TopTop
Begin typing your search above and press return to search.

സിനിമ തന്ന പോപ്പുലാരിറ്റി തന്നെയാണ് ഞാന്‍ ഉപയോഗിക്കുന്നതും - ആഷിഖ് അബു/അഭിമുഖം

സിനിമ തന്ന പോപ്പുലാരിറ്റി തന്നെയാണ് ഞാന്‍ ഉപയോഗിക്കുന്നതും - ആഷിഖ് അബു/അഭിമുഖം

ആഷിഖ് അബു/ രാകേഷ് സനല്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അടക്കം നേടുകയും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട ഇടങ്ങളില്‍ നിന്നെല്ലാം പ്രേക്ഷകരുടെ പ്രോത്സാഹനം കിട്ടുകയും ചെയ്ത സിനിമയാണ്. എന്നാല്‍ അവാര്‍ഡ് സിനിമ, സമാന്തര സിനിമ എന്നീ ലേബലുകളില്‍ തളയ്ക്കപ്പെടുന്ന ചലച്ചിത്ര സൃഷ്ടികള്‍ക്കുണ്ടാകുന്ന ഗതികേട് സനലിന്റെ സിനിമയ്ക്കും ഉണ്ടായി. കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ പോലും തന്റെ ചിത്രം എത്തിക്കാന്‍ സനലിന് തടസം വന്നു. സര്‍ക്കാരിന്റെതടക്കം തിയേറ്റുകള്‍ സമാന്തര സിനിമകളെന്നു കാറ്റഗറൈസ് ചെയ്യപ്പെടുന്ന ഒഴിവുദിവസത്തെ കളി പോലുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശന സൗകര്യം നിഷേധിക്കുകയാണ്.

മലയാള സിനിമയുടെ നിലനില്‍പ്പിനു തന്നെ ദോഷകരമായ ഇത്തരം പ്രവണതകള്‍ക്കിടയിലൂടെയാണ് ആഷിഖ് അബു, ലാല്‍ ജോസ് എന്നിവര്‍ നല്ല സിനിമയുടെ പ്രചാരകരായി രംഗത്തു വരുന്നത്. ജൂണ്‍ 17 ന് ലെന്‍സ് എന്ന പുതുമുഖ സിനിമ തിയേറ്ററുകളില്‍ എത്തിച്ച് ലാല്‍ ജോസും സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി അന്നേ ദിവസം തന്നെ തിയേറ്ററുകളില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച് ആഷിഖ് അബുവും മുന്നോട്ടുവയ്ക്കുന്ന സന്ദേശം മലയാള സിനിമയുടെ ഭാവിയുമായി ബന്ധപ്പെട്ടതാണ്. എല്ലാത്തരം സിനിമകളും ഉണ്ടാക്കപ്പെടുകയും അവ പ്രേക്ഷകനു മുന്നില്‍ എത്തുകയും അവയില്‍ നിന്നും അവര്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുമ്പോഴുമാണ് സിനിമയുടെ മൊത്തെ വളര്‍ച്ച ഉണ്ടാകുന്നതെന്നാണ് ആഷിഖ് അബു തന്റെ നിലപാടിനാധാരമായി പറയുന്നത്. എന്തുകൊണ്ട് സനല്‍ കുമാര്‍ ശശിധരനെ പോലുള്ള സ്വതന്ത്ര സിനിമയുടെ സംവിധായകരുടെ സിനിമകള്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നതിനും ആഷിഖിന് വ്യക്തമായ ധാരണയുണ്ട്, സിനിമ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായി മാറേണ്ട നിലപാടകളെക്കുറിച്ചും. ഇക്കാര്യങ്ങളെക്കുറിച്ച് ആഷിഖ് സംസാരിക്കുന്നു.

രാകേഷ്: വാണിജ്യസിനിമയുടെ ഭാഗമായൊരാള്‍ ഒഴിവുദിവസത്തെ കളി പോലെ സമാന്തര സിനിമയായി പരിഗണിക്കുന്നൊരു ചിത്രത്തിനൊപ്പം നില്‍ക്കുമ്പോള്‍, എന്തുകൊണ്ട് ? എന്നതൊരു സ്വാഭാവിക ചോദ്യമാണ്...

