TopTop

കാട്ടുപറവകളുടെ ചിത്രം പകര്‍ത്തിയ ഒരു 17-കാരന്‍ പ്രകൃതിയെ കാണിച്ചുതരുന്ന വിധം

കാട്ടുപറവകളുടെ ചിത്രം പകര്‍ത്തിയ ഒരു 17-കാരന്‍ പ്രകൃതിയെ കാണിച്ചുതരുന്ന വിധം

ജെ. ബിന്ദുരാജ്

"വാക്കുകള്‍ അവ്യക്തമാകുമ്പോള്‍ ഞാന്‍ ചിത്രങ്ങളിലൂടെ ദൃഷ്ടിയൂന്നുന്നു. ചിത്രങ്ങള്‍ അപര്യാപ്തമാകുമ്പോള്‍ ഞാന്‍ നിശ്ശബ്ദതയില്‍ തൃപ്തി തേടുന്നു"- അന്‍സല്‍ ഈസ്റ്റണ്‍ ആഡംസ്, പരിസ്ഥിതി പ്രണയിയും അമേരിക്കന്‍ ഫോട്ടോഗ്രാഫറും.

സുല്‍ത്താന്‍ ബത്തേരിയിലെ ഭാരതീയ വിദ്യാഭവനില്‍ പത്താം ക്ലാസ്സിലെ കൂട്ടുകാരായ 'പഠിപ്പിസ്റ്റു'കളൊക്കെ പരീക്ഷച്ചൂടില്‍ പുസ്തകം നിലത്തുവയ്ക്കാതെ വിയര്‍ത്തു പഠിക്കുന്ന നേരത്ത് പതിനഞ്ചുകാരനായ ഒരു മെലിഞ്ഞ വിദ്യാര്‍ത്ഥി തന്റെ അച്ഛന്റെ കാപ്പിത്തോട്ടത്തില്‍ ആദിവാസിയായ സഹായി മാത്തന്‍ വെട്ടുക്കുറുമന്റെ സഹായത്തോടെ 80 അടി ഉയരമുള്ള ഒരു മരത്തില്‍ ഒരു ഒളിമാടം കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. പച്ചത്തുണികള്‍ വച്ച് മറച്ചു പുറമേ നിന്നു നോക്കുമ്പോള്‍ അത്തരമൊരു മാടമേ അവിടെയില്ലെന്ന് ഉറപ്പുവരുത്തി താഴേയ്ക്ക് ഇറങ്ങിവരുമ്പോഴേക്ക് സന്ധ്യയായിരുന്നു. പിറ്റേന്ന് പ്രഭാതകിരണങ്ങളെത്തുംമുമ്പു തന്നെ അതുവരെ അക്ഷമനായി കാത്തിരുന്ന പതിനഞ്ചുകാരന്‍ ഏറുമാടത്തിലേക്ക് തന്റെ 100എംഎം 400എംഎംഐഎസ് ലെന്‍സുള്ള കാനണ്‍ ക്യാമറയുമായി വലിഞ്ഞു കയറി. കുറെ ദൂരത്തുള്ള മരത്തില്‍ കൂടുകൂട്ടിയിരുന്ന ബോണല്ലി പരുന്തിന്റെ പ്രവൃത്തികള്‍ പക്ഷി പോലുമറിയാതെ നിരീക്ഷിക്കുകയും ചിത്രങ്ങളെടുക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയായിരുന്നു പതിനഞ്ചുകാരന്റെ ലക്ഷ്യം.മൂന്നു മാസക്കാലത്തോളം ഒഴിവു ദിവസങ്ങളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ആ മാടത്തിനകത്തു തന്നെയായിരുന്നു ആ പയ്യന്റെ ജീവിതം. സമപ്രായക്കാരായ മറ്റു കുട്ടികള്‍ വീഡിയോ ഗെയിമും സിനിമയും കളികളുമൊക്കെയായി കഴിയുമ്പോഴൊക്കെ ബോണല്ലി പരുന്തിനേയും അതിന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയേയും നിരീക്ഷിച്ചുകൊണ്ട് മാടത്തിനുള്ളില്‍ കഴിഞ്ഞു അവന്‍. സാധാരണ രക്ഷിതാക്കളെപ്പോലെ എപ്പോഴും ''പോയിരുന്ന് പഠിച്ച് മാര്‍ക്കു നേടാന്‍'' പറയരുന്നവരായിരുന്നില്ല പതിനഞ്ചുകാരന്റെ അച്ഛനുമമ്മയുമെന്നത് അനുഗ്രഹം! ഒറ്റമകനെ പ്രകൃതിസ്‌നേഹിയും നല്ലൊരു മനുഷ്യനുമായി വളര്‍ത്തിയെടുക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന കെ വി മനോജ് കുമാര്‍ എന്ന കര്‍ഷകനായ പക്ഷിനിരീക്ഷകന്റേയും ബി എസ് എന്‍ എല്‍ ജീവനക്കാരിയായ അമ്മയുടെയും മകനായി ജനിക്കാന്‍ കഴിഞ്ഞതാകാം ഒരുപക്ഷേ അഭിജിത്ത് എ വി എന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വന്യജീവി ഫോട്ടോഗ്രാഫറുടെ ഭാഗ്യം. പറക്കാന്‍ പഠിപ്പിച്ചശേഷം