TopTop
Begin typing your search above and press return to search.

ബലാത്സംഗത്തെ പൈങ്കിളി കവിതയാക്കിയവര്‍ വായിക്കണം ഈ 'അ' എന്ന കഥ

ബലാത്സംഗത്തെ പൈങ്കിളി കവിതയാക്കിയവര്‍ വായിക്കണം ഈ അ എന്ന കഥ

ദീപ പ്രവീണ്‍

‘Child abuse casts a shadow the length of a life time’-Herbert ward

മാതൃഭൂമി വാരാന്ത്യപതിപ്പിൽ ആഷ് അഷിത എഴുതിയ 'അ’ എന്ന കഥയാണ് ഈ കുറിപ്പിനാധാരം.

വളരെ ചുരുങ്ങിയ വാക്കുകളിൽ, മലയാളം അക്ഷരമാലയെ കൂട്ട് പിടിക്കുന്ന ആഖ്യാന ശൈലിയിൽ കഥാകാരി വരച്ചിടുന്നത് മിഷേൽ സാറാ ജെയിംസ് എന്ന കൊച്ചു കുഞ്ഞിന്റെ ജീവിതം മാത്രമല്ല, മറിച്ചു കുഞ്ഞു മിഷേലിലൂടെ നമ്മെ കാട്ടിത്തരുന്നത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പോലും യഥാർത്ഥ സുരക്ഷിതത്വവും സംരക്ഷണവും കിട്ടാതെ വളരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെയും നിസ്സഹായതയെയും ചൂഷണം ചെയ്യുന്ന അനേകം കുറ്റവാളികൾ നമുക്കിടയിൽ ഉണ്ട് എന്ന യാഥാർഥ്യമാണ്.

ലഭ്യമായ കണക്കുകൾ അനുസരിച്ചു ലോകത്തിലെ ആകെ കുഞ്ഞുങ്ങളുടെ 19 % ജനിക്കുന്നത് ഇന്ത്യയിൽ ആണ്. ആ കുഞ്ഞുങ്ങളിൽ ഏതാണ്ട് 70 % കുട്ടികൾ പീഡനങ്ങൾക്കു ഇരയാകുന്നു. അത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് ലൈംഗിക പീഡനത്തിനു ഒരു കുഞ്ഞു എങ്ങനെ ഇരയാകുന്നു എന്നതിന്റെ നേർക്കാഴ്ചയാകുന്ന 'ആ' എന്ന കഥയുടെ പ്രസക്തി.

