TopTop
Begin typing your search above and press return to search.

അബ്ദുള്ള രാജാവ്: ജനപ്രിയനായ പരിഷ്ക്കര്‍ത്താവ്; പക്ഷേ എല്ലാം പടിപ്പുറത്താണെന്നുമാത്രം

അബ്ദുള്ള രാജാവ്: ജനപ്രിയനായ പരിഷ്ക്കര്‍ത്താവ്; പക്ഷേ എല്ലാം പടിപ്പുറത്താണെന്നുമാത്രം

തോമസ് ഡബ്ലിയു ലിപ്മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്, സൗദി അറേബ്യയിലെ ആറാമത്തെ രാജാവ്, 90 ആം വയസില്‍, അന്തരിച്ചു. തന്റെ രാജ്യത്തിന്റെ ഘടനയെ മാറ്റാതെ പരിഷ്‌കര്‍ത്താവായി അറിയപ്പെട്ടു. അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തിയപ്പോഴും വിദേശനയത്തില്‍ സ്വതന്ത്രപാത സ്വീകരിച്ചു. അങ്ങനെ ഒരു മികച്ച രാഷ്ട്രീയക്കാരന്‍.

അഴിമതിക്കാരനും സ്വേച്ഛാധിപതിയുമായിരുന്ന മുന്‍ഗാമി ഫഹദ് രാജാവിനെക്കാള്‍, സത്യസന്ധനും മാധ്യമങ്ങളെ കൃത്യമായി മനസിലാക്കുകയും ചെയ്തിരുന്ന അബ്ദുള്ള ജനപ്രിയനായി.

അബ്ദുള്ള സൗദിയിലെ വിദ്യാഭ്യാസരംഗം ആധുനികവത്കരിക്കാന്‍ ശതകോടികള്‍ ഒഴുക്കി, സമ്പദ് വ്യവസ്ഥ തുറന്നുകൊടുത്തു, ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്ന്, നീതിന്യായവ്യവസ്ഥ ശിക്ഷിച്ച പലര്‍ക്കും മാപ്പ് കൊടുത്തു, പോപ്പുമായി കൂടിക്കാഴ്ച നടത്തി, തീവ്രവാദികളെ അടിച്ചമര്‍ത്തി, സ്ത്രീകളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങി, ഇസ്രയേലുമായി അറബ് സമാധാനത്തിന് പദ്ധതി വാഗ്ദാനം ചെയ്തു.

ഇതൊക്കെയായാലും അദ്ദേഹത്തിന്റെ രാഷ്ട്രീയം സൗദ് കുടുംബത്തിന്റെ രാജ്യാധികാരം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. പരിഷ്‌കരണങ്ങള്‍ രാഷ്ട്രീയത്തിലേക്ക് നീണ്ടില്ല. നഗര സമിതികളിലേക്ക് തെരഞ്ഞെടുപ്പ് പുന:സ്ഥാപിക്കുകയും സ്ത്രീകള്‍ക്ക് അടുത്ത ഘട്ടത്തില്‍ സമ്മതിദാനാവകാശവും സ്ഥാനാര്‍ത്ഥിത്വവും വാഗ്ദാനം ചെയ്‌തെങ്കിലും വിമതര്‍ തടവറകളിലും പുറത്തുമായി നിശബ്ദരാക്കപ്പെട്ടു.

അയാളുടെ മുന്‍ഗാമി ഫഹദിന് 1995ല്‍ കടുത്ത പക്ഷാഘാതം വന്നു. തുടര്‍ന്നുള്ള ജനുവരിയില്‍ അടുത്ത യുവരാജാവ് അബ്ദുള്ള, രാജാവിന്റെ മിക്ക ചുമതലകളും ഏറ്റെടുത്തു. 2005ല്‍ ഫഹദ് മരിക്കുംവരെ പ്രായോഗികമായി രാജ്യം ഭരിച്ചതും അബ്ദുള്ള തന്നെ.