പ്രകൃതിയിലേക്ക് ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പക്ഷികളെപ്പോലെ ഈ രക്ഷിതാക്കള്‍ അഭിജിത്തിനെ പുതിയ ലോകത്തേക്ക് പറപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, വൈകുന്നേരം തിരുവനന്തപുരം വഴുതയ്ക്കാട് ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രത്തില്‍ അഭിജിത്തിന്റെ ഫോട്ടോപ്രദര്‍ശനം 'പക്ഷികള്‍' പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ ഉത്ഘാടനം ചെയ്യും. ഓഗസ്റ്റ് 24ാം തീയതി വരെ തുടരുന്ന പ്രദര്‍ശനം ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉണ്ടാകും.വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ മൈസൂരിലേക്കു പോകുന്ന പാതയില്‍ നൂല്‍പ്പുഴയിലുള്ള കല്ലൂരിലാണ് നിദസ്സ് എന്ന വീട്. നിദസ്സ് എന്നാല്‍ പക്ഷിക്കൂട് എന്നര്‍ത്ഥം. വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ മാത്രമാണ് മുത്തങ്ങ വന്യജീവി സങ്കേതം. കാപ്പിത്തോട്ടങ്ങളും കുരുമുളകും ഏലവും മഞ്ഞളും റബ്ബറുമൊക്കെ കൃഷി ചെയ്തിട്ടുള്ള വലിയ എസ്‌റ്റേറ്റുകള്‍ നിറഞ്ഞയിടം. കാപ്പിച്ചെടികള്‍ക്കിടയ്ക്കുള്ള പക്ഷികളോടും ജീവജാലങ്ങളോടുമൊത്തുള്ള ജീവിതമാകാം ഒരുപക്ഷേ ചെറുപ്രായത്തിലേ അഭിജിത്തിന്റെ ഹൃദയത്തിലേക്ക് പ്രകൃതിയുടെ അത്ഭുതങ്ങളെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ നിറച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സന്ദീപാനന്ദഗിരിയോടൊപ്പമുള്ള കുട്ടികളുടെ ഒരു യാത്രാസംഘത്തില്‍ ഹരിദ്വാറിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ദൃശ്യങ്ങളോടും പ്രകൃതിയോടുമുള്ള കൗതുകം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് കൊച്ചു അഭിജിത്ത് തിരിച്ചറിഞ്ഞത്. പ്രകൃതിയുടെ വിളി കേട്ട് ജീവിക്കുന്ന അച്ഛന് മകന്റെ നിയോഗം അതോടെ വ്യക്തമാകുകയായിരുന്നു. അച്ഛന്റെ സുഹൃത്തും കര്‍ഷകനും പക്ഷിനിരീക്ഷകനുമായ കൃഷ്ണസ്വാമിയും ദൂരദര്‍ശന്റെ മുന്‍ ന്യൂസ് എഡിറ്ററും പ്രകൃതിസ്‌നേഹിയുമായ പി കെ ഉത്തമനും വന്യജീവി ഫോട്ടോഗ്രാഫറായ റഷീദ് പാട്ടവയലും ടി എന്‍ എ പെരുമാളുമൊക്കെ അച്ഛനുമമ്മയ്ക്കും പുറമേ അഭിജിത്തിന്റെ വഴികാട്ടികളായി. മാത്തന്‍ വെട്ടുക്കുറുമന്‍ എന്ന ആദിവാസി, പയ്യന്റെ ഹൃദയം അടുത്തറിഞ്ഞ് കിളിക്കൂടുകളെക്കുറിച്ച് അവന് അറിവു നല്‍കി. ''ഒരു പക്ഷിക്കോ ജീവികള്‍ക്കോ ഒന്നും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ അവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനു പിന്നില്‍ വന്യജീവിപരിസ്ഥിതി സംരക്ഷണമെന്ന വലിയ സന്ദേശമാണ് ഞാന്‍ കാണുന്നത്. പ്രകൃതിയെ കണ്ടറിയാനുള്ള കാന്‍വാസുകളാകണം എന്റെ ചിത്രങ്ങള്‍,'' അഭിജിത്ത് പറയുന്നു. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയുണ്ട് അഭിജിത്തിന്റെ വാക്കുകളില്‍.


അഭിജിത്ത് എ വി

മുത്തങ്ങ വനപ്രദേശത്തിനടുത്താണ് അഭിജിത്തിന്റെ വീട് എന്നതിനാല്‍ കാട്ടുകുരുവികളും അപൂര്‍വയിനം പക്ഷികളുമൊക്കെ ഈ ബാലന്റെ ക്യാമറയില്‍ ഇടം തേടാന്‍ ഇടയ്ക്ക് വീട്ടു വഴികളിലും പറമ്പിലുമെല്ലാം പറന്നെത്താറുണ്ട്. അഭിജിത്തിന് കാട്ടുപക്ഷികളുടെ കൂടുകളുള്ള ഇടങ്ങള്‍ കാട്ടിക്കൊടുക്കാന്‍ നടക്കുന്നവരുടെ കൂട്ടത്തിലാണ് വെട്ടുകുറുമനും കൃഷ്ണനുമൊക്കെയുള്ളത്. ഒരു കൂട് കണ്ടെത്തിയാലുടനെ തന്നെ അത് കാണാവുന്ന ദൂരത്തില്‍ മരത്തില്‍ ഒളിച്ചുനില്‍ക്കാവുന്ന ഏറുമാടം ഉണ്ടാക്കുന്നതെങ്ങനെയെന്ന ചര്‍ച്ചകളായി. പിന്നെ അതിനുവേണ്ട തുണി, മുളകള്‍ എന്നിവ സംഘടിപ്പിക്കല്‍. അഭിജിത്തിനുള്ള ഒളികൂടൊരുക്കിയാല്‍ പിന്നെ ദിവസവും രാത്രിയോളം വൈകുന്ന കാത്തിരിപ്പുകളാണ്.... ''അപൂര്‍വങ്ങളായ പക്ഷികളും മാക്കാച്ചികാട, ബോണല്ലി പരുന്ത് ഒക്കെ പലയിടങ്ങളിലും നിന്നും ഫോട്ടോയില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്. ഇടയ്‌ക്കൊരു ദിവസമാണ് മഴവെള്ളം കെട്ടിനില്‍ക്കുന്ന വഴിയില്‍ പലതരം കിളികള്‍ വന്ന് കുളിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. മഴവെള്ളം വറ്റിപ്പോയതോടെ അവരുടെ വരവ് നിന്നു. അവിടെ വെള്ളം എപ്പോഴും നിറച്ചിട്ടാല്‍ കിളികള്‍ വരുമെന്നായി എന്റെ പ്രതീക്ഷ. അങ്ങനെ ആ പ്രദേശത്തേക്ക് സ്ഥിരം വെള്ളമെത്തിച്ചു. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. ഞാനൊഴിച്ചിട്ട വെള്ളത്തില്‍ കുളിച്ചു കുതിരാന്‍ മാത്രം ഏതാണ്ട് 31-ഓളം പക്ഷിഗണങ്ങളാണ് എത്തിയത്,'' അഭിജിത്ത് പറയുന്നു.പ്രകൃതിയിലെ ഓരോ കാഴ്ചകളേയും അത്ഭുതത്തോടെയാണ് ഈ കൊച്ചു പയ്യന്‍ കാണുന്നത്. പക്ഷികള്‍ക്ക് പിന്നാലെ അലയുമ്പോള്‍ അവയെ ക്യാമറയിലൊതുക്കുക മാത്രമല്ല അഭിജിത്ത് ചെയ്യുന്നത്. ഓരോ പക്ഷിയുടേയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വരെ അവന്റെ നിരീക്ഷണത്തിലെത്തുന്നു. ''വേനല്‍ച്ചൂടിന്റെ കടുപ്പം പക്ഷിജീവിതങ്ങളെ ആകെ മാറ്റിമറിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണോ എന്നറിയില്ല പല മുട്ടകളും വിരിയാതെ പോകുന്നു. ചില പക്ഷികള്‍ പകുതിക്ക് കൂടുപേക്ഷിച്ചു പോകുന്നു. കാഴ്ചക്കാരന്റെ മനസ്സുവേദനിപ്പിക്കും അതൊക്കെ കാണുമ്പോള്‍,'' ഫോട്ടോഗ്രാഫിയിലെ പ്രകൃതിയെ ഒപ്പിയെടുക്കുന്ന ആര്‍ദ്രത അഭിജിത്തിന്റെ മനസ്സിലും പടര്‍ന്നേറിയിട്ടുണ്ടെന്ന് പറയാതെ വയ്യ. മുമ്പൊക്കെ ഒളിമാടം കെട്ടുന്ന നേരത്ത് അഭിജിത്തിന്റെ അച്ഛന്‍ മനോജും അതില്‍ കയറാറുണ്ടായിരുന്നു. പക്ഷേ ബോണല്ലി പരുന്തിനെ കാണാന്‍ ഒളിമാടം കെട്ടുന്ന സമയത്ത് മുകളില്‍ നിന്നു വീണ് പരിക്കേറ്റതിനുശേഷം ഇപ്പോള്‍ മരംകയറ്റം തീരെയില്ല. ചുറ്റുവട്ടത്തുള്ള കിളികളുടെ ശാസ്ത്രനാമവും ഇംഗ്ലീഷിലുള്ള പേരുകളുമൊക്കെ അവന് ഹൃദിസ്ഥമാണ്. ശ്യാമക്കിളിയും നീലക്കുരുവിയും പനങ്കൂളനും കരിവയറന്‍ വാനമ്പാടിയും കിന്നരി മൈനയും ചെഞ്ചിലപ്പനും വയല്‍ വരമ്പനുമൊക്കെ ഈ ബാലന്റെ ക്യാമറയ്ക്ക് വിരുന്നൊരുക്കി എപ്പോഴുമെത്താറുണ്ട്. കോഴിവേഴാമ്പലും മലമുഴക്കിയുമൊക്കെ വയനാടന്‍ കാടുകളില്‍ അപൂര്‍വമല്ല. ഇതിനകം അറുപതോളം വയനാട്ടിലെ വ്യത്യസ്ത കാട്ടുപക്ഷികള്‍ അവന്റെ ക്യാമറയില്‍ പതിഞ്ഞു കളഞ്ഞിരിക്കുന്നു.

പക്ഷികള്‍ക്കു പിന്നാലെ യാത്ര ചെയ്ത സലിം അലിക്കും കെ കെ നീലകണ്ഠനു (ഇന്ദുചൂഡന്‍) മൊക്കെ പ്രകൃതിയോട് മനുഷ്യനുള്ള പാരസ്പര്യഭാവത്തെ തിരിച്ചറിയിക്കാനാണ് ശ്രമിച്ചത്. പ്രകൃതിയിലേക്കുള്ള ഓരോ നടത്തവും ഏതൊരുവനേയും കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും നീര്‍ച്ചാലുകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഒരു കുഞ്ഞിന്റെ ജനനം പോലെ തന്നെ സുന്ദരമാണ് പക്ഷിക്കുഞ്ഞുങ്ങളുടെ മുട്ട വിരിഞ്ഞ് അവ പുറത്തിറങ്ങുന്നതും കണ്ണു തുറക്കുന്നതും ആദ്യ തൂവലുകള്‍ ശരീരത്തില്‍ പടരുന്നതും ഒടുവില്‍ കൂടുപേക്ഷിച്ച് ഭൂമിയെ അഭയമാക്കിക്കൊണ്ടുള്ള അവയുടെ യാത്രകളുമെല്ലാം. ഒരു ചിത്രകാരന്റെ ഭാവനയിലെന്നപോലെ വര്‍ണങ്ങളുടെ വിചിത്രമായ മേളനവും ശബ്ദത്തില്‍ സംഗീതമാധുരിയും ആകാര രമണീയതയുമൊക്കെയുള്ള പാറിപ്പറന്നു നടക്കുന്ന പറവകളെ നിരീക്ഷിക്കുന്നത് ചൈതന്യവത്തായ പ്രകൃതിസ്‌നേഹത്തിലേക്കാണ് വഴിവയ്ക്കുന്നത്. അഭിജിത്ത് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ചിത്രങ്ങളിലൂടെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതും അത്തരമൊരു വികാരം തന്നെയാണ്. സോണിയുടെ ഒരു ചെറു ഹാന്‍ഡിക്യാമില്‍ വീഡിയോകളെടുത്തു പഠിച്ചു തുടങ്ങിയ അഭിജിത്തിന്റെ താല്‍പര്യം തിരിച്ചറിഞ്ഞ് അച്ഛന്‍ പിന്നീട് ഒരു പോയിന്റ് ആന്റ് ഷൂട്ട് ചെറുക്യാമറ വാങ്ങി നല്‍കുകയായിരുന്നു. അവനെടുത്ത പക്ഷികളുടെ ചിത്രങ്ങള്‍ കണ്ടാണ് വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടിയായ അച്ഛന്‍ അവനു പ്രൊഫഷണല്‍ എസ് എല്‍ ആര്‍ ക്യാമറയും ലെന്‍സുകളും വാങ്ങി നല്‍കിയത്. ''അച്ഛന് പക്ഷികളോടുള്ള താല്‍പര്യം തന്നെയാണ് പക്ഷികളിലേക്ക് എന്റെ ശ്രദ്ധ പതിയാന്‍ കാരണം. അച്ഛനോട് അടുപ്പമുള്ള, ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള പല സുഹൃത്തുക്കളും എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊക്കെ ബംഗലുരുവില്‍ നിന്ന് വയനാട്ടിലെത്തുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ടി എന്‍ എ പെരുമാള്‍ വളരെയേറെ പിന്തുച്ചിരുന്നു. എങ്ങനെ ജീവികളെ നിരീക്ഷിക്കാമെന്നും ഫോട്ടോഗ്രാഫിയിലൂടെ വന്യജീവികളുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കണമെന്നുമൊക്കെയുള്ള ബാലപാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്നാണ് ഉള്‍ക്കൊണ്ടത്. സാങ്കേതികവശങ്ങള്‍ റഷീദ് പാട്ടവയലാണ് അഭ്യസിപ്പിച്ചത്,'' ഫോട്ടോഗ്രാഫിക്കൊപ്പം തന്നെ കര്‍ണാട്ടിക് സംഗീതത്തിലും ഉപകരണ സംഗീതത്തിലും പരിശീലനം നേടിയിട്ടുള്ള അഭിജിത്ത് പറയുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രസിഡന്റായ എന്‍ ബാദുഷയും എല്ലാവിധ സഹായങ്ങളുമായി എപ്പോഴും അഭിജിത്തിനൊപ്പമുണ്ട്.കാട്ടിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ കൗതുകരമായ അനുഭവങ്ങളുമുണ്ടായിട്ടുണ്ട് അഭിജിത്തിന്. മുത്തങ്ങയിലെ തകരപ്പാടിയില്‍ ഒരു പക്ഷിയുടെ ചിത്രം പിടിക്കാന്‍ ഏറുമാടത്തിനുള്ളില്‍ കഴിയവേ മുത്രശങ്ക വര്‍ധിച്ചപ്പോള്‍ താഴെയിറങ്ങാതെ അവിടെ തന്നെ നിന്ന് മുത്രമൊഴിച്ചപ്പോഴാണ് ക്യാമറയിലേക്ക് പക്ഷിക്കപ്പുറം മറ്റൊരാള്‍ കടന്നുവന്നത്. ''മുകളില്‍ നിന്നും മൂത്രമൊഴിച്ചു കൊണ്ടു നിന്ന എന്നെ ഇമ വെട്ടാതെ നോക്കിക്കൊണ്ട് താഴെ ഒരു തടിയന്‍ കടുവ. വെറുതെ ആരേയും കടുവ ആക്രമിക്കില്ലെന്നറിയാവുന്നതു കൊണ്ട് തെല്ലും ഭയന്നില്ല. ക്യാമറയെടുത്ത് കിട്ടിയ അവസരം കളയാതെ കടുവയുടെ പരമാവധി ചിത്രങ്ങളെടുത്തു,'' ക്യാമറയില്‍ പതിഞ്ഞ പരമാവധി കടുവാചിത്രങ്ങള്‍ കാണിച്ചുകൊണ്ട് ചിരിയോടെ അഭിജിത്ത് പറയുന്നു. ഈ പക്ഷിച്ചിത്രങ്ങള്‍ക്കു പുറമേ ഇപ്പോള്‍ പാമ്പുകളുടേയും അപൂര്‍വ ഇനത്തില്‍പ്പെട്ട തവളകളുടേയുമൊക്കെ ചിത്രങ്ങള്‍ അഭിജിത്തിന്റെ ശേഖരത്തില്‍ ഇപ്പോഴുണ്ട്. ''വന്യജീവി ഫോട്ടോഗ്രാഫി ഒരു ഹോബിയാക്കിക്കൊണ്ട് അതിന് ധാരാളം സമയവും സൗകര്യവുമുള്ള തൊഴില്‍ ലഭിക്കണമെന്നാണ് ആഗ്രഹം. വന്യജീവി ഫോട്ടോഗ്രഫി കൊണ്ട് ജീവിച്ചുപോകാനുള്ള ബുദ്ധിമുട്ട് പലരും പറഞ്ഞറിയാം,'' അഭിജിത്ത് പറയുന്നു.

അഭിജിത്തിന്റെ കൂട്ടുകാരായ കര്‍ഷകനായ സൈജുവും ദ്രുപദ് രവീന്ദ്രനുമൊക്കെ ഇപ്പോള്‍ അവന്റെ പക്ഷിപ്രേമം കണ്ട് അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. പല വന്യജീവി സംരക്ഷണ സംഘടനകളും പല പ്രോജക്ടുകള്‍ക്കായും ഇന്ന് അഭിജിത്തിന്റെ സഹായം തേടാറുണ്ട്. വയനാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ അഭിജിത്ത്. വന്യജീവി ഫോട്ടോഗ്രഫിയും പ്രകൃതി സംരക്ഷണവും കൂടുതല്‍ പേരിലേക്ക് എത്തിക്കാനും പ്രകൃതിയുടെ മഹത്വം ബോധ്യപ്പെടുത്തി നല്‍കാനുമായി അഭിജിത്ത് എവി ഫോട്ടോഗ്രാഫി എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. കാട്ടുപക്ഷികളുടെ വര്‍ണവൈവിധ്യം വിളംബരം ചെയ്യാനായി കോഴിക്കോട് ലളിതകലാ അക്കാദമി ഹാളില്‍ 2014 ജൂണില്‍ ഒരു ഫോട്ടോപ്രദര്‍ശനവും അഭിജിത്ത് ഒരുക്കിയിരുന്നു. തിരുവനന്തപുരത്തെ ഇന്നു തുടങ്ങുന്ന പ്രദര്‍ശനം വയനാട്ടിലെ കാട്ടുപറവകളുടെ സൗന്ദര്യം നാട്ടുമനസ്സുകളേയും കീഴടക്കുമെന്നുറപ്പ്.

അഭിജിത്ത് പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍(
ഇന്ത്യാ ടുഡേ മുൻ അസിസ്റ്റന്റ് എഡിറ്ററും സ്മാർട്ട് ഡ്രൈവ് ഓട്ടോമൊബൈൽ മാസികയുടെ എഡിറ്ററുമാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories