TopTop
Begin typing your search above and press return to search.

കലാമിനെ തൂക്കിയ കയറില്‍ വെള്ളാപ്പള്ളി ഈഴവര്‍ക്ക് കൊലക്കയര്‍ ഒരുക്കുന്നു

കലാമിനെ തൂക്കിയ കയറില്‍ വെള്ളാപ്പള്ളി  ഈഴവര്‍ക്ക് കൊലക്കയര്‍ ഒരുക്കുന്നു

ഹത്യ എന്നാല്‍ കൊല്ലുക എന്നാണര്‍ത്ഥം. അത് Lead poisoning നടത്തി രജനീഷിനെ കൊന്നതുപോലെയാകാം. ഇന്ത്യയിലെ രാസപരിശോധന സ്ഥാപനങ്ങളുടെ പിടിയ്ക്കുമപ്പുറം നില്‍ക്കുന്ന വിഷം ഉപയോഗിച്ച് സുനന്ദപുഷ്‌കറെ കൊന്നതുപോലെയാകാം. ഒരു രാത്രി മുഴുവനും സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തെരുവുനാടകം നടത്തിയശേഷം പുലര്‍ച്ചെ മേമനെ തൂക്കിക്കൊന്നതുപോലെയാകാം. അല്ലെങ്കില്‍, ഇല്ലാത്ത യോഗ്യതകള്‍ പറഞ്ഞ് പറഞ്ഞ് - സ്വന്തം വ്യക്തിത്വം സ്വയം തിരിച്ചറിയാന്‍ കഴിയാത്തവണ്ണം അപരിചിതമാക്കിത്തീര്‍ത്തശേഷം - അബ്ദുള്‍ കലാമിന്റെ ഹത്യ നടത്തിയതുപോലെ ആകാം.

ആത്മപ്രശംസ ആത്മഹത്യയ്ക്കു തുല്യമാണെന്ന് കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നുണ്ട്. ആത്മപ്രശംസ ഒരുവന്‍ സ്വയം നടത്തുന്നതാണ്. അമിതപ്രശംസ ഒരാള്‍ മറ്റൊരാളെക്കുറിച്ച് നടത്തുന്നതാണ്. അമിതപ്രശംസ അത് ആരെക്കുറിച്ചു പറയുന്നുവോ അയാള്‍ സസന്തോഷം സ്വീകരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ - ആത്മപ്രശംസയ്ക്കു സമമായി മാറുന്നു. അങ്ങനെ ഒരു ആത്മപ്രശംസയായി മാറിയ അമിത പ്രശംസയിലൂടെയാണ് ആര്‍ എസ് എസ് എന്ന ബ്രാഹ്മണ സംഘടന, അതിന്റെ രാഷ്ട്രീയമുഖമായ ബി ജെ പിയിലൂടെ അബ്ദുള്‍ കലാമിനോടു ചെയ്തത്. പ്രശംസിച്ചു പ്രശംസിച്ച്, കലാമിനു തന്നെ സ്വയം തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കലാം മാറിപ്പോയി. Kalam lost Kalam in Kalam. (യെവ് തുഷങ്കയോട് കടപ്പാട്)

അബ്ദുള്‍ കലാം ഒരു ശാസ്ത്രജ്ഞനായിരുന്നില്ല. ഐ എസ് ആര്‍ ഒയിലെ ഒരു ലൈബ്രേറിയന്റെപോലും ഡെസിഗ്നേഷന്‍ ശാസ്ത്രജ്ഞന്‍ എന്നാണ്. പക്ഷേ, ആ നിലയ്ക്കല്ലല്ലോ നമ്മള്‍ കലാമിനെ ശാസ്ത്രജ്ഞന്‍ എന്നുവിളിച്ചതും കലാം അതില്‍ ആനന്ദിച്ചതും.

മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയാണ് കലാമിന്റെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത. ബാംഗ്ലൂരിലെ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്‍റില്‍ ജോലിയിലിരിക്കെയാണ് കലാം ഐ എസ് ആര്‍ ഒയില്‍ ചേരുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടാണ് നമ്മള്‍ കലാമിനെ ശാസ്ത്രജ്ഞന്‍ എന്നു വിളിക്കുന്നത്. പക്ഷേ, ആ വ്യത്യാസം നല്ലവണ്ണം അറിയാമായിരുന്ന കലാം നമ്മളെ തിരുത്തണമായിരുന്നു. അതുണ്ടായില്ല. കലാം അത് ആസ്വദിച്ചു.

ഈ ആസ്വാദന സ്വഭാവം തന്നെയാണ് ഡോക്ടര്‍ കലാം എന്നതിനു പിന്നിലും. കലാമിന് പി എച്ച് ഡി ബിരുദമില്ല. ബിരുദം ഇല്ല എന്നുമാത്രമല്ല, നിലവിലുള്ള നിയമമനുസരിച്ച് കലാമിന് പി എച്ച് ഡിക്ക് രജിസ്റ്റര്‍ ചെയ്യാന്‍പോലും കഴിയുമായിരുന്നില്ല. അതിനുള്ള അടിസ്ഥാന അക്കാദമിക് യോഗ്യതയില്ല. ഈ ഡോക്ടറേറ്റ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുള്ളതിനു സമാനമായ ഒന്നാണ്. ജലയളിതയും യേശുദാസുമൊക്കെ അത് ആസ്വദിക്കുന്നതും അതില്‍ ആനന്ദിക്കുന്നതുമൊക്കെ മനസ്സിലാക്കാം. പക്ഷേ, അങ്ങനെയാണോ കലാം അതിനെ കാണേണ്ടിയിരുന്നത്. താന്‍ ഇത്തരമൊരു prefixന് അര്‍ഹനല്ല എന്നും പൊതുജനം മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ താനൊരു ഗവേഷകനല്ല എന്നും കലാം ജനങ്ങളോട് പറയേണ്ടതായിരുന്നില്ലേ?ഇന്ത്യയ്ക്ക് ആണവായുധത്തിനുള്ള കെല്‍പ്പുണ്ടാക്കിത്തന്നയാളാണ് കലാമെന്നതാണ് മറ്റൊരു തമാശ. കലാം ഒരു ആണവ ശാസ്ത്രജ്ഞനായിരുന്നില്ല. ആണവ സംബന്ധിയായ തൊഴില്‍ മേഖലയില്‍ ഒരു ദിവസം പോലും പണി ചെയ്തിട്ടുമില്ല. ആണവ സംബന്ധിയായ വിഷയം കലാമിന്റെ പഠനവിഷയമായിരുന്നില്ല. ഐ എസ് ആര്‍ ഒയിലോ ഡി ആര്‍ ഡി ഒയിലോ ആണവ സംബന്ധ പരീക്ഷണങ്ങള്‍ കലാം നടത്തിയിട്ടില്ല. എന്നിട്ടും കലാം ആണവ ശാസ്ത്രജ്ഞനായി അവതരിപ്പിക്കപ്പെട്ടു. പൊതുജനം തെറ്റിദ്ധരിപ്പിക്കപ്പെട്ടു. തെറ്റിദ്ധരിക്കപ്പെട്ടതില്‍ തെല്ലും കുറ്റബോധമില്ലാതെ, കലാം അത് ആസ്വദിച്ചു. മാത്രമല്ല, ആണവ സംബന്ധിയായ വിഷയങ്ങളില്‍ തന്റെ വാക്ക് അവസാനത്തേതാണെന്ന മട്ടില്‍ അവതരിപ്പിച്ച് ഒരു ജനതയോട് അനീതികാട്ടുകയും ചെയ്തു.