ആഷിഖ്: സിനിമ എന്ന മാധ്യമം എനിക്കു തന്ന പോപ്പുലാരിറ്റിയുണ്ട്. അതിന്റെതായൊരു സ്വാധീനവും. അതുപയോഗിച്ചു മറ്റുള്ളവര്‍ക്കു കൂടി വേണ്ടി-മറ്റുള്ളവര്‍ എന്നാല്‍ സനലിനെ പോലെ സ്വതന്ത്രമായി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, അതില്‍ തന്നെ അത്തരം സ്വതന്ത്രസിനിമകളില്‍ അസാമാന്യപ്രതിഭ കാണിക്കുന്നവര്‍ക്കായി- എന്തെങ്കിലും തരത്തില്‍ സഹായം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമ എനിക്കു തന്ന പോപ്പുലാരിറ്റി തന്നെയാണ് ഞാനിവിടെ ഉപയോഗിക്കുന്നത്.

സനലിന്റെ ആദ്യ സിനിമ ഒരാള്‍പൊക്കം ഞാന്‍ കണ്ടിട്ടുള്ളതാണ്. ഒഴിവുദിവസത്തെ കളി ചെയ്തശേഷം സനല്‍ ഇടയ്ക്ക് എന്നോട് പറയുമായിരുന്നു ഒന്ന് കണ്ടു നോക്കണമെന്ന്. സനല്‍ ഇതെന്നോട് പറയുന്നതിനു മുന്നെ തന്നെ അയാള്‍ ഈ സിനിമയുമായി പലയിടങ്ങളില്‍ പോകുന്നതും ഇതൊന്നു പുറത്തെത്തിക്കാന്‍ വേണ്ടി പലതും ചെയ്യുന്നതുമെല്ലാം ഞാനറിഞ്ഞിരുന്നു. വളരെ പ്രൊഫഷണലായൊരു വിതരണക്കമ്പനി നടത്തിക്കൊണ്ടുപോകുന്നൊരാളല്ല ഞാന്‍. വേറെ നിവൃത്തിയില്ലാതെ വരുമ്പോഴാണ് അത്തരം നീക്കങ്ങള്‍. വിതരണം കുറച്ചുകൂടി സങ്കീര്‍ണമായിട്ടുള്ള പണിയാണ്. സനല്‍ എന്നോടു ചോദിച്ചത് കൂടെയൊന്നു നില്‍ക്കാമോ എന്നാണ്. ബാക്കിയുള്ള പണികളൊക്കെ അവരു ചെയ്‌തോളം കൂടെ നിന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തയ്യാറായി. എനിക്ക് യാതൊരു നഷ്ടവുമില്ലാത്ത ഉപകരമാണ്. കൂടെ നില്‍ക്കുന്നുവെന്നതാണ് എന്റെ ഭാഗം, ബാക്കി പണികളെല്ലാം എടുക്കുന്നത് സനല്‍ തന്നെയാണ്.

രാ: ഒഴിവുദിവസത്തെ കളിക്ക് സംസ്ഥാന പുരസ്‌കാരം കിട്ടി. ഇതിനകം സിനിമ കണ്ടവരെല്ലാം തന്നെ നല്ല സിനിമ എന്നാണ് പറഞ്ഞിട്ടുള്ളതും. എന്നിട്ടുമതിന് തിയേറ്ററുകള്‍ കിട്ടുന്നില്ല. ആളു കയറില്ലെന്നു മുന്‍കൂട്ടി പറയുന്നതെന്ന് എന്തിന്റെയടിസ്ഥാനത്തിലാണ്?

