഗമായി. അനിതാ പ്രതാപും കാരശ്ശേരിയും സിനിമാ സംവിധായകന്‍ അലി അക്ബറുമെല്ലാം അങ്ങനെ ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമായി.ഡല്‍ഹി നല്‍കിയ വിജയത്തിന്റെ ആവേശക്കൊടുമുടിയിലായിരുന്നു രാജ്യമെങ്ങുമുള്ള ആം ആദ്മി പ്രവര്‍ത്തകര്‍. കേജ്‌രിവാളിന്റേയും എ എ പിയുടേയും ചരിത്ര വിജയം കണ്ട അന്നുമുതല്‍ ഹാലിളകിത്തുടങ്ങിയ ജനാധിപത്യ ചേരിയിലെ ശത്രുപക്ഷങ്ങള്‍ ആപ്പിനുള്ളിലെ ഒരു പൊട്ടിത്തെറിക്കുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് കുറച്ചുനാളായി. ജനാധിപത്യത്തെ ശുദ്ധീകരിക്കലോ, ജനങ്ങളെ നന്നാക്കലോ അല്ല ഇതിലൂടെ ശത്രുപക്ഷം ലക്ഷ്യമിട്ടത്. തങ്ങളേക്കാള്‍ കേമന്‍മാരാണെന്ന് പറഞ്ഞ് രംഗത്തുവന്ന പാര്‍ട്ടിക്കുള്ളില്‍ കരടുകളുണ്ടെന്ന് പറഞ്ഞ് അവരെ എങ്ങിനെയെങ്കിലും തകര്‍ക്കുക. അത്തരമൊരു ലക്ഷ്യവുമായി രാജ്യത്തെ ഇടത്-വലത് പാര്‍ട്ടികളും ബിജെപിയുമെല്ലാം കൊണ്ടുപിടിച്ച് നീങ്ങുമ്പോഴാണ് ആം ആദ്മിയില്‍ ഡല്‍ഹിയില്‍ തന്നെ ആദ്യ വെടി പൊട്ടിയിത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയിലേക്ക് ആദര്‍ശത്തിന്റെ ഗോപുരമായി രംഗപ്രവേശനം നടത്തിയ ആംആദ്മി പാര്‍ട്ടിക്കെതിരെ സ്വന്തം പാര്‍ട്ടി എംഎല്‍എ തന്നെ തിരിഞ്ഞ് കുത്തിയത് നേതൃത്വത്തെ തുടക്കംമുതല്‍ വിഷമവൃത്തത്തിലാക്കി. തെരഞ്ഞെടുപ്പിനുമുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് ആം ആദ്മി വ്യതിചലിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നുണയനാണെന്നും പറഞ്ഞാണ് എംഎല്‍എ വിനോദ്കുമാര്‍ ബിന്നി രംഗത്തെത്തിയത്. മന്ത്രിസ്ഥാനം ലഭിക്കാത്തതും പിന്നീട് ചോദിച്ച എംപി സീറ്റ് നല്‍കാത്തതുമാണ് ബിന്നിയെ ചൊടിപ്പിച്ചതെന്നും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും കേജ്‌രിവാള്‍ ഇതിന് മറു പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് അവിടെനിന്ന് പല സംസ്ഥാന ഘടകങ്ങളിലേക്കും വ്യാപിച്ചു. ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കാണുന്നവരെയെല്ലാം പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മെമ്പര്‍ഷിപ്പ് നല്‍കിയപ്പോള്‍ പാര്‍ട്ടി എന്നത് വെറും ജനക്കൂട്ടം മാത്രമായി. വഴിയേ പോകുന്നവരെല്ലാം ആംആദ്മിയുടെ വക്താക്കളായി. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ പാര്‍ട്ടിയെ ശുദ്ധീകരിക്കുന്നതിനുപകരം അടിക്കടി പാര്‍ട്ടിയുടെ ഘാതകരായി. ഒടുക്കം പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കൂടുകയും നേതൃത്വം നഷ്ടപ്പെടുകയുമുണ്ടായി. പാര്‍ട്ടിക്ക് പ്രത്യേക അജണ്ടയോ ലക്ഷ്യങ്ങളോ ഇല്ലാതായതോടെ പാര്‍ട്ടിക്ക് സംസ്ഥാന കമ്മറ്റി ഓഫീസ് വരെ നഷ്ടപ്പെട്ടു.

ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടത്-വലത് മുന്നണികള്‍ക്കൊരു ബദല്‍ എന്ന അര്‍ഥത്തില്‍ ആംആദ്മി പാര്‍ട്ടി വളരണമെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്നെങ്കിലും സമീപകാല യാഥാര്‍ഥ്യങ്ങള്‍ അതിനെല്ലാം വിരുദ്ധമാണ്.

*Views are personal


Next Story

Related Stories