ഇ-കമ്മ്യൂണിക്കേഷന്റെയും ന്യൂക്ലിയർ കുടുംബങ്ങളുടെയും ഇക്കാലത്ത്, സൈബർ ഇടങ്ങളിലും, നമ്മുടെ ചുറ്റുവട്ടങ്ങളിലും, നാം ഏറെ സുരക്ഷിതമെന്നുകരുതുന്ന വീട്ടിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കുട്ടികൾ അറിഞ്ഞും അറിയാതെയും ലൈംഗികമായി ആക്രമിക്കപ്പെടുന്നു. നമ്മുടെ കുഞ്ഞുങ്ങളിൽ നല്ലൊരു ശതമാനവും ഇത്തരം ഇന്‍സ്റ്റിറ്റ്യൂഷണലൈസ്ഡ്‌ഡ് abuse നു ഇരകൾ ആകുമ്പോഴും അതിനു നേരെ ഇപ്പോഴും മൗനം പാലിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഉള്ള സമൂഹമാണ് നമ്മുടേത്. കഥയിലെ പോലെ തന്നെ അക്രമികളിൽ നല്ലൊരു ശതമാനവും ‘ഇരകൾ’ വിശ്വസിക്കുന്നവരും ആശ്രയിക്കുന്നവരുമാണ് (Abuse of position of trust) എന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത. ഈ രംഗത്തു പഠനങ്ങൾ നടത്തുന്ന കാർക്കർ പറയുന്നതു പീഡനത്തിനു ഇരയാവരിൽ പകുതിയിൽ അധികവും അക്രമിക്കപെട്ടതു ഈ പൊസിഷൻ ഓഫ് ട്രസ്റ്റില്‍ ഉൾപ്പെടുന്ന ബന്ധുക്കളിൽ നിന്നോ അദ്ധ്യാപകരിൽ നിന്നോ ആണെന്നാണ്. World Health Organisationന്റെ ഒരു പഠനത്തിൽ പങ്കെടുത്ത 47.6 % യുവതികളും 31.9 % ആൺകുട്ടികളും പറഞ്ഞത് അവർ തങ്ങളുടെ ഏറ്റവും വിശ്വസിച്ചിരുന്ന ട്രസ്റ്റ് പൊസിഷനില്‍ ഉള്ളവരിൽ നിന്നാണ് ആദ്യമായി നിർബന്ധിതമോ, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ തീരെ ചെറുപ്പത്തില്‍ തന്നെ ലൈംഗിക ചൂഷണത്തിനു ഇരയായത് എന്നാണ്. ലൈംഗിക ആക്രമണങ്ങളുടെ കാരണങ്ങളെ അന്വേഷിക്കുമ്പോൾ, പിൽക്കാലത്ത് പലകുട്ടികളും പറയുന്നത് ശിഥിലമായ കുടുംബാന്തരീക്ഷവും, തങ്ങൾക്കു വിഷമങ്ങൾ തുറന്നു പറയാൻ വിശ്വസിക്കാവുന്ന ആളുകൾ ഇല്ലാത്തതും, തങ്ങളുടെ മേൽ ചുമത്തപ്പെട്ട സാമൂഹികവും മാനസികവുമായ പല തരം സ്ട്രെസ്സുമാണ് അതിനു കാരണം എന്നാണ്. അതുകൊണ്ട് തന്നെ മിഷേലിനെ പോലെ ഒറ്റപ്പെടുകയും അരക്ഷിതമായ ജീവിത അവസ്ഥയിൽ ആവുകയും ചെയ്യുന്ന കുഞ്ഞ് തന്നെ ‘അമിതമായി ലാളിക്കുന്ന’, കൊഞ്ചിക്കുന്ന ആളുകളോട് സ്നേഹവും വിശ്വാസവും അടുപ്പവും കാണിക്കും. തങ്ങൾ ഒരു വലിയ ചൂഷണത്തിനു ഇരയാകുന്നു എന്നറിയാതെ.നമ്മുടെ ചുറ്റുവട്ടത്തു ചിലപ്പോൾ ഒരു ചുവരിന് അപ്പുറത്തു മിഷേലിനെ പോലെ ഒരു കുഞ്ഞുണ്ടാകാം എന്ന നേരറിവിൽ അമ്മയെന്ന നിലയിൽ ഞാൻ ചുരുങ്ങിപ്പോകുന്നു. ആ കുട്ടി, അവൾ ഒരു പാട് കുഞ്ഞുങ്ങളിൽ ഒരുവൾ മാത്രമാണ്. ഈ കഥ പറഞ്ഞു നിറുത്തുന്നിടത്തുനിന്നാണ് മിഷേലിനെ പോലെ ഒരു ഇരയാക്കപ്പെട്ടവളുടെ അടുത്ത ദുരന്ത പർവ്വം ആരംഭിക്കുന്നതെന്ന് പറയാം. ലോകത്തെ വിശ്വസിക്കാൻ ആവാത്ത, ഒരു പാട് insecurity കളിലൂടെയും മെന്‍റൽ ട്രോമയിലൂടെയുമൊക്കെ കടന്നു പോകുന്ന മറ്റനേകം മിഷേലുമാരുടെ കഥ. അതുകൊണ്ട് 'അ' ഒരു ആമുഖം മാത്രമാണ്.

റേപ് സംസ്കാരം, ബലാത്‌സംഗ കവിതകൾ ഒക്കെ കൊട്ടിഘോഷിക്കപ്പെടുന്ന ഈ കാലത്തു അതുകൊണ്ടു തന്നെ കേരളം അഷിതയെ വായിക്കേണ്ടതുണ്ട്. അതോടൊപ്പം അക്ഷരങ്ങൾക്ക് എങ്ങനെയാണ് യാഥാർഥ്യത്തിന്റെ നേർകാഴ്ച ആകാൻ കഴിയുന്നതു എന്നറിയാനും അഷിതയുടെ ഈ കഥ ഒരു മാർഗ്ഗരേഖയാകുന്നു.

ലൈംഗിക പരാമർശം കുത്തി നിറച്ചു, ഏതോ ഭ്രമകല്പനകളിലൂടെ വാക്കുകളെ മേയാൻ വിട്ട് ഒടുവിൽ ഞാൻ സ്ത്രീപക്ഷമായി, ലൈംഗിക അരാജകത്വത്തിനു എതിരായി എഴുതി എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഈ കഥ നിർബന്ധമായും വായിക്കണം. മികവുറ്റ ഭാഷയിലൂടെ വാക്കുകളിലൂടെ, ബിംബങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ എങ്ങനെ തീവ്രവും തീഷണവുമായി അനുവാചകരിൽ എത്താമെന്ന് ഈ കഥ കാണിച്ചു തരുന്നു.