ആ: ഒരു സിനിമ കണ്ടതിനുശേഷമാണ് അതിനെ വിലയിരുത്തേണ്ടതും അഭിപ്രായം പറയേണ്ടതും. ഇവിടെ സംഭവിക്കുന്നൊരു അപകടം എന്താണെന്നു വച്ചാല്‍, പുരസ്‌കാരം നേടിയൊരു സിനിമ അതിനുശേഷം സൈഡ്‌ലൈന്‍ ചെയ്യപ്പെടുകയാണ്. അവാര്‍ഡ് കിട്ടുന്നൊരു സിനിമ ജനങ്ങള്‍ക്ക് മനസിലാകാത്ത ഒന്നാണെന്ന ധാരണ വര്‍ഷങ്ങളായി നമ്മുടെ ഇന്‍ഡസ്ട്രിയിലും, പുറത്തുമൊക്കെ നിലനില്‍ക്കുകയാണ്.

സിനിമയെ എത്രയൊക്കെ മുന്‍വിധികളോടെ സമീപിച്ചാലും സിനിമയ്ക്ക് അതിന്‍റേതായൊരു പവര്‍ ഉണ്ട്, അതു നമ്മളെ ഞെട്ടിക്കും. അത്തരമൊരു അനുഭവമാണ് ഒഴിവുദിവസത്തെ കളി കാണുമ്പോള്‍ എനിക്കുണ്ടാകുന്നത്. എന്നെ സംബന്ധിച്ചൊരു കാര്യമാണിത്. ഞാനൊരു സാധാരണ പ്രേക്ഷകനാണ്. ആ നിലവാരം വച്ചാണ് സിനിമ കണ്ടതും. എന്നിലെ പ്രേക്ഷകനെ വളരെയധികം ഇന്‍ഫ്ലുവന്‍സ് ചെയ്യാന്‍ ഒഴിവുദിവസത്തെ കളിക്കു സാധിക്കുന്നുണ്ട്. നല്ല സിനിമയ്ക്കുള്ള പുരസ്‌കാരം കിട്ടിയത് ഒരു കുറവായിട്ട് ഈ സിനിമയ്ക്ക് സംഭവിക്കരുതെന്നു തോന്നി. സാധാരണ ജനങ്ങള്‍ ഈ ചിത്രം കാണണം. സിനിമയുടെ ആസ്വാദനമാണല്ലോ അതില്‍ നിന്നുണ്ടാകുന്ന ലാഭം. അത്തരമൊരു ലാഭം സനലിന്റെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. പ്രേക്ഷകന് ഈ സിനിമ കാണുന്നതുകൊണ്ട് ഗുണമാണ് കിട്ടുക.

രാ: വാണിജ്യ-സമാന്തര സിനിമകള്‍ തമ്മിലുള്ള വിടവ് മലയാളത്തില്‍ കാലങ്ങളായി കണ്ടുവരുന്നുണ്ട്. എന്തുകൊണ്ട് വേര്‍തിരിവില്ലാതെ നമുക്കിവിടെ സിനിമ ഉണ്ടാകുന്നില്ല. ഇപ്പോള്‍ അത്തരമൊരു മാറ്റത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലാല്‍ ജോസും ആഷിഖും മാത്രം വിചാരിച്ചതുകൊണ്ടും കാര്യമില്ല...

ആ: ഇതൊരു തുടക്കമായിട്ടു കാണാം. എന്തിനുമൊരു ആരംഭം വേണം എന്ന നിലയില്‍ ഇതിനെ കാണാം. ഞങ്ങള്‍ രണ്ടുപേരും മാത്രമല്ല, എല്ലാവരും നല്ല സിനിമകളോട് താത്പര്യമുള്ളവരാണ്. എന്റെ സഹപ്രവര്‍ത്തകരായിട്ടുള്ളവര്‍, പ്രത്യേകിച്ച് പുതിയ തലമുറയില്‍ പെട്ടവര്‍ എല്ലാത്തരം സിനിമകളും കാണണമെന്നും എല്ലാത്തരം സിനിമകളും ഇവിടെയുണ്ടാകണമെന്നും ആഗ്രഹമുള്ളവരാണ്. ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന തുടക്കം കൂടുതല്‍പേരെ ഇതിനോട് സഹകരിപ്പിക്കുമെന്നു തന്നെയാണ് കരുതുന്നത്. സംവിധായകരുടെ മാത്രം കാര്യമല്ല, അഭിനേതാക്കള്‍ക്കാണെങ്കിലും സിനിമയുടെ പോപ്പുലര്‍ സ്ട്രീമില്‍ നില്‍ക്കുന്നവര്‍ക്കൊക്കെ താത്പര്യമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. സനലിന്റെ സിനിമയോടു തന്നെ ഇന്‍ഡസ്ട്രി പൊതുവെ കാണിക്കുന്നൊരു താത്പര്യമുണ്ട്.

സിനിമാക്കരുടെയും ആളുകളുടെയും സമീപനം മാറുന്നത് മാത്രമല്ല, സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. സര്‍ക്കാരിന് ഉറപ്പിക്കാന്‍ പറ്റുന്ന പലകാര്യങ്ങളുമുണ്ട്. അതു കുറച്ചുകൂടി വിപുലപ്പെടുത്തി ഇത്തരം സിനിമകള്‍ ജനങ്ങളിലേക്ക്- കാണാന്‍ താത്പര്യമുള്ളവരിലേക്ക്, ഫോഴ്‌സ് ചെയ്ത് ഒരാളെ സിനിമകാണിക്കാന്‍ പറ്റില്ല-എത്തിക്കാന്‍ സംവിധാനമൊരുക്കാം. സനലിനെപോലൊരാള്‍ക്ക് അദ്ദേഹത്തിന്റെതായ ഓഡിയന്‍സ് ഉണ്ട്. അവര്‍ക്കെങ്കിലും ആ സിനിമ കാണാനുള്ള സൗകര്യം ഉണ്ടാകണം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാര്യമായി ഇടപെടാന്‍ പറ്റും. ഇപ്പോള്‍ സര്‍ക്കാര്‍ തിയേറ്ററുകളെല്ലാം തന്നെ നവീകരിക്കപ്പെട്ടു കഴിഞ്ഞു. മികച്ച കാഴ്ചാസുഖം കിട്ടുന്നവയാണ് ഇന്നു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകള്‍. അവയ്ക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ കഴിയും, അതുപോലെ തന്നെ സ്വകാര്യ തിയേറ്റര്‍ ഉടമകള്‍ പോലും ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പൊതുവിലൊരു നല്ല അന്തരീക്ഷം ഇപ്പോഴുണ്ട്.

രാ: തിയേറ്ററുകള്‍ കിട്ടാത്തതുകൊണ്ട് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാതെ പോയ പല നല്ല ചിത്രങ്ങളുമുണ്ട്...