അബ്ദുള്ള അരങ്ങൊഴിയുമ്പോള്‍ അയാള്‍ അധികാരത്തില്‍ വന്ന സൗദിയല്ല ഇന്നുള്ളത്. സംരംഭകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം, പൊതുസമൂഹചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം, എന്തിന് വിനോദസഞ്ചാരികള്‍ വരെ. പക്ഷേ മറ്റൊരര്‍ത്ഥത്തില്‍ ആ രാജ്യം ഒട്ടും മാറിയിട്ടില്ല. എല്ലാ അധികാരവും രാജകുടുംബത്തില്‍, പിന്തുണയുമായി മതപൗരോഹിത്യം, സാധാരണ പൗരന്‍മാര്‍ക്ക് സമ്മതിദാനാവകാശവുമില്ല.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠനസമയത്ത് ഒരുമിച്ച് പഠിക്കുന്ന, സ്വന്തം പേരിലുള്ള ഒരു ബിരുദ സര്‍വ്വകലാശാല സ്ഥാപിച്ചതിന് അബ്ദുള്ള പ്രകീര്‍ത്തിക്കപ്പെട്ടു. ഒരു വലിയ വിലക്കിനെ മറികടന്നതിന്.

അതേസമയം തന്നെ സൗദിയുടെ സാമ്പത്തിക വികാസത്തെ തടയുന്ന ലിംഗവിവേചനം കൂടുതല്‍ രൂക്ഷമാക്കും വിധം പെണ്‍കുട്ടികള്‍ക്ക് മാത്രമായി റിയാദില്‍ ഒരു പെണ്‍ സര്‍വ്വകലാശാലയും തുടങ്ങി. പുതിയ തലമുറയെയും യാഥാസ്ഥിതികരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ഒരു രാജാവിന്റെ സൂത്രപ്പണി.

തെരഞ്ഞെടുത്ത പാര്‍ലമെന്റിനും,അധികാരസ്ഥാനങ്ങളില്‍ രാജകുമാരന്‍മാര്‍ക്ക് കാലപരിധിയേര്‍പ്പെടുത്താനും, ഭീകരവാദി വിചാരണകള്‍ പരസ്യമാക്കാനും ആവശ്യപ്പെട്ട് 2003ല്‍ അബ്ദുള്ളയ്ക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ട സകലരും തടവിലായി. ഒരാവശ്യവും അംഗീകരിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഏഴ് പതിറ്റാണ്ടിലെ അല്‍സൗദ് ഭരണം അതിഗംഭീരമായേനെ.രാജാവ്; പദവിയും പ്രയോഗവും
ഫഹദ് 1992ല്‍ കൊണ്ടുവന്ന സര്‍ക്കാരിന്റെ അടിസ്ഥാന നിയമമനുസരിച്ച് രാജ്യം രാജഭരണത്തിന് കീഴിലാണ്. രാജാവിനെ അനുസരിക്കുകയെന്നത് പൗരന്മാരുടെ കടമയാണ്. അബ്ദുള്ളയുടെ കാലത്തും ഇതില്‍ മാറ്റമൊന്നും വന്നില്ല.

സൗദിയിലെ പൊതുസമൂഹത്തെ ശക്തിപ്പെടുത്തുന്ന നാഷണല്‍ ഡയലോഗ്, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ ചില സ്ഥാപനങ്ങളാണ് അയാളെ പേരെടുപ്പിച്ചത്. രാജാധികാരത്തെ ചോദ്യം ചെയ്യാതെ ചില ചര്‍ച്ചകള്‍ക്ക് അത് ജനങ്ങളെ അനുവദിച്ചിരുന്നു.

അതേസമയം മതപൗരോഹിത്യത്തിന്റെ അധികാരത്തിന് മൂക്കുകയറിടാനും, അധികാര കൈമാറ്റം സ്ഥാപനവത്കരിക്കാനും, 2003ല്‍ നാമ്പെടുത്ത ആഭ്യന്തര ഇസ്‌ളാമിക തീവ്രവാദത്തെ നിഷ്‌കരുണം അടിച്ചമര്‍ത്താനും അബ്ദുള്ള മടിച്ചില്ല.

അധികാരക്കളിയില്‍ അര്‍ദ്ധസഹോദരന്മാരെ സമര്‍ത്ഥമായി ഒതുക്കാനും അയാള്‍ക്കായി. 1990ലെ ഇറാക്കിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷം യു എസ് സേനയെ സൗദിയിലേക്ക് വിളിക്കാനുള്ള ഫഹദിന്റെയും ശക്തനായ പ്രതിരോധമന്ത്രി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെയും തീരുമാനത്തെ അയാള്‍ എതിര്‍ത്തു. എന്നാല്‍ കുടുംബത്തെ ദുര്‍ബ്ബലമാക്കുമെന്നതിനാല്‍ ഒരു പരസ്യ വിവാദം ഒഴിവാക്കുകയും ചെയ്തു.