2008 ല്‍ ഒപ്പിട്ട ഇന്തോ-യു എസ് ന്യൂക്ലിയര്‍ ഡീല്‍ സാധ്യമാക്കിയത് ആണവ വിദഗ്ധന്‍ എന്ന നിലയിലുള്ള കലാമിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. ആണവ രംഗത്ത് ഇന്ത്യയുടെ സിവില്‍ - മിലിട്ടറി വേര്‍തിരിച്ച് നിര്‍ബന്ധമാക്കുന്ന കരാറിനെതിരെ പാര്‍ലമെന്റില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായ കാലം. കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തോടൊപ്പം മുലയംസിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി കൂടി ചേര്‍ന്നതോടെ കരാര്‍ ഒപ്പിടുക എന്നത് അസാധ്യമായി. ഇടതുപക്ഷം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അമേരിക്കയ്ക്കു വേണ്ടാത്ത അവരുടെ ആണവ നിലയങ്ങള്‍ ഇന്ത്യ വാങ്ങുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ശക്തമാകവെയാണ് വലിയ തുകയ്ക്ക് കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിയുടെ എതിര്‍പ്പിനെ വിലയ്ക്കു വാങ്ങിയത്. പക്ഷേ, പൊതുജനത്തിന്റെ മുന്നില്‍ നഗ്നരാക്കപ്പെട്ട തങ്ങളുടെ നാണം മറയ്ക്കാന്‍ മുലയത്തിനും പാര്‍ട്ടിക്കും ഒരു കോണകമെങ്കിലും വേണമായിരുന്നു. അത് നല്‍കിയത് കലാമാണ്. ഈ കരാര്‍ കൊണ്ട് ഇന്ത്യയ്ക്ക് ഗുണമാണെന്ന് വസ്തുത ഒറ്റ രാത്രികൊണ്ട് കലാം മുലായത്തിനെ പഠിപ്പിച്ചു കൊടുത്തു അത്രേ! കലാം എതിര്‍ക്കാത്ത സ്ഥിതിക്ക് ഇത് രാജ്യത്തിനുവേണ്ടിയുള്ളതാണ് എന്ന് മുലായം ഒറ്റ രാത്രി കൊണ്ട് മാറ്റിപ്പറഞ്ഞു. കരാര്‍ ഒപ്പിട്ടു. കരാറിനെ തുടര്‍ന്ന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ കഴിഞ്ഞവര്‍ഷം നരേന്ദ്രമോദി കാറ്റില്‍ പറത്തി ആണവ റിയാക്ടറുകള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിടാന്‍ വഴിവച്ചത്, വാസ്തവത്തില്‍, കലാമിന്റെ അന്നത്തെ ഇടപെടലായിരുന്നു.

അതുമാത്രമല്ല, കൂടംകുളത്തെ റഷ്യന്‍ റിയാക്ടറിനെതിരെ നടന്നുവന്ന ജനകീയ പ്രക്ഷോഭത്തെ തകര്‍ത്തെറിഞ്ഞതും കലാമിലൂടെയാണ്. റിയാക്ടര്‍ പ്രവര്‍ത്തിച്ചാല്‍ യാതൊരു അപകടവും സംഭവിക്കില്ല എന്ന് കലാം കൂടംകുളത്തു വന്നശേഷം പ്രഖ്യാപിച്ചു. അത്തരമൊരു അറിവ് കലാമിന് എവിടെ നിന്നുകിട്ടി? അപകടം സംഭവിക്കില്ല എന്ന് റഷ്യ പോലും ഉറപ്പ് നല്‍കാത്ത സ്ഥിതിക്ക് ആ ഉറപ്പിന് കലാമിനെ പ്രേരിപ്പിച്ചതെന്താണ്?

വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുമെന്ന് കലാം ആഗ്രഹിച്ചു. അതിനുതെളിവാണ്, എല്ലാ കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍ consensus candidate ആയി വരാന്‍ തനിക്കു താല്‍പര്യമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് 2012 ജൂണില്‍ കലാം ദില്ലിയില്‍ ചെന്നു തമ്പടിച്ചത്. പക്ഷേ, ആര്‍ എസ് എസ്-ബി ജെ പിക്കാര്‍ കണ്ടെടുത്ത ഈ മതേതര മുത്തിനെ വീണ്ടും പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രണബ് മുഖര്‍ജി പ്രസിഡന്റായി.