ആ: ശരിയാണത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച പല ചിത്രങ്ങള്‍ക്കും തിയേറ്റര്‍ കിട്ടാതെ പോകുന്നുണ്ട്. കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കായി ഇത്തരം ചിത്രങ്ങളെടുത്തു മാറ്റുന്ന സ്ഥിതിയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല പരാതികളും ഉയരുന്നുണ്ട്. ഒരു കൃത്യമായ സംവിധാനം നമുക്കില്ല എന്നതാണ് വാസ്തവം. സ്വതന്ത്ര സിനിമകളുടെ സംവിധായകരെ സംബന്ധിച്ച് അവര്‍ക്ക് കൃത്യമായി ഗൈഡ് ചെയ്യുകയും അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ തലത്തില്‍ പുരസ്‌കരം നല്‍കി ആദരിക്കപ്പെട്ടവര്‍ക്കെങ്കിലും ഒരു വേദിയുണ്ടാക്കി കൊടുക്കേണ്ട ബാധ്യതയുണ്ട്. മനസു മരവിപ്പിക്കുന്ന അനുഭവങ്ങളാണ് പലപ്പോഴും സ്വതന്ത്ര സിനിമകള്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്നത്. സിനിമയെ ശപിച്ച് പിന്മാറിപ്പോകേണ്ട അവസ്ഥ പലര്‍ക്കുമുണ്ടാകുന്നുണ്ട്. സാമ്പത്തികമായൊരു വിജയമല്ല അവരുടെ പ്രാഥമികമായ ഉദ്ദേശം. സിനിമ കലാസൃഷ്ടി എന്ന നിലയില്‍ മറ്റുള്ളവര്‍ കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയുമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. സനലിന്റെ ആവശ്യവും അതാണ്. സിനിമ ജനങ്ങളിലേക്കെത്തണം. അതിനപ്പുറം തിയേറ്ററിലോടി വമ്പന്‍ സാമ്പത്തിക ലാഭം നേടണമെന്നല്ല. ആ തലങ്ങളില്‍ നിന്നു തന്നെയാണ് സ്വതന്ത്രമായ പരീക്ഷണങ്ങള്‍ നടക്കുന്നതും. പരിമിതികളില്ലാതെ, ആക്ടേഴ്‌സിന്റെ ഭാരങ്ങളോ അവരുടെ ഇമേജിന്റെ പ്രശ്‌നങ്ങളോ ഇല്ലാതെയുള്ള സ്വതന്ത്രമായ കലാസൃഷ്ടികള്‍ ഇവിടെയാണ് നടക്കാന്‍ സാധ്യത കൂടുതല്‍. അത്ഭുതങ്ങള്‍ സംഭവിക്കാവുന്ന സ്‌പെയ്‌സ് ആണത്. സ്വതന്ത്രമായ ചിന്തകള്‍ ഇവിടെ പരീക്ഷിക്കപ്പെടും. ഇതെല്ലാം നമ്മുടെ ഇന്‍ഡസ്ട്രിക്കും ഗുണമാണ്.

രാ: തീര്‍ച്ചയായും സാമ്പത്തികലാഭം കിട്ടുമെന്നു പ്രതീക്ഷിച്ചാവില്ലല്ലോ ആഷിഖ് ഒഴിവുദിവസത്തെ കളി വിതരണത്തിനെത്തിക്കുക?

ആ: ഞാന്‍ സത്യത്തില്‍ ഇതിനകത്ത് പണം മുടക്കുന്നില്ല. ഇവരുടെ കൂടെ നിന്ന്, ഇവര്‍ ചെയ്യുന്ന ആക്ടിവിറ്റിയില്‍ എന്നെ കൊണ്ട് പറ്റാവുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ്. പത്തോ പതിനഞ്ചോ തിയേറ്ററുകളിലാണിത് പരമാവധി റിലീസ് ചെയ്യാന്‍ പറ്റുക. പ്രേക്ഷകര്‍ ആഗ്രഹിക്കുകയാണെങ്കിലാണ് കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂ. പ്രതീക്ഷ പ്രേക്ഷകരിലാണ്...

രാ: സിനിമയില്‍ ഒരു ഗ്രൂപ്പായി നില്‍ക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നൊരു പ്രവണത ആഷിഖില്‍ മുന്നേ കണ്ടിട്ടുള്ളതാണ്. ഇപ്പോഴത് കൂടുതല്‍ വിപുലമാകുന്നു എന്നു കരുതാമോ?

ആ: എനിക്ക് കുറെ സുഹൃത്തുക്കളാണുള്ളത്. അതാദ്യം മുതലെ അങ്ങനെയാണ്. ഒരുമിച്ചു പഠിച്ചവരും കൂടെയുണ്ടായിരുന്നവരുമൊക്കെ സിനിമാക്കാരായി. എല്ലാവര്‍ക്കും ഒരു പൊതു താത്പര്യം സിനിമയായിരുന്നു. അന്‍വര്‍ ആണെങ്കിലും അമലാണെങ്കിലും ഞങ്ങള്‍ക്കു മുന്നെയുള്ള രാജീവാണെങ്കിലുമൊക്കെ അതേ താത്പര്യമുള്ളവരായിരുന്നു. ഇതൊക്കെ സിനിമയ്ക്കു പുറത്തുള്ള സൗഹൃദങ്ങളാണ്. ഒരു ടീമോ ഗ്രൂപ്പോ എന്നല്ല, സുഹൃത്തുക്കളാണ് ഞങ്ങള്‍.

