അഴിമുഖം പ്രതിനിധി
ഭര്‍തൃപിതാവും ഭര്‍തൃ സഹോദരിയും കണ്മുന്നില് കത്തിയമര്‍ന്നതിന്റെ നടുക്കം വിട്ടുമാറാതെ ജോയ്സ് മരിയ. മൂവാറ്റുപുഴ കൂത്താട്ടുകുളം റൂട്ടില്‍ ആറൂര്‍ സാറ്റലൈറ്റ് വളവിനടുത്തു വച്ച് തീപിടിച്ചു പൊട്ടിത്തെറിച്ച ആംബുലന്‍സില്‍ നിന്നും മുടിനാരിഴയ്ക്കാണ് ജോയ്സ് രക്ഷപെട്ടത്.
ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ പി ജെയിംസ് (72), മകളും തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി(45) എന്നിവരാണ് മരിച്ചത്. ജെയിംസിന്റെ മകന്റെ ഭാര്യയാണ് ജോയ്സ് മരിയ. ഇവരെക്കൂടാതെ ആംബുലന്‍സ് ഡ്രൈവര്‍ കൃഷ്ണദാസ്, ഹോം നഴ്സ് കുമളി ലോവര്‍ അംബേദ്കര്‍ കോളനിയില്‍ ഏസയ്യയുടെ ഭാര്യ ലക്ഷ്മി, മെയില്‍ നഴ്സ് മെല്വിന് ആന്റണി എന്നിവര്‍ക്ക് പൊള്ളല്‍ ഏല്ക്കുകയും ചെയ്തു.
ന്യുമോണിയ ബാധിച്ച ജെയിംസിനെ കോട്ടയത്തേക്ക് കൊണ്ടുവരുന്നതിനിടെ മൂവാറ്റുപുഴ കൂത്താട്ടുകുളം റൂട്ടില്‍ ആറൂര്‍ സാറ്റലൈറ്റ് വളവിനടുത്തു വച്ചാണ് സംഭവം നടന്നത്. ഓട്ടത്തിനിടെ വണ്ടിയില്‍ നിന്നും പുക വന്നതിനെത്തുടര്‍ന്ന് നിര്‍ത്തിയെങ്കിലും ഉടന്‍ തന്നെ തീപടരുകയായിരുന്നു. ആദ്യം പുറത്തിറങ്ങിയ ഡ്രൈവറും മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന ജോയ്സ് മരിയയും പിന്നില്‍ ഉണ്ടായിരുന്ന മെല്‍വിനെയും ലക്ഷ്മിയെയും പുറത്തെത്തിച്ചപ്പോഴേക്കും വാഹനം തനിയെ സ്റ്റാര്‍ട്ട് ആവുകയും മുന്നോട്ടുരുണ്ട് പൊട്ടിത്തെറിയ്ക്കുകയും ആയിരുന്നു. പിന്‍ഭാഗത്തെ ഡോര്‍ തുറക്കാന്‍ ആവാത്ത നിലയിലായിരുന്നു.
പോലീസ് എത്തിയാണ് പൊള്ളലേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉറ്റവര്‍ കണ്മുന്നില് കത്തിയെരിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ ജോയ്സ്

Next Story