TopTop
Begin typing your search above and press return to search.

ഈ മനുഷ്യസ്നേഹിയുടെ ജീവിത കഥ നിങ്ങള്‍ വായിച്ചിരിക്കുക തന്നെ വേണം

ഈ മനുഷ്യസ്നേഹിയുടെ ജീവിത കഥ നിങ്ങള്‍ വായിച്ചിരിക്കുക തന്നെ വേണം

ടീം അഴിമുഖം

അബ്ദുല്‍ സത്താര്‍ ഇദ്ഹിയുടെ മരണത്തോടെ രാജ്യം ഏറ്റവും സ്‌നേഹിച്ചിരുന്ന വ്യക്തികളില്‍ ഒരാളെയാണ് പാക്കിസ്ഥാനു നഷ്ടമാകുന്നത്. അമ്മ മരിച്ചതിനെത്തുടര്‍ന്ന്, സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യപരിരക്ഷാ സംവിധാനം എത്ര മോശം സ്ഥിതിയിലാണെന്നു മനസിലാക്കി 1951ല്‍ ഡിസ്‌പെന്‍സറി സ്ഥാപിച്ചയാളാണ് ഇദ്ഹി. മരിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ മാത്രമല്ല ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സാമൂഹിക ക്ഷേമ സംഘടനയുടെ നടത്തിപ്പുകാരനായി മാറിയിരുന്നു അദ്ദേഹം. ചില നഗരങ്ങളിലൊഴികെ എവിടെയും സര്‍ക്കാര്‍ ആംബുലന്‍സുകള്‍ ലഭ്യമല്ലാത്ത പാക്കിസ്ഥാനില്‍ മാത്രമല്ല ലോകത്തുതന്നെ ഏറ്റവും വലിയ ആംബുലന്‍സ് ശൃംഖല ഇദ്ഹിയുടേതാണ്.

മൗലാന എന്ന് അറിയപ്പെട്ടെങ്കിലും മതത്തെ ഒരിക്കലും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായോ പണം ശേഖരിക്കാനോ ഉപയോഗിക്കാത്തയാളായിരുന്നു ഇദ്ഹി. സര്‍ക്കാരില്‍നിന്നോ വിദേശ സംഘടനകളില്‍നിന്നോ അദ്ദേഹം സംഭാവന സ്വീകരിച്ചില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനം സ്വദേശിയാണെന്ന് അഭിമാനപൂര്‍വം പറഞ്ഞിരുന്ന ഇദ്ഹി സ്വന്തം നേട്ടത്തിനായി അദ്ദേഹത്തെ ഉപയോഗിക്കാന്‍ ശ്രമിച്ച എന്‍ജിഒകളില്‍നിന്ന് അകന്നുനിന്നു.

ഗുജറാത്തിലെ ബന്ത്വയില്‍ ജീവിതം തുടങ്ങിയ ഇദ്ഹി അമ്മയില്‍നിന്നാണ് ജീവകാരുണ്യപ്രവര്‍ത്തനപാഠങ്ങള്‍ പഠിച്ചത്. പാവപ്പെട്ടവര്‍ക്കു നല്‍കാന്‍ അമ്മ ഇദ്ഹിക്കു പണം നല്‍കി. അത് വിതരണം ചെയ്യാന്‍ മറക്കുന്ന ദിവസങ്ങളില്‍ ശാസന ഉറപ്പായിരുന്നു. ഇവിടെ നിന്നാണ് ഇദ്ഹി മഹത്തായ ജീവകാരുണ്യപ്രവര്‍ത്തകനായി വളര്‍ന്നത്. ചെറുപ്പകാലത്തെ അനുഭവങ്ങള്‍ പണം സൂക്ഷിച്ചു ചെലവഴിക്കാന്‍ അദ്ദേഹത്തെ പഠിപ്പിച്ചു. തനിക്കോ കുടുംബത്തിനോ വേണ്ടി പണം ചെലവിടുന്നതില്‍ ഇദ്ഹി വിമുഖനായിരുന്നു. കുട്ടികള്‍ക്ക് ഐസ്‌ക്രീം വാങ്ങുക തുടങ്ങിയ 'ആഡംബരങ്ങളെച്ചൊല്ലി' ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു ഈദ്ഹി.

ചാരനിറത്തിലുള്ള ഖദര്‍ കുര്‍ത്ത പൈജാമയായിരുന്നു ഇദ്ഹിയുടെ സ്ഥിരം വേഷം. ചിലപ്പോഴൊക്കെ ലളിതവേഷം ഇദ്ഹിയെ കുഴപ്പത്തിലാക്കി. 1984ല്‍ മുന്‍ ഇന്‍ഡോനേഷ്യന്‍ പ്രധാനമന്ത്രി സുഹാര്‍ത്തോയെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നവരില്‍നിന്ന് ഇദ്ഹിയെ പുറത്താക്കാന്‍ കാരണം അദ്ദേഹത്തിന്റെ വേഷമായിരുന്നു. എന്നാല്‍ പണം മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ചെലവിടുന്നതിനാലാണ് ഇദ്ഹി ജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്നതെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു.

പാക്കിസ്ഥാനിലെ ധനികര്‍ മാത്രമല്ല ദരിദ്രരും ഇദ്ഹിക്കു സംഭാവനകള്‍ നല്‍കി. ബംഗ്ലാദേശിലെ ചുഴലിക്കാറ്റില്‍ ദുരിതബാധിതരായവര്‍ക്കുവേണ്ടി സംഭാവന ശേഖരിച്ചപ്പോള്‍ ബംഗാളി സംസാരിക്കുന്ന യാചകരാണ് ഇദ്ഹിക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയത്. ഇദ്ഹി എന്നാല്‍ വിശ്വാസമായിരുന്നു. ദിവസവും ലക്ഷക്കണക്കിനു രൂപയാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിരുന്നത്.

ആര്‍ക്കും വിവേചനം കല്‍പിച്ചിരുന്നില്ല എന്നതാണ് ഇദ്ഹിയുടെ മറ്റൊരു ഗുണം. ജാതിയോ മതമോ പരിഗണിച്ചിരുന്നേയില്ല. പാക്കിസ്ഥാനിലെ മറ്റു പല സംഘടനകളില്‍നിന്നു വ്യത്യസ്ഥമായി എല്ലാവര്‍ക്കും ചികില്‍സ ലഭിച്ചിരുന്നു. എണ്‍പതുകളുടെ പകുതിയിലുണ്ടായ കറാച്ചി അക്രമത്തില്‍ ഇദ്ഹിയുടെ ആംബുലന്‍സുകളാണ് പരുക്കേറ്റവരെ രക്ഷിക്കുകയും മരിച്ചവരെ നീക്കം ചെയ്യുകയും ചെയ്തത്.

ആംബുലന്‍സുകള്‍ക്കു പുറമെ സംസ്‌കാരച്ചടങ്ങുകള്‍ക്കും ഇദ്ഹി സൗകര്യമൊരുക്കിയിരുന്നു. ഇതിലും ജാതി മത വ്യത്യാസമുണ്ടായിരുന്നില്ല. കറാച്ചിയിലും മറ്റു നഗരങ്ങളിലും മോര്‍ച്ചറികളുണ്ട്. ഇദ്ഹി സെന്ററില്‍ മൃതദേഹങ്ങള്‍ കുളിപ്പിക്കുകയും അടക്കം ചെയ്യുകയും ചെയ്യുന്നു. ദരിദ്രകുടുംബങ്ങള്‍ക്ക് അവര്‍ എവിടെ എത്തിക്കണമെന്ന് ആവശ്യപ്പെടുന്നോ അവിടെ സൗജന്യമായി മൃതദേഹങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യും.

എല്ലാ കണക്കുകളും ഇദ്ഹി നേരിട്ടാണ് പരിശോധിച്ചിരുന്നത്. ' ആളുകള്‍ എനിക്കാണു പണം തരുന്നത്. ഞാനാണ് അതിന് ഉത്തരവാദിത്തം ഏല്‍ക്കേണ്ടത്,'എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹം സേവനരംഗം വ്യാപിപ്പിച്ചു. മുന്നൂറോളം ഇദ്ഹി ഹോമുകള്‍ക്കുമുന്നില്‍ സ്ഥാപിച്ചിരുന്ന തൊട്ടിലുകളാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്കുവേണ്ടിയാണിത്. അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ക്കുള്ള കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഒരു മൃഗസംരക്ഷണ കേന്ദ്രവും ഇദ്ഹി സ്ഥാപിച്ചു.

പാക്കിസ്ഥാനില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സേവനം. ലബനനിലെ സബീറ-ഷാറ്റില്ല ക്യാംപുകളില്‍, ഗുജറാത്ത്, കെയ്‌റോ ഭൂകമ്പങ്ങളില്‍, ലോകത്തെ വിവിധ യുദ്ധഭൂമികളിലെല്ലാം ഇദ്ഹി സഹായമെത്തിച്ചു.

പാക്കിസ്ഥാനില്‍ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ വളരെ പെട്ടെന്ന് വന്‍ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുംവിധം വൈദഗ്ധ്യം അദ്ദേഹത്തിന്റെ സംഘത്തിനുണ്ടായിരുന്നു. ഇന്ന് ഫോണുകളില്‍ എമര്‍ജന്‍സി നമ്പറുകള്‍ പോലെ പല ഇദ്ഹി സര്‍വീസുകള്‍ ലഭ്യമാണ്. സര്‍ക്കാര്‍ സര്‍വീസുകളെക്കാള്‍ പലരും ഇദ്ഹി സര്‍വീസുകളാണ് ഇഷ്ടപ്പെടുന്നത്.

പലപ്പോഴും ഇദ്ഹി മരണത്തെ മുന്നില്‍ക്കണ്ടു. 1994ല്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കണമെന്ന് മുന്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ ഹമീദ് ഗുല്‍ ആവശ്യപ്പെട്ടത് നിരസിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സംഘടനയുടെ സേവനങ്ങള്‍ ആക്രമണത്തിനിരയായി. അന്നത്തെ ബേനസീര്‍ ഭൂട്ടോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇദ്ഹിയെ ഉപയോഗിക്കാനായിരുന്നു പദ്ധതി. ലണ്ടനില്‍ നിന്ന് രക്ഷപ്പെട്ട ഇദ്ഹി രാഷ്ട്രീയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നതില്‍ ഉറച്ചുനിന്നു. പിന്നീട് രണ്ടു ദശകത്തോളം ഇദ്ഹിയെ തടയാന്‍ ആരും ശ്രമിച്ചില്ല.

ഏതാനും വര്‍ഷങ്ങളായി രോഗാതുരനായിരുന്നതിനാല്‍ ഇദ്ഹിയുടെ മകന്‍ ഫൈസലായിരുന്നു ഇദ്ഹിയുടെ സേവനങ്ങള്‍ നോക്കിനടത്തിയിരുന്നത്. ഇദ്ഹിയുടെ മരണമുണ്ടാക്കുന്ന വിടവ് നികത്താന്‍ ഫൈസല്‍ പ്രാപ്തനാണോ എന്നു സംശയിക്കുന്നവരുണ്ട്. ഇദ്ഹി രൂപം നല്‍കിയ പാരമ്പര്യം തുടരുകയും അത് കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് വെല്ലുവിളിയാണ്. പാക്കിസ്ഥാനില്‍ മിക്ക സംഘടനകളുടെ കാര്യത്തിലും ഇത് സംഭവിക്കാറുമില്ല. എന്നാല്‍ ഇദ്ഹി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു സഹായം ലഭിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ഇദ്ഹിയുടെ പേര് ദീര്‍ഘകാലം മായാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.


Next Story

Related Stories