ആര്‍ എസ് എസ് - ബി ജെ പി കലാമിനെ കണ്ടെത്തുന്നത് രാഷ്ട്രീയ രംഗത്തെ അവരുടെ നിര്‍ണായക കാലഘട്ടത്തിലാണ്. ആദ്യത്തെ വാജ്‌പേയി സര്‍ക്കാരിന്റെ കാലം. ബാബ്‌റി മസ്ജിദ് പൊളിച്ചതിന് നേതൃത്വം കൊടുത്ത അദ്വാനിയാണ് മന്ത്രിസഭയിലെ രണ്ടാമന്‍. മിതവാദിയായ വാജ്‌പേയ് പ്രധാനമന്ത്രി. ഹിന്ദു ബ്രാഹ്മണന്റെ ആര്‍ എസ് എസ് ബുദ്ധിയില്‍ തെളിഞ്ഞതാണ് അബ്ദുള്‍ കലാം. തങ്ങള്‍ക്ക് മതേതര മുഖമാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള ബ്രാഹ്മണന്റെ ചാണക്യ ബുദ്ധി.

കലാം ഒരു Iyerised Muslim ആണ്. സസ്യഭുക്ക്, അരബിന്ദോയുടെ 'സാവിത്രി' വായിക്കുന്നയാള്‍, വീണ വായിക്കുന്നയാള്‍. പിന്നെ, ബ്രഹ്മചാരി. ആളെ കണ്ടെത്തിയതോടെ ഒരേ കള്ളം നൂറു വട്ടം പറഞ്ഞ് കലാമിനെ ശാസ്ത്രജ്ഞനാക്കി, ആണവ ശാസ്ത്രജ്ഞനാക്കി, ഗവേഷകനാക്കി. ഇതിനിടയില്‍ കലാം ആര്‍ എസ് എസിന്റെ ആസ്ഥാനത്തുപോയി. ആര്‍ എസ് എസ് എന്ന ബ്രാഹ്മണസഭയ്ക്കു രൂപം നല്‍കിയ ഹെഡ്ഗവാറിനെ പ്രകീര്‍ത്തിച്ചു. മാത്രമല്ല, 2003 ല്‍ തന്നെ കലാം Unified Civil Codeനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. ഓര്‍ക്കുക, Unified Civil Code എന്നത് ആര്‍ എസ് എസിന്റെ നാല് അജണ്ടകളില്‍ ഒന്നാണ്. Unified Civil Code എന്നാല്‍ ഹിന്ദുബ്രാഹ്മണന്റെ രീതികള്‍ ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ബാധകമാകണമെന്നുതന്നെ. അല്ലാതെ, മുസ്ലീമിന്റെയോ ക്രിസ്ത്യാനികളുടെയോ ജീവിത രീതിയെ ആസ്പദമാക്കിയതൊന്നും ബ്രാഹ്മണന്‍ സ്വീകരിക്കാന്‍ തയ്യാറല്ലല്ലോ. (നരേന്ദ്രമോദിയുടെ യോഗാഭാസത്തില്‍ ക്ഷണിക്കപ്പെടാത്തതുകൊണ്ടുമാത്രം പങ്കെടുക്കാതിരുന്ന ഇന്ത്യന്‍ ഉപരാഷ്ട്രപതിയെ, അദ്ദേഹം മുസ്ലീമായതുകൊണ്ടു മാത്രം വിമര്‍ശിച്ച ബ്രാഹ്മണന്റെ ആര്‍ എസ് എസ്).അതേ കയറാണ് വെള്ളാപ്പള്ളി പിടിച്ചിരിക്കുന്നത്. പാശമാല്യമാണെന്നു പറഞ്ഞ് ഈഴവര്‍ക്കുള്ള കുറുക്കാണ് വെള്ളാപ്പള്ളി തയ്യാറാക്കുന്നത്. ഇല്ലാ വചനങ്ങള്‍ പറഞ്ഞ് കലാമിനെ ഗാന്ധിയെക്കാള്‍ മഹാനാക്കിമാറ്റിയ അതേ തന്ത്രം ഇവിടേയും നടന്നേക്കാം. നാരായണ ഗുരുവിനേക്കാള്‍ മഹാനായി നടേശഗുരു വാഴ്ത്തപ്പെട്ടേയ്ക്കാം.