സിനിമയ്ക്കുള്ളില്‍ ഇത്തരം സൗഹൃദങ്ങള്‍ വേണം. പരസ്പരമുള്ള സഹവര്‍ത്തിത്വം മാത്രമെ സിനിമയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഗുണം ചെയ്യൂ. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മികവാണുള്ളത്. ഇതു പരസ്പരം വച്ചുമാറുമ്പോഴും ഉപയോഗപ്പെടുത്തുമ്പോഴുമാണ് വേറെ തരത്തിലേക്ക് എന്തെങ്കിലുമൊക്കെ വളരുകയുള്ളൂ. അതൊരു പൊതു തത്വമാണ്. സിനിമയെ സംബന്ധിച്ചും പ്രായോഗികമായൊന്ന്.

രാ: ആഷിഖ് അബു, ലാല്‍ ജോസ് എന്നിവര്‍ മുന്നോട്ടു വയ്ക്കുന്ന പുതിയ സന്ദേശം പ്രതീക്ഷകളുമായി നില്‍ക്കുന്ന നിരവധി പുതുമുഖ സിനിമാക്കാര്‍ക്കും സ്വതന്ത്ര സിനിമാക്കാര്‍ക്കും ആഹ്ലാദം പകരുമെന്ന് തീര്‍ച്ച. അതേസമയം നിങ്ങള്‍ രണ്ടുപേരെ കടന്നും കൂടുതല്‍ പേര്‍ സിനിമയുടെ ആകെയുള്ള വളര്‍ച്ചയ്ക്ക് കൈത്താങ്ങി മുന്നോട്ടു വരട്ടെയെന്നും ആഗ്രഹിക്കാമല്ലേ?

: സിനിമകള്‍ എല്ലാത്തരത്തിലുള്ളതും ഉണ്ടാകണം. ഒരേ തരത്തിലുള്ള സിനിമകള്‍ മാത്രം ഉണ്ടായാല്‍ പോര. അതൊരു തരത്തിലുള്ള മാറ്റവും കൊണ്ടുവരില്ല, ഇവിടെ സനലും സിനിമ ചെയ്യണം, ആഷിഖ് അബുവും സിനിമ ചെയ്യണം. പുതിയതായി വരുന്ന ഒരുപാട് സംവിധായകരും എഴുത്തുകാരുമുണ്ട്, അവരുടെയും സിനിമകള്‍ വരണം. അതില്‍ നിന്നും പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ തെരഞ്ഞെടുക്കട്ടെ. പക്ഷേ ആ സപ്ലൈ നില്‍ക്കരുത്. മനസ് മടുത്ത് കരിയര്‍ അവസാനിപ്പിച്ചുപോയ ഒരുപാട്‌പേരുണ്ട്. ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുന്നവരുണ്ട്. ഒരു സിനിമ ചെയ്ത് അതിന് അവാര്‍ഡ് കിട്ടിപ്പോയി എന്ന കുഴപ്പംകൊണ്ട് പിന്നീടവര്‍ ചെയ്യാന്‍ ശ്രമിക്കുന്ന സിനിമകളെയെല്ലാം ഈ പ്രേതം വല്ലാതെ ആക്രമിക്കും. അങ്ങനെയിനി സംഭവിക്കരുത്. പുതിയ സംവിധാനങ്ങളൊക്കെ കടന്നു വരികയാണ്. ഇന്റര്‍നെറ്റ് റിലീസൊക്കെ കൂടുതല്‍ വ്യാപിക്കും. സിനിമ ഡിജിറ്റല്‍ പ്രൊഡക്ഷന്‍ മാത്രമല്ല ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷനിലേക്കും മാറുകയാണ്. ഭാവിയില്‍ അതാണ് സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ഒഴിവുദിവസത്തെ കളിപോലുള്ള സിനിമകള്‍ക്ക് ഇനി വേദികള്‍ ഉണ്ടാകുമെന്നു തന്നെയാണ് വിശ്വാസം.


Next Story

Related Stories