അബ്ദുള്ളക്കു മുമ്പ് ആഭ്യന്തര ഭീഷണികളായിരുന്നു അല്‍ സൗദ് കുടുംബത്തിന് മുന്നിലുണ്ടായിരുന്നത്. അല്‍ ഖ്വയ്ദ പിന്തുണയുള്ള തീവ്രവാദം, ഭരണത്തിലെ അഴിമതിയില്‍ അസന്തുഷ്ടിയുള്ള ആഗോള വിവരശൃംഖലകളാല്‍ ആവേശം കൊണ്ട അസ്വസ്ഥരായ ജനം.

പക്ഷേ അബ്ദുള്ളയുടെ മരണസമയത്ത് മേഖലയിലെ മത,തന്ത്രപര മേധാവിത്തത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഇറാന്‍ മാത്രമാണ് ഭീഷണി.

എന്നാല്‍ അക്കാര്യത്തില്‍ നീണ്ടനാളത്തെ സഖ്യകക്ഷി അമേരിക്കയെ കൂടെനിര്‍ത്താന്‍ അബ്ദുള്ളക്കായി. 2001 സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ സൗദി പൗരന്മാരുടെ പങ്കും, ബുഷിന്റെ ജനാധിപത്യ അജണ്ടയോടുള്ള സൗദിയുടെ അകല്‍ച്ചയും, യു എസിന്റെ ഇറാക്ക് അധിനിവേശം 'നിയമാനുസൃതമല്ലെന്ന' അബ്ദുള്ള രാജാവിന്റെ വിമര്‍ശവുമൊക്കെ സഖ്യത്തെ അലോസരപ്പെടുത്തിയിരുന്നു.

രാജ്യസുരക്ഷക്ക് ജനങ്ങള്‍ക്കിഷ്ടമല്ലാത്ത ഒരു സഖ്യശക്തിയെ ആശ്രയിക്കുന്ന വൈരുദ്ധ്യം പരിഹരിക്കാന്‍ അബ്ദുള്ളക്കായില്ല. പക്ഷേ അമേരിക്കയുടെ സ്വാധീനവലയത്തിന് പുറത്തുള്ള ചൈനയും, റഷ്യയും മറ്റ് രാഷ്ട്രങ്ങളുമായും ബന്ധം മെച്ചപ്പെടുത്തിയും, വാഷിംഗ്ടണിന് താത്പര്യമില്ലാത്ത പലസ്തീന്‍ സംഘം ഹമാസും സിറിയന്‍ സംഘടനകളുമായി അടുപ്പം പുലര്‍ത്തിയും അയാള്‍ ഈ പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചു.

അതേ സമയം സൗദിയിലെ സുപ്രധാന എണ്ണ ശുദ്ധീകരണ ശാലകളെ സംരക്ഷിക്കാന്‍ പുതിയൊരു സേനയെ പരിശീലിപ്പിക്കാന്‍ യു എസുമായി ധാരണയുണ്ടാക്കിയിരുന്നു. ഇസ്‌ളാമിക തീവ്രവാദത്തിന്റെ ഫലമായുള്ള തീവ്രവാദമടക്കമുള്ള വിഷയങ്ങള്‍ ആഭ്യന്തര, സാര്‍വ്വദേശീയ കാരണങ്ങളാല്‍ സൗദി അറേബ്യ വര്‍ഷങ്ങളായി ഉപയോഗിച്ചുവരികയാണ്. 2003ല്‍ രാജ്യത്തിനകത്ത് സ്‌ഫോടനം നടന്നപ്പോഴാണ് തങ്ങള്‍ തന്നെ വളര്‍ത്തി വലുതാക്കാന്‍ യത്‌നിച്ച ഭീകരന്‍ മടങ്ങിയെത്തിയതായി അബ്ദുള്ളയടക്കമുള്ള രാജകുടുംബം തിരിച്ചറിഞ്ഞത്. ഉറച്ച പ്രതികരണം പെട്ടെന്നുതന്നെ ഉണ്ടായി.

ജനുവരി 2009നു ബുഷ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിയുമ്പോള്‍ സൗദി ആഗോള ഭീകരവാദ പ്രശ്‌നത്തിന്റെ ഭാഗമല്ലെന്നും അതിന്റെ പരിഹാരത്തിന്റെ പങ്കാളിയാണെന്നും യു എസ് അധികൃതര്‍ മനസിലാക്കി.ന്യൂയോര്‍ക് ടൈംസ് പംക്തിയെഴുത്തുകാരന്‍ തോമസ് ഫ്രൈഡ്മാനുമായി 2002ല്‍ നടത്തിയ ഒരു സംഭാഷണത്തില്‍ ആദ്യമായി അവതരിപ്പിച്ച അറബ് സമാധാനത്തിനുള്ള അബ്ദുള്ള പദ്ധതിയുടെ പേരിലാണ് ലോകം അബ്ദുള്ള രാജാവിനെ കൂടുതലറിയുക. 1967ലെ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് ഇസ്രയേല്‍ മടങ്ങിയാല്‍ അറബ് രാജ്യങ്ങളും ഇസ്രയേലുമായി സമ്പൂര്‍ണ സമാധാനം എന്നതായിരുന്നു ആ പദ്ധതി. അതായത്, വെസ്റ്റ് ബാങ്കും ഗോലാന്‍ കുന്നുകളും കിഴക്കന്‍ ജറുസലേമും ഇസ്രയേല്‍ വിട്ടുകൊടുക്കണം.

ഈ പദ്ധതി സ്വീകരിക്കാന്‍ മറ്റ് അറബ് രാജ്യങ്ങള്‍ക്ക് മേല്‍ അബ്ദുള്ള പ്രേരണ ചെലുത്തി. തനിക്കാവുന്നതെല്ലാം ചെയ്തു എന്നായിരുന്നു പിന്നീട് വാഷിംഗ്ടണിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളോടുള്ള നിലപാട്. ഇസ്രായേലിനോട് കൂടുതല്‍ സൗഹാര്‍ദ നടപടികള്‍ എടുക്കാനുള്ള ഒബാമയുടെ ആവശ്യം അദ്ദേഹം തള്ളി.

രണ്ടു വിശുദ്ധ പള്ളികളുടെ ഇരട്ട ഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു അബ്ദുള്ള രാജാവ്;പ്രധാനമന്ത്രി എന്ന ഔദ്യോഗിക സ്ഥാനവും.

രാജ്യാധികാര കൈമാറ്റത്തിലെ തര്‍ക്കമൊഴിവാക്കാന്‍ ചുമതലാസമിതി എന്ന സംവിധാനമുണ്ടാക്കിയതാണ് അബ്ദുള്ളയുടെ വലിയൊരു നേട്ടം. 35 മുതിര്‍ന്ന രാജകുമാരന്മാരും, ആദ്യത്തെ രാജാവായ അബ്ദുള്‍ അസീസ് ബിന്‍ സൗദിന്റെ എല്ലാ മക്കളും പേരമക്കളും അടങ്ങുന്ന സമിതി രാജാവ് മരിച്ചാല്‍ അടുത്ത രാജാവിനെ തെരഞ്ഞെടുക്കാന്‍ രഹസ്യമായി യോഗം ചേരുന്നു. പോപ്പിനെ തെരഞ്ഞെടുക്കുന്ന കര്‍ദിനാള്‍മാരെ പോലെ.

ഇത്തരത്തിലൊരു സമിതി നേരത്തെ ഉണ്ടായിരുന്നെങ്കില്‍ അബ്ദുള്ള രാജാവാകുമായിരുന്നോ എന്നത് സംശയമാണ്. അബ്ദുള്‍ അസീസിന്റെയും അയാളുടെ പ്രിയപ്പെട്ട ഭാര്യ ഹസ്സ ബിന്ത് അഹ്മെദ് അല്‍സുദൈര്‍യുടെയും,'ഏഴ് സുദൈരികള്‍' എന്നറിയപ്പെട്ടിരുന്ന, മക്കളുമായി ഒട്ടും സുഖത്തിലല്ലായിരുന്നു അബ്ദുള്ള.

