TopTop
Begin typing your search above and press return to search.

മോദി തരംഗത്തിനു കടിഞ്ഞാണിട്ട ജനകീയതരംഗം

മോദി തരംഗത്തിനു കടിഞ്ഞാണിട്ട ജനകീയതരംഗം

സുകുമാരന്‍ സി. വി.

വെറും 49 ദിവസം ആം ആദ്മി പാര്‍ട്ടി ദില്ലി ഭരിച്ചപ്പോള്‍ പതിനഞ്ചു വര്‍ഷത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് ഭരണകാലത്തോ, അതിനു മുമ്പുണ്ടായ ബിജെപി ഭരണകാലത്തോ ജനങ്ങള്‍ക്കു സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന പലകാര്യങ്ങളും യാഥാര്‍ത്ഥ്യമായി. പൊലീസും, സര്‍ക്കാരുദ്യോഗസ്ഥരും കൈക്കൂലി വാങ്ങിക്കാന്‍ പേടിച്ചു, ജനങ്ങള്‍ക്കു സൌജന്യമായി വെള്ളം ലഭിച്ചു. എല്ലാറ്റിനുമുപരി, ജനങ്ങളാണ് ഭരിക്കുന്നതെന്ന് ജനങ്ങള്‍ക്കുവെണ്ടിയാണ് ഭരണം നടക്കുന്നതെന്ന് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ജനങ്ങള്‍ക്കു വിശ്വാസം വന്നത് 2013 ഡിസംബര്‍ 28 മുതല്‍ 2014 ഫെബ്രുവരി 14 വരെ 49 ദിവസം മാത്രം നീണ്ടു നിന്ന ആം ആദ്മി ഭരണത്തിലായിരുന്നു.

തരംഗങ്ങള്‍ ഒട്ടേറെ കണ്ടിട്ടുള്ള ഇന്ത്യന്‍ ജനാധിപത്യം തികഞ്ഞ ഒരു ജനകീയ തരംഗം കാണുന്നത് ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലാണെന്നു പറയാം. 1984ല്‍ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ വൈകാരിക തരംഗമാണ് ഇന്ദിരാഗാന്ധിയുടെ മകനാണെന്ന ഒരു 'യോഗ്യത'യല്ലാതെ മറ്റൊരു യോഗ്യതയുമില്ലാതിരുന്നിട്ടും രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിലേക്കും, തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടുന്നതിലേക്കും നയിച്ചത്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യന്‍ ജനാധിപത്യം കുംഭകോണങ്ങളുടെ യുഗത്തിലേക്കു പ്രവേശിക്കുകയും, കുത്തകകള്‍ക്കും, ഇടനിലക്കാര്‍ക്കും വിടുപണിചെയ്യുന്ന ഉപകരണം മാത്രമായി സ്റ്റേറ്റ് മാറിത്തുടങ്ങുകയും ചെയ്തു.

രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് അധികാരത്തിലേറിയ നരസിംഹ റാവു ഒരു പടികൂടി മുന്നോട്ടുചെന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഒരേയൊരു കടമ കോര്‍പറേറ്റുകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നാക്കിത്തീര്‍‍‍ക്കുന്ന നിയോ-ലിബറല്‍ നയങ്ങള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്നുണ്ടായ മന്‍മോഹന്‍സിങ്ങിന്‍റെ ഒരു പതിറ്റാണ്ടു നീണ്ടു നിന്ന ഭരണം കോര്‍പറേറ്റു താല്‍പര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനു വേണ്ട എല്ലാ സംവിധാനങ്ങളും ശക്തമാക്കിക്കൊണ്ട് ഇന്ത്യയുടെ കാര്‍ഷികമേഖലയെയും, പരിസ്ഥിതിയെയും തകര്‍ത്തു എന്നു മാത്രമല്ല സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.പിന്നീട് നാം കണ്ടത് മോദി തരംഗമാണ്. കോര്‍പറേറ്റ് പണക്കൊഴുപ്പിന്‍റെയും മീഡിയ മാനിപുലേഷന്‍റെയും ഫലമായി കോണ്‍ഗ്രസിന്‍റെ കോട്ടകൊത്തളങ്ങളെല്ലാം പൊളിച്ച് ദില്ലിയിലെത്തിയ മോദി, പക്ഷേ കഴിഞ്ഞ എട്ടു മാസങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് സാധാരണക്കാരുടെയോ, പാവങ്ങളുടെയോ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന കാര്യങ്ങളല്ല. മറിച്ച് കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ സുഗമമായി ജനങ്ങളെയും പ്രകൃതിവിഭവങ്ങളെയും ചൂഷണം ചെയ്യുന്നതിനു വേണ്ട സഹായങ്ങളാണ്.

ജനങ്ങള്‍ ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജയിക്കുമ്പോഴെല്ലാം മോദി തരംഗമെന്നു പറഞ്ഞ് അഹങ്കരിച്ച ബിജെപിക്കോ, എത്ര തോറ്റാലും യഥാര്‍ത്ഥ രാഷ്ട്രീയ അവബോധം ഉണ്ടാവാത്ത കോണ്‍ഗ്രസിനോ ജനങ്ങളാണ് ജനാധിപത്യത്തിന്‍റെ ശക്തിയെന്നോ ജനങ്ങള്‍ക്കു വേണ്ടിയാണ് ജനാധിപത്യം നിലകൊള്ളേണ്ടതെന്നോ ഇനിയും മനസിലായിട്ടില്ല. വ്യക്തികള്‍ സൃഷ്ടിക്കുന്ന തരംഗങ്ങളില്‍ വിശ്വസിക്കുകയും, ജനങ്ങളെ വിസ്മരിക്കുകയും ചെയ്ത് ജനാധിപത്യത്തെ അപമാനിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള അന്ത്യശാസനമാണ് ഡല്‍ഹിയിലുണ്ടായ ജനകീയതരംഗം. ഈ ജനകീയതരംഗത്തില്‍ ഒലിച്ചുപോയത് ജനങ്ങളുടെ വോട്ടു വാങ്ങി ജനങ്ങളെ കോര്‍പ്പറേറ്റുകളുടെ ഇരകളാക്കി മാറ്റുന്ന നവ-ലിബറല്‍ രാഷ്ട്രീയ സംസ്കാരമാണ്. ഈ ജനകീയ മുന്നേറ്റം ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ഇന്ത്യയുടെ നാനാദിശകളിലേക്കും വ്യാപിക്കുന്ന കാലം വിദൂരമല്ല.

ജാതിയുടെയും, മതത്തിന്‍റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് 'ജനാധിപത്യപരമായി' അധികാരം പിടിച്ചടക്കുന്ന നമ്മുടെ മതേതരവും അല്ലാത്തതുമായ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ജനാധിപത്യമെന്തെന്ന് ജനങ്ങളും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് പഠിപ്പിച്ചിരിക്കുകയാണ് ദില്ലിയില്‍. ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടിഫണ്ടിലേക്ക് കുത്തകകളുടെ സംഭാവനകള്‍ വേണ്ടെന്നു വെക്കുമ്പോഴാണ്. ജനാധിപത്യം മതേതരമാകുന്നത് വര്‍ഗീയ വോട്ടുകള്‍ തങ്ങള്‍ക്കു വേണ്ടെന്നു പറയാന്‍ ധൈര്യം കാണിച്ച അരവിന്ദ് കെജ്രിവാളിന്‍റെ രാഷ്ട്രീയ സത്യസന്ധത നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആര്‍ജ്ജിക്കുമ്പോഴാണ്. (ഇന്ന് നമ്മുടെ 'മതേതര' ഇടതുപക്ഷത്തിനുപോലും ഇല്ലാത്തതാണ് ഈ സത്യസന്ധത.) ഈ അര്‍ത്ഥത്തില്‍ തികച്ചും അര്‍ത്ഥപൂര്‍ണമായ ജനാധിപത്യത്തിന്‍റെ രൂപമാണ് നാം ദില്ലി തെരഞ്ഞെടുപ്പുഫലത്തില്‍ കണ്ടത്.ജനാധിപത്യത്തെ അര്‍ത്ഥശൂന്യമാക്കുന്ന, മതേതരത്വത്തെ തുരങ്കം വെക്കുന്ന, ദേശീയതാല്‍പര്യമെന്നാല്‍ കുത്തകകളുടെയും സമ്പന്നരുടെയും താല്‍പര്യമാണെന്നു വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ കാത്തിരിക്കുന്നത് ഇന്ദ്രപ്രസ്ഥത്തിലെ ജനകീയതരംഗത്തിനു തുല്യമായ തരംഗങ്ങളാണെന്നും, ജനാധിപത്യത്തിന്‍റെ ഭാവി ജനങ്ങളുടെ കൈയില്‍ സുരക്ഷിതമാണെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് ആം ആദ്മിയുടെ ചരിത്രവിജയം നമുക്ക് നല്‍കുന്നത്. വ്യക്തികളുണ്ടാക്കുന്ന തരംഗങ്ങളല്ല ജനങ്ങളുണ്ടാക്കുന്ന തരംഗങ്ങളാണ് ജനാധിപത്യത്തിന്‍റെ ശക്തിയെന്ന് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പഠിക്കട്ടെ.

ജനാധിപത്യത്തിന്‍റെയും വികസനത്തിന്‍റെയും പേരില്‍ പൊതുഖജനാവു കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, കോണ്‍ട്രാക്ടര്‍മാര്‍ക്കും പേടിസ്വപ്നമായിത്തീരട്ടെ ചൂല്‍. കള്ളപ്പണക്കാര്‍ക്കും, കൊള്ളക്കാര്‍ക്കും, ക്രിമിനലുകള്‍ക്കും സംരക്ഷണം നല്കുകയും ഇക്കൂട്ടര്‍ നല്‍കുന്ന ഭീമമായ തുകകളുപയോഗിച്ച് ഇലക്ഷന്‍ പ്രചാരണം നടത്തി ജനങ്ങളുടെ വോട്ടുവാങ്ങി, ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കി സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ വര്‍ഗ്ഗത്തെ ചൂലുകൊണ്ട് അടിച്ചുവാരി ഇന്ത്യയെ വൃത്തിയാക്കാന്‍ സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ ജനകീയതരംഗങ്ങള്‍ നമുക്കു പ്രതീക്ഷിക്കാം.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സുകുമാരന്‍ സി വിയുടെ ലേഖനം

കാടിനെ കൊല്ലുന്ന വിദ്യാസമ്പന്നരായ നാം; എന്‍ എ നസീറിന്‍റെ കാടിനെ ചെന്നു തൊടുമ്പോള്‍-ഒരു വായന
പൊങ്ങച്ച മാധ്യമങ്ങള്‍ കാണാതെ പോകുന്ന കേരളം


(ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേര്‍സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ലേഖകന്‍ ദി ഹിന്ദു, കൂട്, മെയിന്‍ സ്ട്രീം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്)

* Views are Personal


Next Story

Related Stories