എടുത്താൽ പൊങ്ങാത്ത പഠന ഭാരം ചുമലേറ്റുന്ന, അതിനൊപ്പം ലൈംഗികവും, ശാരീരികവും, മാനസികവുമായ അക്രമണങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങൾ, തങ്ങളുടേതായ ലോകത്തു വിഹരിക്കുന്ന മാതാപിതാക്കൾ (ഒരാൾക്കു മദ്യപാനമെങ്കിൽ മറ്റൊരാൾക്കു സീരിയൽ) ഇതെല്ലാം വെറും ബിംബകല്‍പനകൾ മാത്രമല്ല, മറിച്ചു തങ്ങളിലേയ്ക്ക് മാത്രം ചുരുങ്ങുന്ന ഇന്നത്തെ ലോകത്തെ self-righteous ഉം compartmentalised ഉം ആയ നമ്മുടെ ഇടയിൽ ഉള്ള പല പരിചിത മുഖങ്ങളുമാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇതിനിടയില്‍ മിഷേല്‍ കാണിച്ചു തരുന്ന സാറായുടെ മറ്റൊരു മുഖവും കാണാതെ പോകരുത്. ഭര്‍ത്താവിന്‍റെ പീഡനത്തിനു മകളുടെ മുന്നില്‍ വെച്ചുപോലും വിധേയമാകുന്ന സ്ത്രീ. അതുകൊണ്ട് തന്നെ അവര്‍ ട്യൂഷന്‍ സാറിനു മുന്നില്‍ കൊഞ്ചി കുഴയുന്നത് കൊച്ചു മിഷേലുപോലും സഹതാപത്തോടെയാണ് നോക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ആ അമ്മയും അനേകരിൽ ഒരുവൾ. അങ്ങനെ വരികൾക്കിടയിൽ ഇനിയും അനേകം ആകുലതകൾ അഷിത ഒളിച്ചു വെച്ചിട്ടുണ്ട് . ഇവിടെ കഥ പറച്ചിലിന്റെ രസതന്ത്രം ആഷിതക്കറിയാം എന്ന് പറയുന്നതിനേക്കാൾ ജീവിതം കെട്ടുകാഴ്ചകൾ ഇല്ലാതെ വാക്കുകളിലൂടെ വരച്ചിടാൻ കഥാകാരിക്ക് കഴിയുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് അഷിതയുടെ വാക്കുകൾ നമ്മുടെ മനസ്സിൽ തീവ്രമായ ചലനം സൃഷ്ടിക്കുന്നത്.‘അ’യെ സാമൂഹ്യ മാധ്യമങ്ങളിൽ പലരും പലതരത്തിൽ വായിക്കുന്നത് കണ്ടു.

കഥാകാരനായ പി ജിംഷാർ, ‘ഭാവുകത്വത്തില്‍ അരക്ഷിതമായ കുറച്ചു ജീവിതങ്ങള്‍ 'അ' യില്‍ തെളിയുന്നു’ എന്നു വായിക്കുമ്പോള്‍ മറ്റൊരു യുവ എഴുത്തുകാരൻ വിവേക് ചന്ദ്രൻ ‘അധികാരത്തിന്റെ dynamics’ അതായത് ‘അമ്മ മകൾക്ക് മുകളിലും അച്ഛൻ അമ്മയ്ക്കു മുകളിലും പ്രയോഗിക്കുന്ന പ്രകടമായ അധികാരം’ മിഷേലിന്റെ ബലഹീനതയെ മുതലെടുത്ത്‌ മാഷ്‌ മിഷേലിൽ പ്രയോഗിക്കുന്ന അത്ര പ്രകടമല്ലാത്ത അധികാരം അങ്ങനെ വിവിധ അടരുകളില്‍ ഉള്ള അധികാരത്തിന്റെ dynamics ആണ് കഥയുടെ കാതൽ എന്നും പറയുന്നു. ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ ഈ രാഷ്ട്രീയം ചർച്ചചെയ്യപ്പെടേണ്ടതാണ്. ലൈംഗിക പീഡനത്തിനു ഇരകളായ ആളുകളെ ജോലി സംബന്ധമായും പഠന സംബന്ധമായും അഭിമുഖീകരിക്കേണ്ടി വന്ന ഞാൻ അവരിൽ പലരേയും ഇതിൽ വായിക്കുകയാണ്. ഞങ്ങളുടെയല്ലാം വിവിധ വായനകളെ അഷിത ഒരു മിച്ചുകൊണ്ട് നിറുത്തുന്നത് വായനയ്ക്ക് ശേഷവും മനസ്സിൽ വിങ്ങുന്ന നോവാകുന്നു ‘അ’ എന്ന കഥ എന്നിടത്താണ്.

പൂന്താനം അവാർഡും, പി സി ചാക്കോ മെമ്മോറിയൽ അവാർഡും, അറ്റലസ് കൈരളി അവാർഡുമൊക്കെ വാങ്ങിയ കഥാകാരിയോട് പറയാനുള്ളത്, ജീവിതങ്ങൾ നല്ല വടിവൊത്ത അക്ഷരത്തിൽ പകർത്തി എഴുതാനുള്ള അക്ഷരമാല അഷിതക്കു സ്വന്തമാണ് എന്നാണ്. അതുകൊണ്ട് നിരന്തരം എഴുതണം, ഇതുപോലെ മനസ്സിൽ മുറിവേൽപ്പിക്കുന്ന കഥകൾ. ലൈംഗിക അതിക്രമങ്ങളെ നിസ്സാരവത്കരിക്കുകയുംറൊമാന്റിസൈസ്ചെയ്യുകയും ചെയ്യുന്നതു വായിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന മലയാളത്തിന്റെ വായാനാ ഇടങ്ങളിൽ മാറ്റത്തിന്റെ അക്ഷരമാലയാകാൻ അഷിതയ്ക് കഴിയട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories