UPDATES

ഓഫ് ബീറ്റ്

മുഹമ്മദ്‌ അബ്ദുള്‍ യാസിന്‍: മുംബൈയിലെ ജൂതര്‍ക്ക് വേണ്ടി ശവക്കല്ലറ പണിയുന്ന മുസ്ലീം

3000ത്തോളം ശവക്കല്ലറകള്‍ യാസിന്‍ തയ്യാറാക്കിയിട്ടുണ്ട്.

മുബൈയിലെ ഡോ ഇ മോസസ് റോഡ് നഗരത്തിന്റെ ആദ്യ ജൂത മേയറായ ഡോ.എലിജാ മോസസിന്റെ പേരിലുള്ളതാണ്. രണ്ട് കിലോമീറ്റര്‍ വരുന്ന റോഡിന്റെ വശങ്ങളില്‍ വിവിധ വിശ്വാസങ്ങളില്‍ ജീവിച്ചിരുന്നവരുടെ ശവക്കല്ലറകളാണ്. മഹാലക്ഷ്മി റേസ് കോഴ്‌സിലും വര്‍ളി സീഫേസിലും വലിയ ഹിന്ദു ശ്മശാനമുണ്ട്. സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക സെമിത്തേരി, അധികം അറിയപ്പെടാത്ത ജാപ്പനീസ് സെമിത്തേരി, പിന്നെ ഇസ്രയേലി ജൂതന്മാര്‍ക്ക് വേണ്ടിയുള്ള സെമിത്തേരിയും.

1937-38 കാലത്താണ് മോസസ് ബോംബെ മേയറായിരുന്നത്. അക്കാലത്ത് മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള നിരവധി ശ്മശാനങ്ങളും സെമിത്തേരികളും ബോംബെ നഗരസഭ നിര്‍മ്മിച്ചിരുന്നു. അതിലൊന്നാണ് ബെനെ ഇസ്രയേലി ജൂവിഷ് സെമിത്തേരി. 1940കളില്‍ 30,000ത്തോളം ജൂതന്മാര്‍ ബോംബെയിലുണ്ടായിരുന്നു. ഇന്ന് 3500ഓളം ജൂതര്‍ മാത്രമാണ് നഗരത്തിലുള്ളത്. ജൂത – മുസ്ലിം സമുദായങ്ങള്‍ തമ്മില്‍ സമാനതകളില്ലാത്ത സവിശേഷ ബന്ധത്തിന്‍റെ കഥ പറയാനുണ്ട് മുംബൈ നഗരത്തിന്. നഗരത്തിലെ ജൂത സിനഗോഗുകളും പ്രാര്‍ഥനാ കേന്ദ്രങ്ങളുമെല്ലാം മുസ്ലീങ്ങള്‍ വലിയ തോതിലുള്ള മേഖലകളിലാണ് കൂടുതലായും ഉള്ളത്. ഹൈനസ് റോഡില്‍ അപ്പാര്‍ട്ട്മെന്‍ഡ് സമുച്ചയം വന്നപ്പോള്‍ വലിയ തോതില്‍ ജൂത ശവക്കല്ലറകള്‍ പൊളിച്ച് നീക്കപ്പെട്ടു.

നഗരത്തിലെ ജൂതര്‍ക്ക് വേണ്ടി ശവക്കല്ലറയുണ്ടാക്കാനും ഒരാളേയുള്ളൂ – അയാളൊരു ജൂതനല്ല, മുസ്ലീമാണ് – മുഹമ്മദ് അബ്ദുള്‍ യാസിന്‍. 3000ത്തോളം ശവക്കല്ലറകള്‍ യാസിന്‍ തയ്യാറാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ സ്വദേശിയായ അബ്ദുള്‍ യാസിന്‍, 1968ല്‍ 27ാം വയസിലാണ്‌ ജോലി തേടി ബോംബെയിലെത്തിയത്. ജൂത സെമിത്തേരിയുടെ മേല്‍നോട്ടക്കാരനെ പരിചയപ്പെട്ടത് വഴിത്തിരിവായി. ഹീബ്രു ഭാഷ പഠിച്ചു.

ഓരോ കല്ലറയും കൊത്തുപണിയടക്കം ചെയ്ത് തയ്യാറാക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്ന് യാസിന്‍ പറയുന്നു. തനിക്ക് ശേഷം മകന്‍ ഈ തൊഴില്‍ ഏറ്റെടുക്കുന്നത് വരെ ജോലി തുടരുമെന്നാണ് യാസിന്‍ പറയുന്നത്. താന്‍ കൊത്തുപണി ചെയ്ത് തയ്യാറാക്കിയ 3000 ശവക്കല്ലറകളില്‍ ഭൂരിഭാഗവും ആരുടെതാണെന്ന് ഓര്‍ത്തെടുത്ത് പറയാന്‍ യാസിന് കഴിയും. മുംബൈയിലെ ജൂതപാരമ്പര്യവും ചരിത്രവും തലമുറകള്‍ക്കായി രേഖപ്പെടുത്തി വയ്ക്കുക കൂടിയാണ് ഈ മനുഷ്യന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