ഇവരിലൊരാളായിരുന്നു ഫഹദും, മുന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ രാജകുമാരനും, ആഭ്യന്തര മന്ത്രിയായിരുന്ന നയെഫ് രാജകുമാരനും. അബ്ദുള്‍ അസീസിന്റെ മറ്റൊരു ഭാര്യയുടെ മകനാണ് അബ്ദുള്ള.പിതാവിന്റെ ഇഷ്ടപുത്രനല്ലായിരുന്നു.

അബ്ദുള്ളയുടെ ആദ്യകാലം അത്ര അറിയപ്പെട്ടതല്ല. 1924ല്‍ അന്നൊരു മരുപ്രദേശമായ റിയാദിലാണ് ജനനമെന്ന് കരുതുന്നു. അബ്ദുള്‍ അസീസിന്റെ 45 മക്കളില്‍ 13 ാമന്‍. പില്‍ക്കാല രാജ്യാവകാശ കൈമാറ്റത്തിനായി യൂറോപ്പിലേക്കയച്ചു പഠിപ്പിച്ച അര്‍ദ്ധസഹോദരന്മാരായ സൗദിനെയും ഫൈസലിനെയും പോലെ പിതാവിന്റെ ഇഷ്ടക്കാരനായിരുന്നില്ല അബ്ദുള്ള.

കാര്യമായ വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. പിന്നീട് വലിയൊരു വായനക്കാരനും ഗ്രന്ഥശാലകളുടെ പ്രയോക്താവും ആയെങ്കിലും. ചെറുപ്പത്തില്‍ മെക്കയിലെ നഗരപിതാവായിരുന്നു.

1962ല്‍ രാജകുമാരന്‍മാര്‍ക്കിടയിലെ അധികാരതര്‍ക്കത്തില്‍ അബ്ദുള്ള ആഭ്യന്തര സുരക്ഷയ്ക്കുള്ള ബെദൂവിന്‍ സേന, നാഷണല്‍ ഗാര്‍ഡിന്റെ സേനാനായകനായി. 1975നു ശേഷം അമേരിക്കക്കാര്‍ പരിശീലിപ്പിച്ച നാഷണല്‍ ഗാര്‍ഡുകളാണ് അബ്ദുള്ളയുടെ പില്‍ക്കാല ജീവിതത്തിലെ അധികാരശക്തിയായത്.

ഫൈസല്‍ 1975ല്‍ വധിക്കപ്പെട്ടു. ദുര്‍ബ്ബലനായ പിന്‍ഗാമി ഖാലിദ് രാജാവ് അബ്ദുള്ളയെ, കിരീടാവകാശിയായ ഫഹദിന് താഴെ രണ്ടാം ഉപ പ്രധാനമന്ത്രിയാക്കി. ഫഹദും അബ്ദുള്ളയും ഒട്ടും രമ്യതയിലായിരുന്നില്ല. എന്നാല്‍ അബ്ദുള്ളയെ കിരീടാവകാശിയായി നിയോഗിച്ചില്ലെങ്കില്‍ മാര്‍ക് വെസ്റ്റണ്‍ 'Prophets and Princess' എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞപോലെ,'അബ്ദുള്ളക്കു പകരം പൂര്‍ണസഹോദരന്‍ സുല്‍ത്താനെ കിരീടാവകാശിയാക്കിയിരുന്നെങ്കില്‍ ഫഹദിന് രാജകുടുംബത്തില്‍ സുദൈരികളൊഴിച്ചുള്ള സകലരുടെയും അബ്ദുള്ളയെ അനുകൂലിക്കുന്ന പുരോഹിതരുടെയും എതിര്‍പ്പ് നേരിടേണ്ടിവരുമായിരുന്നു.'

അബ്ദുള്ള രാജാവിന് കുറഞ്ഞത് 7 ഭാര്യമാരും അതില്‍ ജീവിച്ചിരിക്കുന്ന 4 പുത്രന്മാരും ഉണ്ട്. ഒരു പുത്രനായ മീതെബ് ആണ് നാഷണല്‍ ഗാര്‍ഡിന്റെ സേനാനായകന്‍. അബ്ദുള്ളക്കു 15 പുത്രിമാരും ഉള്ളതായി കരുതുന്നു.


Next Story

Related Stories