TopTop

ആപ്പ് പിളര്‍പ്പിലേക്ക്? പാര്‍ട്ടിയില്‍ വണ്‍മാന്‍ ഷോയെന്ന് പ്രശാന്ത് ഭൂഷന്‍

ആപ്പ് പിളര്‍പ്പിലേക്ക്? പാര്‍ട്ടിയില്‍ വണ്‍മാന്‍ ഷോയെന്ന് പ്രശാന്ത് ഭൂഷന്‍

അഴിമുഖം പ്രതിനിധി

ഏറെ പ്രതീക്ഷയോടെ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഇരു വിഭാഗങ്ങല്‍ തമ്മിലുളള ഏറ്റ് മുട്ടലും അധികാര വടം വലിയുമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി ശിഥിലീകരണത്തിന് വഴിവെച്ചത്. പാര്‍ട്ടി വിഴുപ്പലക്കലുകള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.

ആം ആദ്മി പാര്‍ട്ടിയില്‍ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്ന് മുതിർന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. പാര്‍ട്ടിയുടെ വരവ് ചെലവ് കണക്കുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേജരിവാളുമായി താന്‍ സംസാരിച്ചിട്ട് ദിവസങ്ങളായി എന്നും പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരം വളരുന്നുവെന്നും ഭൂഷണ്‍ ആരോപിച്ചു. തങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ താന്‍ തുറന്ന മനസിനുടമയാണെന്നും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനല്ല. പാര്‍ട്ടി വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ പാര്‍ട്ടി എന്ത് തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്‌ടോ അതില്‍ നിന്നും വ്യതിചലിച്ചിട്ടുണ്ട്. കേജരിവാളിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ചില തീരുമാനങ്ങളില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്നും ഭൂഷണ്‍ വ്യക്തമാക്കി.

അതിനിടെ പ്രശാന്ത് ഭൂഷൻറെ പരസ്യ ആരോപണങ്ങൾക്കെതിരെ കെജരിവാൾ വിഭാഗം രംഗത്തെത്തി. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണെന്നും പരസ്യമായി മാധ്യമങ്ങളോടല്ലെന്നും നേതാക്കൾ പറഞ്ഞു. പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കുന്നതും, കത്തുകള്‍ ചോര്‍ത്തുന്നതും പ്രശാന്ത് ഭൂഷനും, യോഗേന്ദ്രയാദവും പതിവാക്കിയിരിക്കുകയാണെന്നും നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടിക്കെതിരെയുള്ള പ്രശാന്ത് ഭൂഷന്റെ ടെലഫോണ്‍ സംഭാഷണത്തിന്റെ രേഖകളും ഇവരുടെ പക്കലുണ്ട്.

അതെസമയം പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തന്നെ വേദനിപ്പിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഇത് തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണെന്നും കെജരിവാള്‍ ട്വിറ്റില്‍ കുറിച്ചു.

എന്നാൽ ഇതു രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും ആശയ സംഘര്‍ഷങ്ങളാണെന്നും കെജരിവാൾ അനുയായി അശുതോഷ് പറഞ്ഞു. ഈ തര്‍ക്കങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ ഭാവി നയം ഉയര്‍ന്നു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ ഇടതു തീവ്ര വാദികളും പ്രായോഗിക വാദികളും തമ്മിലാണു തര്‍ക്കമെന്നാണു അശുതോഷിന്റെ വാദം.

കെജരിവാളിനെ പുറത്താക്കാനും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തുന്നതിനും വേണ്ടി പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവും ശ്രമിച്ചിരുന്നതായി ആരോപിച്ച് പാര്‍ട്ടി സഹ കണ്‍വീനര്‍ ദേശീയ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇരുവരേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പ്രശാന്ത് ഭൂഷണും പിതാവ് ശാന്തിഭൂഷണും എതിരെ ആരോപണവുമായി ഡല്‍ഹി സെക്രട്ടറി ദിലീപ് പാണ്ഡെയും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.

പാര്‍ട്ടിക്കുള്ളില്‍ രണ്ടു ചേരിയുണ്ടന്ന് സ്ഥാപക നേതാക്കളിലൊരാളായ അഡ്മിറല്‍ രാംദാസുംആരോപിച്ചു. കേജരിവാളിനെ അനുകൂലിക്കുന്ന പക്ഷവും എതിര്‍ക്കുന്ന പക്ഷവുമാണത്. ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് രാംദാസ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗം നാളെ ചേരും. പ്രവര്‍ത്തന ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന എക്‌സിക്യുട്ടീവ് ശക്തമായ നടപടികളും കാതലായ തീരുമാനങ്ങളും കൈക്കൊള്ളുമെന്നാണ് സൂചന.

മുഖ്യമന്ത്രി കേജരിവാളിനെതിരെ യോഗേന്ദ്ര യാദവും , പ്രശാന്ത് ഭൂഷണും നീക്കങ്ങള്‍ നടത്തുന്നതായുള്ള ആരോപണം ശക്തമായതിനെ തുടർന്ന് ഇവരെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള തീരുമാനങ്ങളും ഉണ്ടായേക്കാം.Next Story

Related Stories