ബ്രാഹ്മണ്യത്തിനെതിരെ ഇന്ത്യയില്‍ പലയിടത്തും ഉയര്‍ന്ന ശബ്ദങ്ങളില്‍ ഒന്നായിരുന്നു നാരായണന്റേത്. അബ്രാഹ്മണര്‍ക്ക് നിഷേധിക്കപ്പെട്ട വേദങ്ങളിലും ഉപനിഷത്തിലും പ്രാവീണ്യം നേടിയ നാരായണന്‍ നമ്പൂതിരിയുടെ ആഢ്യത്തിനും മുകളിലാണ് മനുഷ്യന്റെ അന്തസ്സെന്നു പ്രഖ്യാപിച്ചു. മനുഷ്യന്‍ തന്നെയാണ് അവന്റെ ജാതിയും മതവും ദൈവവുമെന്ന് തിരിച്ചറിഞ്ഞ നാരായണന്‍ ശിവപ്രതിഷ്ഠ നടത്തിയതിനെ എതിര്‍ത്ത ബ്രാഹ്മണ്യത്തോട് താന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്നു പറയാനുള്ള ധൈര്യം കാണിച്ചു. നീ തന്നെയാണ് നിന്റെ ദൈവം എന്ന സത്യം ബോധ്യപ്പെടുത്താനായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നാരായണന്റെ സിമന്റില്‍ തീര്‍ത്ത രൂപം കണ്ണാടിപ്പെട്ടിക്കുള്ളില്‍ ഓരോ മുക്കിലും പ്രതിഷ്ഠിച്ചത് ശുദ്ധ അറിവുകേടുകൊണ്ടാണെങ്കില്‍, ബ്രാഹ്മണനാല്‍ നീതി നിഷേധിക്കപ്പെട്ടതിനെതിരെ പൊരുതി ജയിച്ച ഒരു സമുദായത്തെ ബ്രാഹ്മണനുതന്നെ അടിയറവയ്ക്കുന്ന വെള്ളാപ്പള്ളിയുടേത് കലര്‍പ്പില്ലാത്ത ''പൈമ്പീയ''മാണ് (വി കെ എന്നിനോട് കടപ്പാട്.)

പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ അനുവാദം ലഭിച്ചിരുന്ന വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴിയിലൂടെ അവര്‍ണ്ണനും യാത്ര ചെയ്യാന്‍ അനുവാദം വേണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചു നടന്ന സമരമാണ് വൈക്കം സത്യാഗ്രഹം. ആ സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ഗാന്ധിജി വൈയ്ക്കത്തെത്തി. സമരം ചെയ്തിരുന്ന വാളന്റിയര്‍മാരുടെ കണ്ണില്‍ ചുണ്ണാമ്പുതേച്ച് അതുനോക്കി രസിച്ചിരുന്ന ബ്രാഹ്മണ സമുദായത്തിന്റെ നേതാവ് താമസിച്ചിരുന്ന ഇണ്ടംതുരുത്തുമനയിലെ നമ്പൂതിരിയുമായി ഗാന്ധിജി നടത്തിയ സംഭാഷണത്തില്‍ നിന്ന് ഒരു ഭാഗം കാണുക.

ഗാന്ധിജി: പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴി ഒരു വിഭാഗം ഹിന്ദുക്കള്‍ക്ക് നിഷേധിക്കുന്നത് എന്തുകൊണ്ട്?

നമ്പൂതിരി: അത് അവരുടെ കര്‍മ്മഫലമാണ്.

ഗാന്ധിജി: അതെങ്ങനെ?

നമ്പൂതിരി: ഞങ്ങളുടെ സനാതന സമ്പ്രദായങ്ങള്‍ ഞങ്ങള്‍ക്കെങ്ങനെ മാറ്റാന്‍ കഴിയും? സത്യാഗ്രഹം നടത്തുന്നവര്‍ ദുരിതം അനുഭവിക്കുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍, ദുരിതം അനുഭവിക്കുന്നത് ഞങ്ങളാണ്. ക്ഷേത്രത്തിലേയ്ക്കുള്ള വഴിവക്കില്‍ അവര്‍ ഇരിക്കുന്നു. അവരുടെ നിഴല്‍ തൊടുന്നതുപോലും ഞങ്ങളെ സംബന്ധിച്ച് പാപമാണ്. അതുകൊണ്ട്, ഞങ്ങള്‍ക്ക് മറ്റൊരു വഴിയിലൂടെ ക്ഷേത്രത്തില്‍ പോകേണ്ടിവരുന്നു. അത് തന്നെ ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതമല്ലേ?

ഗാന്ധിജി: വിചിത്രമായിരിക്കുന്നു. നിങ്ങള്‍ കുറച്ചു ന്യായത്തോടെ സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നമ്പൂതിരി: മതത്തിന്റെ കാര്യത്തില്‍ ന്യായത്തിന് ഇടമില്ല.

ഗാന്ധിജി: സനാതന ധര്‍മ്മമനുസരിച്ചാണ് ഇതെങ്കില്‍ ഇത്തരമൊരു രീതി ഇന്ത്യയില്‍ മറ്റെല്ലാടിയത്തും ഒരുപോലെ കാണേണ്ടതല്ലേ?

നമ്പൂതിരി: ഇന്ത്യയിലെല്ലായിടത്തും തൊട്ടുകൂടായ്മയുണ്ട്. ഞങ്ങള്‍ അത് കൂടുതല്‍ ഗൗരവത്തോടെ ആചരിക്കുന്നു എന്നു മാത്രം.

ഗാന്ധിജി: പക്ഷേ, ഇതേ അവര്‍ണര്‍ ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ ആയി മതം മാറി വന്നാല്‍ അവര്‍ക്ക് ഈ റോഡിലൂടെ യാത്ര ചെയ്യാം! എത്ര വിചിത്രമായ വാദം!

നമ്പൂതിരി: അവര്‍ണ്ണര്‍ക്ക് റോഡു തുറന്നുകൊടുത്താല്‍ ഞങ്ങള്‍ നമ്പൂതിരിമാര്‍ പിന്നെ ആ വഴി ഉപയോഗിക്കില്ല. ഞങ്ങള്‍ ക്ഷേത്രം തന്നെ ഉപേക്ഷിക്കും.

ഇണ്ടം തുരുത്തുമന ഇന്ന് ചെത്തുതൊഴിലാളി യൂണിയന്റെ ആഫീസാണ്. ചേര്‍ത്തലയില്‍ നിന്ന് ഒരു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ വെള്ളാപ്പള്ളിക്കതു കാണാം.

യേശുവിനെ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്തത് യേശുവിന്റെ ശിഷ്യനായിരുന്നു. നാരായണനെയും ഈഴവ സമുദായത്തേയും ഇന്ന് ഒറ്റുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ എന്ന നാരായണ ശിഷ്യനാണ്. യേശുവിനെ കുരിശിലേറ്റിയശേഷം പാപബോധം കൊണ്ട് യൂദാസ് മരക്കൊമ്പില്‍ കെട്ടി ഞാന്നു ചത്തു കിടന്നു. വെള്ളാപ്പള്ളി അത്തരമൊരു പശ്ചാത്താപത്തിന് പോലും അര്‍ഹനല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories